മലയാളി സംഘത്തോടൊപ്പം താഷ്ക്കന്‍റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയതു മുതല്‍ ചരിത്ര നഗരമായ സമര്‍ഖന്ദിലെത്താനുള്ള വെമ്പല്‍ കൊള്ളുകയായിരുന്നു മനസ്സ്. നിരവധി ചരിത്ര നഗരങ്ങളിലൂടെ സഞ്ചരിച്ച എനിക്ക് സമര്‍ഖന്ദിന്‍റെ ചരിത്രമറിഞ്ഞതു മുതല്‍ അതിന്‍റെ വര്‍ത്തമാനം നേരില്‍ കാണാന്‍ വലിയ തിടുക്കമായി. ഇസ്ലാമിക സംസ്കാരത്തെയും നാഗരികതയെയും അറിവുകൊണ്ടും വിവേകം കൊണ്ടം സമര്‍ഖന്ദ് ചരിത്രത്തില്‍ ആവേശം കൊള്ളിച്ചു. ഈ ആവേശപ്പൊലിമയുടെ തിരുശേഷിപ്പുകള്‍ കാണാന്‍ ഏതു ചരിത്ര കുതുകിയും ആഗ്രഹിക്കും. അത്തരമൊരു മാനസികാവസ്ഥയിലാണ് ഞങ്ങള്‍ സമര്‍ഖന്ദിലേക്ക് യാത്ര തിരിച്ചത്.
താഷ്കന്‍റില്‍ നിന്ന് സമര്‍ഖന്ദിലേക്കുള്ള യാത്രക്കിടെ സമര്‍ഖന്ദിന്‍റെ ഭൂതകാല ചരിത്രം മനസ്സില്‍ മിന്നിമറഞ്ഞു. ഖുലഫാഉ റാശിദുകളുടെ കാലശേഷം ഇസ്ലാമിക ലോകത്തിന്‍റെ കടിഞ്ഞാണേന്തിയ അമവികളുടെ മുന്നേറ്റങ്ങളുടെ രംഗഭൂമിയായിരുന്നു സമര്‍ഖന്ദ്. സൈഫുള്ളാ എന്ന പേരില്‍ പ്രസിദ്ധനായ ഖാലിദുബ്നു വലീദ് (റ) നുശേഷം പോരാട്ടവീര്യംകൊണ്ട് ചരിത്രത്തെ പുളകംകൊള്ളിച്ച അമവീ സൈന്യാധിപന്‍ ഖുതൈബതുബ് അബൂമുസ്ലിമിന്‍റെ കാലത്താണ് ഇസ്ലാം ആദ്യമായി ഈനഗരത്തിലെത്തിയത്. ഖുതൈബയുടെ സൈന്യം സമര്‍ഖന്ദിലെത്തിയതു മുതലാണ് അവിടെ ഇസ്ലാമിക സന്ദേശം വ്യാപിച്ചത്.
ഖുതൈബയുടെ കാല ശേഷം മുസ്ലിം സൈന്യം ഉപാധികള്‍ ലംഘിച്ച് സമര്‍ഖന്ദ് പിടിച്ചടക്കിയെന്ന് ഖലീഫ ഉമറുബ്നു അബ്ദുല്‍ അസീസ് (റ) അറിഞ്ഞപ്പോള്‍ നഗരം തിരിച്ചുനല്‍കാന്‍ ഉത്തരവിട്ട നീതിയുടെ ചരിത്രം പുതച്ചുറങ്ങുന്നനാടാണ് സമര്‍ഖന്ദ്. മുസ്ലിം നേതൃത്വത്തിന്‍റെ തീരുമാനത്തില്‍ അന്തിച്ച് മുസ്ലിം സൈന്യത്തെ സമര്‍ഖന്ദിലേക്ക് തിരിച്ചുവിളിക്കുകയും അവര്‍ ഇസ്ലാമികാശ്ലേഷണം ചെയ്യുകയും ചെയ്ത നീതി പൂത്തുലഞ്ഞ മണ്ണാണ് സമര്‍ഖന്ദ്. മധ്യേഷ്യന്‍ നഗരങ്ങളും പ്രദേശങ്ങളും നിരവധി പോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ചെങ്കിസ്ഖാനും തൈമൂറും അലക്സാണ്ടറുമടക്കം നിരവധി പേര്‍. എന്നാല്‍ ആ ചരിത്രത്തിലൊന്നും സംഭവിക്കാത്ത നീതിയുടെ നിത്യ വസന്തം സമര്‍ഖന്ദ് തിരികെ നല്‍കിയതിലൂടെ മുസ്ലിം സൈന്യം കാണിച്ചു.
ചരിത്രം പരന്നൊഴുകിയ നാട്ടിലൂടെ വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ പുറത്തു നിന്നടിക്കുന്ന കാറ്റിനു പോലും ചരിത്രത്തിന്‍റെ ഗന്ധമുള്ളതായിതോന്നി. ഇസ്ലാമിക വിജ്ഞാനീയങ്ങളുടെ സുവര്‍ണകാലഘട്ടത്തില്‍ സമര്‍ഖന്ദും ബുഖാറയും അറിവിനാല്‍ നിറഞ്ഞ നഗരങ്ങളായിരുന്നു. മദീനയും ബാഗ്ദാദും കഴിഞ്ഞാല്‍ ബുഖാറയിലേക്കും സമര്‍ഖന്ദിലേക്കും അറിവു നുകരാന്‍ ലോകം നടന്നടുത്തവഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ മനസ്സില്‍ നഷ്ടപ്രതാപങ്ങളുടെ വിങ്ങലുണ്ടായി. ഹദീസ് ജ്ഞാനശാഖക്ക് പുതിയ മാനങ്ങള്‍ നല്‍കിയ ഇമാം ബുഖാരി ഹദീസ് സമ്പാദനത്തിനായി മൂന്നു മാസമൊക്കെ നടന്നു പോയ മരുപ്പാതയുടെ മുകളിലൂടെയുള്ള ടാറിലൂടെയാണ് സഞ്ചരിക്കുന്നവാഹനമെന്ന് തങ്ങളുടേതെന്ന് മനസ്സ് മന്ത്രിച്ചു.
