ശൈഖുനാ എം.എം ബശീര്‍ മുസ്ലിയാര്‍ കടമേരി റഹ്മാനിയ്യ അറബിക് കോളേജ് പ്രിന്‍സിപ്പലായി സേവനം ചെയ്യുന്ന കാലം. അദ്ദേഹത്തിന്‍റെ സമന്വയ പരീക്ഷണത്തിന്‍റെ തുടക്കമായിരുന്നു അത്. പുതിയ പാഠ്യപദ്ധതിയുടെയും സ്ഥാപനത്തിന്‍റെയും പുരോഗതിക്കാവശ്യമായ കാര്യങ്ങള്‍ അദ്ദേഹം റഹ് മാനിയ സ്ഥപകനും കടമേരി പള്ളി മുതവല്ലിയുമായ ചീക്കിലോട്ട് കുഞ്ഞമ്മദ് മുസ്ലിയാരുമായി നിരന്തരം ചര്‍ച്ച ചെയ്തു. കോട്ടുമല അബൂബക്കര്‍ മുസ്ലിയാരുടെ ദര്‍സില്‍ ഇരുവരും സഥീര്‍ത്ഥ്യരായിരുന്നു. കടമേരി പള്ളിയുടെ ഓരത്തായിരുന്നു കോളേജിന്‍റെ തുടക്കം. ബശീര്‍ മുസ്ലിയാരുടെ പുതിയ അധ്യാപന രീതികളോട് പലരും വിയോജിച്ചു നില്‍ക്കുന്നു. കടമേരി-നാദാപുരം മേഖലയാണെങ്കില്‍ മഹാപണ്ഡിതരാല്‍ അനുഗ്രഹീതവുമാണ്.
ഖബര്‍സ്ഥാന്‍ കൂടിയുള്ള പള്ളിയായതിനാല്‍ ഇടക്കിടെ മയ്യിത്തിനെ അനുഗമിച്ചെത്തുന്നവരില്‍ വലിയ പണ്ഡിതരും കാണും. ബശീര്‍ മുസ്ലിയാര്‍ ക്ലാസില്‍ ബന്ധശ്രദ്ധനായിരിക്കും. നഹ്വിലെ ഉദാഹരണങ്ങള്‍ ബോര്‍ഡില്‍ എഴുതി അവതരിപ്പിക്കുന്ന രീതി വലിയ പണ്ഡിതډാര്‍ അതിശയോക്തിയോടെ നോക്കി നില്‍ക്കും. അവര്‍ക്കത് പുതിയ കാഴ്ചയായിരുന്നു.പിന്നീട് ഘട്ടം ഘട്ടമായാണ് സ്ഥാപനം അഭിവൃതി പ്രാപിച്ചത്. ബശീര്‍ മുസ്ലിയാര്‍ രോഗബാധിതനാവുകയും കാര്യനിര്‍വഹണത്തിന് പ്രയാസം നേരിടുകയും ചെയ്തപ്പോള്‍ സ്ഥാപനത്തിന്‍റെ നേതൃത്വം ചെറുപ്പക്കാരനായ കോട്ടുമല ബാപ്പു മുസ്ലിയാരെയാണ് ഏല്‍പ്പിച്ചത്. മരണം വരെ ബശീര്‍ മുസ്ലിയാര്‍ തന്നെയായിരുന്നു റഹ്മാനിയ്യ പ്രിന്‍സിപ്പല്‍. അദ്ദേഹത്തിന്‍റെ വഫാത്തിനുശേഷം ആ ദൗത്യവും ബാപ്പുസ്താദിലേക്ക് നീണ്ടു. പിതാവ് കോട്ടുമല അബൂബക്കര്‍ മുസ്ലിയാരുടെ പ്രവര്‍ത്തന നൈരന്തര്യവും ബശീര്‍ മുസ്ലിയാരുടെ കര്‍മകുശലതയും അനന്തരം കിട്ടിയ പണ്ഡിത പ്രതിഭയായിരുന്നു വിട പറഞ്ഞ കോട്ടുമല ബാപ്പു മുസ്ലിയാര്‍.
