കോഴിക്കോട്: രാജ്യത്തെ ബലാൽസംഗക്കേസ് പ്രതികളിൽ മുക്കാലും രക്ഷപ്പെടുന്നുവെന്ന് എൻ.സി.ആർ.ബി റിപ്പോർട്ട്. 2022ലെ കൊലക്കേസ് പ്രതികളിൽ 43.8 ശതമാനം പേർ ശിക്ഷിക്കപ്പെട്ടപ്പോൾ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ 27.4 പേർക്കാണ് ശിക്ഷ വിധിച്ചത്.022ൽ 445256 കേസുകളാണ് സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ പേരിൽ രാജ്യത്ത് രജിസ്റ്റർ ചെയ്തത്. മുൻ വർഷം ഇത് 428278 ആയിരുന്നു. ഇതിൽ 31.4 ശതമാനവും ഭർതൃപീഡനമാണ്. ലക്ഷത്തിൽ 66.4 സ്ത്രീകൾ പീഡനത്തിനിരയാകുന്നുവെന്നും കണക്ക് പറയുന്നു.
കൊൽക്കത്തയിലെ മെഡിക്കൽകോളജിൽ യുവഡോക്ടറെ ക്രൂരമായ ബലാൽസംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യത്തെങ്ങും പ്രക്ഷോഭങ്ങൾ നടക്കവെ മറ്റു സംസ്ഥാനങ്ങളിലും സമാന സംഭവങ്ങൾ നടക്കുന്നുണ്ട്. സ്ത്രീകൾക്കെതിരായ അതിക്രമക്കേസുകളിൽ എത്രയും പെട്ടെന്ന് തീർപ്പുണ്ടാക്കണമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നിർദേശിക്കുകയുണ്ടായി.
2012ൽ ഡൽഹിയിലെ കൂട്ട ബലാൽസംഗത്തിന്റെയും കൊലയുടെയും പശ്ചാത്തലത്തിൽ സ്ത്രീകൾക്കെതിരായ അതിക്രങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങൾ പരിഷ്കരിച്ചു. ബലാൽസംഗത്തിന്റെ വിവക്ഷ വിപുലപ്പെടുത്തി. എന്നിട്ടും 2018ലെ കണക്കനുസരിച്ച് രാജ്യത്ത് 15 മിനുട്ടിൽ ഒരു സ്ത്രീ ലൈംഗികാതിക്രമത്തിന് ഇരയാകുന്നുണ്ട്. 2012ൽ 25000 ബലാൽസംഗക്കേസ് ഉണ്ടായിരുന്നത് 2022ൽ 31000 ആയി വർധിച്ചു.
പൊലിസ്, പ്രോസിക്യൂഷൻ, കോടതി എന്നിവയുമായി ബന്ധപ്പെട്ടാണ് കേസുകളുടെ ഗതി. സംഭവം നടന്ന ഉടനെയുള്ള മണിക്കൂറുകൾ ഏറെ നിർണായകമാണെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. തെളിവുകൾ പരമാവധി ശേഖരിക്കേണ്ടത് പൊലിസാണ്. മിക്ക കേസുകളിലും ജനങ്ങളുടെ പ്രക്ഷോഭം കാരണം സി.ബി.ഐക്ക് വിടുന്നുണ്ടെങ്കിലും ആദ്യ തെളിവുശേഖരണം നടത്തുന്നത് പൊലിസാണ്. ഇവിടെ സംഭവിക്കുന്ന വീഴ്ച കുറ്റവാളികൾ രക്ഷപ്പെടാൻ ഇടയാക്കുന്നുവെന്ന് രേഖകൾ പറയുന്നു. കൊൽക്കത്തയിൽ 14 മണിക്കൂർ കഴിഞ്ഞാണ് എഫ്.ഐ.ആർ രേഖപ്പെടുത്തുന്നത്.സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകൾ ഏറെയും രാജസ്ഥാൻ, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, കേരള, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലാണ്. 442572 പേരെ 2022ൽ കാണാതായപ്പോൾ അതിൽ 293500 പേർ സ്ത്രീകളാണെന്നും നാഷനൽ ക്രൈം റിപ്പോർട്ട് പറയുന്നു.
Be the first to comment