ഇമാം തുര്‍മുദിയുടെ ജ്ഞാനാന്വേഷണങ്ങളുടെ സംഗമ ഭൂമിയായിരുന്നു വിശുദ്ധ സമര്‍ഖന്ദ്. അതോര്‍ക്കുമ്പോള്‍ മനസ്സിലെവിടെയോ ഒരു തട്ടല്‍ അനുഭവപ്പെട്ടു. അടുത്തിരിക്കുന്നവരെ നോക്കുമ്പോള്‍ പലരും അതേ ചിന്തയിലിരിക്കുന്നപോെ. നീണ്ട യാത്രക്കൊടുവില്‍ ഞങ്ങളുടെ സംഘം സമര്‍ഖന്ദ് നഗരത്തില്‍ വാഹനമിറങ്ങിയപ്പോള്‍ മനസ്സിലെവിടെയോ എന്തോ നഷ്ടപ്പെട്ട പോലെ. അതെ. യാത്രക്കിടയില്‍ ചിന്തിച്ച കാര്യങ്ങളുടെ അലട്ടല്‍ ഇപ്പോഴും മാറിയിട്ടില്ല. ഇനി ചിന്തിച്ചു നിന്നിട്ട് കാര്യമില്ല. യാത്രയുടെ ലക്ഷ്യത്തിലെത്തിയിരിക്കുന്നു.ഇനി നാടുകാണണം. പുണ്യ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തി അനുഗ്രഹം നേടണം. ഭൂമിയിലൂടെ സഞ്ചരിച്ച് മുന്‍കാല സമൂഹങ്ങളെ അല്ലാഹു എന്തു ചെയ്തുവെന്ന് നോക്കിക്കാണാന്‍ ഖുര്‍ആന്‍റെ ആഹ്വാനമുണ്ടല്ലോ? യാത്രകള്‍ കേവല വിനോദത്തിനപ്പുറം അറിയാനും പഠിക്കാനും പാഠമുള്‍ക്കൊള്ളാനുമുള്ള നല്ലവഴിയാണെന്ന് എപ്പോഴും തോന്നിയിട്ടുണ്ട്.
ചരിത്രം മൂടിപ്പുതച്ചുറങ്ങുന്നനഗരത്തിന്‍റെ വര്‍ത്തമാനം തൊട്ടറിയാനാണ് ഞങ്ങള്‍ സമര്‍ഖന്ദിലെത്തിയത്. തീര്‍ത്തും വ്യത്യസ്ഥമായ അനുഭവമാണ് സമര്‍ഖന്ദ്. മറ്റു മധ്യേഷ്യന്‍ നഗരങ്ങളെപ്പോലെയല്ല സമര്‍ഖന്ദ് നഗരം. ഇസ്ലാമിക സംസ്കാരമാണ് ഏറ്റവുമധികം സമര്‍ഖന്ദിനെ നിയന്ത്രിച്ചതെങ്കിലും ഇന്നത്തെ സമര്‍ഖന്ദ് നഗരം ബഹുമത സമൂഹമായി ജീവിക്കുന്നവരാണ്. ഇന്ത്യയെപോലെ സമര്‍ഖന്ദിന്‍റെ രാഷ്ട്രീയ ചരിത്രത്തില്‍ മുസ്ലിംകളെകൂടാതെ ക്രൈസ്തവരും കമ്മ്യൂണിസ്റ്റുകളും ആ നാടിനെ നിയന്ത്രിരിച്ചിട്ടുണ്ട്.
കുരിശുയുദ്ധകാലത്തെ ചെറിയ ആധിപത്യമല്ലാതെ വലിയ ക്രൈസ്തവ ചരിത്രമൊന്നും പറയാനില്ലെങ്കിലും ക്രൈസ്തവ സമൂഹം ഇന്ന് സമര്‍ഖന്ദില്‍ ധാരാളമുണ്ട്. ഒക്ടോബര്‍ വിപ്ലവത്തിലൂടെ 1917ല്‍ ലെനിന്‍ സോവിയറ്റ് യൂണിയനില്‍ അധികാരം സ്ഥാപിക്കുന്നതോടെയാണ് സമര്‍ഖന്ദടങ്ങുന്ന ഉസ്ബക്കിസ്ഥാന്‍ സോവിയറ്റിന്‍റെ ഭരണ പ്രദേശമാകുന്നത്. സര്‍ ചക്രവര്‍ത്തിമാരുടെ അധീന പ്രദേശമായിരുന്നെങ്കിലും ഇസ്ലാമിക സംസ്കാരം ഒരു പരിധിവരെ സമര്‍ഖന്ദില്‍ നിലനിന്നിരുന്നു. യു.എസ്.എസ്.ആര്‍ രൂപീകരിക്കപ്പെട്ടതോടെ സ്റ്റാനിനിസത്തിന്‍റെ സംഹാര താണ്ഡവം സമര്‍ഖന്ദിന്‍റെ ഇസ്ലാമിക പ്രൗഢി ഏറെക്കുറെ ഇല്ലാതാക്കി.