ഉസ്താദിന്‍റെ സംഘാടക നൈപുണ്യം മാതൃകാപരമായിരുന്നു. അസാധാരണ ഗൃഹപാഠത്തോടെ ചുമതലകള്‍ ഏറ്റെടുക്കുകയും, ഏറ്റെടുത്ത ദൗത്യം നിഷ്പ്രയാസം വിജയിച്ചെടുക്കുകയും ചെയ്ത അപൂര്‍വം വ്യക്തികളില്‍ ഒരാളായിരുന്നു ഉസ്താദ്. സമസ്തയെന്ന ബഹുജന പ്രസ്ഥാനത്തിന്‍റെ വാക്കും നാക്കുമായി ഉസ്താദ് ഓടിനടക്കുന്നതിനിടയില്‍ തീര്‍ത്തും അപ്രതീക്ഷിതമായാണ് ആ മഹനീയ വ്യക്തി എന്നെന്നേക്കുമായി യാത്രയായത്. മലപ്പുറം വേങ്ങരക്കടുത്ത ചെറുഗ്രാമമാണ് കോട്ടുമല. പെരിങ്ങോട്ടുപുലം ദേശത്ത് ജനിച്ച തറയില്‍ അബൂബക്കര്‍ മുസ്ലിയാരാണ് പില്‍കാലത്ത് ഈ പ്രദേശത്തെ ചരിത്രത്തോളം ഉയര്‍ത്തിയത്. മഹാപണ്ഡിതനും സമസ്തയുടെ ആദ്യകാല നേതാവും ശംസുല്‍ ഉലമാ ഇ.കെ അബൂബക്കര്‍ മുസ്ലിയാരടക്കമുള്ള പണ്ഡിത ശ്രേഷ്ടരുടെ ഉസ്താദുമായിരുന്ന മലപ്പുറം കാളമ്പാടിയിലെ അബ്ദുഅലി കോമു മുസ്ലിയാരുടെ ഇഷ്ടശിഷ്യനായിരുന്നു തറയില്‍ അബൂബക്കര്‍ മുസ്ലിയാര്‍.
1943ല്‍ വെല്ലൂര്‍ ബാഖിയാത്തില്‍ നിന്ന് ബിരുദമെടുത്തുവന്ന അബൂബക്കര്‍ മുസ്ലിയാര്‍, കോമു മുസ്ലിയാരുടെ നിര്‍ദേശപ്രകാരം ‘കോട്ടുമല’യില്‍ മുദരിസായി സേവനം ആറംഭിച്ചു. അങ്ങനെയാണ് പെരിങ്ങോട്ടുപുലത്തെ തറയില്‍ അബൂബക്കര്‍ മുസ്ലിയാര്‍ ‘കോട്ടുമല ഉസ്താദ്’ ആയി മാറിയത്. കോമു മുസ്ലിയാര്‍ തന്‍റെ മകളെ പ്രിയ ശിഷ്യന് ഇണയാക്കിക്കൊടുത്തതോടെ താമസം കാളമ്പാടിയിലേക്ക് മാറ്റി. ഈ ദാമ്പത്യത്തില്‍ പിറന്ന മകനാണ് മുഹമ്മദ് എന്ന ബാപ്പു മുസ്ലിയാര്‍. 1952ല്‍ കാളമ്പാടിയിലാണ് ബാപ്പു ഉസ്താദ് ജനിച്ചത്. സമസ്തയെന്ന ആത്മീയ ഊര്‍ജ്ജം സമൂഹത്തിനു പകര്‍ന്ന് കടന്നുപോയ കോമു മുസ്ലിയാരുടെ താവഴി തുടര്‍ന്നു പോന്ന കോട്ടുമല ഉസ്താദ് തന്‍റെ ഏക മകനെയും അതിലൂടെ കൈപിടിച്ചു വളര്‍ത്താന്‍ എപ്പോഴും ശ്രദ്ധിച്ചു. സ്വദേശമായ കാളമ്പാടിയിലെ മദ്റസത്തുല്‍ ഫലാഹിയ്യയില്‍ മൊയ്തീന്‍ മൊല്ലക്കുകീഴിലാണ് മതപഠനത്തിനു തുടക്കം കുറിച്ചത്. കൂടെ മലപ്പുറം എല്‍. പി സ്കൂളിലും പഠിച്ചു. പതിനൊന്നാം വയസ്സില്‍ പിതാവിന്‍റെ തന്നെ പ്രസിദ്ധമായ പരപ്പനങ്ങാടി പനയത്ത് പള്ളി ദര്‍സിലെത്തി. പിതാവില്‍ നിന്നു തന്നെ ‘മുതഫരിദ്’ ഓതി പഠനത്തിന് തുടക്കം കുറിച്ചു.
ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ബാഫഖി തങ്ങളുടെ നിര്‍ദേശപ്രകാരം കോട്ടുമല ഉസ്താദ് ജാമിഅയില്‍ മുദരിസായി ചാര്‍ജെടുത്തപ്പോള്‍ പിതാവിന്‍റെ കൂടെ ജാമിഅയിലെത്തി. അന്ന് ഉസ്താദിന്‍റെ പ്രായം വെറും പന്ത്രണ്ട് വയസ്സ്. പിതാവിന്‍റെ കൂടെ ജാമിഅയില്‍ താമസിച്ചിരുന്ന അദ്ദേഹം പിതാവില്‍ നിന്ന് കിതാബുകള്‍ ഓതി പഠിച്ചു. ഫത്ഹുല്‍ മുഈന്‍, അല്‍ഫിയ തുടങ്ങിയ കിതാബുകള്‍ ഓതിയത് അക്കാലത്താണ്. ഇശാ മഗ്രിബിനിടയിലായിരുന്നു പ്രധാന ഓത്ത്. പകല്‍സമയത്ത് പട്ടിക്കാട് സ്കൂളില്‍ ഭൗതിക പഠനവും തുടര്‍ന്നു. ജാമിഅയുടെ വാഖിഫായിരുന്ന കറാച്ചി ബാപ്പു ഹാജിയുടെ വീട്ടിലായിരുന്നു മൂന്നുനേരവും ഭക്ഷണം. കിടത്തം പിതാവിനൊപ്പവും. ശംസുല്‍ ഉലമാ ഇ.കെ അബൂബക്കര്‍ മുസ്ലിയാര്‍, താഴേക്കോട് കുഞ്ഞലവി മുസ്ലിയാര്‍, കെ.സി ജമാലുദ്ദീന്‍ മുസ്ലിയാര്‍ തുടങ്ങിയ പ്രമുഖര്‍ അക്കാലത്ത് ജാമിഅയിലെ മുദരിസുമായിരുന്നു. ഇവരുമായി അടുത്ത ബന്ധം സ്ഥാപിക്കാനായത് ഉസ്താദിന്‍റെ ജീവിതത്തില്‍ വലിയ വഴിത്തിരിവുണ്ടാക്കി.
പലപ്പോഴും പിതാവിനൊപ്പം നാട്ടില്‍ പോകുമ്പോള്‍ ബസില്‍ ശംസുല്‍ ഉലമായുടെ അരികെയിരുന്നായിരുന്നു യാത്രയെന്ന് ഉസ്താദ് ഓര്‍ക്കാറുണ്ട്. രണ്ടുവര്‍ഷത്തെ ഫൈസാബാദ് പഠന ശേഷം കൂടുതല്‍ കിതാബോതാന്‍ വേണ്ടി മേല്‍മുറി ആലത്തൂര്‍പടിയിലെത്തി. ശൈഖുനാ കെ.കെ ഹസ്രത്തായിരുന്നു അന്നവിടെ മുദരിസ്. പിന്നീട് അദ്ദേഹം പൊട്ടച്ചിറ അന്‍വരിയ്യയിലേക്ക് പോയപ്പോള്‍ കൂടെ ബാപ്പു ഉസ്താദും പോയി. രണ്ടുവര്‍ഷം പൊട്ടച്ചിറയില്‍ ഓതിപഠിച്ചു. വല്ലപ്പുഴ ഉണ്ണീന്‍കുട്ടി മുസ്ലിയാര്‍, കോക്കൂര്‍ കുഞ്ഞഹമ്മദ് മുസ്ലിയാര്‍ തുടങ്ങിയവര്‍ പൊട്ടച്ചിറയിലെ ഉസ്താദുമാരായിരുന്നു. 1971ല്‍ വീണ്ടും ജാമിഅയിലെത്തി. ജാമിഅയില്‍ ആറാം ക്ലാസിലാണ് ചേര്‍ന്നത്. നാലുവര്‍ഷത്തെ ജാമിഅ പഠനം പൂര്‍ത്തിയാക്കി 1975ല്‍ ഫൈസി ബിരുദം നേടി പുറത്തിറങ്ങി. പഠനം കഴിഞ്ഞ് അരിപ്ര വേളൂര്‍ മഹല്ലില്‍ മുദരിസും ഖാളിയുമായി സേവനം തുടങ്ങിയ ഉസ്താദ് പിതാവിന്‍റെ നിര്‍ദേശപ്രകാരം നന്തിയിലേക്ക് പോയി.
