ട്രംപ് സൃഷ്ടിച്ച പുതിയ മാനുഷിക പ്രതിസന്ധി

അനധികൃത കുടിയേറ്റക്കാർ എന്നാരോപിച്ച് നൂറിലേറെ ഇന്ത്യക്കാരെ സൈനിക വിമാനത്തിൽ തിരിച്ചയച്ചിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബാക്കിയുള്ള ഇന്ത്യക്കാരെ ഉടൻ തിരിച്ചയക്കുമെന്നാണ് അമേരിക്ക പ്രഖ്യാപിച്ചിരിക്കുന്നത്. വിമാനത്തിലെത്തിയവരിൽ 25 പേർ സ്ത്രീകളാണ്. 12 പേർ പ്രായപൂർത്തിയാവാത്തവർ. യു.എസ് തയാറാക്കിയ അനധികൃത കുടിയേറ്റക്കാരുടെ പട്ടികയിൽ ആകെയുള്ള 15 ലക്ഷം പേരിൽ 18,000 ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോർട്ട്. ലോകമെമ്പാടുമുള്ള രാജ്യങ്ങളിലേക്ക് ഇത്തരത്തിലുള്ള തിരിച്ചയക്കലുകൾ നടക്കുന്നുണ്ട്. ലോകത്ത് പുതിയൊരു മാനുഷിക പ്രതിസന്ധിക്കാണ് ട്രംപിന്റെ അധികാരാരോഹണത്തോടെ തുടക്കമായിരിക്കുന്നത്.

പൂർണമായോ ഭാഗികമായോ കുടിയേറ്റ നിരോധനങ്ങൾ ഏർപ്പെടുത്താൻ ട്രംപ് ഏജൻസികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ‘നിയമവിരുദ്ധ’ കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാനും തടങ്കലിൽവയ്ക്കാനും ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റിന്റെ അധികാരങ്ങളും ശക്തിപ്പെടുത്തി. വരും മാസങ്ങളിൽ യഥാർഥത്തിൽ നാടുകടത്തപ്പെടുന്ന ആളുകളുടെ എണ്ണത്തിൽ ഇപ്പോഴും ചില അവ്യക്തതകളുണ്ട്. യു.എസിലേക്കുള്ള കുടിയേറ്റത്തിന്റെ ഏറ്റവും വലിയ സ്രോതസുകളിൽ ഒന്നാണ് ഇന്ത്യ. യു.എസിലെ ഒരു ദശലക്ഷത്തിലധികം ഇന്ത്യക്കാർ ഇപ്പോൾ അവരുടെ ഗ്രീൻ കാർഡുകൾക്കുവേണ്ടി കാത്തിരിക്കുകയാണ്. നയപരമായ മാറ്റങ്ങൾ ഈ അപേക്ഷകരിൽ പലരുടെയും കാത്തിരിപ്പ് കാലയളവ് വർധിപ്പിക്കും. കുടിയേറ്റവിരുദ്ധ നീക്കം നാടുകടത്തലിനപ്പുറം അവിടെയുള്ള ഇന്ത്യക്കാരെ വരെ ബാധിക്കുമെന്ന് ഉറപ്പാണ്. അത്തരമൊരു കുടിയേറ്റവിരുദ്ധ വീക്ഷണം ദൈനംദിന ജീവിതത്തിൽ സ്ഥാപനപരമായ വംശീയതയുടെ രൂപമെടുത്തേക്കാം.
കുടിയേറ്റം കുറ്റമല്ല, കുടിയേറ്റക്കാർ ക്രിമിനലുകളുമല്ല. മെച്ചപ്പെട്ട ജീവിതം തേടി അമേരിക്കയിലെത്തിയവരാണവർ. കുടിയേറ്റക്കാരാൽ രൂപപ്പെടുത്തിയ രാജ്യമാണ് അമേരിക്ക. എന്നാൽ ക്രിമിനലുകളെപ്പോലെയാണ് ട്രംപ് ഭരണകൂടം അവരെ കൈകാര്യം ചെയ്തത്. കൈവിലങ്ങ് വച്ചാണ് വിമാനത്തിലിരുത്തിയത്. ഇതുവരെ 5,000ൽ അധികം പേരെ ട്രംപ് ഭരണകൂടം തടവിലാക്കിയിട്ടുണ്ട്. ഗ്വാട്ടിമാല, പെറു, ഹോണ്ടുറാസ് എന്നിവിടങ്ങളിലേക്ക് കുടിയേറ്റക്കാരെ കയറ്റിയ വിമാനങ്ങളയച്ചു. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലേക്ക് ഇതുവരെ ആറു വിമാനങ്ങളിൽ ആളുകളെ അയച്ചെങ്കിലും നാലെണ്ണം മാത്രമേ ലാൻഡ് ചെയ്തുള്ളൂ. നാലും ഇറങ്ങിയത് ഗ്വാട്ടിമാലയിലാണ്. കൊളംബിയയിലേക്ക് അയച്ച രണ്ട് വിമാനങ്ങൾ അവിടെയിറക്കാൻ രാജ്യം അനുമതി കൊടുത്തില്ല. പകരം കൊളംബിയ തന്നെ രണ്ട് വിമാനങ്ങൾ അയച്ച് തങ്ങളുടെ നാട്ടുകാരെ കൊണ്ടുവന്നു. എന്നാൽ, ഇന്ത്യയിൽ അതൊന്നുമുണ്ടായില്ല. സൈനിക വിമാനങ്ങളിൽ കുറ്റവാളികളെ കണക്കെ അയച്ച ഇന്ത്യക്കാരെ സ്വീകരിക്കാൻ വിമാനത്താവളങ്ങൾ തുറന്നുകൊടുത്തു. ഇന്ത്യക്കാരെ കയറ്റിയയച്ച വിമാനത്തിൽ ഒരു പോർട്ടബിൾ ടോയ്‌ലെറ്റ് മാത്രമാണത്രെ ഉണ്ടായിരുന്നത്. നാടുകടത്തൽ നിയമപരമാണെങ്കിൽ, അവ ബഹുമാനത്തോടെയും കൃത്യമായ നടപടിക്രമങ്ങളും മനുഷ്യാവകാശങ്ങളും പാലിച്ചും നടപ്പാക്കണം.

