ആദരവ്

നൗഷാദ് റഹ്മാനി മേല്‍മുറി

അല്ലാഹു ആദരിച്ചവയെ ആദരിക്കല്‍ സത്യവിശ്വാസികളുടെ കടമയാണ്. ചില വ്യക്തികളേയും സ്ഥലങ്ങളേയും സമയങ്ങളേയും അല്ലാഹു പ്രത്യേകം ആദരിച്ചു. അല്ലാഹുവിന്‍റെ അടയാളങ്ങളാണ് അവന്‍ ആദരിച്ച കാര്യങ്ങള്‍. വിജയികളില്‍ പെടാന്‍ ഹൃദയാടിത്തട്ടില്‍ നിന്നുള്ള ആദരവ് അനിവാര്യമാണ്. അതില്‍ ആത്മാര്‍ത്ഥതയുടെ മുദ്ര പതിഞ്ഞിട്ടുണ്ടാകണം. ആരേയും കാണിക്കാനല്ല, സ്വജീവിതത്തില്‍ വിജയ വൈജയന്തി പാറിക്കളിക്കാന്‍.  ചില വ്യക്തികളെ മറ്റു ചിലരേക്കാള്‍ അല്ലാഹു ശ്രേഷ്ഠരാക്കി. അല്ലാഹു പ്രാധാന്യം കല്‍പ്പിച്ചവര്‍ക്ക് തീര്‍ച്ചയായും നാം ആദരവും പരിഗണനയും നല്‍കണം. അത് നിര്‍ബന്ധമാണ്. അഹങ്കാരം വളം വെച്ച മനസ്സിലേ അനാദരവിന്‍റെ വിത്ത് മുളച്ചു വരൂ. ഇബ്ലീസിന്‍റെ ചരിത്രം പഠിപ്പിക്കുന്നത് അതാണ്. അല്ലാഹു ആദരിച്ച വ്യക്തിയെ ആദരിക്കാന്‍ അവന് മനസ്സ് വന്നില്ല. അതോടെ സര്‍വ്വനാശത്തിന്‍റെ പടുകുഴിയിലേക്കവന്‍ ആപതിച്ചു. അല്ലാഹുവിന്‍റെ അമ്പിയാ മുര്‍സലുകള്‍, സ്വഹാബാക്കള്‍, താബിഉകള്‍, സാദാത്തീങ്ങള്‍, ഔലിയാക്കള്‍, പണ്ഡിതന്മാര്‍ തുടങ്ങി ദീനില്‍ വലിയ സ്ഥാനമുള്ള വ്യക്തികളോടെല്ലാം ആദരവ് പ്രകടിപ്പിക്കാന്‍ സത്യവിശ്വാസി സദാ ബാധ്യസ്ഥനാണ്. ആരേയും നിന്ദിക്കുകയോ അപഹസിക്കുകയോ ചെയ്യരുത്. ഇടക്കിടെ മഹാന്മാരുടെ മഖ്ബറകള്‍ സിയാറത്ത് ചെയ്യുന്നത് ആത്മീയോന്നതിക്ക് വളരെ നല്ലതാണ്. അല്ലാഹുവിന്‍റെ ഔലിയാക്കളോടുള്ള അടുപ്പം ഹൃദയ ശുദ്ധീകരണത്തിനേറെ ഉപകരിക്കും.

 അല്ലാഹു ആദരിച്ച സ്ഥലങ്ങള്‍ ആദരിക്കപ്പെടണം. അവക്ക് നാം പ്രത്യേക മൂല്ല്യം കല്‍പ്പിക്കണം. പരിശുദ്ധ മക്ക, പുണ്ണ്യ മദീന, മസ്ജിദുകള്‍, ദീനീ സദസ്സുകള്‍, മഖാമുകള്‍ തുടങ്ങി അല്ലാഹു ആദരിച്ച സര്‍വ്വ സ്ഥലങ്ങളേയും ആദരിക്കല്‍ നമ്മുടെ കടമ തന്നെയാണ്. ഇത്തരം സ്ഥലങ്ങളില്‍ ചെന്ന് അനാദരവിന്‍റെ ദുസ്വഭാവമെടുത്താല്‍ ഭയാനകമായ ശിക്ഷയെ ഭയപ്പെടുക തന്നെ വേണം.

