അബൂദബി: 2024ലെ അതിസമ്പന്നരുടെ പട്ടിക പുറത്തുവിട്ട് ഫോബ്‌സ് മാസിക. ലൂയിസ് വിറ്റണ്‍ ഉടമ ബെര്‍ണാഡ് അര്‍നാള്‍ട്ട് ആണ് പട്ടികയില്‍ ഒന്നാമത്. 223 ബില്യന്‍ ഡോളറാണ് ബെര്‍ണാഡിന്റെ ആസ്തി. പട്ടികയില്‍ രണ്ടാമതുള്ളത് ഇലോണ്‍ മസ്‌കാണ്. 195 ബില്യന്‍ ഡോളറാണ് ടെസ് ല സ്ഥാപകന്റെ ആകെ മൂല്യം. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് 194 ബില്യന്‍ ഡോളര്‍ ആസ്തിയോടെ പട്ടികയില്‍ മൂന്നാമതെത്തി.
ഇന്ത്യന്‍ കോടീശ്വരന്‍മാരില്‍ മുകേഷ് അംബാനിയാണ് ഒന്നാമത്. 116 ബില്യന്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. ആഗോള പട്ടികയില്‍ ഒമ്പതാം സ്ഥാനവും മുകേഷ് അംബാനിക്കാണ്. ഗൗതം അദാനിയാണ് ഇന്ത്യക്കാരില്‍ രണ്ടാമന്‍.
പട്ടികയില്‍ ആകെ 12 മലയാളികളാണ് ഇടംപിടിച്ചത്. ശതകോടീശ്വരന്‍മാരായ മലയാളികളില്‍ ലുലു ഗ്രൂപ്പ് ഉടമ എം.എ യൂസഫലി ഇത്തവണയും ഒന്നാമതെത്തി. പട്ടികയിലെ ആദ്യ അഞ്ച് സ്ഥാനക്കാരും ഗള്‍ഫിലെ മലയാളി വ്യവസായികളാണ്.
എം.എ യൂസഫലിക്ക് 7.6 ബില്യന്‍ ഡോളര്‍ ആസ്തിയാണുള്ളത്. ആഗോള തലത്തില്‍ കഴിഞ്ഞ വര്‍ഷത്തേതിനെ അപേക്ഷിച്ച് 497ല്‍ നിന്നും 344ാം സ്ഥാനത്തേക്കും യൂസഫലിയെത്തി. 2023ല്‍ ഇദ്ദേഹത്തിന്റെ ആസ്തി 7.1 ബില്യന്‍ ഡോളറായിരുന്നു.
ജോയ് ആലുക്കാസ് (4.4 ബില്യന്‍ ഡോളര്‍), ഡോ. ഷംഷീര്‍ വയലില്‍ (3.5 ബില്യന്‍ ഡോളര്‍), രവി പിള്ള (3.3 ബില്യന്‍ ഡോളര്‍), സണ്ണി വര്‍ക്കി (3.3 ബില്യന്‍ ഡോളര്‍) എന്നിവര്‍ രണ്ട് മുതല്‍ നാല് വരെ സ്ഥാനങ്ങളില്‍ ഇടംപിടിച്ചിട്ടുണ്ട്. 1.3 ബില്യന്‍ ഡോളര്‍ ആസ്തിയോടെ സാറ ജോര്‍ജ് മുത്തൂറ്റാണ് പട്ടികയിലെ സമ്പന്ന വനിത.
Be the first to comment