ചരിത്രസ്മാരകങ്ങള്‍ സൂക്ഷിക്കുന്ന വരായതുകൊണ്ട് കമ്മ്യൂണിസ്റ്റുകള്‍ സ്മാരകങ്ങളെ തരിപ്പണമാക്കിയില്ല. മറിച്ച് പള്ളിയും യുണിവേഴ്സിറ്റികളും മതകലാലയങ്ങളും ഷോപ്പിംഗ് കോംപ്ലക്സുകളും മ്യൂസിയങ്ങളുമാക്കി. ഇതൊക്കെ നേരിട്ട് കാണുമ്പോള്‍ സത്യത്തില്‍ മനസ്സില്‍ വേദന തോന്നി. എവിടെയാണ് നമുക്ക് പിഴച്ചതെന്ന് മനസ്സ് തേടിക്കൊണ്ടിരുന്നു. ഭൗതിക സൗകര്യങ്ങളില്‍ മതിമറന്നുല്ലസിച്ചപ്പോള്‍ കാലിനടിയിലെ മണ്ണൊലിച്ചു പോകുന്നത് മുസ്ലിംകള്‍ക്ക് അറിയാന്‍ കഴിഞ്ഞില്ലെന്ന് ഉത്തരം സ്വയം കണ്ടെത്തി. അതൊരു പരിധിവരെ ശരിയാവാം.
സമര്‍ഖന്ദിന്‍റെ തെരുവിലൂടെ സഞ്ചരിക്കുമ്പോള്‍ ഒരു ബഹുമുഖ സമൂഹത്തിലെത്തിയ അനുഭവമായിരുന്നു. മുസ്ലിംകള്‍, ക്രിസ്ത്യാനികള്‍ കമ്യൂണിസ്റ്റുകള്‍, മറ്റു ചിന്താഗതിക്കാര്‍ ഇവരെല്ലാം ഇവിടെ ഇടകലര്‍ന്നു ജീവിക്കുന്നു. ഇന്ത്യയെപ്പോലെ. പരസ്പര കലഹമോ സംഘട്ടനങ്ങളോ വാദകോലാഹലങ്ങളോ എവിടെയും കാണാന്‍ കഴിഞ്ഞില്ല. അഞ്ചാം ഖലീഫയുടെ നീതിയുടെ പ്രകാശവലയം ഇവരുടെ മുകളില്‍ വട്ടമിടുന്ന പോലെ തോന്നിപ്പോവും. ലോകത്ത് പരീക്ഷിക്കപ്പെട്ട എല്ലാ ഭരണ സംവിധാനങ്ങള്‍ക്കും വേദിയായിട്ടുണ്ട് സമര്‍ഖന്ദ്. ഇപ്പോള്‍ ഉസ്ബക്കിസ്ഥാന്‍ ജനാധിപത്യ മാര്‍ഗ്ഗത്തിലായതുകൊണ്ട് തന്നെ ഉസ്ബക്ക് നഗരമായ സമര്‍ഖന്ദും രാജ്യത്തിന്‍റെ പരമാധികാരത്തെ അംഗീകരിച്ചു പോരുന്നു.
മുസ്ലിം നാഗരികതയുടെ നിത്യ സ്മാരകങ്ങളാണ് നഗരത്തിലെവിടെയും. പള്ളികള്‍, സര്‍വകലാശാലകള്‍, മദ്രസകള്‍, ലൈബ്രറികള്‍ പക്ഷെ, അതെല്ലാം പലതും പേരിനു മാത്രമായി ചുരിങ്ങിയിരിക്കുന്നു. മഹാډാരുടെ മസാറുകള്‍ കാണേണ്ടതു തന്നെ. പക്ഷെ, കമ്യൂണിസം വിതച്ച വിനയില്‍ അതിന്‍റെ നിഴല്‍ രൂപങ്ങള്‍ മാത്രമായി അവയെല്ലാം ഒരു തുരിച്ചുപോക്ക് പ്രതീക്ഷിച്ചു നില്‍ക്കുന്നു. ഇസ്ലാമിക സംസ്കാരത്തിന്‍റെ ഉത്ഥാനപതനങ്ങളെ നേരിട്ട് കാണാന്‍ സമര്‍ഖന്ദില്‍ മാത്രം പോയാല്‍ മതി. ഭീതി നിറഞ്ഞ ബാഗ്ദാദ് നഗരവും കോര്‍ദോവയും സന്ദര്‍ശിക്കേണ്ട കാര്യമില്ല. ഇവിടെ ശാന്തമായി ചരിത്രം അന്തിയുറങ്ങുന്നു. അല്ലെങ്കില്‍ മയങ്ങി കിടക്കുന്നു. ഒരുപക്ഷെ വിളിച്ചാല്‍ ഉണരാന്‍ മാത്രം ശാസോച്ച്വാസം പുറത്തു വിടുന്നുണ്ട് സമര്‍ഖന്ദ്.
