കോഴിക്കോട്: പോപുലര്‍ ഫ്രണ്ടിന്റെ മുഖ്യശത്രു മുസ്ലിംലീഗാണെന്നും ലീഗിനെ പരാജയപ്പെടുത്താന്‍ സി.പി.എം അവരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ്ജ് പി.എം.എ സലാം പറഞ്ഞു. മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ബന്ധം മറച്ചുവെക്കാനാണ് സി.പി.എം ലീഗിനെതിരെ തിരിയുന്നത്. പലയിടത്തും എസ്.ഡി.പി.ഐ സി.പി.എമ്മിനെയാണ് പിന്തുണച്ചത്.
സി.പി.എം തിരിച്ചും സഹായിച്ചു. കേരളീയ സമൂഹത്തിന് വ്യക്തമായി അറിയുന്ന രാഷ്ട്രീയമാണിത്. ബി.ജെ.പിക്കെതിരാണ് പറയുന്നവര്‍ കേരളത്തില്‍ മാത്രമാണ് ഹര്‍ത്താല്‍ നടത്തിയത്. കേരള പോലീസ് പോലും അറിയാതെയാണ് കേന്ദ്ര ഏജന്‍സികള്‍ എത്തിയത്. സി.പി.എമ്മും എസ്.ഡി.പി.ഐയും തമ്മിലുള്ള ബന്ധം കേന്ദ്ര ഏജന്സികള്ക്കറിയാവുന്നത് കൊണ്ടാണ് വിവരം കൈമാറാതിരുന്നത്. യാഥാര്‍ത്ഥ്യങ്ങള്‍ ഇതായിരിക്കെയാണ് എം.വി ജയരാജന്റെ ലീഗിനെതിരായ പ്രസ്താവന. പി.എം.എ സലാം പറഞ്ഞു.
മുസ്ലിംലീഗിന് വീര്യം പോര എന്നതാണ് അവര്‍ ലീഗിനെ എതിര്‍ക്കാനുള്ള കാരണം. എസ്.ഡി.പി.ഐയുടെ അഖിലേന്ത്യാ നേതാവ് മുസ്ലിംലീഗിന്റെ അഖിലേന്ത്യാ നേതാവിനെതിരെയാണ് മലപ്പുറത്തേക്ക് മത്സരിക്കാന്‍ വന്നത്.
പൊന്നാനിയില്‍ തീവ്രവാദ ശക്തികളെ കൂട്ടുപിടിച്ച് സി.പി.എം ലീഗിനെ തോല്പിക്കാന് നോക്കി. ഇത്തരം സംഘടനകളെ ജനിപ്പിച്ചതും ജീവിപ്പിച്ചതും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയാണ്. ആ പാപഭാരത്തില്‍നിന്ന് ഒഴിഞ്ഞ്മാറാന്‍ സി.പി.എമ്മിന് കഴിയില്ല. അദ്ദേഹം വ്യക്തമാക്കി. സ്കൂള്‍ സമയം മാറ്റാനുള്ള നീക്കം മതവിദ്യാഭ്യാസത്തെ ഇല്ലാതാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും മത, രാഷ്ട്രീയ സംഘടനകളുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Be the first to comment