റബ്ബിന്റെ മാസം : റജബ്

റഈസ് ചാവട്ട്

പുണ്യങ്ങള്‍ പെയ്തിറങ്ങുന്ന വിശുദ്ധ റമളാന്‍ മാസത്തിലേക്കുള്ള കാല്‍വെപ്പാണ് റജബും ശഅബാനും. റമളാനില്‍ വിളവെടുക്കേണ്ട സുകൃതങ്ങളുടെ വിത്തിടലാണ് റജബില്‍ ഉണ്ടാവേണ്ടത്.റജബ് റബ്ബിന്റെ മാസവും ശഅ്ബാന്‍ എന്റെ മാസവും റമളാന്‍ എന്റെ ഉമ്മത്തിന്റെ മാസവുമെന്ന് നബി(സ) പ്രസ്ഥാവിച്ചിട്ടുണ്ട്. പവിത്രമാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയ മാസങ്ങളിലും റജബ് ഇടം പിടിച്ചിട്ടുണ്ട്.ഇസ്ലാമിക ചരിത്രത്തിലെ ഒട്ടനവധി അനുഗ്രഹീത ഏടുകള്‍ക്ക് സാക്ഷ്യം വഹിച്ചു എന്നതും റജബിന്റെ ചൈതന്യമാണ്.

പേരിന്റെ ഉള്ളറകള്‍
റജബിലെ ഓരോ അക്ഷരങ്ങളും യഥാക്രമം അല്ലാഹുവിന്റെ റഹ്‌മത്തും ഔദാര്യവും നന്മയും സൂചിപ്പിക്കുന്നു. ആദരവ് എന്നര്‍ത്ഥമുള്ള തര്‍ജീബ് എന്ന പദത്തില്‍ നിന്ന് നിഷ്പ്പന്നമാണ് റജബ്. അറബികള്‍ ഇതര മാസങ്ങളെ അപേക്ഷിച്ച് റജബിന് കൂടുതല്‍ ആദരവ് കല്പിച്ചതാണത്രെ ഇതിന്റെ കാരണം. തയ്യാറെടുപ്പ് എന്ന അര്‍ത്ഥത്തിലും റജബ് എന്ന ഒരു പ്രയോഗമുണ്ട് ശഅബാനിലേക്കുള്ള തയ്യാറെടുപ്പിനെ സൂചിപ്പിച്ചു കൊണ്ടാണ് ഇങ്ങനെ പേര് വന്നതെന്നും അഭിപ്രായമുണ്ട്.

റജബ് എന്നല്ലാതെ ഇതര നാമങ്ങളും റജബ് മാസത്തിനുണ്ട് .നന്മകള്‍ ചൊരിയുന്ന മാസമായത് കൊണ്ട് ചൊരിയുക എന്നര്‍ത്ഥമുള്ള അസബ്ബ് എന്നും,ആയുധങ്ങളുടെ ശബ്ദം ശ്രവിക്കാത്തത് കൊണ്ട് ബധിരത എന്നര്‍ത്ഥമുള്ള അസമ്മ് എന്നും,യുദ്ധം നിഷിദ്ധമായ മാസങ്ങളില്‍ ഒറ്റപ്പെട്ട് നില്‍ക്കുന്നത് കൊണ്ട് ശഹ്‌റുല്‍ ഫര്‍ദ് എന്നും,പ്രസ്തുത മാസങ്ങളില്‍ പ്രഥമമായത് കൊണ്ട് ശഹ്റു സാബിഖ് എന്നും, അറേബ്യയിലെ മുള്വര്‍ ഗോത്രക്കാര്‍ റജബിനെ അത്യധികം ആദരിച്ചത് കൊണ്ട് റജബുല്‍ മുളര്‍ എന്നും റജബിന് പേരുകളുണ്ട്.