സാങ്കേതികവിദ്യ, എ.ഐ, ഊർജം തുടങ്ങിയ മേഖലകളിൽ ഇന്ത്യക്കാരും ഇന്ത്യൻ-അമേരിക്കക്കാരും യു.എസിന് ഗണ്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്. എണ്ണത്തിൽ കുറവാണെങ്കിലും ഇന്ത്യൻ പ്രവാസികൾ യു.എസ് സമ്പദ് വ്യവസ്ഥയ്ക്കും രാഷ്ട്രീയത്തിനും ഗണ്യമായ സംഭാവന നൽകുന്നു. നാടുകടത്തലുകളെ യു.എസ് മാനുഷികമായ രീതിയിൽ കൈകാര്യം ചെയ്യേണ്ടത് നിർണായകമാണ്. അതിനാൽ, ഫെബ്രുവരി 13ന് പ്രധാനമന്ത്രി മോദി, തന്റെ ‘പ്രിയ സുഹൃത്ത്’ ട്രംപിനെ കാണുമ്പോൾ, ഇന്ത്യയുമായുള്ള ബന്ധം മോശമായാൽ യു.എസിനുണ്ടാകുന്ന തന്ത്രപരമായ നഷ്ടങ്ങളെക്കുറിച്ച് മാന്യമായും എന്നാൽ ഉറച്ച വാക്കുകളിലും അദ്ദേഹത്തെ ഓർമിപ്പിക്കാൻ തയാറാകണം. പ്രതിരോധം, സുരക്ഷ, ബഹിരാകാശം, സമുദ്ര പര്യവേക്ഷണം, വ്യാപാരം തുടങ്ങിയ മേഖലകളിലെ ഇരു രാജ്യങ്ങൾക്കുമിടയിലുള്ള പതിറ്റാണ്ടുകൾ നീണ്ട സഹകരണത്തെക്കുറിച്ച് ഓർമപ്പെടുത്തണം. ചൈനയ്ക്കെതിരായ തന്ത്രപരമായ ഇന്തോ-പസഫിക് സഖ്യം, ഭൗമരാഷ്ട്രീയ പുനഃക്രമീകരണങ്ങൾക്ക് യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിൽ ഇന്ത്യയും യു.എസും യോജിക്കുന്ന മേഖലകൾ തുടങ്ങിയവയെക്കുറിച്ച് സംസാരിക്കാൻ തയാറാകണം. യു.എസും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര ബന്ധം 2024ൽ 120 ബില്യൻ ഡോളറിന്റേതാണ്. 2022-2023ൽ യു.എസിലേക്കുള്ള ഇന്ത്യൻ കയറ്റുമതി 18 ശതമാനമായിരുന്നു. 2010-2011ൽ ഇത് 10 ശതമാനമായിരുന്നു. ചൈനയുമായുള്ള ഉഭയകക്ഷി വ്യാപാരത്തിൽ ഇന്ത്യയെ മറികടന്ന യു.എസ് ഇന്ന് ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ്.

