റമളാൻ മൂന്ന്. മഹതി ഫാത്തിമ ബിവി(റ) വഫാത്ത് ദിനം

മുത്തു നബിയുടെ ﷺ കരളിന്റെ കഷണമായ ഫാത്തിമ ബീവി (റ)
മകൾക്ക് വിവാഹ പ്രായമായപ്പോൾ തെരഞ്ഞെടുത്തത് മഹാനായ അലി (റ) വിനെയാണ്.
മാതൃകാപരമായ ദാമ്പത്യം.
ആരെയും കരയിപ്പിക്കും ഫാത്തിമ ബീവിയുടെ അവസാന സമയങ്ങൾ…

അലി (റ) ഒരു ദിവസം വീട്ടിലേക്ക് ചെന്നപ്പോൾ ഫാത്തിമ ബീവി തകൃതിയായി വീട്ടുജോലികൾ ചെയ്തു തീർക്കുകയാണ്.
മക്കളായ ഹസൻ, ഹുസൈനെ കുളിപ്പിക്കുന്നു, തല തോർത്തി കൊടുക്കുന്നു, വസ്ത്രം ധരിപ്പിക്കുന്നു. ഇതിനിടയിൽ തന്നെ ഖുബൂസും ഉണ്ടാക്കുന്നുണ്ട്. ചെറിയ മക്കളുള്ള എല്ലാ ഉമ്മമാരുടെയും അവസ്ഥ ഇത് തന്നെയാണല്ലോ. പക്ഷേ അലി (റ) യെ കണ്ടുവെങ്കിലും കണ്ട ഭാവം നടിച്ചിട്ടില്ല.

അല്ലെങ്കിൽ ഒന്നു കാണുമ്പോഴേക്ക് സ്നേഹം കൊണ്ട് പൊതിയുന്നയാളാണ്. ഇന്നെന്ത് പറ്റി ആവോ,ഇങ്ങനെയൊക്കെ ചിന്തിച്ച് അലി (റ) ചോദിച്ചു: ഫാത്തിമാ.. എന്നെ കണ്ടിട്ടും ഇതു വരെ മിണ്ടാതിരുന്നതെന്തേ? ആദ്യായിട്ടാണല്ലോ ഇങ്ങനെ!!

കേട്ടയുടനെ ഫാത്തിമ ബീവി ഇങ്ങനെ പറഞ്ഞു: ഞാനൊരു വിരുന്നു പോകാൻ ഉദ്ദേശിക്കുന്നുണ്ട്, മക്കളെയും നിങ്ങളെയും തൽക്കാലം കൂട്ടാൻ പറ്റില്ല.

പോകുന്നതൊക്കെ കൊള്ളാം, എപ്പഴാ മടക്കം?
ദേഷ്യം പിടിക്കാതെ തന്നെ അലി (റ) ചോദിച്ചു. നമ്മളെങ്ങാനുമായിരുന്നുവെങ്കിൽ അടിയും ചീത്തയുമൊക്കെയായിട്ട്‌ രംഗം വഷളാക്കിയേനെ.പണ്ഡിതന്മാർ ആവർത്തിച്ച് പറഞ്ഞതും ഇതു കൊണ്ടാണ്,ഈ ദാമ്പത്യത്തിൽ നമുക്ക് മാതൃകയുണ്ടെന്ന്.

ഖിയാമത്ത്‌ നാളാവുന്നതു വരെ ഞാൻ മടങ്ങി വരില്ല, ഇടി വെട്ടേറ്റത് പോലെയുള്ള മറുപടി.
അലി (റ) സ്തംഭിച്ചു നിൽക്കുന്നു: എന്താ ഫാത്തിമാ ഈ പറയണേ..? നിന്നോടാരാ ഇതൊക്കെ പറഞ്ഞത്..?
കണ്ണു നിറഞ്ഞു കൊണ്ട് ഫാത്തിമ ബീവി പറയുന്നു: ഞാനെന്റെ ഉപ്പാനെ (മുത്തു നബി) ﷺ സ്വപ്നം കണ്ടു. ഒരുപാട് കാലമായീലെ, കാണാൻ പൂതി പെരുത്തെന്നും ഞാൻ നിന്നെ കാത്തിരിക്കുകയാണെന്നും!!!

