റബീഉല്‍ അവ്വല്‍ മാസം കടന്നുവരുമ്പോള്‍ ഓരോ സത്യവിശ്വാസിയുടെ ഹൃദയവും എന്തെന്നില്ലാത്ത ആനന്ദം കൊള്ളുകയാണ്. പരിശുദ്ധ റസൂല്‍ (സ) തങ്ങളുടെ ജന്മദിനം ഉള്‍ക്കൊള്ളുന്ന ഈ പരിശുദ്ധ മാസത്തില്‍ വിശ്വാസിക്ക് ചെയ്തുതീര്‍ക്കാന്‍ കടമകളേറെയാണ്. അവിടുത്തെ അപദാനം പാടിയും പറഞ്ഞു പങ്കുവെച്ചും മൗലിദ് ആഘോഷിക്കല്‍ ഓരോ വിശ്വാസിയുടെയും ഈമാനിന്റെ ഭാഗത്തില്‍ പെട്ടതാണ്. ഈ പ്രപഞ്ചം തന്നെ പടക്കാന്‍ കാരണക്കാരനായ തിരുനബി (സ)തങ്ങളുടെ ജന്മദിനത്തില്‍ അവിടുത്തെ അപദാനങ്ങള്‍ പാടിപുകഴ്ത്തി ആഘോഷിച്ചില്ലെങ്കില്‍ പിന്നെ എപ്പോള്‍ വിശ്വാസി ആഘോഷിക്കും. ഓണവും ക്രിസ്തുമസും അങ്ങാടികളില്‍ മത മൈത്രിയുടെ പേരു പറഞ്ഞാഘോഷിക്കുമ്പോള്‍ മറുവശത്ത് മൗലീദാഘോഷമേറെ തെറ്റിദ്ധരിപ്പിക്കപ്പെടുകയാണ്.തങ്ങളെന്താഘോഷിക്കണം, എന്ത് ആഘോഷിക്കരുത് എന്ന ബോധം വിശ്വാസിഹൃദയങ്ങളില്‍ ഉണ്ടാവണം.ഒപ്പം, താന്‍ ആഘോഷിക്കുന്നത് യഥാര്‍ത്ഥമായി അഹ് ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ ആശയാദര്‍ശങ്ങള്‍ക്ക് യോജിച്ചതാണെന്ന ദൃഢനിശ്ചയവും.
പരിശുദ്ധ റസൂല്‍(സ) തങ്ങളുടെ മൗലിദ് ആഘോഷിക്കുന്നതിന് യോഗ്യരായ ഇമാമുകള്‍ രേഖപ്പെടുത്തി വെക്കുന്നത് അത് നബി(സ )തങ്ങളോടുള്ള ബഹുമാനത്തിന്റെയും ബഹുമാനം പ്രകടമാക്കുന്നതിന്റെയും പരിധിയില്‍ പെടുന്നതാകുന്നു. ബഹുമാനപ്പെട്ട സുയൂത്വി ഇമാം പറയുന്നു:”തിരുനബി(സ)തങ്ങളുടെ മൗലിദ് ആഘോഷത്തിന്റെ പ്രവര്‍ത്തനം ഇങ്ങനെയാണ് ജനങ്ങളാകെ ഒരുമിച്ചുകൂടിയതിന് ശേഷം പരിശുദ്ധ ഖുര്‍ആനില്‍ നിന്നും തിരുനബി(സ )തങ്ങളുടെ ആഗമന സംഭവങ്ങളെയും അവിടുത്തെ ജന്മദിനത്തിലെ ദൃഷ്ടാന്തങ്ങളെയും ഉള്‍ക്കൊള്ളിക്കുന്ന ഹദീസുകളില്‍ നിന്നും അല്പം പാരായണം ചെയ്യുക, ശേഷം ഒരു സുപ്ര വിരിക്കപ്പെടുകയും അതില്‍നിന്നും ഭക്ഷിക്കുകയും ചെയ്തു പിരിഞ്ഞു പോവുക.ഇതിനുമപ്പുറം മറ്റൊന്നുമല്ല.