പഴയ തലമുറയില്‍ പെട്ട നരബാധിച്ചവര്‍ക്കും പുതു തലമുറയില്‍ പെട്ടവര്‍ക്കും മാത്രമേ ഇസ്ലാമുമായി എന്തെങ്കിലും ബന്ധമുള്ളൂ. കമ്യൂണിസം വിതച്ച സാംസ്കാരികാധിനിവേശം മൂലം മുപ്പതിനു മുകളില്‍ പ്രായമായവരെല്ലാം തീര്‍ത്തും പരിഷ്കാരികളായിട്ടാണ് ഇവിടെ കഴിയുന്നത്. പരിഷ്കാരം തലയ്ക്കുപിടിച്ച് വസ്ത്രധാരണം പോലും ഇസ്ലാമില്‍ നിന്ന് എത്രയോ അന്യമായി നില്‍ക്കുന്നു. സ്ത്രീകളുടെ തലയില്‍ ഒരു നൂലിഴ പോലും കാണാന്‍ കഴിയില്ല. പഴയ തലമുറയിലെ ഉമ്മമാരെയും പുതുയ തലമുറയിലെ പെണ്‍കുട്ടികളെയും കണ്ടാല്‍ മാത്രമേ ശരീരത്തില്‍ എന്തെങ്കിലും ഇസ്ലാമികാടയാളം കാണാന്‍ കഴിയൂ. സോവിയറ്റിന്‍റെ പതന ശേഷം ജനാധിപത്യത്തിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണ് രാജ്യമെങ്കിലും കമ്യൂണിസത്തിന്‍റെ നിഴലില്‍ നിന്ന് പൂര്‍ണ്ണമായി മുക്തമാവാന്‍ കഴിയാത്ത അവസ്ഥ ഇന്നും ഇവിടെയുണ്ട്.
സമര്‍ഖന്ദിന്‍റെ ഹൃദയത്തിലൂടെ സഞ്ചരിച്ചപ്പോള്‍ മനസ്സു പിടയാന്‍ തുടങ്ങി. സ്മാരകങ്ങളെ കമ്യൂണിസ്റ്റുകള്‍ തകര്‍ക്കാത്തതുകൊണ്ട് അവയെല്ലാം കാണാനായി. നഗരത്തിലൂടെ കാല്‍ നടയായി നടക്കുമ്പോള്‍ ഒരാശ്വാസം മാത്രം, പുതുതലമുറ പലതും തിരിച്ചറിഞ്ഞിരിക്കുന്നുവെന്ന ആശ്വാസം. അതവരുടെ ജീവിത്തില്‍ കണ്ടു തുടങ്ങിയിട്ടുമുണ്ട്. മതം പഠിക്കണം, സംസ്കാരസമ്പരരാവണം. മഹത്തായൊരു നാഗരിക സംസ്കാരത്തിന്‍റെ പിന്‍മുറക്കാരാണെന്ന് പലരും തിരിച്ചറിഞ്ഞിരിക്കുന്നു. പഴമയിലേക്ക് തിരിച്ചു പോകുന്ന ലക്ഷണങ്ങള്‍ വസ്ത്ര ധാരണാ രീതിയിലടക്കം കണ്ടു തുടങ്ങിയതില്‍ ആശ്വാസം തോന്നി.
നമ്മുടെ നാട്ടിലെ വലിയ കാമ്പസുകളാണിവിടത്തെ മദ്രസകള്‍. ചിലയിടങ്ങളിലൊക്കെ അത് പ്രവര്‍ത്തിച്ചു തുടങ്ങിയിരിക്കുന്നു. പഴയ കാലത്തെ സര്‍വകാലാശാലകളായിരുന്നു അവയെല്ലാം. ചെമ്മാട് ദാറുല്‍ ഹുദയില്‍ പോയ പ്രതീതിയായിരുന്നു ഒരിടത്ത്. വലിയ കെട്ടിടങ്ങള്‍. പക്ഷേ, ആ പഴയ സര്‍വകലാശാല ഇന്ന് ഷോപ്പിംഗ് മാളുകളും സ്റ്റേഷനറി കടകളുമായി മാറിയിരിക്കുന്നു. അല്ലെങ്കില്‍ കമ്യൂണിസം അങ്ങനെയാക്കി മാറ്റി അവയെല്ലാം. ക്ലാസ് റൂമുകള്‍ അറിവിന്‍റെ കേതാരമായിരുന്നു ഒരു കാലത്തെങ്കില്‍ ഇന്ന് സമര്‍ഖന്ദിലെ പലക്ലാസ് റൂമുകളും വ്യാപര-വിപണനത്തിന്‍റെ കണക്കുപരുകളായി മാറിയിരിക്കുന്നു. നഷ്ടപ്രതാപത്തിന്‍റെ മഹാ നഗരമേ…. മാപ്പ്…..
