മുംബൈ: മഹാരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രിയായി ശിവസേന നേതാവ് ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മഹാരാഷ്ട്രയുടെ പതിനെട്ടാമത്തെ മുഖ്യമന്ത്രിയായാണ് അദ്ദേഹം മുംബൈയിലെ ശിവജി പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ അധികാരമേറ്റത്. ആഴ്ചകളായി നീണ്ട അനിശ്ചിതത്വത്തിനും രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവിലാണ് ത്രികക്ഷി സഖ്യത്തിന്റെ നേതാവായി ഉദ്ധവ് മുഖ്യമന്ത്രിയായി അധികാരമേറ്റത്. മുഖ്യമന്ത്രിക്കു പുറമേ ആറ് മന്ത്രിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്തു.
ഗവര്‍ണര്‍ ഭഗത് സിങ് കോഷി സത്യവാചകം ചൊല്ലിക്കൊടുത്തു.
ചടങ്ങ് വീക്ഷിക്കാന്‍ രാഷ്ട്രീയ രംഗത്തെ പ്രമുഖരാണ് എത്തിയിട്ടുള്ളത്. എന്‍.സി.പി ശിവസേന കോണ്‍ഗ്രസ് യോഗത്തിലാണ് ഉദ്ധവിനെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചത്. സഖ്യത്തില്‍ ധാരണയായതോടെ ന്യൂഡല്‍ഹിയിലേക്കുള്ള മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയുടെ യാത്ര റദ്ദാക്കുകയായിരുന്നു.
സഖ്യകക്ഷികളായ ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് പാര്‍ട്ടികളില്‍ നിന്ന് രണ്ട് വീതം അംഗങ്ങളാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. ശിവസേനയില്‍ നിന്ന് ഏക്‌നാഥ് ഷിന്‍ഡെ, സുഭാഷ് ദേശായി, എന്‍.സി.പിയില്‍ നിന്ന് ജയന്ത് പാട്ടീല്‍, ഛഗ്ഗന്‍ ഭുജ്ബാല്‍, കോണ്‍ഗ്രസില്‍ നിന്ന് ബാലാസാഹെബ് തൊറാത്ത്, നിതിന്‍ റാവുത്ത് എന്നിവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്, എം.എന്‍.എസ് നേതാവ് രാജ് താക്കറെ, ഡി.എം.കെ നേതാക്കളായ എം.കെ. സ്റ്റാലിന്‍, ടി.ആര്‍. ബാലു, കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍, എന്‍.സി.പി നേതാവ് പ്രഫുല്‍ പട്ടേല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. റിലയന്‍സ് ഗ്രൂപ് മേധാവി മുകേഷ് അംബാനിയും കുടുംബസമേതം ചടങ്ങിനെത്തി.
താക്കറെ കുടുംബത്തില്‍ നിന്ന് മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി സ്ഥാനത്തെത്തുന്ന ആദ്യ വ്യക്തിയാണ് ഉദ്ധവ്. സത്യപ്രതിജ്ഞക്ക് ശേഷം രാത്രി എട്ടിന് ആദ്യത്തെ മന്ത്രിസഭാ യോഗം ചേരും.
ആഭ്യന്തര വകുപ്പ് എന്‍.സി.പി ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസിന്റെ നിയമസഭാകക്ഷി നേതാവായി മുന്‍ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനെ തെരഞ്ഞെടുത്തേക്കുമെന്നാണ് സൂചന. എന്നാല്‍ മന്ത്രി സ്ഥാനങ്ങളും വകുപ്പുകളും നിര്‍ണയിക്കുന്നതിലെ അവ്യക്തത തുടരുകയാണ്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ദിവസങ്ങള്‍ നീണ്ടു നിന്ന അനിശ്ചിതത്വത്തിനാണ് ഇതോടെ അവസാനമാകുന്നത്.
Be the first to comment