ഇത് ബിദ്അത്തുന്‍ ഹസനയാണ്( പുതുതായി വന്ന നല്ല കാര്യം). തിരുനബി തങ്ങളുടെ മഹത്വത്തെ ബഹുമാനിക്കുകയും പവിത്രമാക്കപ്പെട്ട അവിടുത്തെ ജന്മദിനം കൊണ്ട് സന്തോഷം പ്രകടിപ്പിക്കുകയും സന്തോഷ വാര്‍ത്ത അറിയിക്കുകയും ചെയ്യുന്നതിനാല്‍ മൗലിദ് ആഘോഷത്തിന് അല്ലാഹുവിന്റെ അടുക്കല്‍ നിന്ന് പ്രതിഫലം ലഭിക്കുന്നതാണ്”. ( ഹാവില്‍ ഫ ത്താവ -221/1). ചുരുക്കിപ്പറഞ്ഞാല്‍ ഇതാണ് മൗലീദ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിനുമപ്പുറം വിശ്വാസപരമായ കാര്യങ്ങള്‍ക്ക് വിഘ്‌നം സംഭവിപ്പിക്കുന്ന ഒന്നും തന്നെ ഇതിലില്ല.നബിദിനത്തില്‍ പാരായണം ചെയ്യപ്പെടുന്ന തിരുനബി (സ) തങ്ങളുടെ ജീവിതവും അവിടുത്തെ മഹത്വവും പവിത്രതയും ഉള്‍ക്കൊള്ളുന്ന ഹദീസുകളിലൂടെ വിശ്വാസിഹൃദയങ്ങള്‍ സ്ഫുടം ചെയ്‌തെടുക്കാനും തിരുനബി (സ) തങ്ങളുടെ ജീവിതം മാതൃകയാക്കാനുമുള്ള ഒരു വലിയ വഴി തുറക്കപ്പെടുകയാണ്. ആകയാല്‍ മൗലിദാഘോഷം തിരുനബിചര്യകള്‍ക്ക് നിരക്കാത്തതും, പ്രവാചകരോ അവിടുത്തെ സ്വഹാബത്തോ നബിദിനം ആഘോഷിച്ചിട്ടില്ലെന്നും അതിനാല്‍ അത് ബിദ്അദത്താണെന്നും വാദിക്കുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല. തിരുനബി (സ ) തങ്ങളുടെ സുന്നത്തിന്ന് പുറമേയുള്ള കാര്യങ്ങള്‍ കൊണ്ടുവരിക എന്നത് ബിദ്അത്ത് തന്നെ. പക്ഷേ ബിദ്അത്ത് (പുതുതായത്) രണ്ടുതരം ഉണ്ട് . ബിദ്അത്ത് ഹസനയും(നല്ലത് )ബിദ്അത്ത് സയ്യിഅത്തും(മോശം). ഷാഫിഈ ഇമാം(റ ) ന്റെ വാക്കുകള്‍ ഇമാം ഇബ്‌നു ഹജറുല്‍ അസ്ഖലാനി(റ )പറഞ്ഞു വെക്കുന്നു:”ബിദ്അത്ത് രണ്ടുവിധമാണ്. സ്തുത്യര്‍ഹവും,ആക്ഷേപാര്‍ഹവും. തിരു നബി(സ )യുടെ സുന്നത്തിനോട് യോജിച്ചതാണെങ്കില്‍ അത് സുതുത്യര്‍ഹമായതും അതിനോട് എതിരായതാണെങ്കില്‍ അത് ആക്ഷേപാര്‍ഹവുമാണ്(അല്‍ മസ്ദറുസ്സാബിക്). തിരുനബി(സ)യുടെ അപദാനങ്ങള്‍ പാടിപ്പുകഴ്ത്തുന്നത് അവിടുന്ന് വല്ലാതെ ഇഷ്ടപ്പെട്ടിരിന്നു.ഹസ്സാനുബുന്‌സാബിത്ത്( റ) ന് നബി(സ )തങ്ങള്‍ അവിടുത്തെ മദ്ഹ് പാടിപുകഴ്ത്തിയതിന് മിമ്പര്‍ പണിത് കൊടുക്കുകയും അദ്ദേഹത്തിനു വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്തത് ഹദീസുകളില്‍ കാണാം. അപ്പോള്‍ മൗലിദാഘോഷം തിരുസുന്നതിന് വിരുദ്ദമല്ലെന്നും പ്രോത്സാഹജനകമാണെന്നും വ്യക്തമായി.