അല്ലാഹു ആദരിച്ച സമയങ്ങളുണ്ട്. പരിശുദ്ധ റമളാന്‍ പോലെ ചില മാസങ്ങള്‍ക്കും, അറഫാ ദിനം പോലെ ചില ദിവസങ്ങള്‍ക്കും, ഇശാ മഗ് രിബിനിടയിലുള്ള സമയം പോലെ ചില സമയങ്ങള്‍ക്കും അവന്‍ പ്രത്യേകത കല്‍പ്പിച്ചു.  അവ ഗൗനിക്കലും പരിഗണിക്കലും നമ്മുടെ ബാദ്ധ്യതകളില്‍ പെട്ടതാണ്.

അല്ലാഹുവിന്‍റെ അടയാളങ്ങളെ ആരെങ്കിലും ആദരിച്ചാല്‍ തീര്‍ച്ചയായും അത് ഹൃദയ ഭക്തിയില്‍ നിന്നുണ്ടാകുന്നതാണ്. (വിശുദ്ധ ഖുര്‍ആന്‍ , സൂറത്തുല്‍ ഹജ്ജ്:32)

പുണ്ണ്യ നബി(സ്വ) തങ്ങളെ ആദരിക്കുന്നതില്‍ പരിശുദ്ധ സ്വഹാബത്തിന് വലിയ ആവേശമായിരുന്നു. അവര്‍ തങ്ങളെ ഹൃദയത്തിലിറക്കി വെച്ചു. തങ്ങളുടെ ആവശ്യങ്ങള്‍ക്ക് സ്വന്തം ആവശ്യങ്ങളേക്കാള്‍ പ്രാമുഖ്യം കല്‍പ്പിച്ചു. തങ്ങള്‍ ആദരിച്ചവയെ, ആദരിക്കാന്‍ കല്‍പ്പിച്ചവയെ അവര്‍ വല്ലാതെ ആദരിച്ചു. ഒരിക്കല്‍ ഹജറുല്‍ അസ്വദ് ചുംബിച്ച ശേഷം ഉമര്‍ (റ) പറഞ്ഞു. നീ ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത കല്ലാണെന്ന് എനിക്കറിയാം. നബി(സ്വ) തങ്ങള്‍ നിന്നെ ചുംബിക്കുന്നത് ഞാന്‍ കണ്ടിട്ടില്ലായിരുന്നുവെങ്കില്‍ ഞാന്‍ നിന്നെ ചുംബിക്കുകയില്ലായിരുന്നു. (ബുഖാരി).

സൈദ്ബ്നു സാബിത്(റ) വാഹനത്തിലിരിക്കുമ്പോള്‍ ഇബ്നു അബ്ബാസ്(റ) ഒട്ടകക്കയര്‍ പിടിക്കാന്‍ വന്നു. അപ്പോള്‍ സൈദ്(റ) പറഞ്ഞു. “അരുത്.” അപ്പോള്‍ ഇബ്നു അബ്ബാസ്(റ) പറഞ്ഞു. “നമ്മുടെ പണ്ഡിതന്മാര്‍ക്ക് ഇത്തരം സേവനങ്ങള്‍ ചെയ്യണമെന്നാണ് നമ്മോട് കല്‍പ്പിച്ചിരിക്കുന്നത്. അപ്പോള്‍ സൈദ്(റ) അദ്ദേഹത്തിന്‍റെ കൈ പിടിച്ച് ചുംബിച്ചു. എന്നിട്ട് പറഞ്ഞു. അഹ്ലുബൈത്തിനോട് ഇത്തരത്തില്‍ വര്‍ത്തിക്കണമെന്നാണ് നമ്മോടുള്ള കല്‍പ്പന.

സയ്യിദന്മാര്‍, പണ്ഡിതന്മാര്‍, ഹാഫിളുകള്‍, ഖാരിഉകള്‍ എന്നിവര്‍ ഏറെ ആദരിക്കപ്പെടേണ്ടവരാണ്. ഇവരുടെ കൈ ചുംബിക്കല്‍ സുന്നത്താണ്. ഏതൊരു കാര്യത്തിനും ഇവര്‍ക്ക് പ്രാമുഖ്യം കല്‍പ്പിക്കണം.

പ്രായമുള്ളവരെ ആദരിക്കാനും ദീനിന്‍റെ കല്‍പ്പനയുണ്ട്. നബി(സ്വ) തങ്ങള്‍ അരുള്‍ ചെയ്തു. “ചെറിയവരോട് കാരുണ്ണ്യം കാണിക്കാത്തവരും വലിയവരുടെ മഹത്വം അറിയാത്തവരും നമ്മില്‍ പെട്ടവരല്ല”. നര ബാധിച്ച മുസ്ലിമിനെ ആദരിക്കല്‍ അല്ലാഹുവിനെ ആദരിക്കുന്നതില്‍ പെട്ടതാണ് എന്ന് മറ്റൊരു ഹദീസില്‍ കാണാം.

