മൗനത്തിനുണ്ട് സൗന്ദര്യം

    നൗഷാദ് റഹ്മാനി മേല്‍മുറി

മനുഷ്യനെ അപകടത്തിലാക്കുന്ന പ്രധാന അവയവമാണ് നാവ്. നിത്യജീവിതത്തില്‍ വലിയ പ്രയോജനം ചെയ്യുന്ന നാവ് ഏറെ സൂക്ഷിക്കേണ്ട അവയവമാണ്. സംസാരിക്കാന്‍ കഴിയാത്തവരുടെ വേദന നമുക്കൂഹിക്കാവുന്നതേയുളളൂ. പഠിച്ചെടുത്ത ഭാഷകളിലൊക്കെ  വാ തോരാതെ സംസാരിക്കാനാവുന്ന നമ്മള്‍ നാവിന്‍റെ വില മനസ്സിലാക്കിയിട്ടുണ്ടോ എന്നത് ചിന്തിക്കേണ്ടതാണ്. ഇല്ലാതിരിക്കുമ്പോഴാണല്ലോ ഏതിന്‍റെയും വിലയറിയുന്നത്. എപ്പോള്‍ ഉപയോഗിക്കണം എന്നതിനേക്കാള്‍ എപ്പോള്‍ ഉപയോഗിക്കാതിരിക്കണം എന്നറിയുമ്പോഴാണ് നാവ് നമുക്ക് പ്രയോജനകരമായി മാറുന്നത്.

മൗനം വിദ്വാന് ഭൂഷണമെന്നു പറയാറുണ്ട്. പല തര്‍ക്കങ്ങളുടെയും പരിഹാരമാണ് മൗനം. മൗനം വിലങ്ങുതടിയായി നിന്നപ്പോള്‍ എത്രയോ തര്‍ക്കങ്ങള്‍ ഉത്ഭൂതമാവാതെ പോയിട്ടുണ്ട്. സാരഗര്‍ഭമായ മൗനം വിവേകികളുടെ കൂടപ്പിറപ്പാണ്. പണ്ഡിതരുടെ സന്തതസഹചാരിയാണ്. ശത്രുവിന്‍റെ വാളിനേക്കാള്‍ മൂര്‍ച്ചയുണ്ടാവും ചില നേരത്തെ മൗനത്തിന്. അതു പലരെയും ഭയപ്പെടുത്തും.

എന്നാല്‍, എല്ലായ്പ്പോഴും മൗനം പാലിക്കുന്നത് ഭീരുവിന്‍റെ അടയാളമായി ഗണിക്കപ്പെടും. ആവശ്യമുളളിടത്ത് ശബ്ദിക്കണം. തിډ കൈ കൊണ്ട് തടയാന്‍ സാധിച്ചില്ലെങ്കില്‍ പിന്നെ പ്രയോഗിക്കേണ്ടത് നാവാണ്. അരുതായ്മകള്‍ നാവിന്‍റെ മൂര്‍ച്ചക്ക് മുമ്പില്‍ ചോര വാര്‍ന്ന് മരിക്കണം. നډകള്‍ വളര്‍ന്നു പന്തലിക്കാനുളള പിടിവളളി കൊടുക്കണം നാവ്.

 നാവാട്ടും മുമ്പ് ഹൃദയമാട്ടണമെന്നു പറയാറുണ്ട്. ചിന്തകള്‍ക്കു വിധേയമാക്കിയോ ഏതൊരു വാക്കും പ്രയോഗിക്കാവൂ. ഒരു ഹൃദയത്തേയും അതു മുറിപ്പെടുത്തരുത്. വാള്‍ കൊണ്ടേറ്റ മുറിവ് മരുന്ന് കൊണ്ടുണങ്ങിയേക്കാം. എന്നാല്‍ നാവു കൊണ്ട് മുറിവേറ്റാല്‍ ഉണങ്ങാന്‍ പ്രയാസമാണ്.

കൂടുതല്‍ പേരേയും നരഗത്തിലേക്ക് കൊണ്ടുപോകുന്നത് ശരീരത്തിലെ രണ്ട് അവയവങ്ങളാണ്. നാവും ഗുഹ്യസ്ഥാനവും. അവ രണ്ടും തെറ്റില്‍ നിന്ന് സംരക്ഷിച്ചവര്‍ക്ക് സ്വര്‍ഗ്ഗം ഉറപ്പാണെന്ന്  ഹദീസില്‍ മനസ്സിലാക്കാം. ഏഷണി, പരദൂഷണം, കളവ് തുടങ്ങി നാവിന്‍റെ ദോഷങ്ങള്‍ നിരവധിയുണ്ട്. മൗനം പാലിച്ചവന്‍ വിജയിച്ചു എന്ന പ്രവാചകാദ്ധ്യാപനം ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്. നബിയേ, എന്താണ് വിജയമെന്ന് ഉഖ്ബതുബ്നു ആമിര്‍(റ) നബി(സ്വ) തങ്ങളോട് ചോദിച്ചപ്പോള്‍ നബി(സ്വ) തങ്ങള്‍ നല്‍കിയ മറുപടിയുടെ ആദ്യഭാഗം നീ നിന്‍റെ നാവിനെ നിയന്തിക്കുക എന്നാണ്.