ഇതു കേട്ടതോടെ അലി (റ) പൊട്ടിക്കരഞ്ഞു, ഫാത്തിമ ബീവിയും. ആകാശം കറുത്തു, ഭൂമി പിടച്ചു. ജീവനേക്കാൾ പ്രണയിച്ച പ്രിയതമ എന്നെ വിട്ടു പോവുകയാണ്. എന്ത് പറയണമെന്ന് അറിയാതെ വിറങ്ങലിച്ച് നിൽക്കുന്നുണ്ട് അലി (റ).

വിതുമ്പിക്കൊണ്ട് സ്വയം വേവലാതിപ്പെടുകയാണ് അലി (റ). “എല്ലാവരും പിരിയേണ്ടവരാണ്‌, നീ പോയാൽ പിന്നെ ഞാനില്ലാത്തത് പോലെയാണ്. നീയില്ലാതെ ഞാനെങ്ങനെ ജീവിക്കും….

തനിക്ക് നല്ല രണ്ട് മക്കളെ സമ്മാനിച്ച, കൊടും ദാരിദ്ര്യത്തിലും പരിഭവങ്ങൾ പറയാതെ കൂടെ നിന്നവൾ, അതിനേക്കാളുപരി ഏറ്റവും കൂടുതൽ ഞങ്ങളെല്ലാം സ്നേഹിക്കുന്ന പുന്നാര നബിയുടെ മകൾ…
അലി (റ) ദുഃഖത്തിന്റെ കൊടുമുടി കയറുകയാണ്.

ഫാത്തിമ ബീവി മക്കളെ വിളിച്ച് രണ്ടു പേരെയും മടിയിലിരുത്തി. ഇതൊന്നുമറിയാതെ നിഷ്കളങ്കമായി ചിരിച്ചു കൊണ്ടിരിക്കുന്ന മക്കളുടെ മുഖത്ത് നോക്കി യപ്പൊഴേക്കും ഫാത്തിമ ബീവി പൊട്ടിക്കരഞ്ഞു.

ഞാൻ പോയാൽ പിന്നെയാരാ ന്റെ മക്കളെ കുളിപ്പിക്കാ, ഉടുപ്പിടീച്ച്‌ തരാ… എന്നും പറഞ്ഞ് തുരു തുരാ ചുംബിച്ച് കരയുകയാണ് ഫാത്തിമ ബീവി, വീടാകെ മൂകത, ദുഃഖം തളം കെട്ടി നിൽക്കുന്നു.

ഇതൊക്കെ കേട്ട് നെഞ്ചു പൊട്ടി വേദനിക്കുകയാണ് ഭർത്താവായ അലി (റ).
“മരണം വരുമെന്നറിയാം, പക്ഷേ ഇത്ര മേൽ പ്രിയപ്പെട്ടവരുടെ വിയോഗം താങ്ങാൻ കഴിയില്ല”…

കവിൾ നനഞ്ഞുകൊണ്ട് അലി (റ) പറഞ്ഞു:
ഫാത്തിമ.. നീ പോവുകയാണല്ലേ… നാളെ നിന്റെ ഉപ്പയെ കണ്ടു മുട്ടുമ്പോൾ എനിക്കും തങ്ങളെ അടുത്തേക്ക് എത്രയും പെട്ടെന്ന് വരാൻ ആഗ്രഹമുണ്ടെന്നും തങ്ങൾ ഇഷ്ടപ്പെടാത്ത എന്തെങ്കിലും എന്റെ ജീവിതത്തിൽ വന്നു പോയിട്ടുണ്ടെങ്കിൽ വിഷമിക്കരുതെന്നും പറയണം.

പിന്നെ… നിന്റെ മഹത്വം പൂർണ്ണമായി മനസ്സിലാക്കാൻ എനിക്ക് കഴിഞ്ഞിട്ടുണ്ടാവില്ല, എന്നെപ്പറ്റി പരാതി പറഞ്ഞേക്കരുത്. ഞാനൊരു പാവമാണ്. എല്ലാം പൊരുത്തപ്പെടണം.

നാളെ മഹ്ശറയിൽ ചെല്ലുമ്പോ നന്മകളില്ലാതെ ഞാൻ വിഷമിക്കുമ്പോൾ ഈ പാവത്തെയും പരിഗണിക്കാൻ മുത്ത് നബിയോട് പറയണം…
ചങ്ക് പൊട്ടിപ്പോകുന്ന ഈ വാക്കുകൾ പറഞ്ഞു അലി (റ) കണ്ണീർ വാർക്കുന്നു.