ദാറുസ്സലാം അറബിക്കോളേജിന്‍റെ തുടക്കമായിരുന്നു അത്. ശേഷം പിതാവിനോട് ചീക്കിലോട്ട് കുഞ്ഞമ്മദ് മുസ്ലിയാരും എം.എം ബശീര്‍ മുസ്ലിയാരും ആവശ്യപ്പെട്ടതനുസരിച്ച് കടമേരി റഹ്മാനിയ അറബിക്കോളേജിലെത്തി. 1978-79 കാലത്തായിരുന്നു അത്. തുടര്‍ന്ന് മരണം വരെ റഹ്മാനിയ്യയില്‍ മുദരിസും പ്രിന്‍സിപ്പലുമായിരുന്നു ഉസ്താദ്. സമസ്തയെന്ന മനോവികാരം പാരമ്പര്യമായി ലഭിച്ച ബാപ്പു ഉസ്താദ് പിതാവിന്‍റെ വഴിയേ സംഘടനയില്‍ സജീവമായി. ചെറുപ്രായത്തില്‍ തന്നെ സമസ്ത മലപ്പുറം മണ്ഡലം സെക്രട്ടറിയും ഏറനാട് താലൂക്ക് പ്രസിഡന്‍റുമായി. സൂഫീവര്യനും നിരവധി ത്വരീഖത്തുകളുടെ ശൈഖുമായിരുന്ന ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാര്‍ തന്‍റെ മകളെ വിവാഹം ചെയ്തു കൊടുത്തതോടെ ഉസ്താദിന്‍റെ ജീവിതത്തില്‍ വലിയ സുകൃതങ്ങള്‍ക്ക് വഴിയൊരുങ്ങി. ഭാര്യപിതാവ് നല്‍കിയ മോതിരം അദ്ദേഹം അവസാന കാലം വരെ ഒരു നിധിപോലെ കൊണ്ടുനടന്നിരുന്നു.
സംഘാടന രംഗത്തെ കഴിവും പ്രാപ്തിയും ഉസ്താദിനെ ഘട്ടം ഘട്ടമായി നേതൃനിരയിലെത്തിച്ചു. കെ.ടി മാനു മുസ്ലിയാര്‍ വിദ്യാഭ്യാസ ബോര്‍ഡിന്‍റെ ചുക്കാന്‍ പിടിക്കുന്ന കാലത്ത് ബോര്‍ഡ് മെമ്പറായും പിന്നീട് സഹകാര്യദര്‍ശിയായും ബാപ്പു ഉസ്താദ് തെരെഞ്ഞെടുക്കപ്പെട്ടു. ടി.കെ.എം ബാവ മുസ്ലിയാര്‍ വഫാത്തായപ്പോള്‍ ബോര്‍ഡിന്‍റെ ജനറല്‍ സെക്രട്ടറിയായിരുന്ന പി.കെ.പി അബ്ദുസ്സലാം മുസ്ലിയാര്‍ പ്രസിഡന്‍റായി. ഈ ഒഴിവിലേക്കാണ് ഉസ്താദ് മുഖ്യ കാര്യദര്‍ശിയായി നിയോഗിതനാകുന്നത്. വിദ്യാഭ്യാസ ബോര്‍ഡിലെ പദവി ഉസ്താദിനെ കൂടുതല്‍ കര്‍മ നിരതനാക്കി. കെ.ടി മാനു മുസ്ലിയാര്‍, കോട്ട അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ എന്നിവര്‍ വഫാത്തായതോടെ ഒഴിവുവന്ന സമസ്തയുടെ ജോയിന്‍റ് സെക്രട്ടറിമാരായി പ്രഫസര്‍ കെ. ആലിക്കുട്ടി മുസ്ലിയാരുടെ കൂടെ ബാപ്പു ഉസ്താദിനെയും തെരെഞ്ഞെടുത്തത് യാദൃശ്ചികമായിരുന്നില്ല.