പുണ്യങ്ങള്‍, ശ്രേഷ്ഠതകള്‍

നിരവധി മഹത്വങ്ങള്‍ കല്പ്പിക്കപ്പെടുന്നതും അനവധി അത്ഭുതങ്ങളാല്‍ ധന്യമായതുമായ ഒരു മാസമാണ് റജബ്. യുദ്ധം നിഷിദ്ധമാണെന്ന് സൂറത്തുതൗബയിലൂടെ അല്ലാഹു പ്രസ്ഥാവിച്ച നാല് മാസങ്ങളില്‍ വേറിട്ട് നില്‍ക്കുന്ന മാസമാണ് റജബ്. സര്‍വ്വ സമുദായങ്ങളില്‍ നിന്നും ഉമ്മത്ത് മുഹമ്മദീയക്കുള്ള മഹത്വം പോലെയാണ് ഇതര മാസങ്ങളെ അപേക്ഷിച്ച് റജബിന്റെ മഹത്വമെന്ന് തിരുനബി അരുളിയിട്ടുണ്ട്. സ്വര്‍ഗീയ ലോകത്ത് പാലിനേക്കാള്‍ വെളുത്തതും തേനിനേക്കാള്‍ മാധുര്യമേറിയതുമായ റജബെന്ന ഒരു നദി ഉണ്ടെന്നും അതിലുള്ള പാനീയം റജബില്‍ നോമ്പനുഷ്ടിച്ചവര്‍ക്കാണെന്നും അനസ് (റ) റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ കാണാം.അശ്ശൈഖ് അബ്ദുറഹ്‌മാന്‍ അസ്സുഫൂരി(റ) പറയുന്നു : റജബ് വിത്തിടലിന്റെയും ശഅബാന്‍ നനയ്ക്കുന്നതിന്റെയും റമളാന്‍ വിളവെടുപ്പിന്റെയും മാസമാകുന്നു, അതായത് റജബിലാണ് സല്‍കര്‍മങ്ങളുടെ വിത്തിടേണ്ടത് ശഅബാനിലാണ് അത് നനവ് കൊടുക്കേണ്ടത് റമളാനിലാണ് അത് വിളവെടുക്കേണ്ടത്. ഒരു വിശ്വാസിക്ക് സുകൃങ്ങളുടെ വിളവെടുപ്പ് കാലമായി പരിശുദ്ധ റമളാന്‍ മാറണമെങ്കില്‍ റജബെന്ന പടിവാതില്‍ പരിഗണിക്കണമെന്ന് സാരം. റജബിന്റെ പവിത്രത ഗ്രഹിക്കാന്‍ ഉസ്മാന്‍ ബ്‌നു ഹസന്‍ അഷാക്കിറുല്‍ ഹൗബിരീ (റ) എന്നവര്‍ ദുര്‍റതു നാസിഹീന്‍ എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയ ഒരു ചരിത്രമുണ്ട്, അതായത് സല്‍കര്‍മങ്ങള്‍ ജീവിതമുദ്രയാക്കിയ ഒരു സ്ത്രീ ബൈത്തുല്‍ മുഖദ്ദസിന്റെ ചാരെ ജീവിച്ചിരുന്നു. റജബ് മാസം ആഗതമായാല്‍ പന്ത്രണ്ട് സൂറത്തുല്‍ ഇഖ്‌ലാസ് പാരായണം ചെയ്യല്‍ ആ മഹതിയുടെ പതിവായിരുന്നു. മാത്രമല്ല പ്രസ്തുത മാസത്തെ ആദരിച്ചു കൊണ്ട് റജബില്‍ അവര്‍ ധരിക്കുന്ന വസ്ത്രവും വളരെ താഴ്ന്നതായിരുന്നു. അങ്ങനെ ആ സ്ത്രീക്ക് റജബ് മാസത്തില്‍ മരണരോഗം ബാധിച്ചപ്പോള്‍ തന്റെ പുത്രനോട് ഇങ്ങനെ വസിയ്യത്ത് ചെയ്തു : ഞാന്‍ മരണപ്പെട്ടാല്‍ നീ ഒരിക്കലും മുന്തിയ വസ്ത്രത്തില്‍ എന്നെ കഫന്‍ ചെയ്യരുത്, വളരെ താഴ്ന്ന വസ്ത്രത്തില്‍ മാത്രം ചെയ്യുക. അങ്ങനെ ആ മഹതി വിശുദ്ധ റജബില്‍ അല്ലാഹുവിലേക്ക് മടങ്ങി. ആ സ്ത്രീയുടെ മകന്‍ ഉമ്മയുടെ വസിയ്യത്ത് വിസ്മരിച്ചില്ലെങ്കിലും അവന്‍ നല്ലത് കരുതി കൊണ്ട് മുന്തിയ വസ്ത്രത്തില്‍ തന്നെ കഫന്‍ ചെയ്തു. പിന്നീട് മകന്‍ ഉറങ്ങുന്ന സന്ദര്‍ഭത്തില്‍ മാതാവ് സ്വപ്നത്തില്‍ വന്നു കൊണ്ട് ആ മഹതിയുടെ അതൃപ്തി അറിയിച്ചു, ഇത് ശ്രവിച്ച ഉടനെ മകന്‍ പൊട്ടികരഞ്ഞു കൊണ്ട് ഉമ്മയുടെ ഖബര്‍ സ്ഥിതി ചെയ്യുന്ന മഖ്ബറയില്‍ പോയപ്പോള്‍ ഉമ്മയുടെ ഖബറില്‍ ഉമ്മയെ കാണുന്നില്ലായിരുന്നു.ഇത് കണ്ട് വെപ്രാളത്തില്‍ നില്‍ക്കുന്ന മകന്‍ ഇങ്ങനെ ഒരു അശരീരി കേട്ടു.വല്ലവനും നമ്മുടെ മാസമായ റജബിനെ ആദരിച്ചാല്‍ അവനെ നാം ഖബറില്‍ ഏകാന്തനാക്കുയില്ല എന്ന് നീ അറിഞ്ഞില്ലേ. റജബിനെ വരവേല്‍ക്കുന്നതിലെ അതിപ്രാധാന്യവും അതിനെ ആദരിക്കുന്നതിലെ അതിശ്രേഷ്ഠതയും ഈ ചരിത്രത്തിലൂടെ നമുക്ക് സുഗ്രാഹ്യമാണ്. ശൈഖ് ജീലാനി (റ) പറയുന്നു: ഒരു വര്‍ഷം ഒരു മരം പോലെയാണ്. വര്‍ഷമാകുന്ന മരം ഇലയിടുന്ന മാസമാണ് റജബ് മാസം. തുടര്‍ന്ന് ഫലങ്ങള്‍ ഉണ്ടാകുന്ന മാസമാണ് ശഅ്ബാന്‍, റമദാന്‍ വിളയെടുക്കുന്ന മാസവുമാണ്. ശഅ്ബാനില്‍ തുടങ്ങിയ പ്രയത്നങ്ങളുടെ വിളവെടുപ്പാണ് റമദാന്‍ മാസം. തൗബ ചെയ്യാനും പാപമോചനം തേടാനും അടിമകള്‍ക്ക് പ്രത്യേകം സജ്ജമാക്കിയ മാസമാണ് റജബ്മാസം. റജബ് മാസം ഒട്ടനവധി പൊലിമകളുടെ ഓര്‍മകള്‍ കൂടിയാണ്.