തിരു നബി(സ)യുടെ കാലത്ത് ഇല്ലാത്തതും അവിടുന്ന് ചെയ്യാത്തതും ആണെന്നാണ് അടുത്ത വാദം. തിരു നബി(സ) ചെയ്യാത്ത ഒരുപാട് കാര്യങ്ങള്‍ സ്വഹാബത്തും അതിന് ശേഷമുള്ളവരും ചെയ്തതായി പ്രാമാണിക ഗ്രന്ഥങ്ങളിലൂടെ വ്യക്തമായ കാര്യമാണ്.ഖുര്‍ആന്‍ എഴുതി ക്രോഡീകരിച്ചത് ഈ ഗണത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒന്നാണ്.തിരു നബി (സ ) തങ്ങള്‍ ചെയ്യാത്ത ഈ കാര്യം ചെയ്യുക വഴി ഖുര്‍ആനിന് സംരക്ഷണവും ഉമ്മത്തിന് കാവലാവുകയുമാണ് ഉണ്ടായത്. ഉമര്‍ (റ )തറാവീഹ് ഒറ്റ ഇമാമിന് കീഴിലായി നിര്‍വ്വഹിക്കാന്‍ പറഞ്ഞതും,ഉസ്മാന്‍ (റ) വിന്റെ കാലത്ത് ജുമുഅക്ക് മുമ്പ് രണ്ട് ബാങ്ക് കൊണ്ടുവന്നതും എല്ലാം ഈ ഗണത്തില്‍പ്പെടുന്നു. അപ്പോള്‍ ഇത് ബിദ്അത്തുല്‍ ഹസനയില്‍പ്പെടുന്നത് പോലെ തന്നെ മൗലിദ് ആഘോഷവും ബിദ്അത്തുല്‍ ഹസനയില്‍ പെടുന്നു. ‘നിങ്ങള്‍ എന്റെ റഹ്‌മത്ത് കൊണ്ടും ഫള്‌ലു കൊണ്ടും പറയുകയും സന്തോഷിക്കുകയും ചെയ്യുക ‘ (യൂനുസ് 58 ) എന്ന് അല്ലാഹു അവന്റെ പരിശുദ്ധ ഖുര്‍ആനിലൂടെ പറഞ്ഞു വെക്കുന്നു.
ഈ റഹ്‌മത്ത് കൊണ്ട് ഉദ്ദേശിക്കുന്നത് തിരു നബി (സ ) തങ്ങള്‍ ആണെന്ന് മുഫസ്സിരീങ്ങള്‍ രേഖപ്പെടുത്തി വെക്കുന്നു.ഈ ആയത്ത് സംബന്ധമായി ഇബ്‌നു അബ്ബാസ്(റ)വിനെ തൊട്ട് അബൂ ഷെയ്ഖ്(റ) എന്നവര്‍ വ്യക്തമാക്കി പറയുന്നു:” അല്ലാഹുവിന്റെ ഫള്‌ല് അത് ഇല്മും അവന്റെ റഹ്‌മത്ത് മുഹമ്മദ് നബി(സ)തങ്ങളുമാണ്. അല്ലാഹു പറയുന്നു ”അങ്ങയെ നാം ലോകത്തിന് റഹ്‌മത്ത് (അനുഗ്രഹം) ആയിട്ടല്ലാതെ അയച്ചിട്ടില്ല”. (അമ്പിയാ -107 )(ദുര്‍മന്‍സൂര്‍).
