അല്ലാഹുവിനെ ഭയപ്പെട്ട് ജീവിക്കുന്നവനാണ് യഥാര്‍ത്ഥ മുസ്ലിം. ജീവിതത്തില്‍ പേടിക്കേണ്ടത് സത്യത്തില്‍ അവനെ മാത്രമാണ്. എന്നെ മാത്രം നിങ്ങള്‍ ഭയപ്പെടുക എന്ന് വിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹുവിന്‍റെ കല്‍പ്പനയുണ്ട്. നിങ്ങള്‍ വിശ്വാസികളെങ്കില്‍ എന്നെ ഭയപ്പെടുവിന്‍ എന്നും ഖുര്‍ആനില്‍ കാണാം. സര്‍വ്വലോക സൃഷ്ടാവായ അവനെയല്ലാതെ മറ്റാരെ പേടിക്കാന്‍. നന്മതിന്മകളെല്ലാം അവനില്‍ നിന്നാണ്. സര്‍വ്വ കാര്യങ്ങളുടേയും സൃഷ്ടാവും പരിപാലകനും അവന്‍ തന്നെ.
പഞ്ചേന്ദ്രിയങ്ങളിലൂടെ ശേഖരിക്കുന്ന വിവരങ്ങള്‍ക്കനുസൃതമായി ഭയപ്പെടുന്നതില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കുന്നു. അല്ലാഹുവിനെ കുറിച്ച് നല്ല ബോധ്യമുള്ളവന്ന് കൂടുതല്‍ ഭയമുണ്ടാകും. അറിവ് കുറഞ്ഞവന് ഭയത്തിലും കുറവ് സംഭവിക്കും. അല്ലാഹുവിനെ കുറിച്ച് കൂടുതല്‍ അറിവു നേടാന്‍ ശ്രമിച്ചു കൊണ്ടിരിക്കണം. അവനെ കുറിച്ചുള്ള ചിന്ത ഹൃദയാന്തരങ്ങളില്‍ ഉറച്ചു നില്‍ക്കണം. പേടിയുടെ ഒരംശമെങ്കിലും ജീവിതത്തിന്‍റെ സകല ഘട്ടങ്ങളിലുമുണ്ടാകണം. എങ്കില്‍ വ്യക്തി ജീവിതത്തില്‍ അരുതായ്മകളെ തുടച്ചു നീക്കി, നന്മയുടെ പൂമരം തീര്‍ക്കാന്‍ നമുക്കൊക്കെ സാധ്യമാകും.
നമ്മെ സൃഷ്ടിച്ചതും നമുക്ക് വേണ്ട സകല സംവിധാനങ്ങളും ഒരുക്കിത്തന്നതും അല്ലാഹുവാണ്. അനശ്വര കാലത്തെ സൗഭാഗ്യങ്ങള്‍ക്കും അവന്‍റെ വലിയ ഔദാര്യം അനിവാര്യമാണ്. അവിടെയുള്ള ശിക്ഷയുടെ കാഠിന്യം മനസ്സിലാക്കിയാല്‍ അല്ലാഹുവിനെ ഭയപ്പെടാതിരിക്കാനാര്‍ക്കുമാവില്ല. അല്ലാഹു നല്‍കുന്ന ശിക്ഷ ഏറെ കാഠിന്യമുള്ളതാണെന്ന് വിശുദ്ധ ഖുര്‍ആന്‍ മുന്നറിയിപ്പ് നല്‍കുന്നു. അതേ കുറിച്ച് ചിന്തയുള്ളവരേ അല്ലാഹുവിനെ ഭയപ്പെടൂ.
