കേരളത്തില്‍, 1950 കള്‍ക്ക് ശേഷം മാത്രം രംഗത്ത് വന്ന വിവാദമാണ് സ്ത്രീ ജുമുഅ ജമാഅത്ത്. അതിന്റ മുമ്പ് ഇത്തരമൊരു വിവാദമേ ഇല്ല. വിവാദ പാശ്ചാത്തലം; 1950 നോടടുത്ത് മലപ്പുറം ജില്ലയിലെ എടവണ്ണ ഒതായി പളളിയില്‍ ചില സ്ത്രീകള്‍ ജുമുഅ ജമാഅത്തുകളില്‍ സംബന്ധിച്ചതുമായി വിവാദമായപ്പോള്‍ പെരകമണ്ണ അധികാരിയായിരുന്ന പി.വി മുഹമ്മദ് ഹാജി 1950 മാര്‍ച്ച് 30 ന് വഹാബി നേതാവ് എം. സി. സി അഹമ്മദ് മൗലവിക്ക് ഒരു കത്തെഴുതുകയും അതിന് മറുപടിയായി 10.10.1950 ന് മുസ്ലിം സ്ത്രീകള്‍ക്ക് അവകാശമുണ്ടോ എന്ന ലഘു പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്തു. പുരുഷന്മാരെ പോലെ സ്ത്രീകള്‍ക്കും ജുമുഅ നിര്‍ബന്ധമാണെന്നും ജുമുഅക്കുളള കല്പനയില് അവരും ഉള്പ്പെടുമെന്നുമായിരുന്നു അതിന്റെ ഉളളടക്കം ഇത് പുറത്തു വന്നതോടെ അവരുടെ നേതാക്കളില്‍ നിന്നു തന്നെ രൂക്ഷമായ വിവര്ശനങ്ങളുണ്ടായി. ചരിത്രപരമായി ഇതോടെയാണ് കേരളത്തില്‍ ഈ വിവാദത്തിന് തിരി കൊളുത്തുന്നത്.
വിശുദ്ധ ഖുര്‍ആന്‍ ജുമുഅയില്‍ സംബന്ധിക്കേണ്ടവരെ പരാമര്‍ശിക്കുന്ന ആയത്ത് കാണുക. സത്യവിശ്വാസികളേ, വെള്ളിയാഴ്ച ദിവസം ജുമുഅ നിസ്കാരത്തിന് വേണ്ടി വിളിക്കപ്പെട്ടാല്‍ നിങ്ങള്‍ അല്ലാഹുവിന്റെ സ്മണയിലേക്ക് വേഗം പോവുക. കച്ചവടം ഉപേക്ഷിക്കുകയും ചെയ്യുക. അതാണ് നിങ്ങള്‍ക്കു നല്ലത്. നിങ്ങള്‍ അറിവുളളവരാണെങ്കില്‍ (അല്‍ ജുമുഅ 9)
ഈ ആയത്തിന് പ്രാമാണിക തഫ്സീര്‍ കിതാബുകള്‍ നല്കുന്ന വ്യാഖ്യാനം പരിശോദിക്കാവുന്നതാണ്. ജുമുഅയില്‍ സംബന്ധിക്കുവാന്‍ കല്പിക്കപ്പെടുന്നത് സ്വതന്ത്രന്മാരായ പുരുഷന്മാര് മാത്രമാകുന്നു. അടിമകള്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവര്‍ക്കിത് ബാധകമല്ല. യാത്രക്കാരന് രോഗി എന്നിവര്‍ക്കും അതുപോലെ പ്രതിബന്ധമുളളവര്ക്കും ഒഴിവ് നല്കപ്പെടും ശാഖാപരമായ വിഷയങ്ങളില്‍ സ്ഥിരപ്പെട്ടതുപോലെ. (ഇബ്നുകസീര്‍ 4:321)
ഇമാം ഖുര്‍തുബി(റ)പരയുന്നത് കാണുക. മതത്തിന്റെ കല്പ്പനയുളളവരോടെല്ലാമുളള സംബോധനമാണിതെന്നതില് ഏകാഭിപ്രായമുണ്ട്.സ്ഥിരപ്പെട്ട ലക്ഷ്യങ്ങള്‍ പ്രകാരം സ്ത്രീകള്‍, വാതം പിടിപെട്ടവര്‍, യാത്രക്കാര്‍, അടിമകള്‍, രോഗികള്‍ എന്നിവര്‍ ഇതില്‍ നിന്നൊഴിവാകുന്നു. (ഖുര്‍തുബി 11:103)