റബീഉബ്നു ഖൈസം (റ) പേനയും കടലാസും കുടെ കരുതാതെ പുറത്തിറങ്ങുമായിരുന്നില്ല. എന്ത് സംസാരിച്ചാലും അത് എഴുതിവെക്കുമായിരുന്നു. ഓരോ ദിവസവും അതു പരിശോധിച്ച് സ്വന്തത്തെ വിചാരണ ചെയ്തിരുന്നു.

ആരെങ്കികലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ അവന്‍ നല്ലത് പറയട്ടെ അല്ലെങ്കില്‍ മിണ്ടാതിരിക്കട്ടെ എന്ന് ഹദിസില്‍ കാണാം. സല്‍മാനുല്‍ ഫാരിസി(റ) ഒരാള്‍ക്ക് ഉപദേശം നല്‍കിയത് മൗനമവലംബിക്കാനാണ്. അതെങ്ങിനെയെനിക്ക് സാധ്യമാകുമെന്ന് തിരിച്ചു ചോദിച്ചപ്പോള്‍ മഹാനവറുകള്‍ പറഞ്ഞു വിവൃത്തിയില്ലെങ്കില്‍ നല്ല വാക്ക് പറയുക, അല്ലാത്ത സമയത്ത് മൗനം പാലിക്കുക.

 എനിക്കു തലയില്‍ കൊമ്പില്ല/എനിക്ക് പിന്നില്‍ വാലില്ല/ എങ്കിലുമൊരു വിഷമം വായയിലെല്ലില്ലാത്തൊരു നാവില്ലേ?  എന്നു പാടിയ കുഞ്ഞുണ്ണി മാഷിന്‍റെ മറ്റൊരു കുറുങ്കവിതയാണ് വാക്കിനോളം തൂക്കമില്ലീയുക്കന്‍ ഭൂമിക്ക് പോലുമേ എന്നത്.

മൗനം വാചാലമാകുന്ന എത്രയോ സന്ദര്‍ഭങ്ങളുണ്ട്. ചിലരുടെ മൗനം വല്ലാതെ ചര്‍ച്ചയാകുന്നു. മൗനം ചിലപ്പോള്‍ പേടുപ്പിക്കുന്നു. ആശങ്കപ്പെടുത്തുന്നു. ദേഷ്യപ്പെടുത്തുന്നു. സന്തോഷിപ്പിക്കുന്നു. സമാധാനിപ്പിക്കുന്നു. വ്യാകുലപ്പെടുത്തുന്നു. ആകുലപ്പെടുത്തുന്നു.

പ്രതിഷേദാഗ്നി ജ്വലിപ്പിക്കാനും മൗനത്തിനാവും. തബൂക്ക് യുദ്ധത്തില്‍ പങ്കെടുക്കാതിരുന്ന് മൂന്ന് അനുചരര്‍ക്കു നേരെ നബി(സ്വ) തങ്ങളും സ്വഹാബാകിറാമും പ്രയോഗിച്ചത് മൗനമെന്ന ആയുധമാണ്. ഹൃദയാന്തരങ്ങളിലേക്ക് ആഞ്ഞു തറക്കുന്ന മൂര്‍ച്ചയുളള ആയുധമായി ചില നേരങ്ങളില്‍ മൗനം മാറുന്നു.

എന്നാല്‍, അനിവാര്യമാകുന്നിടത്ത്വാക്കുകള്‍ക്ക് പ്രസക്തിയുണ്ട്. അവിടെ മൗനം അനര്‍ത്ഥങ്ങള്‍ സൃഷ്ടിക്കും. തെറ്റിദ്ധാരണകള്‍ മുളച്ചുയരും. മറുപടി പ്രതീക്ഷിക്കുന്നവന്‍റെ മുമ്പിലെ ദേഷ്യവും വെറുപ്പും വളര്‍ന്നുയരാന്‍ നിദാനമാവും. എന്നാല്‍, സംസാരത്തിന് ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ അവസരം മൗനമവലംബിക്കാന്‍ കിട്ടുമെന്നത് യാഥാര്‍ത്ഥ്യമാണ്.

ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ അവന്‍ നല്ലത് പറയട്ടെ അല്ലെങ്കില്‍ മിണ്ടാതിരിക്കട്ടെ.

 

 

About Ahlussunna Online 1303 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*