ഇതൊക്കെ കേട്ട് താങ്ങാനാവാതെ വിതുമ്പിക്കരയുകയാണ്‌ ഫാത്തിമ ബീവി: “ഓ, അലിയാർ തങ്ങളെ, എനിക്കും കുറച്ച് കാര്യങ്ങൾ പറയാനുണ്ട്.
ഞാൻ മരിച്ചാൽ എന്നെ കഫൻ ചെയ്യുന്നതും മറമാടുന്നതും നിങ്ങള് തന്നെയായിരിക്കണം.

ഞാൻ മരിച്ചാൽ എന്റെ മക്കൾ വല്ലാതെ വിഷമിക്കും, അനാഥരാകും, അതുകൊണ്ട് യത്തീം മക്കളെ കണ്ടാൽ പ്രത്യേകം പരിഗണിക്കണം, കൂടെ എന്നെയും ഓർക്കണം. എനിക്കും പൊരുത്തപ്പെട്ട് തരണം.

പിന്നെയെന്റെ പുന്നാര മക്കളായ ഹസൻ, ഹുസൈനെ ഒരിക്കലും തല്ലരുത്.

ഫാത്തിമ ബീവി തുടർന്നു, ഞാൻ ഉപ്പയെയും ആകാശത്തിലെ മലക്കുകളെയും കണ്ടിരുന്നു, പിന്നെയൊരു കാര്യം കൂടി പറയാനുണ്ട്. ഞാനെന്റെ പാത്രത്തിൽ സൂക്ഷിച്ച ഒരു പേപ്പറുണ്ട്, അതൊന്നു കൊണ്ടു വരാമോ?

അലി (റ) കൊണ്ടു വന്നതും ഫാത്തിമ ബീവി പറഞ്ഞു: എന്നെ മറമാടുമ്പോൾ ഇൗ പേപ്പറും കൂടി എന്നോട് ചേർത്ത് വെക്കണം.നിങ്ങളത്തിലേക്ക്‌ നോക്കാൻ ശ്രമിക്കരുത്. പരമ രഹസ്യമാണിത്.

എനിക്കത് പറഞ്ഞു തരണമെന്ന് അലി (റ).

പ്രിയനേ, നമ്മുടെ കല്യാണത്തിന് മുമ്പ് എന്നോട് ഉപ്പ ചോദിച്ചു: 400 ദിർഹമിന് നിന്നെ അലിക്ക് നികാഹ് ചെയ്തു കൊടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു, നിനക്ക് തൃപ്തിയാണോ?

എനിക്ക് അലിയാർ തങ്ങളെ തൃപ്തിയാണ് ഉപ്പാ, ദിർഹമിനെ ഞാൻ തൃപ്തിപ്പെടുന്നില്ല.

ഉടനെ ജിബ്‌രീൽ (അ) വന്നിട്ട് പറഞ്ഞു: സ്വർഗ്ഗവും അതിലുള്ള മുഴുവനും ഫാത്തിമ ബീവിക്ക് അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു.

എന്നിട്ടും ഫാത്തിമ ബീവി വിടുന്ന മട്ടില്ല, എനിക്കതും തൃപ്തിയായില്ല. മഹതി പ്രതികരിച്ചു.

പിന്നെയെന്താണ് നീ ഉദ്ദേശിക്കുന്നത്? മുത്തു നബി വളരെ സൗമ്യമായി ചോദിച്ചു: അങ്ങയുടെ ഉമ്മത്തിന്റെ ശഫാഅത്ത് എനിക്ക് ഉറപ്പ് തരണം. എന്‍റെയുപ്പ അതാണല്ലോ ഏറ്റവും കൂടുതൽ ചിന്തിച്ചിട്ടുള്ളതും.

ഉടനെ ജിബ്‌രീൽ (അ) ഒരു പേപ്പറുമായി വന്നു, അതിൽ ഉമ്മത്തിന് ശഫാഅത്ത് ഉണ്ടെന്നും എഴുതിയിട്ടുണ്ട്.

ഞാനതും കൊണ്ട് മഹ്ശറയിൽ വരും റബ്ബിന്റെ മുമ്പിൽ സമർപ്പിക്കുകയും ചെയ്യും.

അന്ത്യ നാളിൽ ഒരാൾ വിളിച്ചു പറയുമത്രെ; ഓ, സമൂഹമേ… ഫാത്തിമ ബീവി സ്വിറാത്ത് കടക്കുന്നത് വരെ നിങ്ങളുടെ കണ്ണുകൾ അടക്കണം. ജീവിതകാലത്ത് അവർ അത്രയും സൂക്ഷിച്ചവരാണ്.
ഓർമ്മകളും വിരഹവും പറഞ്ഞു കണ്ണീർ വാർക്കുകയാണ് രണ്ടുപേരും.