മാനു മുസ്ലിയാരുടെ ഒഴിവിലേക്ക് പട്ടിക്കാട് എം.ഇ.എ എഞ്ചിനീയറിംഗ് കോളേജ് കണ്‍വീനറായും സമസ്ത നിയമിച്ചത് ബാപ്പുസ്താദിനെയായിരുന്നു. രണ്ടാം ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്‍റെ ഭരണകാലത്ത് ഹജ്ജ് കമ്മിറ്റിയുടെ ചുമതല സമസ്തയുടെ കരങ്ങളിലെത്തിയപ്പോള്‍ അത് ബാപ്പു ഉസ്താദിനെ ഏല്‍പ്പിക്കാനായിരുന്നു സമസ്തയുടെ തീരുമാനം.ഹജ്ജ് കമ്മിറ്റി ചെയര്‍മാനെന്ന നിലയില്‍ ഏല്‍പ്പിക്കപ്പെട്ട ചുമതലകള്‍ കൃത്യമായി നിര്‍വഹിക്കാനും പുതിയ പരിഷ്കരണങ്ങള്‍ നടത്താനും അദ്ദേഹം നേതൃത്വം നല്‍കി. ഏറ്റെടുത്ത ദൗത്യങ്ങള്‍ വിജയത്തിലെത്തിക്കാതെ വിശ്രമിക്കുന്ന പതിവ് ഉസ്താദിനുണ്ടായിരുന്നില്ല. വി.എസ് ഭരണകാലത്തെ ‘മതമില്ലാത്ത ജീവന്‍’ പാഠപുസ്തക വിവാദകാലത്താണ് ഉസ്താദിന്‍റെ നേതൃ പാടവവും സംഘാടക മികവും കൂടുതല്‍ പ്രകടമായത്.
പാഠപുസ്തക വിവാദത്തെ കേവലമൊരു സാമുദായിക പ്രശ്നമായി അവതരിപ്പിക്കാതെ പൊതുപ്രശ്നമായി അവതരിപ്പിക്കാനും പൊതുസമൂഹത്തിന്‍റെ പിന്തുണ ആര്‍ജ്ജിക്കാനും സാധിച്ചത് ഉസ്താദിന്‍റെ ചടുലമായ ഇടപെടല്‍ മൂലമായിരുന്നു. അതിനുശേഷം നടന്ന സമര-പ്രതിഷേധ പരിപാടികളുടെയെല്ലാം ചുക്കാന്‍ പിടിച്ചത് ബാപ്പു ഉസ്താദായിരുന്നു. സ്കൂള്‍ സമയമാറ്റം,വിവാഹപ്രായ വിവാദം, യതീംഖാനാ വിവാദം, മുത്തലാഖ് വിവാദം, ശരീഅത്ത് സമരങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലെല്ലാം ഉസ്താദ് സ്വീകരിച്ച നിലപാടുകള്‍ എന്നും സ്മരിക്കപ്പെടുന്നതാണ്. ഹജ്ജ് കമ്മിറ്റി ചെയര്‍മാനായ ശേഷം നടന്ന സമര പരിപാടികളില്‍ ഇതര മുസ്ലിം സംഘടനകളെ സമര രംഗത്തിറക്കാന്‍ അദ്ദേഹം തന്‍റെ ഔദ്യോഗിക പദവി വേണ്ടവിധത്തില്‍ ഉപയോഗപ്പെടുത്തി. തീര്‍ത്തും മതകീയ ലക്ഷ്യം മുന്നില്‍ നിറുത്തി പ്രവര്‍ത്തിക്കുമ്പോഴും തങ്ങള്‍ മതനിരപേക്ഷതയും കൂടി ഉള്‍ക്കൊള്ളുന്നവരാണെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്നതില്‍ ഉസ്താദ് വിജയിച്ചു.