അബ്ബാസ് (റ) മുആവിയ(റ) ഇമാം ഷാഫിഈ (റ) ഇമാം അബു ഹനീഫ (റ) ഇമാം മുസ്ലിം (റ) ഇമാം തുര്‍മുദി (റ) ഇമാം നവവി (റ)ഇബ്‌നു ഹജര്‍ ഹൈതമി (റ) ഖാജ മുഈനുദ്ധീന്‍ ചിഷ്തി (റ) തുടങ്ങിയ അനവധി മഹത്തുക്കള്‍ പരലോകം പുല്‍കിയത് റജബ് മാസത്തിലാണ്.

ഇസ്‌റാഉം മിഅറാജും
റജബ് മാസത്തെ പ്രശോഭിപിതമാക്കുന്ന ഒരു സുപ്രധാന സംഭവമാണ് ഇസ്‌റാഉം മിഅറാജും. ലോകത്ത് ആഗതമായ ഒരു ലക്ഷത്തി ഇരുപത്തി നാലായിരത്തോളം വരുന്ന പ്രവാചക ശ്രംഖലക്ക് അസാധ്യമായ റബ്ബിന്റെ തിരുദര്‍ശനം അന്ത്യദൂതല്‍ മുഹമ്മദ് (സ) ക്ക് ലഭിച്ച അനര്‍ഘ നിമിഷം, അല്ലാഹു നമുക്ക് സ്‌നേഹസമ്മാനമായി അഞ്ചുവഖ്ത് നിസ്‌കാരം നിര്‍ബന്ധമാക്കിയ ചരിത്രദിനം. അനാഥനായ ഹബീബിന് സനാഥത്വം കനിഞ്ഞ അബൂതാലിബിന്റെയും ഖദീജ ബീവിയുടെയും വിയോഗം കൊണ്ടും താഇഫില്‍ അനുഭവിച്ച യാതനകള്‍ കൊണ്ടും തിരുനബിയുടെ ഹൃദയം നൊന്ത സന്ദര്‍ഭം, അതായത് ആമുല്‍ ഹുസ്ന്‍ (ദുഃഖവര്‍ഷം) എന്ന് ചരിത്രം രേഖപ്പെടുത്തിയ വര്‍ഷം. വേദനകളുടെ കൈപ്പുനീരുകള്‍ അനുഭവിച്ച പ്രവാചകന്റെ മുന്നില്‍ സ്വാന്തനത്തിന്റെയും ആത്മധൈര്യത്തിന്റെയും സമാശ്വാസം വര്‍ഷിക്കലായിരുന്നു യഥാര്‍ത്ഥത്തില്‍ ഇസ്‌റാഉം മിഅറാജും. പ്രവാചകത്വത്തിന്റെ പതിനൊന്നാം വര്‍ഷം, റജബ് മാസം 27-ാം രാവ്, തിങ്കളാഴ്ച ദിവസമാണ് ഈ അത്ഭുത സംഭവത്തിന് സാക്ഷ്യം വഹിച്ചത്.തന്റെ ദാസനെ (നബിയെ) ഒരു രാത്രിയില്‍ മസ്ജിദുല്‍ ഹറാമില്‍ നിന്ന് മസ്ജിദുല്‍ അഖ്‌സായിലേക്ക് നിശായാപ്രയാണം നടത്തിയവന്‍ എത്ര പരിശുദ്ധന്‍! എന്ന വിശുദ്ധ ഖുര്‍ആനിന്റെ സൂറത്തുല്‍ ഇസ്‌റാഇന്റെ പ്രാരംഭത്തിലെ പരാമര്‍ശം വളരെ ശ്രദ്ധേയമാണ്. പ്രസ്തുത സൂക്തത്തിലെ അബ്ദ് എന്ന പ്രയോഗം നബിയുടെ യാത്ര മനസ്സും ശരീരവും ഉള്‍ക്കൊണ്ടതായി പണ്ഡിതന്മാര്‍ സൂചിപ്പിക്കുന്നു. മക്കയില്‍ നിന്ന് മൈലുകള്‍ താണ്ടി ഫലസ്തീനിലെ ബൈത്തുല്‍ മുഖദ്ധസിലേക്കുള്ള യാത്രയെ ഇസ്‌റാഅ (നിഷാപ്രയാണം) എന്നും തുടര്‍ന്ന് വാനലോകത്തേക്കുള്ള യാത്രയെ മിഅറാജ് (ആകാശരോഹണം) എന്നും പറയപ്പെടുന്നു. ബുറാഖിലാണ് നബി (സ) യാത്ര ആരംഭിക്കുന്നത് അത് ഒരു വെളുത്ത മൃഗമാണ്, കഴുതയെക്കാള്‍ വലിയതും കോവര്‍ കഴുതയെക്കാള്‍ ചെറിയതുമായ ഒരു മൃഗം.