സമര്‍ഖന്ദിന്‍റെ സമീപ പ്രദേശമാണ് ബുഖാറ. ജീവിത വിശുദ്ധികൊണ്ട് ജ്ഞാന പ്രസരണത്തിന് പുതിയ അധ്യായങ്ങള്‍ തുറന്നിട്ട യുഗഗുരു ഇമാം ബുഖാരിയുടെ നാടാണ് ബുഖാറ. ഇമാം ഇവിടെ നിന്ന് പുണ്യഭൂമിയായ മദീനയിലേക്ക് നടന്നു പോയ കാലം ഓര്‍ത്തു പോയി. ഒരു ഹദീസിനു വേണ്ടി മൂന്നു മാസം നടന്നു പോയി നിവേദകനില്‍ കണ്ട ചെറിയ പാളിച്ച കണ്ട് അതേ രീതിയില്‍ തിരികെ നടന്ന ഇമാം ബുഖാരിയുടെ നാട്ടിലേക്കുള്ള യാത്ര പലതും ഓര്‍ത്തെടുക്കാനുള്ള അവസരമായി. തിരുമൊഴി വിശുദ്ധി ലോകത്തിനു കൈമാറി കടന്നു പോയ ഇമാം ബുഖാരിയുടെ സ്വാന്തം ബുഖാറയിലെത്തിയെപ്പോള്‍ കേരളത്തിലെ ബുഖാരി ഖബീലയില്‍പെട്ട അഹ്ലുബൈത്തിലെ പലരുടെയും മുഖങ്ങള്‍ മനസ്സില്‍ മിന്നിമറഞ്ഞു. ചാവക്കാടിനടുത്ത് ബുഖാറ കടപ്പുറമുണ്ട്. ബുഖാറയില്‍ നിന്ന് ദേശാന്തര സഞ്ചാരത്തിലൂടെ ചാവക്കാട് കടപ്പുറത്ത് താമസമാക്കിയ തങ്ങള്‍മാരെ ആദരിച്ചു കൊണ്ട് നാട്ടുകാര്‍ ആ പ്രദേശത്തിന് ബുഖാറ കടപ്പുറം എന്ന് പേരിട്ടു. അവരുടെ മുന്‍ തലമുറക്കാര്‍ ഇവിടത്തുകാരായിരിക്കുമല്ലോ? മുന്‍ഗാമികള്‍ നടന്ന വഴിയിലൂടെ സമൂഹത്തെ വഴി നടത്താന്‍ കഴിയണമെന്ന പ്രാര്‍ത്ഥനയോടെ ഞങ്ങളുടെ സംഘം ബുഖാറയില്‍ വണ്ടിയിറങ്ങി. പരിശുദ്ധ പുരുഷന്‍ ഇമാം ബുഖാരിയുടെ പാദസ്പര്‍ശമേറ്റ നാട്ടിലെത്തിയപ്പോള്‍ ഹൃദയം കോരിത്തരിച്ചു. ഹദീസ് ഗ്രന്ഥങ്ങളിലെ ഇമാം ബുഖാരിയുടെ നിവേദനങ്ങളെ ഓര്‍ത്തുപോയി. വീട്ടില്‍ അലമാരയില്‍ സൂക്ഷിച്ച ബുഖാരിയുടെ വിവര്‍ത്തന ഗ്രന്ഥം നാട്ടിലെത്തിയാല്‍ മറിച്ചു നോക്കണമെന്ന് മനസ്സില്‍ തീരുമാനിച്ചു.
ബുഖാറ നഗരം ശാന്തമാണ്. സമര്‍ഖന്ദിനെ പോലെ. ഞങ്ങളുടെ ലക്ഷ്യം പുണ്യപുരുഷന്‍റെ മസാറില്‍ നിന്നുള്ള അനുഗ്രഹമാണ്. സമര്‍ഖന്ദിലെ പോലെ ഇവിടെയും നിരവധി സ്മാരകങ്ങളുണ്ട്. തകര്‍ക്കപ്പെടാതെ തന്നെ നിലനില്‍ക്കുന്നു. ഞങ്ങള്‍ ഖബര്‍ നിലകൊള്ളുന്ന പള്ളിയുടെ അടുത്തെത്തി. പള്ളിയുടെ വാസ്തു ശില്പം തീര്‍ത്ത തൂണുകള്‍ കേരളത്തിലെ ഇസ്ലാമിക വിശുദ്ധിയോടെ എത്തിയ ഞങ്ങളോട് എന്തോ പരാതിപ്പെടുന്നതുപോലെ. സോവിയറ്റ് കാലത്ത് ഈ പള്ളിക്ക് സംഭവിച്ച കാര്യങ്ങള്‍ വിശദീകരിക്കപ്പെട്ടപ്പോള്‍ ഞങ്ങളില്‍ പലരുടെയും കണ്ണുകള്‍ നിറഞ്ഞു. ഇമാം ബുഖാരിയുടെ വിശ്വപ്രസിദ്ധമായ ഹദീസ് അദ്ധ്യാപനത്തിന്‍റെ വസന്ത പൂര്‍ണിമ ഇവിടെ അന്തരീക്ഷത്തില്‍ അലഞ്ഞു നടക്കുന്ന പോലെ. ഇന്ന് അവിടെ അറിവിന്‍റെ ചൊല്ലിപഠിക്കലോ അദ്ധ്യാപനത്തിന്‍റെ ഒച്ചപാടുകളോ ഇല്ല. പഴയ പ്രൗഢിനിറഞ്ഞ ഒരു പള്ളി മാത്രം. സോവിയറ്റ് ഭരണകാലത്ത് 52 വര്‍ഷം ഈ പള്ളി സര്‍ക്കാര്‍ വകയിലുള്ള കുതുരകളെ കെട്ടിയിട്ടിരുന്ന ആലകളായിരുന്നുവെത്രെ. ഇതു കേട്ടപ്പോള്‍ ഞാനൊന്നു നടുങ്ങി പോയി. മനസ്സില്‍ മന്ത്രിച്ചു. നമ്മള്‍ മലയാളികള്‍ എത്ര ഭാഗ്യവാډാര്‍. കഥന ഭാരം ഞങ്ങള്‍ ഇമാം ബുഖാരിയുടെ മസാറില്‍ ഇറക്കിവെയ്ക്കാന്‍ ശ്രമിച്ചു. ആ ഖബറിടം നഷ്ടപ്രതാപത്തെ ഓര്‍ത്തെടുക്കുമ്പോള്‍ തന്നെ പുതുതലമുറയില്‍ പ്രതീക്ഷ കാണുന്ന പോലെ ഇതെല്ലാം ചരിത്രത്തിന്‍റെ വിധിയെന്ന പോലെ. ആ പള്ളിയിലാണ് ഞങ്ങള്‍ക്ക് ജുമുഅ നിസ്കരിക്കാന്‍ ഭാഗ്യമുണ്ടായത്. ജുമിഅ:ക്കിടയക്കിടയില്‍ പലരുടെയും മനസ്സ് മന്ത്രിച്ചിരിക്കണം. നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഇമാം ബുഖാരിയുടെ വചന പ്രസാദം പരന്നൊഴികിയ പള്ളിയായിരുന്നല്ലോ ഇതെന്ന്.