വിയോഗ ശേഷം അഡ്വ. ശ്രീധരന്‍ പിള്ളയുടെയും രാജ്മോഹന്‍ ഉണ്ണിത്താന്‍റെയും ഫെയ്സ്ബുക്ക് പോസ്റ്റുകളും വാര്‍ത്താമാധ്യമങ്ങള്‍ നല്‍കിയ കവറേജും ബി.ജെ.പി സംസ്ഥാന നേതാക്കളുടെ സന്ദര്‍ശനവും അതാണ് തെളിയിക്കുന്നത്. പുതിയ കാലത്ത് അത്തരമൊരു ഐഡന്‍റിറ്റി നേടിയെടുക്കാന്‍ ഉസ്താദിലെ നേതാവിനും സംഘാടകനും കഴിഞ്ഞുവെന്നത് ചെറിയ കാര്യമല്ല. പാരമ്പര്യധാരയില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറാവാതിരുന്ന ഉസ്താദ് പുതുതലമുറയെ അഭിസംബോധനം ചെയ്യുന്നതില്‍ എന്നും വിജയിച്ചിരുന്നു. വിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ പ്രീ-സ്കൂളുകളെന്ന ആശയം അദ്ദേഹം നിര്‍ദേശിക്കുകയും വിജയകരമായി നടപ്പാക്കുകയും ചെയ്തു. മുസ്ലിയാക്കډാര്‍ എഞ്ചിനീയറിംഗ് കോളേജ് നടത്തുകയോ എന്ന് പരിഹസിച്ചവര്‍ക്ക് മുമ്പില്‍ എം.ഇ.എ എഞ്ചിനീയറിംഗ് കോളേജ് ഒരു അതിശയമായി ഉയര്‍ന്നു നിന്നു. സംസ്ഥാനത്തെ തന്നെ ഉന്നത സ്ഥാപനങ്ങളില്‍ മുന്‍നിരയിലെത്താന്‍ എം.ഇ.എ കോളേജിന് കഴിഞ്ഞത് ബാപ്പു മുസ്ലിയാരെന്ന കണ്‍വീനറുടെ സാന്നിധ്യം കൊണ്ടായിരുന്നു.
സാമൂഹികവും സാംസ്കാരികവും ഭൗതികവും ബൗദ്ധികവുമായി സമസ്തയോളം മൂലധനമുള്ള ഒരു പ്രസ്ഥാനവും ഇന്ന് കേരളത്തിലില്ല. ഈ വലിയ പ്രസ്ഥാനത്തെ കേവലം ഒരു ആള്‍ക്കൂട്ടമായി നിലനിര്‍ത്താതെ എപ്പോഴും സജീവമാക്കുന്നതില്‍ അദ്ദേഹം വിജയം കണ്ടു. സംഘത്തിന്‍റെ സഹകാര്യദര്‍ശിയായിട്ടും എന്നും നിലപാടു പറയാന്‍ മുശാവറ അംഗങ്ങള്‍ ബാപ്പു മുസ്ലിയാരെയാണ് ചുമതലപ്പെടുത്തിയത്. കൂടിയാലോചനകളില്‍ നിന്ന് കൂടിയാലോചനകളിലേക്കും ആള്‍ക്കൂട്ടത്തില്‍ നിന്ന് ആള്‍ക്കൂട്ടത്തിലേക്കും നിരന്തരം സഞ്ചരിച്ചിരുന്ന അദ്ദേഹം, പ്രായാധിക്യം തളര്‍ത്തിയ നേതൃനിരയുടെ പൊതുയിടങ്ങളിലെ അഭാവം ചടുലതയോടെ നികത്തി. കുറിപ്പുകാരന്‍ ഉസ്താദിന്‍റെ ക്ലാസിലെ വിദ്യാര്‍ത്ഥിയായിരുന്നു.