തിര്‍മിദി(റ) റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസ് ഇപ്രകാരമാണ്. നബി(സ്വ) തങ്ങള്‍ അരുള്‍ ചെയ്തു. ഒരു യുവാവ് പ്രായമുള്ള വ്യക്തിയെ പ്രായത്തിന്‍റെ പേരില്‍ ആദരിച്ചാല്‍, യുവാവിന് പ്രായമാകുമ്പോള്‍ ആദരിക്കാനുള്ള വ്യക്തിയെ അല്ലാഹു കണക്കാക്കി വെക്കും.

പരിശുദ്ധ ഇസ്ലാമിലേക്ക് തുടക്കത്തിലേ കടന്നു വന്നവര്‍ക്ക് നബി(സ്വ) തങ്ങള്‍ പ്രത്യേക പരിഗണന നല്‍കിയിരുന്നു. ഇസ്ലാമിലേക്ക് മുമ്പേ വന്നവര്‍, ഹിജ്റ പോയവര്‍, ബദ്റില്‍ പങ്കെടുത്തവര്‍ തുടങ്ങിയവരെയെല്ലാം വലിയ പ്രാധാന്യത്തോടെയാണ് ചരിത്ര ഗ്രന്ഥങ്ങളില്‍ വിശദീകരിച്ചിട്ടുള്ളത് അവര്‍ക്കെല്ലാം പ്രത്യേക സ്ഥാനങ്ങളുണ്ട്. ഓരോരുത്തര്‍ക്കും അവരവരുടേതായ സ്ഥാനം വകവെച്ചു കൊടുക്കണമെന്നാണ് പരിശുദ്ധ ഇസ്ലാമിന്‍റെ നിര്‍ദ്ദേശം.

മാതാപിതാക്കളേയും അവരിലൂടെ ചേരുന്ന കുടുംബത്തേയും പ്രത്യേകം ആദരിക്കണം. വല്ല്യുപ്പ, വല്ല്യുമ്മ, മാതൃ പിതൃ സഹോദര സഹോദരിമാര്‍, മറ്റു കുടുംബാംഗങ്ങള്‍ എന്നിവരെയെല്ലാം അര്‍ഹമായ രീതിയില്‍ പരിഗണിക്കുകയും ബന്ധം സുദൃഢമാക്കുകയും ചെയ്യണം. അതു പോലെ മാതാപിതാക്കളുടെ സുഹൃത്തുക്കളേയും ആദരിക്കാന്‍ നാം സന്നദ്ധമാകേണ്ടതുണ്ട്. ഒരിക്കല്‍ ബനൂസലമ ഗോത്രത്തില്‍ പെട്ട ഒരാള്‍ നബി(സ്വ) തങ്ങളുടെ സമീപത്ത് വന്ന് ചോദിച്ചു. അല്ലാഹുവിന്‍റെ റസൂലെ, മാതാപിതാക്കള്‍ക്ക് , അവരുടെ മരണ ശേഷം ചെയ്യാന്‍ പറ്റിയ വല്ല ഗുണവും അവശേഷിക്കുന്നുണ്ടോ. നബി (സ്വ) തങ്ങള്‍ പറഞ്ഞു. അതെ. അവര്‍ക്ക് വേണ്ടി ദുആ ചെയ്യുക, അവര്‍ക്കായി പാപമോചനം അര്‍ത്ഥിക്കുക, അവരുടെ കരാറുകള്‍ പൂര്‍ത്തീകരിക്കുക, അവരിലൂടെ ചേരുന്ന കുടുംബ ബന്ധങ്ങള്‍ ചേര്‍ത്തു പിടിക്കുക, അവരുടെ കൂട്ടുകാരെ ആദരിക്കുക.

ചുരുക്കത്തില്‍, ആദരിക്കേണ്ടവ ആദരിക്കപ്പെടട്ടെ. അവ നിന്ദിക്കാന്‍ പോയാല്‍ അതിന്‍റെ തിക്ത ഫലം അനുഭവിക്കേണ്ടി വരും. വിശിഷ്യാ അന്ത്യ നിമിഷങ്ങള്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് വിധേയമാകും. അല്ലാഹു ആദരിച്ചവയെ ആദരിക്കാനുള്ള മനസ്സ് അവന്‍ നമുക്ക് പ്രധാനം ചെയ്യട്ടെ. ആമീന്‍.

 

 

 

 

About Ahlussunna Online 1301 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*