റുഹുല്‍ ബയാന്‍ പറയുന്നു. അപ്പോള്‍ സ്ത്രീകളോട് വീടുകളില്‍ അടങ്ങിയിരിക്കുവാനാണ് കല്പിക്കപ്പെട്ടിരിക്കുന്നത്. (റൂഹുല്‍ബയാന്‍ 9:524) സമക്സരി വിശദീകരിക്കുന്നു. യാത്രക്കാര്‍, അടിമകള്‍, സ്ത്രീകള്‍, എന്നിവര്‍ക്ക് ജുമുഅയുടെ ബാധ്യതയില്ല. (കശ്ശാഫ്4:98) അല്ലാമാ ആലൂസിയും ഇതേ രീതിയില്‍ തന്നെ വിവരിക്കുന്നുണ്ട്(റൂഹുല്‍ മആനി 28:102)
നടേയുദ്ധരിച്ചതും അല്ലാത്തതുമായ തഫ്സീര്‍ കിതാബുകളിലെല്ലാം ജുമുഅയില്‍ പങ്കെടുക്കേണ്ടത് പുരുഷന്മാരാണെന്ന് വ്യക്തമാക്കുന്നുണ്ട്. നബി(സ്വ)തന്നെ പറയുകയുണ്ടായി. മുഴുവന്‍ മുസ്ലിംകള്ക്കും ജുമുഅ നിര്‍ബന്ധമായും അവകാശപ്പെട്ടതാണ്. നാല് വിഭാഗങ്ങള്‍ക്ക് ഒഴികെ.അടിമ, സ്ത്രീ, കുട്ടി, രോഗി ഇവരാകുന്നു ആ വിഭാഗം . (ഹദീസ്)
മാത്രമല്ല പളളിയില്‍ വെച്ച് നിസ്കരിക്കേണ്ടത് പുരുഷന്മാരാണെന്ന് ഖുര്‍ആന്‍ തന്നെ വ്യക്തമാക്കുന്നതാണ്. സൂറത്തുന്നൂറില്‍ അല്ലാഹു പറയുന്നു. അല്ലാഹുവിന്റെ നാമം സ്മരിക്കപ്പെടുകയും ഉയര്‍ത്തപ്പെടുകയും ചെയ്യണമെന്ന് അല്ലാഹു ഉദ്ദേശിച്ച ഭവനങ്ങളില്‍ (പള്ളികളില്‍) വെച്ച് രാവിലെയും വൈകുന്നേരവും അവനെ പരിശുദ്ധമാക്കുക പുരുഷന്മാരാകുന്നു. അല്ലാഹുവിന്റെ സ്മരണയില്‍ നിന്ന് കച്ചവടവും വ്യാപാരവും അവരെ തടയുകയില്ല. (സൂറത്തുന്നൂര്‍ 36,37) സൂറത്തുന്നൂറിലെ ഈ ആയത്തില്‍ പ്രയോഗിച്ച രിജാലുന്‍ എന്നതിന് മുന്‍കാല മുഫസ്സിറുകള്‍ നല്കുന്ന വ്യാക്യാനവും പുരുഷന്മാര് എന്ന് തന്നെയാണ്.
ഇമാം ഖുര്‍തുബി എഴുതുന്നു. പുരുഷന്മാരെ മാത്രം പറഞ്ഞതു സ്ത്രീകള്‍ക്ക് പള്ളികളില്‍ ഒരവകാശവു മില്ലെന്നറിയിക്കുന്നു. കാരണം അവര്‍ക്ക് ജുമുഅയോ ജമാഅത്തോ അവകാശപ്പെട്ടതല്ല. (ഖുര്‍തുബി 12:279)
അല്ലാമാ ഇബ്നു കസീര്‍ പറയുന്നു. ڇഅപ്പോള്‍ സ്ത്രീകള്ക്കവരുടെ വീടുകളില്‍ വെച്ച് നിസ്കരിക്കുകയാണു ശ്രേഷ്ഠം. (ഇബ്നു കസീര്‍ 3:253)ഇമാം റാസിയും ഇത് തന്നെ വിവരിക്കുന്നു. പുരുഷന്മാരെ മാത്രം പറയാന്‍ കാരണം സ്ത്രീകള്‍ കച്ചവടവും ജമാഅത്തും നടത്താന്‍ അര്ഹരല്ലാത്തതുകൊണ്ടാകുന്നു .(റാസി 24:5) ജമല് പറയുന്നത് കാണുക. പുരുഷന്മാരെ മാത്രം പറയാന്‍ കാരണം ജുമുഅക്കോ ജമാഅത്തിനോ പള്ളിയില്‍ ഹാജരാകാന്‍ സ്ത്രീകള്ക്കവകാശമില്ലാത്തതു നിമിത്തമാണ്. ജമല് 3:227) റൂഹുല്‍ മആനിയും (18:177) റൂഹുല്‍ ബയാനും(6:161) നടേ ആയത്തിന് പുരുഷന്മാര് എന്ന് തന്നെയാണ് ഊന്നിപ്പറഞ്ഞിരിക്കുന്നത്.
