ഈ വര്‍ഷം പകുതിക്ക് ശേഷമായിരിക്കും ഇന്ത്യാ സന്ദര്‍ശനം
ജിദ്ദ: ഇന്ത്യയും സഊദിയും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി സഊദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഇന്ത്യ സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നു. സഊദി അറേബ്യയില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് സന്ദര്‍ശനം നടത്തിയതിന് പിന്നാലെയാണ് തിരിച്ചും നയതന്ത്ര ചര്‍ച്ചകള്‍ക്കുള്ള പര്യടനത്തിന് വഴിയൊരുങ്ങുന്നത്.
അതേ സമയം സഊദി രാജാവ് ഈ വര്‍ഷം പകുതിക്ക് ശേഷമായിരിക്കും ഇന്ത്യ സന്ദര്‍ശിക്കുക എന്നാണ് വിവരം. അദ്ദേഹം വിദേശയാത്രയ്ക്ക് പോകുന്നത് അപൂര്‍വമാണ്. ഇന്ത്യയിലേക്ക് വരാന്‍ തീരുമാനിച്ചത് ബന്ധം ദൃഢമാകുന്നതിന്റെ സൂചനയാണ്.
ഇന്ത്യാ സന്ദര്‍ശനത്തിനിടെ വിവിധ പരിപാടികള്‍ ദില്ലിയില്‍ സംഘടിപ്പിക്കും. അതിന്റെ ഒരുക്കങ്ങള്‍ ഇപ്പോള്‍ തന്നെ തുടങ്ങിയിട്ടുണ്ട്. സന്ദര്‍ശനത്തിന്റെ ഭാഗമായി വിദേശ രാജ്യങ്ങളിലെ സഊദിയുടെ ഏറ്റവും വലിയ എംബസിയുടെ കെട്ടിടവും ഉദ്ഘാടനം ചെയ്യും. പുതിയ കെട്ടിടം 17500 ചതുരശ്ര മീറ്ററിലാണ്. ഇതിനു പുറമെ നിരവധി ഉഭയകക്ഷി കരാറുകള്‍ രാജാവ് ഒപ്പുവയ്ക്കും.
നേരത്തെ ജനാദ്രിയ ഉത്സവത്തിന്റെ ഭാഗമായി സുഷമയുടെ സന്ദര്‍ശനത്തിനിടെ സഊദി രാജാവിന്റെ ഇന്ത്യാ സന്ദര്‍ശനത്തെ കുറിച്ചും ചര്‍ച്ച ചെയ്തിരുന്നു. ഈ കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. ഉഭയകക്ഷി വ്യാപാരം, ഭീകരവിരുദ്ധ പോരാട്ടത്തിലെ സഹകരണം തുടങ്ങിയ വിഷയങ്ങളായിരുന്നു പ്രധാന ചര്‍ച്ച. സഊദിയെ സംബന്ധിച്ചിടത്തോളം ഇന്ത്യയുമായുള്ള ബന്ധത്തിന് പ്രത്യേക പരിഗണനയാണുള്ളതെന്ന് രാജാവ് കൂടിക്കാഴ്ച്ചയില്‍ അറിയിച്ചിരുന്നു.
ജനാദ്രിയ ഫെസ്റ്റിവലില്‍ അതിഥിരാഷ്ട്രമായി ക്ഷണിച്ച സഊദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ്, കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്നിവര്‍ക്ക് ചടങ്ങില്‍ സംസാരിച്ച സുഷമ സ്വരാജ് പ്രത്യേകം നന്ദിയും രേഖപ്പെടുത്തിയിരുന്നു. സൗദിയില്‍ നടന്ന സാംസ്‌കാരിക ഉത്സവത്തില്‍ ഇന്ത്യയെ പ്രത്യേക അതിഥിയായി തിരഞ്ഞെടുത്തത് ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നു. മാത്രമല്ല, അവിടെ നടന്ന പ്രദര്‍ശനത്തില്‍ ഇന്ത്യയുടെ കലകള്‍ക്ക് പ്രത്യേക പവലിയന്‍ ഉണ്ടായിരുന്നു.
Be the first to comment