ശക്തിയുള്ളവൻ ശക്തിയുള്ളവരെയാണ് ബഹുമാനിക്കുക. രാജ്യം അവിശ്വസനീയ ശക്തി കെട്ടിപ്പടുക്കാൻ ലക്ഷ്യമിടണം. ഒരു രാഷ്ട്രത്താൽ ഒരു ഇന്ത്യക്കാരനും അപമാനിക്കപ്പെടുകയും നാടുകടത്തപ്പെടുകയും അരുത്. രേഖകളില്ലാത്ത ആയിരക്കണക്കിന് ഇന്ത്യക്കാരെ നാടുകടത്താനുള്ള നീക്കം ഇന്ത്യയ്ക്ക് മാത്രമല്ല, യു.എസിനും കാര്യമായ സാമൂഹിക-സാമ്പത്തിക പ്രത്യാഘാതങ്ങളുണ്ടാക്കും. യു.എസിനെ സംബന്ധിച്ചിടത്തോളം, പ്രത്യേകിച്ച് കുറഞ്ഞ വൈദഗ്ധ്യമുള്ള മേഖലകളിൽ ഗണ്യമായ തൊഴിൽശക്തിയാണ് നഷ്ടപ്പെടുന്നത്. ഇന്ത്യൻ കുടിയേറ്റക്കാർ നിർമാണം, ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ തുടങ്ങിയ വ്യവസായങ്ങളിലേക്ക് സംഭാവന നൽകുന്നു. അവിടെ തൊഴിലാളി ക്ഷാമമുണ്ടാകാം. പൗരരുടെ തിരിച്ചുവരവ് ഇന്ത്യക്ക് സാമ്പത്തികവും സാമൂഹികവുമായ വെല്ലുവിളികൾ സൃഷ്ടിക്കും. ഇന്ത്യൻ തൊഴിൽ വിപണിയിലേക്കുള്ള അവരുടെ പുനഃസംയോജനം വെല്ലുവിളി നിറഞ്ഞതായിരിക്കാം.
ട്രംപിന്റെ നടപടികൾ യു.എസിലെ ഏറ്റവും സാമ്പത്തികമായി മെച്ചപ്പെട്ട സമൂഹങ്ങളിലൊന്നായ ഇന്ത്യൻ അമേരിക്കക്കാരുടെ മനസിൽ അനിശ്ചിതത്വം വർധിപ്പിച്ചു. തുടർച്ചയായ നിയമലംഘനങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും സ്വീകാര്യമായി കാണുന്ന ഒരു രാഷ്ട്രീയവ്യവസ്ഥയുടെ സൃഷ്ടിയാണ് ഡൊണാൾഡ് ട്രംപ്. അമേരിക്കയുമായുള്ള മറ്റുരാജ്യങ്ങളുടെ കൊടുക്കൽ വാങ്ങലുകളുടെ ഒരു യുഗമായിരിക്കില്ല ട്രംപിന്റെ കാലം. നിലവിലെ ക്രമത്തിലുള്ള അതൃപ്തിയെ ആയുധമാക്കി അമേരിക്കൻ മേധാവിത്വത്തിന്റെ പുനർനിർമാണമാണ് ട്രംപ് നടത്തുന്നത്. ആരാണ് ലോകത്തിന്റെ മുതലാളിയെന്ന് കാണിക്കുകയാണ് ലക്ഷ്യം. അധികാരത്തിനുവേണ്ടിയുള്ള അസംബന്ധ പോരാട്ടമാണ് ട്രംപിന്റെ അന്താരാഷ്ട്ര ബന്ധങ്ങൾ. അത് അമേരിക്കയെ മഹത്തായതും ഫലപ്രദവുമായ ഒരു രാഷ്ട്രമായി കെട്ടിപ്പടുക്കുന്നതിന് അനുയോജ്യമാണോ എന്നത് തുറന്ന ചോദ്യമായി തുടരുന്നു.

About Ahlussunna Online 1360 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*