ഞങ്ങളുടെ സമര്‍ഖന്ദ് യാത്രക്കിടയില്‍ ബോധ്യമായ ചില കാര്യങ്ങള്‍ പങ്കുവെയ്ക്കാം. ഉസ്ബക്കുകാര്‍ മഹാ ഭൂരിപക്ഷം സുന്നികള്‍ തന്നെയാണ്. നാലിലൊരു മദ്ഹബിനെ അംഗീകരിച്ച് ജീവിക്കുന്നു. ഞങ്ങള്‍ പലരുമായും പരിചയപ്പെട്ടു. ഇന്ത്യക്കാരാണെന്ന് പറഞ്ഞപ്പോള്‍ അവര്‍ക്ക് ഞങ്ങളോട് മതിപ്പു തോന്നി. ഇന്ത്യയില്‍ നിന്ന് അവര്‍ക്കറിയാവുന്നത് ഹിന്ദി സിനിമാ നടډാരുടെ പേര് മാത്രമാണ്. അത് പലരും ചോദിക്കുകയും ചെയ്തു. ഞങ്ങള്‍ കേരളക്കാരാണെന്നറിഞ്ഞപ്പോള്‍ പലര്‍ക്കും അതിശയം. കേരളത്തിലെ മുസ്ലീംകളെക്കുറിച്ചും സാമൂഹിക ജീവിതത്തെക്കുറിച്ചും പലര്‍ക്കും വ്യക്തമായ ധാരണയുണ്ട്. അവര്‍ പലരും ആ മതിപ്പ് പ്രകടിപ്പിക്കുകയും ചെയ്തു. നിങ്ങള്‍ വലിയ ഭാഗ്യവാന്‍മാരാണെന്നും പഠിക്കാനും പഠിപ്പിക്കാനും നേതൃത്വം നല്‍കാനും പക്വമായ നേതൃത്വമുണ്ടായത് നിങ്ങളുടെ ഭാഗ്യമാണെന്നും പലരും പറഞ്ഞു. അതില്ലാതെ പോയതിന്‍റെ നഷ്ട ദുഃഖം പലരും പങ്കുവെച്ചു.
ഇമാം ബുഖാരിയുടെ ഖബര്‍ സന്ദര്‍ശിച്ചപ്പോള്‍ വ്യത്യസ്തമായൊരനുഭവമുണ്ടായി. ഞങ്ങള്‍ പ്രാര്‍ത്ഥിച്ചപ്പോള്‍ വൃദ്ധയായ ഒരു സ്ത്രീ തൊട്ടപ്പുറത്തുനിന്ന് ഞങ്ങളുടെ പ്രാര്‍ത്ഥനക്ക് ആമീന്‍ പറയുന്നു. പ്രാര്‍ത്ഥന കഴിഞ്ഞയുടന്‍ എനിക്കും ബഹാഉദ്ദീന്‍ നദ്വി അടക്കമുള്ളവര്‍ക്കും ആ സ്ത്രീ തസ്ബീഹ് മാല കയ്യില്‍ തന്നു. കമ്യൂണിസം വിതച്ച മതവിരോധം മൂലം മണ്ണിട്ട് മൂടപ്പെട്ട ഉസ്ബക്കിസ്ഥാനില്‍ ഇത്തരം അനുഭവങ്ങള്‍ അപൂര്‍വം. അത് ചിലയിടങ്ങളിലെല്ലാം പൊട്ടിമുളച്ചുകൊണ്ടിരിക്കുന്നുവെന്ന് ആ തസ്ബീഹ് മാല പറയുന്നതായി തോന്നി.