അതിന്റെ നോട്ടം എത്തുന്നിടത്തെല്ലാം അതിന്റെ കാല്‍പാദങ്ങളും എത്തും. അങ്ങനെ റസൂല്‍ അതിന്‍ മേല്‍ കയറി ബൈത്തുല്‍ മുഖദ്ദസില്‍ എത്തി. നബിമാര്‍ അവരുടെ മൃഗങ്ങളെ കെട്ടുന്ന ഭാഗത്ത് ബുറാഖിനെ ബന്ധിച്ചു. പിന്നീട് അവിടെ നിന്ന് രണ്ട് റക്അത്ത് നിസ്‌കരിച്ച ശേഷം പുറപ്പെട്ടു. അപ്പോള്‍ ജിബ്രീല്‍ രണ്ട് പാത്രങ്ങള്‍ നബിയുടെ അടുക്കല്‍ കൊണ്ടുവന്നു പാലും മദ്യവും തിരുനബി (സ)പാല്‍ തിരഞ്ഞെടുത്തു അപ്പോള്‍ ജിബ്രീല്‍ (അ) പറഞ്ഞു : താങ്കള്‍ ശരി തിരഞ്ഞെടുത്തു. പിന്നീട് നബി തങ്ങള്‍ ഒന്നാം വാനലോകത്തേക്ക് ആനയിക്കപ്പെടുകയാണ്. ഇവിടെയാണ് മിഅറാജിന്റെ പ്രാരംഭം. ഓരോ ആകാശത്തിലും നബി തങ്ങള്‍ വിവിധ പ്രവാചകന്മാരെ കണ്ടുമുട്ടി. ഒന്നാം വാനലോകത്ത് ആദം നബിയും രണ്ടില്‍ ഈസാ, യഹ്യ (അ) എന്നിവരും മൂന്നാം ആകാശത്തില്‍ യൂസുഫ് (അ)ഉം നാലാമത്തത്തില്‍ ഇദ്രീസ് (അ)ഉം അഞ്ചാം വാനത്തില്‍ ഹാറൂന്‍ നബി (അ)ഉം ആറാം ആകാശത്തില്‍ മൂസാ നബി(അ)ഉം അവസാനമായി ഇബ്‌റാഹിം നബി(അ)ഉം തിരുനബി (സ) യെ വരവേറ്റു. തുടര്‍ന്ന് തിരുനബി സിദ്‌റത്തുല്‍ മുന്‍തഹായും ബൈത്തുല്‍ മഅമൂറും തുടങ്ങി അനവധി അത്ഭുതങ്ങള്‍ ദര്‍ശിച്ചു. ശേഷം ജിബ്രീറിന്റെ അനുവാദമേഖലകള്‍ അവസാനിച്ചു ഇനി മുത്തുനബിയുടെ ഏകാന്ത യാത്ര! ഇവിടെയാണ് ഇതര പ്രവാചകന്മാര്‍ക്ക് പോലും സാധിക്കാത്ത അല്ലാഹുവിന്റെ തിരുദര്‍ശനം എന്ന സൗഭാഗ്യം മുത്തുനബി അനുഭവിക്കുന്നത്. യാത്ര തിരിക്കുമ്പോള്‍ ലഭിച്ച പാരിദോഷികമാണ് നാം പ്രവര്‍ത്തിക്കുന്ന അഞ്ചുവഖ്ത് നിസ്‌കാരം. അത്ഭുതചരിത്രം അബൂബക്കര്‍ സിദ്ധീഖ് തങ്ങളുള്‍പ്പെടെ അനവധി സ്വാഹബാക്കള്‍ വിശ്വസിച്ചു. മറ്റുചിലര്‍ അവിശ്വസിച്ചു ചിലര്‍ക്ക് മതഭ്രഷ്ട് വരെ സംഭവിച്ചു. മസ്ജിദുല്‍ അഖ്‌സ മുമ്പ് കണ്ടവര്‍ അതിന്റെ വിശേഷണങ്ങള്‍ മുഖേന നബിയെ ചോദ്യം ചെയ്തു : അല്ലാഹു നബി (സ)ക്ക് ഇതെല്ലാം പ്രത്യക്ഷപ്പെടുത്തികൊടുത്തു.രണ്ട് മാസം വൈദൂരമുള്ള ബൈത്തുല്‍ മുഖദ്ദസിലേക്ക് ഒരു രാത്രി കൊണ്ട് പോയി എന്നത് ചിലര്‍ക്ക് വിശ്വസിക്കല്‍ പ്രയാസമായി. എന്നാല്‍ യഥാര്‍ത്ഥ വിശ്വാസികള്‍ക്ക് അത് നിഷ്പ്രയാസം സാധിച്ചു. കൃത്യമായും പ്രമാണബന്ധമാണ് ഇസ്‌റാഉം മിഅറാജും വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും പണ്ഡിത ഏകോപനവും ഇതിലുണ്ട്.നാല്പത്തി അഞ്ചോളം സ്വഹാബികള്‍ ഈ വിഷയത്തില്‍ ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്.