ഉസ്താദിന്‍റെ തുഹ്ഫ ക്ലാസ് വലിയൊരനുഭവമാണ്. കെട്ടു പിടഞ്ഞ ഖണ്ഡികകള്‍ നിര്‍ധാരണം ചെയ്യുന്നതില്‍ ഉസ്താദിനുള്ള മിടുക്ക് അപാരമായിരുന്നു. മണിക്കൂറുകള്‍ നീണ്ട ക്ലാസുകളില്‍ ആര്‍ക്കും മുശിപ്പ് വരാത്തവിധം അര്‍ത്ഥ ഗംഭീരമായിരുന്നു ഓരോ വിശദീകരണങ്ങളും. സമസ്തയുടെ സമ്മേളന ചരിത്രങ്ങളില്‍ എം.എം ബശീര്‍ മുസ്ലിയാരുടെ സംഘാടന പാടവം എന്നും സ്മരിക്കപ്പെടാറുണ്ട്. ആ നിരയില്‍ ഇനി ബാപ്പു ഉസ്താദിന്‍റെ നാമവും ചരിത്രം സ്മരിക്കുമെന്നുറപ്പ്. സമസ്തയുടെ 85ാം വാര്‍ഷികം കൂരിയാട്ടും 90ാം വാര്‍ഷികം ആലപ്പുഴയിലും ചരിത്ര വിജയമാക്കിമാറ്റുന്നതില്‍ അദ്ദേഹത്തിന്‍റെ നേതൃപരമായ പങ്ക് വളരെ വലുതായിരുന്നു.
സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ സന്ദേശറാലികള്‍ ചരിത്രം എന്നും ഉള്‍പുളകത്തോടെയായിരിക്കും ഓര്‍ക്കുക. സമസ്തയുടെ ചരിത്രത്തിലെ രണ്ടാം കോട്ടുമലയാണ് ബാപ്പു ഉസ്താദ്. വലിയൊരു ദൗത്യം നിര്‍വ്വഹിച്ചിട്ടാണ് അദ്ദേഹം കടന്നുപോകുന്നത്. സമസ്തയുടെ ജനകീയാടിത്തറ കൃത്യമായി മനസ്സിലാക്കി പ്രവര്‍ത്തിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം. പൊതുസമൂഹത്തില്‍ സമസ്തയുടെ അസ്തിത്ഥ്വം സ്ഥാപിച്ചെടുക്കുന്നതില്‍ അദ്ദേഹം സ്വീകരിച്ച നയപരിപാടികള്‍ എക്കാലത്തും ഈ ഉമ്മത്തിന് കരുത്ത് പകരണം.
സൈനുല്‍ ഉലമ ചെറുശേരി ഉസ്താദും കോയക്കുട്ടി ഉസ്താദും കുമരംപുത്തൂര്‍ ഉസ്താദും മുന്നില്‍ നിന്ന് നയിച്ച സുന്നത്ത് ജമാഅത്തിനെ സജീവമാക്കുന്നതിനിടയിലാണ് ബാപ്പു ഉസ്താദ് വിടപറഞ്ഞത്. 2017 ജനുവരി 10 ബുധനാഴ്ച 1438 റബീഉല്‍ ആഖിര്‍ 11ന് ആ വലിയ പണ്ഡിത വര്യന്‍ ഈ ലോകത്തോട് വിടപറഞ്ഞു. തന്‍റെ കര്‍മസാഫല്യമായ സുപ്രഭാതം ദിനപത്രത്തിന്‍റെ മുറ്റത്തു തന്നെയാണ് ഉസ്താദിനുവേണ്ടിയുള്ള ആദ്യത്ത ജനാസ നിസ്കാരം നിര്‍വ്വഹിക്കപ്പെട്ടത്. അന്തിയുറങ്ങുന്നത് പിതാവിന്‍റെയും പിതാമഹന്‍റെയും റഈസുല്‍ മുഹഖിഖീന്‍ കാളമ്പാടി ഉസ്താദിന്‍റെയും ചാരത്തും. ഇതിലും വലിയ അംഗീകാരം ഇനി ആവശ്യമില്ലല്ലോ. അല്ലാഹു മഹാന് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ. ആമീന്‍.
Be the first to comment