കമ്യൂണിസം തീര്‍ത്ത സാംസ്കാരികാധിനിവേശമാണ് കളങ്കരഹിതരായ ഉസ്ബക്കുകളെ നശിപ്പിച്ചത്. അതവരെ മതനിഷേധത്തിലേക്കും പരിഷ്കാരത്തിലേക്കുമെത്തിച്ചു. നാല്‍പ്പതിനും അമ്പതിനിടയിലുള്ളവരെ കണ്ടാല്‍ മുസ്ലിമാണെന്ന് തിരിച്ചറിയുക പോലുമില്ല. സ്ത്രീയായാലും പുരുഷനായാലും. പേര് ചോദിച്ചാലേ അവരെ തിരിച്ചറിയൂ എന്ന അവസ്ഥയാണിപ്പോഴും. തലമുറക്കല്‍ തന്നെ തീരെയില്ലാത്ത വല്ലാത്ത ഒരവസ്ഥ. അവരോട് ഇക്കാര്യങ്ങള്‍ പങ്കുവെക്കുമ്പോള്‍ ഇതൊന്നും പറഞ്ഞുതരാന്‍ ഞങ്ങള്‍ക്കാരുമുണ്ടായില്ലെന്ന് പലരും ധര്‍മ സംഘടപ്പെട്ടു. ഒരു തിരിച്ചുപോക്കിലേക്ക് വെമ്പല്‍ കൊള്ളുന്നപോലെ അവര്‍ക്ക് നിരാശയാണ്. അറിവോ നേതൃത്വമോ ഇല്ലാതെ പോയതിന്‍റെ മഹാനിരാശ അവരെ വേട്ടയാടുന്നു. ദഅ്വത്തിന്‍റെ അനന്ത സാധ്യതകളാണ് ഈ യാത്രയില്‍ അനുഭവപ്പെട്ട വലിയ സന്ദേശം.
പേരിനു മുസ്ലിംകളാണെങ്കിലും വിജ്ഞാനത്തിന്‍റെ മഹാസാഗരത്തില്‍ മുങ്ങിയവരുടെ പിډുറക്കാരാണെങ്കിലും അറിവില്ലായ്മയാണ് സമര്‍ഖന്ദ് മുസ്ലിംകളെ വേട്ടയാടുന്ന ഏറ്റവും വലിയ സാമൂഹിക വിപത്ത്. അറിവിലൂടെ സംസ്കാരത്തെ ആര്‍ജിച്ച സാംസ്കാരികത്തനിമയുടെ വാക്താക്കളുടെ പിډുറക്കാര്‍ അറിവില്ലായ്മയുടെ പടുകുഴിയിലാണിപ്പോള്‍. അവിടെയുള്ള ഖബര്‍സ്ഥാനുകള്‍ ആ വലിയ യാഥാര്‍ഥ്യത്തെ ഞങ്ങള്‍ക്കു തുറന്നുതന്നു. ഒരാള്‍ മരണപ്പെട്ടാല്‍ ഖബറടക്കുമ്പോള്‍ ഖബറില്‍ നാട്ടിവെക്കുന്ന മീസാന്‍ കല്ലില്‍ മരിച്ചയാളുടെ ചിത്രം കൊത്തിവെക്കാന് മാത്രം വിവരദോശികളായിപ്പോയിരിക്കുന്നു അവിടത്തുകാര്‍. ആളുകളുടെ സാമ്പത്തിക നിലക്കനുസൃതമായി മീസാന്‍ കല്ലിലെ ചിത്രത്തിന് വലുപ്പം കൂടുകയോ കുറയുകയോ ആവാം. ഇതൊരു കമ്മ്യൂണിസ്റ്റ് ശൈലിയാണെന്ന് മലയാളികളായ നമുക്കറിയാമല്ലോ. ഏറ്റവും പാവപ്പെട്ടവനാണ് മരിച്ചതെങ്കില്‍ മീസാന്‍ കല്ലില്‍ ഫോട്ടോ ലാമിനേഷന്‍ ചെയ്ത് ഒട്ടികയെങ്കിലും ചെയ്യുന്ന പതിവ് സമര്‍ഖന്ദ് മുസ്ലിംകളില്‍ കാണാന്‍ കഴിഞ്ഞു.
അറിയാതെ നെഞ്ചത്തുകൈവെച്ചുപോയി. അല്ലാഹു വിനെ സ്തുതിച്ചു. അല്ലാഹു നല്‍കിയ തിരിച്ചറിവിനെ ഓര്‍ത്തുപോയി. സോവിയറ്റ് ആധിപത്യം അവസാനിച്ചെങ്കിലും ഉസ്ബക്കിന്‍റെ ഭരണ നിയന്ത്രണം ഇപ്പോഴും ഇടത്തോട്ടു തന്നെയാണ്. കമ്മ്യൂണിസ്റ്റ് ആശയം വെച്ചുപുലര്‍ത്തുന്ന ജനാധിപത്യ സര്‍ക്കാരാണ് ഇന്നും ഉസ്ബക്കിസ്ഥാന് നിയന്ത്രിക്കുന്നത്. എന്നാല്‍ പരസ്യമായി മതത്തിനെതിരെ തീരുമാനമെടുക്കാന്‍ കഴിയാത്ത അവസ്ഥയാണിപ്പോള്‍. സോവിയറ്റ് കാലത്തെ പ്രസിഡന്‍റായ ഇസ്ലാം കരീമോവ് തന്നെയാണിപ്പോഴും രാജ്യം ഭരിക്കുന്നത്. ഉദ്യോഗ തലത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ പള്ളിയില്‍ പോകുന്നതും മത ചടങ്ങുകളില്‍ സംബന്ധിക്കുന്നതും നിരീക്ഷിക്കാന്‍ ഇന്‍റലിജന്‍സിനെ കരീമോവ് നിശ്ചയിച്ചിട്ടുണ്ട്. അതുകൊണ്ട് പലരും പള്ളിയില്‍ വരുമ്പോള്‍ പരിശ്കാര വേശത്തോടെയും പള്ളിയിലെത്തിയാല്‍ മാന്യവേശവും ധരിക്കുന്ന കാഴ്ചകണ്ടപ്പോള്‍ നമ്മുടെ നാട്ടിലെ മത സ്വാതന്ത്ര്യം അറിയാതെ ഓര്‍ത്തുപോയി. ഉദ്യോഗ തലങ്ങളില്‍ മതത്തിന്‍റെ സ്വാധീനത്തെ കരീമോവ് പേടിപ്പെടുന്നുവെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു.