റജബും അനുഷ്ഠാനങ്ങളും
ഒരു മാസത്തിന് കൂടുതല്‍ പവിത്ര കല്പ്പിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അതിന്റെ ദിനരാത്രങ്ങള്‍ പരമാവധി ആരാധന ധന്യമാക്കണമെന്നാണര്‍ത്ഥം. ഈ മാസം മുഴുവന്‍ നോമ്പനുഷ്ഠിക്കല്‍ പ്രത്യേകം സുന്നത്തുള്ളതായി ഇമാം ഇബ്‌നുഹജര്‍ തങ്ങള്‍ പ്രസ്ഥാവിക്കുന്നുണ്ട്. റജബ് മാസത്തില്‍ പ്രത്യേക നിസ്‌കാരം ഇല്ല, അത്‌പോലെ റജബിലെ ആദ്യത്തെ വെള്ളിയാഴ്ച രാവില്‍ ഇശാ – മഗ്രിബിനിടയിലെ പന്ത്രണ്ട് റകഅത്ത് നിസ്‌കാരവും പ്രമാണബദ്ധമല്ല.ഇത് മോശമായ ബിദ്അത്താണെന്ന് ഇബ്‌നുഹജര്‍ തങ്ങള്‍ തുഹ്ഫയില്‍ പരാമര്‍ശിച്ചത് കാണാം.

