നബി (സ്വ) പറഞ്ഞു:’തീര്‍ച്ചയായും ശരീരത്തില്‍ ഒരു മാംസ പിണ്ഡമുണ്ട്.അത് നന്നായാല്‍ ശരീരം മുഴുവന്‍ നന്നായി,അത് ദുഷിച്ചാല്‍ ശരീരം മുഴുവന്‍ ദു ഷിച്ചു.അറിയണേ,അതാണ് ഹൃദയം'(ബുഖാരി,മുസ്ലിം).മനുഷ്യന്റെ ജീവനാഡിയാണ് ഹൃദയം.അതില്ലാത്ത ജിവിതം തീര്‍ത്തും അസാധ്യം.വിശ്വാസിയെ സംബന്ധിച്ചിടത്തോളം സ്വര്‍ഗ്ഗ പ്രവേശനത്തിന് അനിവാര്യമാണ് ഹൃദയ സംസ്‌കരണം.കാല ചക്രത്തിന്റെ കറക്കത്തിനനുസരിച്ച് വിശ്വാസികള്‍ പലരും കോലം കെട്ടുന്ന സാഹചര്യത്തില്‍,ഹൃദയത്തെ കാര്‍ന്നുതിന്നുന്ന രോഗങ്ങള്‍,അനന്തരഫലങ്ങള്‍,പ്രതിവിധികള്‍,സ്വഭാവഗുണങ്ങള്‍ എന്നിവയെ കുറിച്ച് നവയുവത മനസ്സിലാക്കല്‍ അത്യന്താപേക്ഷിതമാണ്.
രിയാഅ് (ലോകമാന്യം),അഹങ്കാരം,അഹന്ത,കോപം,അസൂയ തുടങ്ങിയവ മനുഷ്യ ഹൃദയത്തെ അതിവേഗം പിടികൂടുന്ന രോഗങ്ങളാണ്.ഇവയോടുള്ള ഇസ്ലാമിക സമീപനം അതിഗൗരവവും തീര്‍ത്തും നിരുത്സാഹപരവുമാണ്.കാരണം,ഇവ വിശ്വാസിയെ നാശത്തിന്റെ പടുകുഴിയിലേക്ക് ആഴ്ത്തുകയും സല്‍കര്‍മ്മങ്ങളെല്ലാം കാര്‍ന്നു തിന്നുകയും,തല്‍ഫലം ഇരുലോക പരാജയത്തിനര്‍ഹനാക്കു കയും ചെയ്യുന്നു.
സല്‍കര്‍മ്മം ചെയ്യുന്നവന്‍ തന്റെ കര്‍മ്മം കൊണ്ട് അല്ലാഹു അല്ലാത്തവരുടെ തൃപ്തി കാംക്ഷിക്കലാണ് രിയാഅ്.മഹാന്മാരായ പണ്ഡിതന്മാര്‍ ഇതിനെ ചെറിയ ശിര്‍ക്കായി ഗണിക്കുന്നു.മഹ്‌മൂദ് ബ്‌നു ലബീദ് അല്‍ അന്‍സ്വാരി(റ) വില്‍ നിന്ന് നിവേദനം: നബി(സ്വ)പറഞ്ഞു:’നിങ്ങളുടെ കാര്യത്തില്‍ ചെറിയശിര്‍ക്കിനെയാണ് ഞാന്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നത്.സ്വഹാബത്ത് ചോദിച്ചു: എന്താണ് റസൂലേ ചെറിയ ശിര്‍ക്ക്? നബി (സ്വ)പറഞ്ഞു:രിയാഅ് (ലോകമാന്യം) ആണത്'(അഹ്‌മദ്).
ഇഹപര വിജയമാണ് വിശ്വാസിയുടെ ലക്ഷ്യം.എന്നാല്‍ ഇരുലോകത്തും അല്ലാഹുപോലും കൈവിടുന്ന അതിമാരകരോഗമാണ് രിയാഅ്.അല്ലാഹു പറഞ്ഞതായി നബി(സ്വ) പറയുന്നു: ”പങ്കാളികളില്‍ നിന്നും ഞാന്‍ ധന്യനാണ്. എന്നില്‍ പങ്കുചേര്‍ത്തുകൊണ്ട് വല്ലവനും വല്ല പ്രവര്‍ത്തനവും ചെയ്താല്‍ അവനെയും അവന്റെ ശിര്‍ക്കിനെയും ഞാന്‍ ഉപേക്ഷിച്ചിരിക്കുന്നു” (മുസ്ലിം).