ഉസ്ബക്കുകള്‍ക്ക് വലിയ മാന്യതയാണിപ്പോഴും. ട്രൈന്‍ യാത്രക്കിടയില്‍ അത് പൂര്‍ണമായി ബോധ്യപ്പെട്ടു. പേര് ചോദിക്കുമ്പോള്‍ മാത്രമാണ് അവരെല്ലാം മുസ്ലിംകളാണെന്നറിയുകയെങ്കിലും അവരുടെ മനസ്സുകളില്‍ പഴയ ഇസ്ലാമിക വിശുദ്ധി ഇപ്പോഴും നിലനില്‍ക്കുന്നു.
തിരിച്ചറിവില്ലായ്മയാണ് അവരെ വേട്ടയാടുന്നത്. ഒരു ഷോപ്പിംഗ് മാളില്‍ ഞങ്ങള്‍ ചെന്ന അനുഭവം പറയാം. ആ മാള്‍ പണ്ട് ഏതോ ഒരു മദ്രസയാണെന്നറിഞ്ഞു. വലിയ ബഹുനില കെട്ടിടമാണത്. ആ മദ്രസയുടെ സ്ഥാപകന്‍ വലിയൊരു മഹാനായിരുന്നു. അദ്ദേഹത്തിന്‍റെ ഖബറിടം ഈ കെട്ടിടത്തിനിടയിലുണ്ട്. ഇതറിഞ്ഞ ഞങ്ങള്‍ അവിടെ സിയാറത്തിനായി ചെന്നപ്പോള്‍ ആ സമുച്ചയത്തിലെ ടെക്സ്റ്റൈല്‍സ് തൊഴിലാളികള്‍ ഖബറിനടുത്തിരുന്ന് കാരംസ് ഞൊടിക്കുന്ന കാഴ്ച കണ്ടപ്പോള്‍ വേദന തോന്നി. ലോകത്തിന് തിരിച്ചറിവ് നല്‍കാന്‍ യത്നിച്ച മഹത്തുക്കളും ആദ്ധ്യാത്മികതയുടെ സുഗന്ധം അന്വേഷിച്ച ദര്‍വേശുകളും നടന്നുനീങ്ങിയ മണ്ണില്‍ ഇന്ന് തിരിച്ചറിവില്ലാത്ത സമൂഹമാണല്ലോ എന്നോര്‍ത്ത് ധര്‍മ്മസങ്കടപ്പെട്ടു.
ഡ്രൈ ഫ്രൂട്സുകളുടെ പറുദീസയാണ് സമര്‍ഖന്ദ്. നമ്മുടെ നാട്ടിലേക്ക് ഇറക്കുമതി ചെയ്യപ്പെടുന്ന ബദാം, അണ്ടിപ്പരിപ്പ്, പിസ്ത പോലെയുള്ള നൂറു കണക്കിന് വിഭവങ്ങള്‍ അവിടെ സുലഭമാണ്.ഇതിന്‍റെ കയറ്റുമതി ഉസ്ബക്കിസ്ഥാന്‍റെ ദേശീയ വരുമാനത്തില്‍ വലിയൊരു ഭാഗമാണ്. കൂടാതെ പെട്രോള്‍ ഉല്‍പ്പനങ്ങളും എണ്ണകയറ്റുമതിയുമാണ് പ്രധാന വരുമാനമാര്‍ഗ്ഗം.
ഞങ്ങളുടെ സമര്‍ഖന്ദ് യാത്ര ജീവിതത്തില്‍ വലിയൊരനുഭവമായി ഞങ്ങള്‍ മനസ്സില്‍ കുറിച്ചിട്ടുകഴിഞ്ഞു. ഇസ്ലാമിക സംസ്കാരത്തിന്‍റെ തിരുശേഷിപ്പുകളായി അവിടെ വസ്തു ശില്‍പ്പ കലകള്‍ ഇന്നും നിലനില്‍ക്കുന്നു. അന്നത്തെ വാസ്തു ശില്‍പ്പികള്‍ക്ക് ഈമാനികാവേശത്തിന്‍റെ തള്ളലുണ്ടായിരുന്നു. ഇന്നും സമര്‍ഖന്ദില്‍ വാസ്തുശില്‍പ്പികള്‍ ധാരാളമുണ്ട്. പക്ഷേ, അവര്‍ ഹൃദയശൂന്യരായി നഷ്ടപ്രതാപമില്ലാതെ അലക്ഷ്യമായി അലയുന്നു. പുതുതലമുറയില്‍ വളര്‍ന്നുവരുന്ന ഇസ്ലാമികാവേശം നീതിയുടെ നഗരത്തെ പഴയ തനിമയിലേക്ക് തിരിച്ചുനടത്തട്ടെ എന്ന് പ്രാര്‍ത്ഥിച്ച് ഞങ്ങള്‍ മടങ്ങി. തിരിച്ചുപോരുമ്പോള്‍ ഇമാം ബുഖാരിയുടെ പാദ സ്പര്‍ശമേറ്റ് വിശുദ്ധമായ മണ്ണില്‍ നിന്നാണെന്നോര്‍ത്തപ്പോള്‍ മനസ്സിലെവിടെയോ ഒരു ശൂന്യതപോലെ അനുഭവപ്പെട്ടു.
Be the first to comment