തിരുനബി(സ്വ)യുടെ കാലത്ത് സ്ത്രീകളുടെ പതിവ് എന്തായിരുന്നുവെന്ന് പരിശോധിക്കല്‍ അഭികാമ്യമായിരിക്കും. നബി(സ്വ)യില്‍ നിന്ന് ഉമ്മുസലമ(റ) നിവേദനം ചെയ്യുന്നു. സ്ത്രീകളുടെ പള്ളികളില്‍ ഉത്തമം അവരുടെ വീടുകളിലെ ഇരുട്ടറയാകുന്നു. (മുസ്തദ്റക് 1:328) ഇബ്നു മസ്ഊദ് (റ) വില്‍ നിന്ന് നിവേദനം ചെയ്യുന്നത് കാണുക. അല്ലാഹുവിലേക്ക് ഇഷ്ടപ്പെട്ട ഒരു നിസ്കാരവും ഒരു സ്ത്രീയും നിര്‍വഹിച്ചിട്ടില്ല; തന്റെ വീട്ടിന്റെ ശക്തമായ ഇരുട്ടുളള സ്ഥലത്തേക്കാള്‍ (ത്വബ്റാനി)
ഉഖ്ബത്ത്(റ) നിന്ന് നിവേദനം ചെയ്യുന്ന മറ്റൊരു ഹദീസ് കാണുക. മദീനയില്‍ വെച്ച് നബ(സ്വ)യുടെ പിന്നില്‍ ഞാന്‍ അസര്‍ നിസ്കരിച്ചു. തങ്ങള്‍ സലാം വീട്ടിയ ഉടനെ ധൃതിയില്എഴുന്നേറ്റ് ജനങ്ങളെ ചാടിക്കടന്ന് തങ്ങളുടെ ഭാര്യമാരില്‍ ചിലരുടെ മുറിയിലേക്ക് പോയി. തങ്ങളുടെ ധൃതിയില്‍ ജനം പരിഭ്രമിച്ചു. തങ്ങള്‍ (വീണ്ടും) ജനങ്ങളിലേക്ക് പുറപ്പെട്ടു. തങ്ങളുടെ ധൃതിയില്‍ അവര്‍ക്ക് അല്ഭുതമുണ്ടെന്ന് മനസ്സിലാക്കിയ തങ്ങള്‍ പറഞ്ഞു നമ്മുടെ കൈവശമുളള അല്പം വെള്ളി എനിക്കോര്‍മ വന്നു. അത് സൂക്ഷിക്കുന്നതില്‍ ഇഷ്ടക്കുറവുണ്ടായി. അത് ഭാഗിച്ച് കൊടുക്കാന്‍ ഞാന്‍ കല്പിച്ചു (ബുഖാരി)
ഉദ്ധൃത ഹദീസില്‍ ഭാര്യമാരുടെ റൂമിലേക്ക് പോകേണ്ടി വന്നത് സ്ത്രീകള്‍ പള്ളിയിലില്ലാത്തത് കൊണ്ടാണെന്ന് മനസ്സിലാക്കാമെല്ലോ. തിരുനബി(സ്വ)യുടെ കാലത്ത് സ്ത്രീകളുടെ പൊതു സ്വഭാവം ഇങ്ങനെയായിരുന്നുവെന്ന് അറിയിക്കുന്ന അനവധി ഹദീസുകളുണ്ട്. നബി(സ്വ)ക്ക് ശേഷം സ്വാഹാബത്തിന്റെ കാലത്തും ഇതു തന്നെയായിരുന്നു അവസ്ഥ. ഇമാം ഖുര്‍തുബി പറയുന്നു. ڇനബി(സ്വ) യുടെ വഫാതിനുശേഷം തങ്ങളുടെ സ്വഹാബിമാര്‍ സ്ത്രീകള്‍ക്ക് പള്ളികള്‍ വിലക്കിയിരുന്നു. അല്ലാഹുവിന്റെ ഭവനങ്ങള്‍ അല്ലാഹുവിന്റെ ദാസികള്‍ക്ക് നിങ്ങള്‍ തടയരുത് എന്ന തിരുവചനം ഉള്ളതോടൊപ്പം .(ഖുര്‍തുബി 14:244)
ചുരുക്കത്തില്‍ വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും മുന്‍കാല മഹത്തുകളും പരപുരുഷ്യന്മാര് പങ്കെടുക്കുന്ന ജുമുഅ ജമാഅത്തുകളില്‍ സംമ്പന്ധിക്കാന്‍ സ്ത്രീകള്‍ക്ക് പ്രോല്‍സാഹനം നല്‍കിയതായി ഒരു തെളിവും ലഭിക്കുകയില്ല. തിരുനബി(സ്വ) അവിടത്തെ ഭാര്യമാരേയോ, പെണ്‍മക്കളേയോ സ്വഹാബാക്കള്‍ അവരുടെ ഭാര്യമാരേയോ പെണ്‍മക്കളേയോ പില്കാല അംഗീകൃത പണ്ഡിതന്മാരില് ആരെങ്കിലും അവുടെ ഭാര്യമാരേയോ പെണ്‍മക്കളേയോ പള്ളിയിലേക്ക് കൊണ്ട് പോവുകയോ പോകാന്‍ പ്രോല്‍സാഹിപ്പിക്കുകയോ ചെയ്തതിന്ന് ബലഹീനമായ ഒരു രേഖ പോലും കൊണ്ടുവരാന്‍ സാധ്യമല്ല.
Be the first to comment