അഹങ്കാരവും അഹന്തയും ഒരു നാണയത്തിന്റെ ഇരുവശങ്ങള്‍പോലെയാണ്.സത്യത്തെ നിഷേധിക്കലും ജനങ്ങളെ നിന്ദിക്കലുമാണ് അഹങ്കാരം.താന്‍ കാര്യപ്പെട്ട ആളാണെന്നും മറ്റുള്ളവരെല്ലാം നിസ്സാരന്മാരാണെന്നുമുള്ള ദുരഭിമാനമാണ് അഹന്ത. ദുസ്വഭാവത്തിന്റെ പര്യായങ്ങളായ അഹങ്കാരം മൈലിന്റെയും അഹന്ത പരുന്തിന്റെയും സ്വഭാവമാണെന്ന് പറയപ്പെടുന്നു.
അന്ത്യം നന്നാവലാണ് വിശ്വാസിയുടെ ആത്യന്തിക ലക്ഷ്യം.അഹങ്കാരവും അഹന്തയും നെഞ്ചേറ്റിയവരുടെ പര്യവസാനം മോശമായിരിക്കും എന്നത് നിസ്സംശയമാണ്.കാരണം,അഹങ്കാരത്തിന്റെയും അഹന്തയുടെയും ദ്വജ വാഹകരായിരുന്ന ഫര്‍ഔന്‍,നംറൂദ് തുടങ്ങിയവരുടെ അന്ത്യം അത്രമാത്രം നിന്ദ്യമായിരുന്നു.ഇവ സ്വര്‍ഗ്ഗ നിഷേധത്തിനും നിദാനമാണെന്ന് വിശുദ്ധ ഖുര്‍ആന്‍ സൂചിപ്പിക്കുന്നു.’ഭൂമിയില്‍ ഔന്നിത്യമോ കുഴപ്പമോ ഉദ്ധേശിക്കാത്തവര്‍ക്കാണ് നാം ആ പരലോക ഭവനം തയ്യാറാക്കിയത്.അന്തിമ വിജയം ഭക്തിയുള്ളവര്‍ക്കാണ്’ (സൂറത്തുല്‍ ഖസസ് 83). ഈ നശ്വര ദുനിയാവില്‍ സമ്പത്തോ ഭവനങ്ങളോ ഇല്ലാത്തതിന്റെ പേരില്‍ വ്യാഖുലപ്പെടേണ്ടതില്ല.ഹൃദയത്തില്‍ അഹങ്കാരം പോലെയുള്ള മാരകരോഗങ്ങള്‍ക്ക് ഇടം നല്‍കാതിരിക്കുക.എന്നാല്‍ അല്ലാഹുവിന്റെ പരലോക ഭവനത്തിനര്‍ഹനാകും.
അഹങ്കരിക്കുന്നവനെ അല്ലാഹു നിന്ദ്യനാക്കുമെന്നതിന് ചരിത്രം സാക്ഷിയാണ്.സലഫുസ്സ്വാലീഹിങ്ങളില്‍ പെട്ട ഒരു മഹാന്‍ ഉദ്ധരിക്കുന്നു:-‘ത്വവാഫിന്റെ സമയത്ത് ഞാനൊരാളെ കണ്ടു.അവന്റെ സ്തുതി പാഠകര്‍ അവന്‍ കാരണം മറ്റുള്ളവരെ ത്വവാഫിനെ തൊട്ട് തടയുന്നു.പിന്നീടൊരിക്കല്‍ ഞാനയാളെ ബഗ്ദാദില്‍ വെച്ച് ജനങ്ങളോട് യാചിക്കുന്നതായി കണ്ടു.ഞാന്‍ സ്തബ്ദനായി.അപ്പോള്‍ അദ്ധേഹം എന്നോട് പറഞ്ഞു:ജനങ്ങള്‍ വിനയാന്വിതരാകുന്ന സ്ഥല ത്ത് ഞാന്‍ അഹങ്കാരം കാണിച്ചു.അതിനാല്‍ ജനങ്ങള്‍ ഉയര്‍ച്ച കാണിക്കുന്നിടത്ത് അല്ലാഹു എന്നെ നിന്ദ്യനാക്കി(രിസാലത്തുല്‍ ഖശീരിയ്യ).സമ്പത്തും അധികാരവും ദുരുപയോഗം ചെയ്യരുത്.അത് അവകാശികള്‍ക്ക് നല്‍കാനും സമൂഹത്തില്‍ നീതി നടപ്പാക്കാന്‍ വേണ്ടിയുമാണ്.കാരുണ്യ ഹസ്തവുമായി കടന്നുവരുന്നവരെ അഹങ്കാരത്തിന്റെയും അഹന്തയുടെയും ഹുങ്ക് നടിച്ച് നിരാശരായി മടക്കിയയക്കാതിരിക്കുക.വല്ലതും നല്‍കല്‍ കൊണ്ട് അല്ലാഹു സമ്പത്ത് വര്‍ദ്ധിപ്പിക്കുകയല്ലാതെ ഒന്നും ചുരുക്കുകയില്ല.
