പാഠങ്ങൾ ഉൾക്കൊണ്ടാവണം ദുരന്തനിവാരണ നയം

വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുൾപൊട്ടലുകൾ സൃഷ്ടിച്ച നാശം വിവരണാതീതമാണ്. ഭൂമിയുടെ ഉപരിതലത്തിൽ സന്തുലിതാവസ്ഥയിൽ താൽക്കാലിക മാറ്റം ഉണ്ടാകുന്നതിൻ്റെ ഫലമായി പാറയും മേൽമണ്ണും സംയോജിതരൂപത്തിൽ താഴേക്ക് വീഴുന്നതാണ് ഉരുൾപൊട്ടലായി മാറുന്നത്. കേരള സർക്കാരിന്റെ റവന്യൂ വകുപ്പിന്റെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻ്റ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ 2018ൽ മാത്രം അയ്യായിരത്തോളം ചെറുതും വലുതുമായ ഉരുൾപൊട്ടൽ സംസ്ഥാനത്തുണ്ടായെന്ന് പറയുന്നുണ്ട്. 2019 ഓഗസ്റ്റിൽ കേരളത്തിൽ  മലപ്പുറം ജില്ലയിലെ കവളപ്പാറ, വയനാട് ജില്ലയിലെ പുത്തുമല എന്നിവിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. ഇതിൽ നിരവധി പേർ മരിക്കുകയും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടവുമുണ്ടായി. ഈ രണ്ട് സ്ഥലങ്ങളും കുന്നിന്റെ ഒരുഭാഗം പൂർണമായും ഇടിഞ്ഞ് വീടുകൾ മണ്ണിനടിയിൽ പെടുകയാണുണ്ടായത്. ഈ ദുരന്തങ്ങളിൽ ഒരാണ്ട് തികയുമ്പേഴേക്കുമാണ് മൂന്നാറിലെ രാജമലയിൽ മണ്ണിടിച്ചിലുണ്ടായത്. 2020 ഒാഗസ്റ്റ് ആറിന് ലയങ്ങൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് 63ലേറെ ജീവൻ അവിടെയും നഷ്ടമായി. ഇതിനുശേഷം നടന്ന ജിയോളജിക്കൽ സർവേ സമർപ്പിച്ച പഠന റിപ്പോർട്ട് ചെരുവിലെ മണ്ണ് ഒന്നാകെ അടർന്നുമാറിയതാണ് ദുരന്തങ്ങൾക്ക് കാരണമായി പറയുന്നത്.
   

പ്രകൃതിദുരന്തങ്ങളുടെ അനന്തരഫലങ്ങൾ ഏറെയാണ്. മനുഷ്യനും അവന്റെ പാർപ്പിടങ്ങൾക്കും സ്വത്തുവകകൾക്കും റോഡ്, പാലങ്ങൾ, കെട്ടിടങ്ങൾ എന്നിവയ്ക്കും നേരിട്ടുണ്ടാവുന്ന നാശനഷ്ടങ്ങൾക്ക് പുറമെ പരിസ്ഥിതിക്ക് ഏൽപ്പിക്കുന്ന ആഘാതങ്ങളും വളരെ വലുതാണ്. പ്രളയജലത്തിൽ ഒഴികിയെത്തുന്ന മാലിന്യങ്ങൾ നദികളെയും നദീജന്യ ആവാസവ്യവസ്ഥയെയും തകർക്കുന്നു.  ചെളിയും മറ്റ് അവശിഷ്ടങ്ങളും വന്നടിയുന്നത് തണ്ണീർത്തടങ്ങളെയും കൃഷിയിടങ്ങളിലെ വിളകളെയും ബാധിക്കുന്നുണ്ട്. ഉരുൾപൊട്ടലിൽ കുത്തിയൊലിച്ചുവരുന്ന ജലവും  \

 

മാലിന്യങ്ങളും രോഗത്തിനും വിവിധ പകർച്ചവ്യാധികളുടെ വ്യാപനത്തിനും കാരണമാകുന്നു.  
ഇത്തരം ദുരന്തങ്ങളെ തടയുന്നതിന് മനുഷ്യസാധ്യമായ എന്തെങ്കിലും ചെയ്യാനുണ്ടോ എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. മണ്ണിന്റെയും പാറയുടെയും സ്വാഭാവിക സന്തുലിതാവസ്ഥയെ തകർക്കുന്ന പ്രവൃത്തി ഉരുൾപൊട്ടലിന് കാരണമാകാമെന്ന് വിദഗ്ധർ പറയുമ്പോൾ പ്രകൃതിസമ്പത്ത് ചൂഷണം ചെയ്യുന്നതിന് ചില നിയന്ത്രണങ്ങൾ വയ്ക്കേണ്ട ആവശ്യകതയിലേക്കും  ദുരന്തങ്ങൾ വിരൽചൂണ്ടുന്നുണ്ട്. നാട് വികസിക്കേണ്ടത് അത്യാവശ്യമാണ്.  എന്നാൽ ഇത് പരിസ്ഥിതിക്ക് കനത്ത ആഘാതമേൽപ്പിച്ചാവരുതെന്ന് ദുരന്തങ്ങൾ ഓർമപ്പെടുത്തുന്നു. ദേശീയപാത നിർമാണവും എയർപോർട്ടിൽ   റിസ വികസനവും ടൂറിസം വികസനവും തുറമുഖ നിർമാണങ്ങളുമെല്ലാം ആവശ്യമാണ്. എന്നാൽ ഈ വികസനത്തിന്റെ പേരിൽ പ്രകൃതിവിഭവങ്ങളെ അനിയന്ത്രിതമായി ചൂഷണം ചെയ്യുന്ന നയം തിരുത്തേണ്ടതുണ്ട്. കേരളത്തിൻ്റെ പരിസ്ഥിതിക്ക് അനുയോജ്യമായ വികസന കാഴ്ചപ്പാടുണ്ടാക്കേണ്ട ആവശ്യകതയിലേക്കുകൂടി ഇത്തരം ദുരന്തങ്ങൾ നമ്മെ കണ്ണുതുറപ്പിക്കേണ്ടതാണ്.
   

ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾകൊണ്ട് നിരവധി പ്രകൃതിദുരന്തങ്ങളുണ്ടാകാൻ ഇടയുള്ള  മേഖലയാണ് കേരളം.  ദുരന്തങ്ങൾ സംസ്ഥാനത്തെ പലതരത്തിൽ ബാധിക്കാറുണ്ട്. വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, വരൾച്ച ഇവയെല്ലാം ഇന്ന് മലയാളികൾക്ക് സുപരിചിതമായി. സംസ്ഥാനത്തുടനീളമുള്ള കാലാവസ്ഥയിൽ പശ്ചിമഘട്ടത്തിന് വലിയ പങ്കുണ്ട്. ദക്ഷിണേന്ത്യയുടെ ജലസ്രോതസും ജൈവവൈവിധ്യ കലവറയുമാണ് പശ്ചിമഘട്ടം.  അറബിക്കടലിൽനിന്ന് വരുന്ന നീരാവി നിറഞ്ഞ കാറ്റിനെ തടഞ്ഞുനിർത്തി മഴ പെയ്യിക്കുന്നത് ഈ മലനിരകളാണ്. കേരളത്തിലെ 44 നദികളുടെയും ഉത്ഭവസ്ഥാനം സഹ്യാദ്രിയാണ്. ഇവിടുത്തെ പ്രധാന ജലസമ്പത്ത് ഈ നദികൾ അല്ലാതെ മറ്റൊന്നുമല്ല. കേരളത്തിൻ്റെ ഉൾനാടൻ ജലാശയങ്ങളെയും  കായൽ നിലങ്ങളെയും തുരുത്തുകളെയും തണ്ണീർത്തടങ്ങളെയും ഒക്കെ നിലനിർത്തുന്നതും ഇവയാണ്. എന്നാൽ മനുഷ്യൻ്റ വിവേചനരഹിതമായ വികസനപ്രവർത്തനങ്ങൾമൂലം പാരിസ്ഥിതിക സന്തുലിതാവസ്ഥ തകിടം മറിയുകയും തത്ഫലമായി പ്രകൃതിദുരന്തങ്ങൾക്ക് ഇരയാവുകയും ചെയ്യുന്നു. 
 

560 കിലോമീറ്റർ തീരപ്രദേശമുള്ള കേരളത്തിൽ 478 കിലോമീറ്ററും രൂക്ഷമായ തീരശോഷണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു.  ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശങ്ങളിൽ കടലാക്രമണം മൂലമുള്ള നാശനഷ്ടങ്ങൾ വർധിക്കുന്നതിന്റെ ഫലമായി ഗുരുതരമായ പ്രശ്നങ്ങൾ സമൂഹത്തിൽ സൃഷ്ടിക്കപ്പെടുന്നു. ഇതിന് പുറമെ പൊതുവേ കേരളത്തിൽ അന്യമായ ഭൂമികുലുക്ക സാധ്യതയും ഭീഷണിയായി നിലനിൽക്കുന്നുണ്ടെന്ന് വിവിധ പഠന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇന്ത്യയിൽ ഭൂമികുലുക്കമുണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളെ അഞ്ചു മേഖലകളാക്കി തിരിച്ചതിൽ കേരളം സോൺ മൂന്നിലാണ് ഉൾപ്പെടുന്നത്. ഇങ്ങനെ ഒട്ടനവധി പ്രകൃതിദുരന്തങ്ങളുടെ ഭീഷണിയിലുള്ള സംസ്ഥാനത്ത് സമഗ്രമായ ദുരന്തനിവാരണ നയം രൂപപ്പെടുത്തേണ്ടതുണ്ട്. അതിലേക്കുള്ള ചിന്തയും പഠനവുമാണ് കാലം നമ്മോട് ആവശ്യപ്പെടുന്നത്.

About Ahlussunna Online 1268 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*