ശ്രീഹരിക്കോട്ട: രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാന്‍ 3 കുതിച്ചുയര്‍ന്നു. ഉച്ചയ്ക്ക് 2.35 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍നിന്നാണ് ഉപഗ്രഹത്തെയും വഹിച്ച് ഇന്ത്യയുടെ കരുത്തുറ്റ വിക്ഷേപണ വാഹനം എല്‍.വി.എം 3- എം4 റോക്കറ്റ് ഉയര്‍ന്നുപൊങ്ങിയത്.
ചന്ദ്രോപരിതലത്തിലെ രഹസ്യങ്ങള്‍ തേടിയാണ് ചന്ദ്രയാന്‍ -3 ബഹിരാകാശത്തേക്ക് കുതിക്കുന്നത്. 26 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന കൗണ്ട്ഡൗണിന് ഇന്നലെ ഉച്ചയ്ക്ക് 1.05ഓടെയാണ് തുടക്കമായത്. നേരത്തെ ഇന്ത്യ വിക്ഷേപിച്ച രണ്ട് ചന്ദ്രയാന്‍ ദൗത്യത്തെക്കാള്‍ കരുത്തുള്ള സാങ്കേതികവിദ്യയുടെ സങ്കലനത്തിലൂടെയാണ് ചന്ദ്രയാന്‍ 3 വികസിപ്പിച്ചത്. ഒരു ചാന്ദ്രദിനം അഥവാ 14 ഭൗമദിനങ്ങള്‍ പിന്നിട്ടശേഷം (40 ദിവസങ്ങള്‍ക്ക് ശേഷം) ചന്ദ്രനെ തൊടും. സാഹചര്യങ്ങള്‍ അനുകൂലമെങ്കില്‍ ഓഗസ്റ്റ് 23ന് ചന്ദ്രയാന്‍ 3 ചന്ദ്രനിലിറങ്ങുമെന്നാണ് ഐ.എസ്.ആര്.ഒ പറയുന്നത്. 3,900 കിലോഗ്രാം ഭാരമാണ് ചന്ദ്രയാന്‍ 3നുള്ളത്. പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍, വിക്രം ലാന്‍ഡര്‍ (ചാന്ദോപരിതലത്തിലിറങ്ങുന്ന പേടകം), പ്രഗ്യാന്‍ റോവര്‍ എന്നിവയാണ് ചന്ദ്രയാന്‍ 3ന്റെ പ്രധാന ഘടകങ്ങള്‍. നേരത്തെ ചന്ദ്രയാന്‍ 2ന് ഉപയോഗിച്ച ഓര്‍ബിറ്റര്‍ തന്നെയാണ് മൂന്നാം തലമുറ പേടകത്തിനും ഉപയോഗിക്കുന്നത്.
ഭൂമിയില്‍ നിന്ന് 3,84,000 കിലോമീറ്റര്‍ അകലെയുള്ള ചന്ദ്രനിലേക്ക് മൂന്നാമത്തെ തവണയാണ് ഇന്ത്യ കുതിച്ച് പറക്കാന്‍ പോകുന്നത്. 2008 ഒക്ടോബര്‍ 22നായിരുന്നു ആദ്യ ദൗത്യമായ ചന്ദ്രയാന്‍ ഒന്ന്. ചാന്ദ്രദൗത്യത്തില്‍ ഇന്ത്യയുടെ അഭിമാനമായി മാറാന്‍ ചാന്ദ്രയാന്‍ ഒന്നിന് കഴിഞ്ഞു.
എന്നാല്‍, 2019 ജൂലൈ 22 ന് നടത്തിയ രണ്ടാം ദൗത്യം പരാജയമായി മാറുകയായിരുന്നു. വിക്ഷേപണം വിജയമായിരുന്നെങ്കിലും ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്താനാകാതെ ദൗത്യം പരാജയപ്പെട്ടു. ദൗത്യം പരാജയപ്പെട്ടത് സോഫ്റ്റ്!വെയര്‍ തകരാര്‍ കാരണമെന്നായിരുന്നു ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍. ഇതിന് ശേഷം മൂന്നാം ദൗത്യത്തിനുമായുള്ള ഒരുക്കത്തിലായിരുന്നു ഇസ്റോ.
ചന്ദ്രനിലേക്കുള്ള ബഹിരാകാശ പര്യവേക്ഷണങ്ങളില്‍ ഏറ്റവും നൂതന സാങ്കേതിക വിദ്യകളാണ് ചന്ദ്രയാന്‍3 ല്‍ ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞ തവണത്തെ പരാജയത്തില്‍ നിന്നുള്ള പാഠങ്ങളും ചന്ദ്രയാന്‍ മൂന്നിന് കരുത്തേകും. വ്യാഴാഴ്ച വിക്ഷേപിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ചന്ദ്രനില്‍ പേടകം ഇറങ്ങുന്നതിന് അനുയോജ്യമായ ദിവസം ആഗസ്റ്റ് 24 ആണെന്ന് കണ്ടെത്തി വിക്ഷേപണം വെള്ളിയാഴ്ചത്തേക്കു മാറ്റുകയായിരുന്നു. 24 ലെ സോഫ്റ്റ് ലാന്‍ഡിംഗ് വിജയകരമായാല്‍ റോവര്‍ പുറത്തേക്ക് വരും. പിന്നെ 14 ദിവസം നീളുന്ന പര്യവേഷണം നടത്തും.
ശാസ്ത്രലോകത്തിന്റെ നെറുകയിലേക്ക് ഇന്ത്യ
ദൗത്യം വിജയകരമായാല്‍ ഇന്ത്യയെ കാത്തിരിക്കുന്നത് ശാസ്ത്രമേഖലയിലെ വന്ശക്തികള്ക്കൊപ്പമുള്ള ഇരിപ്പിടം. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങുന്ന രാജ്യം എന്ന പ്രത്യേകയോടൊപ്പം സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്തെത്തും. അമേരിക്ക, ചൈന, സോവിയറ്റ് യൂനിയന്‍ എന്നിവര്‍ മാത്രമാണ് മുമ്പ് ഈ നേട്ടം കൈവരിച്ചത്. ഇതിനുമുമ്പ് ചന്ദ്രന്റെ ഉപരിതലത്തില്‍ ബഹിരാകാശ പേടകം വിജയകരമായി ഇറക്കിയത് ഈ മൂന്ന് രാജ്യങ്ങള്‍ മാത്രമാണ്.
Be the first to comment