പരിശുദ്ധമാക്കപ്പെട്ട ഖുര്‍ആനില്‍ നബി(സ )യെ കൊണ്ട് സന്തോഷിക്കാന്‍ പറയുമ്പോള്‍ നബി തങ്ങളോടുള്ള സ്‌നേഹം അത് എല്ലാ മുസ്ലിമിന്റെയും മേല്‍ ശറആക്കപ്പെട്ട കാര്യമായി. എന്നാല്‍ സ്‌നേഹം ഇത്തിബാഇ (പിന്തുടര്‍ച്ച)ലൂടെ മാത്രമല്ല പ്രകടമാക്കപ്പെടേണ്ടത്. ശറആക്കപ്പെട്ട കാര്യമാകുമ്പോള്‍ അത് ഇബാദത്തിന്റെ പരിധിയില്‍പ്പെടുന്നു. ഇബാദത്ത് രണ്ട് വിധമാണ് പ്രത്യേകമായ രൂപമുള്ളത്, രൂപമില്ലാത്തത്. നിസ്‌കാരം,നോമ്പ് ഹജ്ജ് തുടങ്ങിയ കാര്യങ്ങള്‍ ഒന്നാമത്തെ ഗണത്തില്‍ പെടുന്നവയാണ്.കാരണം അതിന് വ്യക്തമായ രൂപം ശറഅ് നിശ്ചയിച്ചിരിക്കുന്നു. എന്നാല്‍ രണ്ടാമത്തെ ഗണത്തില്‍ പെടുന്നവയാണ് നല്ല കാര്യം കൊണ്ട് കല്‍പ്പിക്കുക, തിന്മ കൊണ്ട് വിരോധിക്കുക, ശറഇയായ ഇല്‍മ് പഠിക്കുക തുടങ്ങിയ കാര്യങ്ങള്‍. കാരണം ഇവകള്‍ക്ക് പ്രത്യേകമായ ഒരു രൂപം ശറഅ് നിശ്ചയിച്ചിട്ടില്ല. അപ്പോള്‍ ഇതില്‍ പ്രത്യേകമായ ഇത്തിബാഇന്റെ (പിന്തുടര്‍ച്ച) രൂപം നിര്‍ബന്ധമില്ല. പകരം അതിനോട് യോജിക്കുന്ന കാര്യമായാല്‍ മതി. നബി(സ) തങ്ങളോടുള്ള ഇഷ്ടം പ്രകടമാക്കുന്നതിന് ശറഅ് പ്രത്യേകമായൊരു രൂപം നിര്‍ണയിക്കുന്നില്ല. ആയതിനാല്‍ ശറഇന് എതിരാവാത്ത രീതിയില്‍ പ്രവാചക സ്‌നേഹം വര്‍ധിപ്പിക്കുന്ന ഒരു കാര്യം പുതുതായി കൊണ്ടുവന്നാല്‍ അത് വിലക്കപ്പെടേണ്ടതല്ല.