ഒരു മനുഷ്യനെ നിന്ദ്യനും നികൃഷ്ടനും വിശ്വാസങ്ങളെയും സല്‍കര്‍മ്മങ്ങളെയും നശിപ്പിക്കുന്നതുമായ അതി തീവ്ര രോഗമാണ് അസൂയ.അന്യന്റെ ഭൗതിക പാരത്രിക അനുഗ്രഹങ്ങള്‍ ഇല്ലാതെയാവാന്‍ ആഗ്രഹിക്കലാണ് അസൂയ.മുന്‍ഗാമിയായ ഒരു പണ്ഡിതന്‍ പറഞ്ഞു:’പാപങ്ങളില്‍ ആദ്യത്തേത് അസൂയയാണ്.അഥവാ ഇബ്‌ലീസ് ആദം നബി(അ)യുടെ പദവിയോട് കാണിച്ച അസൂയ.ആദം നബി (അ) ക്ക് സുജൂദ് ചെയ്യാന്‍ അവന്‍ വിസമ്മതിച്ചു.അത് തെറ്റിലേക്കും അസൂയയിലേക്കും നയിച്ചു'(ഇഹ്‌യ).സുഹൃത്തുക്കളെയും ബന്ധുക്കളെയും പോലും കൊന്ന് കളയാന്‍ ശേഷിയുള്ള മാരക വിഷമാണ് അസൂയ.
സല്‍കര്‍മ്മങ്ങള്‍ സ്വര്‍ഗ്ഗ പ്രവേശത്തിനനിവാര്യമാണ്.അതില്ലാതെ സ്വര്‍ഗ്ഗത്തിന്റെ പടിവാതില്‍ പോലും കടക്കാന്‍ സാധ്യമല്ല. കാരണം സല്‍കര്‍മ്മങ്ങളെപോലും കരിച്ചുകളയാനുള്ള ശേഷി അസൂയക്കുണ്ട്.കാരണം,നബി(സ്വ) പറഞ്ഞു:’ നിങ്ങള്‍ അസൂയയെ സൂക്ഷിക്കുക.നിശ്ചയം,തീ വിറകിനെ തിന്നുന്നതുപോലെ അസൂയ നന്മകളെ തിന്നുകളയുന്നു'(അബൂദാവൂദ്).
‘രണ്ട് വിഷയങ്ങളിലല്ലാതെ അസൂയ വെക്കാന്‍ പാടില്ല.ഒന്ന്,അല്ലാഹു ഒരാള്‍ക്ക് സമ്പത്ത് നല്‍കി,അത് ഉത്തമ മാര്‍ഗ്ഗത്തില്‍ ചിലവഴിക്കാനുള്ള പ്രാപ്തിയും നല്‍കി.രണ്ട്,അല്ലാഹു ഒരാള്‍ക്ക് വിജ്ഞാനം നല്‍കി,അത് കൊണ്ട് അയാള്‍ തീരുമാനങ്ങളെടുക്കുകയും ജനങ്ങള്‍ക്ക് പഠിപ്പിക്കുകയും ചെയ്യുന്നു’ (ബുഖാരി) എന്ന തിരുവചനം ഈ രണ്ട് കാര്യങ്ങളിലുള്ള അസൂയയെ മാത്രമേ അനുവദിക്കുന്നുള്ളൂ.