മിഅറാജ് നോമ്പും പ്രാമാണികതയും
റജബ് മാസം ഇരുപത്തി ഏഴിന് അഥവാ മിഅറാജ് ദിനം പ്രത്യേക നോമ്പാനുഷ്ഠിക്കല്‍ നമ്മില്‍ നിത്യമാണ്. ഇത് വളരെ ശ്രേഷ്ഠവും പുണ്യവുമാണ്.ഹുജ്ജത്തുല്‍ ഇസ്ലാം ഇമാം ഗസ്സാലി അവിടുത്തെ ഇഹ്യയില്‍ രേഖപ്പെടുത്തുന്നു : അബൂഹുറൈറ (റ) ല്‍ നിന്ന് നിവേദനം നബി (സ)പറയുന്നു : റജബ് ഇരുപത്തി ഏഴിനുള്ള നോമ്പ് അറുപത് മാസത്തെ നോമ്പിന് തതുല്യമാണ്. റജബ് ഇരുപത്തിഏഴിന്റെ പകലില്‍ നോമ്പനുഷ്ഠിച്ചും രാത്രി നിസ്‌കരിച്ചും ധന്യരാകുന്നത് നൂറ് കൊല്ലത്തെ ഇബാദത്തുകള്‍ക്ക് തുല്യമാകുന്നുവെന്ന് ഗൗസുല്‍ അഅളം അവിടുത്തെ ഗുന്‍യത്തില്‍ രേഖപ്പെടുത്തിയതായി കാണാം. കൂടാതെ മറ്റു കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളിലും പ്രസ്തുത നോമ്പിന് പ്രേരണ ഉണ്ട്.മാത്രമല്ല അയ്യാമു സൂദില്‍ നോമ്പനുഷ്ഠിക്കല്‍ പ്രത്യേക സുന്നത്തുണ്ട്.