പെട്ടെന്ന് ഫാത്തിമ ബീവി തന്റെ പരിചാരികയോട് ഇനിയാരെയും റൂമിലേക്ക് കടത്തിവിടരുത്, ഞാൻ ദിക്ർ, സ്വലാത്ത് ചൊല്ലിക്കിടക്കുകയാണെ ന്നും പറഞ്ഞ് മുത്തു നബി ഉപയോഗിച്ച സുഗന്ധവും പുരട്ടി ഒരു തുണികൊണ്ട് മുഖവും മറച്ച് കണ്ണടച്ചു കിടന്നു.

സമയമായി, ഫാത്തിമ ബീവി ഇൗ ലോകം വെടിയുന്നു. അല്ലാഹു റൂഹ് പിടിക്കാൻ കൽപ്പിച്ചു.

മുത്തു നബിയുടെ ﷺ സൗന്ദര്യവും നടപ്പും ശൈലിയും ഒത്തിണങ്ങിയ പുന്നാര മകൾ യാത്രയാവുന്നതറിഞ്ഞ് ആകാശം കരഞ്ഞു, ഭൂമി പിടച്ചു, സർവ്വ ജീവജാലങ്ങളും വിതുമ്പുന്നു.

പെട്ടെന്ന് മദ്റസയിൽ പോയിരുന്ന ഹസനും ഹുസൈനും തിരികെ വന്നു, ഉമ്മീ…ളുഹാ നിസ്കരിക്കാൻ സമയമായി, എഴുന്നേൽക്ക്…. പൊന്നുമ്മ ഈ ലോകത്ത് നിന്നും വിട പറഞ്ഞതറിയാതെ പിന്നെയും വിളിച്ച് കൊണ്ടിരിക്കുകയാണ് ആ നിഷ്കളങ്ക ബാല്യങ്ങൾ.

ഉമ്മയുടെ മുഖമക്കന നീക്കി നോക്കിയപ്പോൾ അന്തരീക്ഷമാകെ പ്രഭാമയം. വേദനയോടെയവർ മനസ്സിലാക്കി, ഇല്ല… ഇനി ഉമ്മ തിരിച്ചു വരില്ലെന്ന്…

രണ്ടു പേരും വാവിട്ടു കരഞ്ഞു കൊണ്ടിരിക്കുന്നു, അയൽവാസികളും നാടൊന്നാകെ വഫാത്ത് താങ്ങാൻ കഴിയാതെ വിതുമ്പുകയാണ്. വിവരമറിഞ്ഞ് അലി (റ) പള്ളിയിൽ നിന്നെത്തി.

പ്രിയതമയുടെ മുഖത്ത് നോക്കി കരയുമ്പോൾ പണ്ട് മുത്ത് നബി പറഞ്ഞത് ഓർക്കുന്നുണ്ട്, അലി (റ).” ഫാത്തിമ സ്വർഗ്ഗത്തിലും നിന്റെ ഭാര്യയായിരിക്കും”

അലി (റ) നേതൃത്വത്തിൽ തന്നെ മയ്യിത്ത് പരിപാലനം നടന്നു.
ജീവിതകാലത്ത് അന്യ പുരുഷന്മാർ ആരും ഫാത്തിമ ബീവിയുടെ ഔറത്ത് കണ്ടിട്ടില്ല,മരണസമയത്തും അങ്ങനെ തന്നെ.

അല്ലാഹു ഫാത്തിമ ഉമ്മയുടെ ബറകത്ത് കൊണ്ട് നമ്മെ നന്നാക്കട്ടെ…

കൂട്ടുകാരെ, മരണസമയത്തും
നമ്മുടെ രക്ഷക്ക് വേണ്ടി മാത്രം വാശി പിടിച്ച, ജീവിതം മുഴുവനും അന്യരെ കാണാതെ സൂക്ഷ്മത പുലർത്തിയ,
ഭർത്താവിന്റെ ഇല്ലായ്മകളിൽ വല്ലായ്മ പറയാതെ കൂടെ നിന്ന പൊന്നുമ്മ ഫാത്തിമ ബീവി (റ) നമുക്ക് മാതൃകയാണ്.

About Ahlussunna Online 1301 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*