സല്‍കര്‍മ്മങ്ങളെ കാര്‍ന്നു തിന്നുന്ന ഹൃദയത്തിന്റെ പൈശാചിക രോഗങ്ങളെ ഇല്ലാതാക്കാനുള്ള അഞ്ച് ഔഷധങ്ങളെ മഖ്ദൂം തങ്ങള്‍ തന്റെ അദ്കിയാഅ് എന്ന ഗ്രന്ഥത്തില്‍ വ്യക്തമാക്കുന്നുണ്ട്.ഒന്ന്,അര്‍ത്ഥം ചിന്തിച്ച് കൊണ്ട് ഖുര്‍ആന്‍ പാരായണം ചെയ്യുക.രണ്ട്,ഒഴിഞ്ഞ വയറ്.മൂന്ന്,രാത്രി നിന്ന് നിസ്‌കരിക്കല്‍.നാല്,അത്തായ സമയത്ത് കേണപേക്ഷിക്കല്‍.അഞ്ച്,ശ്രേഷ്ഠരായ സ്വാലിഹീങ്ങളുടെ മജ്‌ലിസുകള്‍.ഈ അഞ്ച് കാര്യങ്ങളിലൂടെ ഹൃദയ രോഗങ്ങളില്‍ നിന്നും മുക്തിനേടാം.
സല്‍സ്വഭാവം,നിഷ്‌കളങ്കത,ക്ഷമ തുടങ്ങിയവ ഹൃദയ സംസ്‌കരണത്തിന്റെ അടയാളങ്ങളാണ്.വിശുദ്ധ ഇസ്ലാം ഇവക്ക് വളരെയധികം പ്രാധാന്യം നല്‍കിയിട്ടുണ്ട്.അഹങ്കാരം,അഹന്ത,ലോകമാന്യം തുടങ്ങിയ ഹൃദയമാലിന്യങ്ങളില്‍ നിന്നും പരദൂഷണം,ഏഷണി,അശ്ലീലം തുടങ്ങിയ നാവിന്‍ ദോഷങ്ങളില്‍ നിന്നും മുക്തമാവല്‍ സല്‍സ്വഭാവത്തിന്റെ സവിശേഷതകളാണ്.ഹൃദയ സംസ്‌കരണമാണ് സല്‍സ്വഭാവത്തിന്റെ അടിത്തറ.ഇത് അല്ലാഹുവിന്റെയും മുത്ത് നബി(സ്വ)യുടെയും ജനങ്ങളുടെയും സ്‌നേഹത്തിനും തൃപ്തിക്കും നിദാനമാകുന്നു.
‘അന്ത്യ ദിനത്തില്‍ നന്മയും തിന്മയും തൂക്കുന്ന തുലാസില്‍ സത്യ വിശ്വാസിയായ ഒരടിമക്ക് സല്‍സ്വഭാവത്തേക്കാള്‍ കൂടുതല്‍ ഭാരം തൂങ്ങുന്ന മറ്റൊരു സല്‍കര്‍മ്മവുമില്ല.തീര്‍ച്ചയായും ദുസ്വഭാവിയായ ദുഷ്ടനെ അല്ലാഹു വെറുക്കുന്നു'(തിര്‍മിദി) എന്ന തിരുവചനം സല്‍സ്വഭാവം ഭാരം കൂടിയ സല്‍കര്‍മ്മമാണെന്നും ദുസ്വഭാവം അല്ലാഹുവിന്റെ വെറുപ്പിന് ഹേതുകമാണെന്നും വ്യക്തമാക്കുന്നു.
ഒരു കവി പറയുന്നു:ആത്മാവ് ചീത്തയായതോട് കൂടെയുള്ള മുഖത്തിന്റെ സൗന്ദര്യം അഗ്നിയാരാധകന്റെ ശവകുടീരത്തിന്‍മേല്‍ സ്ഥിതി ചെയ്യുന്ന പ്രകാശപൂരിതമായ ദീപം പോലെയാണ്.അഗ്നിയാരാധകന്‍ ഖബറില്‍ ഭയാനകമായ ശിക്ഷയനുഭവിച്ച് കൊണ്ടിരിക്കുകയാണ്.അതേയവസരത്തിലാണ് അവന്റെ ഖബറിനുമീതെ ഒരു ദീപം പ്രകാശിച്ച്‌കൊണ്ടിരിക്കുന്നത്.ഈ പ്രകാശം കൊണ്ട് അവനെന്തു പ്രയോജനമാണുള്ളത്.ഇത് തന്നെയാണ് ജനങ്ങളെ കാണിക്കാന്‍ സല്‍കര്‍മ്മങ്ങളും മറ്റും ചെയ്യുന്ന ദുസ്വഭാവിയുടെ അവസ്ഥയും.
