ബംഗളൂരു: ചാന്ദ്രദൗത്യത്തില്‍ ഇന്ത്യയുടെ കുതിപ്പിന് ആശങ്കയുടെ അര്‍ധവിരാമം. ഇന്ന് പുലര്‍ച്ചെ ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ 2 ചന്ദ്രോപരിതലത്തില്‍ സ്പര്‍ശിക്കുമെന്നായിരുന്നു വ്യക്തമാക്കിയത്. എന്നാല്‍ അവസാനത്തെ ഏറ്റവും നിര്‍ണായകമായ 15 മിനുട്ടിനിടയില്‍ വിക്രമില്‍ നിന്നുള്ള സിഗ്‌നല്‍ നഷ്ടപ്പെടുകയായിരുന്നു. ഓര്‍ബിറ്ററില്‍ നിന്നു ലാന്‍ഡറിലേക്കുള്ള സിഗ്‌നലാണ് നഷ്ടപ്പെട്ടത്. ഇതോടെ ഐ.എസ്.ആര്‍.ഒ അധികൃതര്‍ ഇക്കാര്യം പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ഇതോടെ ശാസ്ത്രജ്ഞരുടെയും കൂടിയിരുന്നവരുടെയും മുഖത്ത് നിരാശ പ്രതിഫലിച്ചു. ചാന്ദ്രയാന്‍ 2 ദൗത്യത്തെ കുറിച്ചുള്ള ആശങ്ക നിലനില്‍ക്കുകയാണ്.
1.52ന് സോഫ്റ്റ് ലാന്‍ഡ് ചെയ്യുന്ന രീതിയില്‍ 1.37ന് തന്നെ ലാന്‍ഡിങ് പ്രക്രിയ തുടങ്ങിയിരുന്നു. റഫ് ബ്രേക്കിങ് കൃത്യമായി പൂര്‍ത്തീകരിച്ച് ഫൈന്‍ ബ്രേക്കിങ്ങിനിടെയാണ് വ്യക്തത ലഭിക്കാതിരുന്നത്. 400 മീറ്റര്‍ അകലെനിന്ന് സിഗ്‌നലുകള്‍ നഷ്ടപ്പെട്ടതോടെ ഐ.എസ്.ആര്‍.ഒ കേന്ദ്രത്തില്‍ നിരാശ പ്രതിഫലിച്ചു. എന്നാല്‍ വിക്രമില്‍ നിന്നുള്ള സിഗ്‌നല്‍ വൈകാതെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
ഇന്നു പുലര്‍ച്ചെ 1.55ന് ചന്ദ്രയാന്‍2 ചന്ദ്രോപരിതലത്തില്‍ സ്പര്‍ശിക്കുമെന്നായിരുന്നു നേരത്തെ ഐ.എസ്.ആര്‍.ഒ അറിയിച്ചിരുന്നത്.
ഇന്നുവരെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ മറ്റൊരു രാജ്യവും തങ്ങളുടെ ദൗത്യം ഇറക്കി പരീക്ഷണത്തിന് മുതിര്‍ന്നിട്ടില്ല. അവിടേക്കാണ് ഇന്ത്യ ചന്ദ്രയാന്‍2നെ ലക്ഷ്യംവച്ചത്. ചന്ദ്രയാന്‍2 ഭ്രമണപഥത്തിലെത്തിച്ച് ചരിത്രം സൃഷ്ടിക്കാനുള്ള ഇന്ത്യയുടെ ശ്രമം തുടരുകയാണ്.
ചന്ദ്രയാന്‍2നെ ചന്ദ്രനോട് കൂടുതല്‍ അടുപ്പിച്ചത് കഴിഞ്ഞ ഞായറാഴ്ചയായിരുന്നു. പേടകത്തിലെ പ്രത്യേക യന്ത്ര സംവിധാനം 52 സെക്കന്‍ഡ് പ്രവര്‍ത്തിപ്പിച്ചാണ് ശാസ്ത്രജ്ഞര്‍ പഥക്രമീകരണം നടത്തിയിരുന്നത്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് 12.45നും 1.45നും ഇടയില്‍ ചന്ദ്രനെ ചുറ്റുന്ന ഓര്‍ബിറ്ററില്‍ നിന്ന് ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങാനുള്ള ലാന്‍ഡറിനെ വേര്‍പെടുത്തിയിരുന്നു. തുടര്‍ന്ന് ലാന്‍ഡറിനെയും ഓര്‍ബിറ്ററിനെയും വെവ്വേറെ നിയന്ത്രിച്ചാണ് നിര്‍ണായക നീക്കം നടത്തിയത്. തുടര്‍ന്ന് ലാന്‍ഡറിനെ രണ്ടുതവണ ദിശമാറ്റിയാണ് ചന്ദ്രനോട് അടുപ്പിച്ചത്. ഇതിനുപിന്നാലെ ചന്ദ്രോപരിതലത്തില്‍ ഇറങ്ങാനുള്ള ദൗത്യമാണ് തുടര്‍ന്നുവന്നത്.
ഇന്ന് പുലര്‍ച്ചെ 1.30നും 2.30നും ഇടയില്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ഇരുണ്ട പ്രദേശത്തെ രണ്ട് ഗര്‍ത്തങ്ങള്‍ക്കിടയിലുള്ള പ്രതലത്തിലാണ് ലാന്‍ഡറിനെ സോഫ്റ്റ് ലാന്‍ഡിങ് സാങ്കേതികവിദ്യയിലൂടെ ഇറക്കുന്നതെന്ന് നേരത്തെ ഐ.എസ്.ആര്‍.ഒ വ്യക്തമാക്കിയിരുന്നു. എന്നാല്‍, കൃത്യം 1.55ന് പേടകം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങുമെന്ന് ഇന്നലെ ഐ.എസ്.ആര്‍.ഒ വെളിപ്പെടുത്തിയിരുന്നു.
Be the first to comment