ചെയ്ത പാപമോര്‍ത്ത് ഒരാള്‍ എപ്പോഴും ഖേദിച്ചു കൊണ്ടിരിക്കും. ആ ഭയം കാരണം അവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതു വരെ (ഹദീസ്). ഒരു യഥാര്‍ത്ഥ വിശ്വാസി താന്‍ ചെയ്ത പാപങ്ങളെ മനസ്സിലാക്കുന്നത്, തന്നിലേക്ക് വീഴാനിരിക്കുന്ന പര്‍വ്വതമായിട്ടാണ്. എന്നാല്‍ ഹൃദയത്തില്‍ ഈമാനില്ലാത്തവന് തന്‍റെ പാപങ്ങള്‍ മൂക്കിന്മേലിരിക്കുന്ന ഈച്ച പോലെയാണ്. സകല നډകളുടേയും വിളനിലമാണ് അല്ലാഹുവിനോടുള്ള ഭയം എന്നാണ് ഫുളൈല്‍(റ) പറഞ്ഞത്.
നാളെ അര്‍ശിന്‍റെ തണലെന്ന ഏറ്റവും വലിയ ആശ്വാസം ലഭിക്കുന്ന ഏഴ് വിഭാഗക്കാരില്‍ ഒരു കൂട്ടര്‍, ചെയ്ത തെറ്റില്‍ ഖേദിച്ചു കരയുകയും ഏകാന്തതയില്‍ അല്ലാഹുവിനെ ഓര്‍ക്കുകയും ചെയ്തവരാണ്. അല്ലാഹുവിനെ ഭയന്നവന്‍ നരകത്തില്‍ കടക്കണമെങ്കില്‍ കറന്ന പാല്‍ അകിടിലേക്ക് മടങ്ങണമെന്ന ഹദീസ്, പ്രപഞ്ച നാഥനെ ഓര്‍ത്ത് കണ്ണീരൊഴുക്കുന്നതിന്‍റെ പ്രാധാന്യം വിളിച്ചോതുന്നു. അല്ലാഹുവിനെ ഭയന്ന് കരഞ്ഞൊഴുകുന്ന കണ്ണീര്‍ തട്ടിയ സ്ഥലം നരകം സ്പര്‍ശിക്കില്ലെന്ന് ഹദീസില്‍ കാണാം.
സ്വര്‍ഗത്തില്‍ നിന്നു പുറത്തായ ആദം നബി(അ) മുന്നൂറ് കൊല്ലം കരഞ്ഞു. അല്ലാഹു നൂഹ് നബി(അ) യെ അദ്ദേഹത്തിന്‍റെ മകന്‍റെ കാര്യത്തില്‍ ആക്ഷേപിച്ച കാരണത്താല്‍ അദ്ദേഹം ഖേദിച്ച് കരഞ്ഞത് മൂന്ന് നൂറ്റാണ്ടാണ്. നാല്‍പത് വര്‍ഷം ദാവൂദ് നബി(അ) സുജൂദില്‍ കിടന്നു കരഞ്ഞതായി ചരിത്രത്തില്‍ കാണാം. യഹ്യാ നബി (അ) കരഞ്ഞു കരഞ്ഞ് കണ്ണീരൊലിപ്പിച്ച് കവിള്‍ രണ്ടും തേഞ്ഞു പോയിരുന്നു.
ആയിശ ബീവി(റ) പറയുന്നു. സിദ്ധീഖ്(റ) വല്ലാതെ കരയാറുണ്ട്. ഖുര്‍ആനോതാന്‍ തുടങ്ങിയാല്‍ കണ്ണീര്‍ വല്ലാതെ വരും. ഉമര്‍(റ) കരഞ്ഞു കരഞ്ഞ് കണ്ണീരൊഴുകുന്ന രണ്ടു കറുത്ത വര കവിളിലുണ്ടായിരുന്നുവെന്ന് ചരിത്രത്തില്‍ വായിക്കാം.