ബാഹ്യവും ആന്തരികവുമായ സര്‍വ്വ പ്രവര്‍ത്തനങ്ങളും സ്വീകാര്യയോഗ്യമാവാനും അതുവഴി പാരത്രിക സൗഭാഗ്യം കൈവരിക്കാനും നിഷ്‌കളങ്കത അനിവാര്യമാണ്.കാരണം,നിഷ്‌കളങ്കതയുടെ അഭാവം ലോകമാന്യതയിലേക്ക് ആനയിക്കുന്നു.അല്ലാഹു പറയുന്നു: ‘ മതത്തെ നിഷ്‌കളങ്കമാക്കി അല്ലാഹുവിനെ ആരാധിക്കാന്‍ വേണ്ടിയല്ലാതെ അവരോട് ആജ്ഞാപിക്കപ്പെട്ടിട്ടില്ല’ (സൂറത്തുല്‍ ബയ്യിന:5).നിഷ്‌കളങ്കതയുള്ളവനേ അല്ലാഹുവിനോട് കൂടുതല്‍ അടുക്കാന്‍ കഴിയുകയുള്ളൂ.നബി(സ്വ) പറഞ്ഞു:അല്ലാഹു നിന്നെ കാണുന്ന വിധം അല്ലാഹുവിനെ നീ ആരാധിക്കുക,അവനെ നീ കാണുന്നില്ലെങ്കിലും അവന്‍ നിന്നെ കാണുന്നുണ്ട്(മുസ്ലിം).
ക്ഷമയവലംബിക്കല്‍ ഇസ്ലാമില്‍ മഹത്തായ സല്‍കര്‍മ്മമാണ്.കോപമുക്തിക്ക് വേണ്ടിയുള്ള ഒരു ഉപാധികൂടിയാണിത്.അതിലുപരി ക്ഷമ ഈമാനിന്റെ ഭാഗമാണ്.അബൂദര്‍ദാഅ് (റ) പറയുന്നു: ‘ഈമാനിന്റെ ഔന്നിധ്യം വിധിയിലുള്ള ക്ഷമയും അല്ലാഹു നിശ്ചയിച്ചതില്‍ തൃപ്തി കാണിക്കലുമാണ്’ (ഇഹ്‌യാഅ്).അല്ലാഹുവിന്റെ സഹായത്തിലും അധികാരങ്ങളിലും വേണ്ടപോലെ വിശ്വസിക്കാന്‍ കഴിയാത്തപ്പോഴാണ് ക്ഷമ പ്രയാസമായിത്തീരുന്നത്.ജീവിതത്തില്‍ പല പ്രശ്‌നങ്ങളും നേരിടേണ്ടിവരും അത് അല്ലാഹുവിന്റെ പരീക്ഷണമാണ്.ആ സമയത്ത് തന്നേക്കാള്‍ പ്രയാസപ്പെടുന്നവരിലേക്ക് നോക്കുക.ക്ഷമയവലംബിക്കുക.എന്നാല്‍ അല്ലാഹു കൂടെയുണ്ടാവും. ക്ഷമയെ ജീവിതത്തിലുടനീളം കൈകൊള്ളുന്നവന് അല്ലാഹുവിന്റെ സഹായമുണ്ടാകുമെന്ന് വിശുദ്ധ ഖുര്‍ആന്‍ പരാമര്‍ശിക്കുന്നു.’ ഓ സത്യവിശ്വാസികളേ,ക്ഷമ കൊണ്ടും നിസ്‌കാരം കൊണ്ടും അല്ലാഹുവിനോട് നിങ്ങള്‍ സഹായം തേടുക,നിശ്ചയം അല്ലാഹു ക്ഷമാശീലരോടൊപ്പമാണ്'(അല്‍ ബഖറ:103).
ഓരോ വിശ്വാസിയുടെയും ലക്ഷ്യം പാരത്രിക വിജയമാണ്.അത് കരഗതമാക്കാനുള്ള ഏക മാര്‍ഗ്ഗമാണ് ഹൃദയ സംസ്‌കരണം.വിശ്വാസിയുടെ ഹൃദയം പാപകൂമ്പാരങ്ങളെ പേറിയാല്‍ സ്വര്‍ഗ്ഗപ്രവേശനം പ്രയാസകരമാണ്.ദുനിയാവ് ശാശ്വതമല്ല,നശ്വരമാണ്.പരലോകമെന്ന നഗ്ന യാഥാര്‍ത്ഥ്യത്തിനു മുമ്പ് ഖബറെന്ന ഭവനത്തെ ഓരോരുത്തരും അഭിമുഖീകരിക്കേണ്ടിയിരിക്കുന്നു.ആത്മസംസ്‌കരണമുള്ളവന് അവിടം നിത്യ ശാന്തിപുല്‍കാം.നാഥന്‍ തുണക്കട്ടെ…..
ആമീന്‍
Be the first to comment