അനസ് (റ) നെ തൊട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒരു ഹദീസില്‍ ജനങ്ങള്‍ക്ക് ഇമാം നില്‍ക്കുന്ന സമയത്ത് എല്ലാ റക്അത്തിലും സൂറത്ത് ഇഖ്ലാസ് പാരായണം ചെയ്യുന്ന ഒരു വ്യക്തിയെപ്പറ്റി ജനങ്ങള്‍ നബി(സ) തങ്ങളോട് പരാതി പറഞ്ഞു നബി(സ) തങ്ങള്‍ ആ വ്യക്തിയോട് ചോദിച്ചു” എല്ലാ റക്അത്തിലും ഈ സൂറത്ത് ഓതാന്‍ നിന്നെ എന്താണ് പ്രേരിപ്പിക്കുന്നത് ‘. അപ്പോള്‍ ആ വ്യക്തി പറഞ്ഞു”ഞാന്‍ അതിനെ ഇഷ്ടപ്പെടുന്നു” ആ ഇഷ്ടം നിന്നെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കും എന്നായിരുന്നു ആ സമയം അവിടുത്തെ മറുപടി. സ്‌നേഹം പ്രകടിപ്പിക്കുന്നതിന് പ്രത്യേകത രൂപമില്ല എന്നതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണിത്. നബി(സ) തങ്ങളുള്ള മണ്ണിലേക്ക് മൃഗത്തിന്റെ മേല്‍ യാത്ര ചെയ്തു പോവല്‍ എനിക്ക് ലജ്ജയാണ് എന്ന ഷാഫിഈ ഇമാമിന്റെ വാക്കുകളും (ഇഹിയാ ഉലൂമുദ്ദീന്‍ 28/1)വ്യത്യസ്തമായ സ്‌നേഹപ്രകടനത്തിന്റെ മാകുടോദാഹരണമാണ്.
ആഘോഷം ജനിച്ച ദിവസം തന്നെയാകുന്നത് എന്തിന്? എന്നത് മറ്റൊരു ചോദ്യമാണ്. മുസ്ലിം(റ ) സനദുകളോട് കൂടി സ്വഹീഹില്‍ റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ ഖതാദ(റ )വിനെ തൊട്ട് മഹാന്‍ പറയുന്നു :”തിങ്കളാഴ്ച ദിവസത്തെ നോമ്പിനെ പറ്റി നബി (സ)യോട് ചോദിക്കപ്പെട്ടു അപ്പോള്‍ അവിടുന്ന് മറുപടി പറഞ്ഞു : ആ ദിവസമാണ് ഞാന്‍ ജനിച്ചത്,ആ ദിവസം തന്നെയാണ് എനിക്ക് ദിവ്യസന്ദേശമിറക്കപ്പെട്ടതും”. ഇബ്നു ഹജര്‍ (റ) പറയുന്നു : വ്യത്യസ്തമായ ഇബാദത്തുകള്‍ കൊണ്ട് നന്ദി പ്രകടനം (ശുക്ര്‍) സാധ്യമാവും. അതില്‍ പെട്ടതാണ് സുജൂദും, നോമ്പും ,സ്വാദഖയും ഖുര്‍ആന്‍ പാരായണവുമെല്ലാം” . (ഫതാവ).നബി(സ) തങ്ങളുടെ ജന്മദിനത്തില്‍ നോമ്പ് അനുഷ്ടിച്ചുകൊണ്ട് അവിടുന്ന് നന്ദി രേഖപ്പെടുത്തുന്നു എന്നുള്ളത് വ്യക്തമാകുന്നു. മാത്രമല്ല തിരുപ്പിറവിയില്‍ സന്തോഷിച്ച അവിശ്വാസിയായ അബൂലഹബിന് എല്ലാ തിങ്കളാഴ്ചയും ശിക്ഷയില്‍ ഇളവ് ലഭിക്കുന്നവെങ്കില്‍ വിശ്വാസികളായ സമൂഹം നബിദിനത്തില്‍ സന്തോഷം പ്രകടിപ്പിച്ചാല്‍ ലഭിക്കുന്ന കൂലി എത്രയായിരിക്കും.