അല്ലാഹുവിനെ ഭയപ്പെട്ടവരെ സര്‍വ്വ സൃഷ്ടികളും ഭയപ്പെടും. ചരിത്രത്തില്‍ അതിന് എത്രയോ ഉദാഹരണങ്ങളുണ്ട്. മനുഷ്യനെ കണ്ടാല്‍ ചാടിപ്പിടിച്ച് കടിച്ചു തിന്നുന്ന പിടിമൃഗങ്ങള്‍ പോലും, അല്ലാഹുവിനെ ഭയപ്പെട്ടു ജീവിക്കുന്ന മുത്തഖീങ്ങളുടെ മുമ്പില്‍ പഞ്ചപുച്ഛമടക്കി നിന്ന സംഭവങ്ങള്‍ കിതാബുകളില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
മുഅ്മിനിന്‍റെ അലങ്കാരമാണ് അല്ലാഹുവിലുള്ള ഭയം. അതവന്‍റെ ഹൃത്തിനെ കിടിലം കൊള്ളിക്കണം. അതില്‍ നിന്നുത്ഭവിക്കുന്ന കിരണങ്ങളവന്‍റെ മുന്നോട്ടുള്ള ഗമനത്തിന് വഴിവെളിച്ചം തീര്‍ക്കണം. പ്രസ്തുത ഭയത്തില്‍ നിന്നു തന്നെയാണ് അവനെ കുറിച്ചുള്ള പ്രതീക്ഷയും രൂഢമൂലമാകുന്നത്. അല്ലാഹുവിലുള്ള ഭയമാണ് വിശ്വാസിക്ക് ഉള്‍ക്കാമ്പ് നല്‍കുന്നത്. മുഅ്മിനുകളെ പറ്റി വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞത്, അവര്‍ കരഞ്ഞു കൊണ്ട് മുഖം കുത്തി വീഴും എന്നാണ്. അല്ലാഹുവിനെ സ്മരിക്കപ്പെട്ടാല്‍ ഹൃദയങ്ങള്‍ ഭയചകിതരാകുന്നവരാണ് മുഅ്മിനുകള്‍. അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങള്‍ ഓതിക്കേള്‍പ്പിക്കപ്പെട്ടാല്‍ അതവരുടെ ഈമാന്‍ വര്‍ദ്ധിപ്പിക്കുമെന്ന് പരിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നു.
അല്ലാഹുവാണ് സത്യം. ഞാന്‍ അറിയുന്നത് നിങ്ങള്‍ അറിഞ്ഞിരുന്നുവെങ്കില്‍ നിങ്ങള്‍ കുറച്ച് ചിരിക്കുകയും കൂടുതല്‍ കരയുകയും ചെയ്യുമായിരുന്നുവെന്ന നബിവചനം (ബുഖാരി) നമ്മെ ഏറെ ചിന്തിപ്പിക്കേണ്ടതാണ്. നബി(സ്വ) തങ്ങള്‍ നിസ്ക്കരിക്കുമ്പോള്‍ ഉള്ളില്‍ നിന്ന്, തിളച്ചു മറിയുന്നതു പോലുള്ള തേങ്ങലിന്‍റെ ശബ്ദം കേള്‍ക്കാറുണ്ടായിരുന്നു. കരയാത്ത കണ്ണില്‍ നിന്ന് നബി(സ്വ) തങ്ങള്‍ കാവലിനെ തേടിയിരുന്നു. ഒരു ഹദീസില്‍ ഇങ്ങനെ കാണാം. രണ്ടു കണ്ണുകള്‍ നരകം സ്പര്‍ശിക്കുകയില്ല. അല്ലാഹുവിനെ ഭയന്ന് കരഞ്ഞ കണ്ണും അല്ലാഹുവിന്‍റെ വഴിയില്‍ കാവലിരുന്ന് രാപാര്‍ത്ത കണ്ണും. (തുര്‍മുദി)
അല്ലാഹുവിനോടുള്ള ഭയം അപ്രത്യക്ഷമായ ഹൃത്തില്‍ മറ്റു പേടികള്‍ കടന്നു കൂടും. വിശ്വാസികള്‍ക്ക് സംഭവിച്ച അപചയത്തിന്‍റെ പ്രധാന ഹേതു അതു തന്നെയാണ്. അല്ലാഹുവിനെ ഓര്‍ത്ത് കരയുന്ന യഥാര്‍ത്ഥ മുഅ്മിനുകളില്‍ അവന്‍ നമ്മെ ഉള്‍പ്പെടുത്തട്ടെ. ആമീന്‍.
Be the first to comment