റജബും പ്രത്യേക പ്രാര്‍ത്ഥനയും
അനസ് (റ) പറയുന്നു : റജബ് മാസം ആഗതമായാല്‍ തിരുനബി ഇങ്ങനെ പ്രാര്‍ത്ഥിക്കല്‍ പതിവായിരുന്നു. അല്ലാഹുവേ റജബിലും ശഅബാനിലും നീ ഞങ്ങള്‍ക്ക് ബര്‍കത് ചൊരിയേണമേ, റമളാനിലേക്ക് ഞങ്ങളെ നീ എത്തിക്കുകയും ചെയ്യണേ. പ്രസ്തുത പ്രാര്‍ത്ഥന നമ്മുടെ നാടുകളിലും പതിവാണ്.റജബ് എന്നത് മുന്‍സരിഫ് ആയി അഥവാ ദുആയില്‍ റജബിന്‍ എന്ന് പറയലാണ് അഭികാമ്യം എന്നാല്‍ റജബ എന്നായാലും തെറ്റില്ല. ഇമാം ഇബ്‌നു സുന്നിയുടെ അമലുല്‍ യൗമിവല്ലൈലയില്‍ ഉദ്ധരിക്കപ്പെട്ട ഹദീസില്‍ ശഹ്‌റ റമളാന്‍ എന്നുള്ളത് കൊണ്ട് ശഹ്‌റോട് കൂടെയും മറിച്ചും പ്രാര്‍ത്ഥനയില്‍ കൊണ്ട് വരാം. ശഅബാനില്‍ പ്രവേശിച്ചാല്‍ റജബ് എന്നത് ദുആയില്‍ നിന്ന് കളയേണ്ടതില്ല, അങ്ങനെ ചെയ്യുന്നതില്‍ അര്‍ത്ഥശൂന്യതയില്ല, ഹദീസിന്റെ പദങ്ങളെ അക്ഷരം പ്രതി പിന്‍പറ്റലാണ് അഭികാമ്യം

അല്ലാഹുവിന്റെ മാസമായ റജബ് നമ്മിലേക്ക് ആഗതമാവുമ്പോള്‍ ഓരോ വിശ്വാസിയുടെയും മനന്ത്വരങ്ങളില്‍ അനുപൂതി നിറയണം. റമളാനിലെ സുകൃതങ്ങളെ കൊയ്യാന്‍ വിശ്വാസി ഹൃദയങ്ങള്‍ സജ്ജമാവുന്നത് റജബിലൂടെയും ശഅബാനിലൂടെയും ആണ്. ആത്മീയാനന്ദത്തിന്റെ വിശുദ്ധ റമളാനില്‍ ധാനത്തിനും ധ്യാനത്തിനും ധര്‍മ്മത്തിനും കര്‍മ്മത്തിനും സഹനത്തിനും സേവനത്തിനും തുടങ്ങി അഖില കര്‍മ്മങ്ങള്‍ക്കും നമ്മുടെ മനസ്സും ദേഹവും സജ്ജമാവണമെങ്കില്‍ റജബെന്ന പടിവാതില്‍ പ്രശോഭിക്കേണ്ടതുണ്ട്.

About Ahlussunna Online 1301 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*