എന്തിനാണ് പന്ത്രണ്ടിന് തന്നെ ആഘോഷിക്കുന്നത് അന്നേദിവസം തന്നെയല്ലേ നബി(സ) തങ്ങള്‍ വഫാത്തായതും? എന്നത് വിശ്വാസികള്‍ക്ക് മുമ്പില്‍ വെക്കുന്ന മറ്റൊരു ചോദ്യമാണ്. സുയൂഥ്വി ഇമാം പറയുന്നു: ”തിരുനബി തങ്ങളുടെ ജനനം വലിയൊരു അനുഗ്രഹമാണ്.അവിടുത്തെ വേര്‍പാട് വലിയൊരു പ്രതിസന്ധിയുമാണ്. നിഅ്മത്തുകളുടെ മേല്‍ നന്ദി രേഖപ്പെടുത്താനും പ്രതിസന്ധികളുടെ മേല്‍ ശാന്തതയും, നിശബ്ദതയും ക്ഷമയും കൈകൊള്ളാനും ശരീഅത്ത് പ്രേരിപ്പിക്കുന്നു. ശറഅ് ജനനസമയത്ത് ഹഖീക്കത്ത് അറുക്കാന്‍ കല്‍പ്പിക്കുന്നത് അത് ജനനം കൊണ്ടുള്ള സന്തോഷവും നന്ദിയും രേഖപ്പെടുത്തലായിട്ടാണ്. എന്നാല്‍ മരണവേളയില്‍ അറവുകൊണ്ടോ മറ്റോ കല്‍പ്പിക്കുന്നില്ല. മാത്രമല്ല അട്ടഹാസത്തെ തൊട്ടും ഖേദം പ്രകടിപ്പിക്കുന്നതിനെ തൊട്ടും വിരോധിക്കുക കൂടി ചെയ്തിരിക്കുന്നു. അപ്പോള്‍ ശരീഅത്തിന്റെ ഈ നിയമം അറിയിക്കുന്നത് ഈ മാസത്തില്‍ തിരുനബി തങ്ങളുടെ ജന്മദിനം കൊണ്ട് സന്തോഷം പ്രകടിപ്പിക്കലാണ് നല്ല കാര്യം എന്നതാണ്, അല്ലാതെ അവിടുത്തെ വേര്‍പാട് കൊണ്ട് ദുഃഖം പ്രകടിപ്പിക്കലല്ല.
മേല്‍ ഉദ്ധരിച്ചതും അല്ലാത്തതുമായി മൗലീദ് ആഘോഷം ഇസ്ലാമിക രീതിശാസ്ത്രങ്ങള്‍ക്ക് യോജിച്ചതും അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ ഗണത്തില്‍ പെടുന്നതാണെന്നും വ്യക്തമായി തെളിഞ്ഞ കാര്യമാണ്.ഏറ്റവും നല്ലൊരു സമുദായത്തിന്റെ ഉത്തമനായൊരു നേതാവ് തിരു നബി(സ) തങ്ങളെ കുറിച്ചുള്ള സ്മരണകള്‍ പുതുക്കുകയും സ്മരണകളില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളുകയും
ആഘോഷിക്കുകയും ചെയ്യുന്നതില്‍ ബിദ്അത്തിന്റെ പേര് വെച്ച് സൃഷ്ടിക്കപ്പെടുന്ന പുകമറകളില്‍ നിന്നും രക്ഷനേടല്‍ ഓരോ മുഅ്മിനിന്റെയും മേല്‍ അനിവാര്യമായ കാര്യം തന്നെ .അവിടുത്തോടുള്ള സ്‌നേഹത്തിനു വേണ്ടിയുള്ള ഓരോ അനക്കങ്ങളും ഹൃദയസംശുദ്ധതതക്ക് വേണ്ടിയുള്ളതാണ്.തിരു നബി( സ ) തങ്ങളുടെ മദ്ഹുകള്‍ പറയുന്ന മജ്ലിസുകളും വേദികളുംകൊണ്ടാടണം.കാമില്‍ റസൂലിന്റെ അനുസരണയുള്ള അനുയായിയായെങ്കിലും നാം മാറണം. അള്ളാഹു തൗഫീഖ് നല്‍കട്ടെ… ആമീന്‍.
Be the first to comment