ബംഗാളി സംസാരിക്കുന്ന 28 മുസ് ലിംകളെ വിദേശികളെന്ന് മുദ്രകുത്തി തടവുകേന്ദ്രത്തിൽ അയച്ചിരിക്കുകയാണ് അസം പൊലിസ്. ബാർപേട്ടയിൽ നിന്നുള്ളവരെ 50 കിലോമീറ്റർ അകലെ ഗോൽപ്പാര ജില്ലയിലെ മാട്ടിയയിലുള്ള തടവുകേന്ദ്രത്തിലേക്കാണ് അയച്ചിരിക്കുന്നത്. ജില്ലയിലെ വിവിധഭാഗങ്ങളിൽ നിന്നുള്ള ഇവരെ ഒപ്പിടാനെന്ന പേരിൽ എസ്.പി ഓഫിസിലേക്ക് വിളിച്ചുവരുത്തുകയും നിർബന്ധിച്ച് ബസിൽ കയറ്റി തടവുകേന്ദ്രത്തിലേക്ക് കൊണ്ടുപോവുകയുമായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഇവരെ നേരത്തെ ഡി വോട്ടർമാരായി മാർക്ക് ചെയ്യുകയും അവരുടെ പൗരത്വം മരവിപ്പിക്കുകയും ചെയ്തിരുന്നു. പൗരത്വപ്പട്ടികയ്ക്കും മുമ്പുതന്നെയുള്ളതാണ് ഡി വോട്ടർമാർ എന്ന അസമിലെ ഏറ്റവും മനുഷ്യത്വവിരുദ്ധമായ നിയമം. ഡി വോട്ടറെന്നാൽ ഡൗട്ട്ഫുൾ വോട്ടെറന്നർഥം.
എങ്ങനെയാണ് ഡി വോട്ടറെ കണ്ടെത്തുന്നതെന്നതാണ് വിചിത്രം. അസമിൽ ബോർഡർ പൊലിസ് എന്നൊരു വിഭാഗമുണ്ട്. ഓരോ ബോർഡർ പൊലിസ് യൂനിറ്റിന്റെ പരിധിയിലും 15-20 വരെ ഗ്രാമങ്ങളുണ്ടാകും. അവർ ഗ്രാമീണരോട് പൗരനാണെന്ന് തെളിയിക്കുന്ന രേഖ ഫോറിൻ റീജ്യനൽ രജിസ്‌ട്രേഷൻ ഓഫിസിൽ 15 ദിവസത്തിനുള്ളിൽ ഹാജരാക്കാൻ പറയുന്നു. ഹാജരാക്കാൻ സാധിക്കാത്തവരുടെ പേരുകൾ ഫോറിനേഴ്‌സ് ട്രൈബ്യൂണലിന് കൈമാറും. ഒപ്പം അവരെ ഡി വോട്ടറായി പ്രഖ്യാപിക്കും. അയാൾക്ക് പിന്നീട് വോട്ടു ചെയ്യാൻ പറ്റില്ല. ട്രൈബ്യൂണൽ അവർക്ക് പൊലിസ് മുഖേന നോട്ടിസ് അയക്കും. നോട്ടിസ് പ്രസ്തുത വ്യക്തിക്ക് കിട്ടിയാലും ഇല്ലെങ്കിലും അയാളുടെ ഭാഗം കേൾക്കാതെ തന്നെ വിദേശിയായി വിധിക്കാം. അടുത്ത ഘട്ടം പൊലിസിനാണ്. നേരെ ഡിറ്റൻഷൻ ക്യാംപിൽ തള്ളും.
ഒരു വ്യക്തി അനധികൃത കുടിയേറ്റക്കാരനാണെന്ന് മറ്റൊരാൾക്ക് പരാതി നൽകാനാകും. ഇത്തരത്തിൽ പരാതി പല രീതിയിലുണ്ടാകാം. അഴിമതിക്കാരായ ബോർഡർ പൊലിസുകാർ ഗ്രാമങ്ങളിൽ വന്ന് ആളുകളോട് പണം ആവശ്യപ്പെടുകയും അത് കൊടുക്കാത്തതിനാൽ ഡി വോട്ടറാക്കുകയും ചെയ്ത സംഭവങ്ങളുണ്ട്. അവരിൽ പലരും ഡിറ്റൻഷൻ ക്യാംപിൽ കഴിയുന്നുണ്ട്. പലരും വൃത്തികെട്ട ഇത്തരം ക്യാംപുകളിൽ കഴിയുന്നതിന്റെ പേരിൽ അവിടെവച്ച് മരിച്ചുപോയിട്ടുണ്ട്.
സംസ്ഥാനത്ത് ആകെ 1,19,570 ഡി വോട്ടർമാരുണ്ടെന്നും അതിൽ 54,411 പേരെ ട്രൈബ്യൂണലുകൾ ‘വിദേശി’കളായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും ആഭ്യന്തരവകുപ്പ് കഴിഞ്ഞ മാസം നിയമസഭയെ അറിയിച്ചിരുന്നു. അറുപതിലധികം കൊച്ചു കുട്ടികൾ പൗരത്വപ്പട്ടികയിൽനിന്ന് പുറത്തായിട്ടുണ്ട്. മാതാപിതാക്കൾ പൗരത്വപ്പട്ടികയിലുണ്ട്. അതായത് ഇന്ത്യൻ പൗരരാണ്. അവരുടെ കുഞ്ഞുങ്ങൾ പൗരത്വപ്പട്ടികയിലില്ല. മുസ് ലിംകളല്ലാത്തവരെ ഡി വോട്ടർമാരായി റിപ്പോർട്ട് ചെയ്യരുതെന്ന് അസം ബോർഡർ പൊലിസിനോട് സംസ്ഥാന സർക്കാർ നിർദേശം നൽകിയിരുന്നു. വിവാദമായ പൗരത്വഭേദഗതി നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായിരുന്നു അത്. ഇപ്പോൾ വിദേശികളായി മുദ്രകുത്തിയവരിൽ 28 പേരും മുസ് ലിംകളാണെന്നോർക്കണം. പൗരത്വനിയമഭേദഗതി രാജ്യത്തെ പൗരരായ മുസ് ലിംകളെ പൗരത്വം ഇല്ലാതാക്കി തടവറയിൽ തള്ളാനാണെന്ന വാദത്തെയാണ് ഈ സംഭവം ശരിവച്ചിരിക്കുന്നത്.
2016ൽ പൗരത്വനിയമഭേദഗതി ബിൽ മോദി സർക്കാർ ആദ്യം കൊണ്ടുവരുമ്പോൾ ഇല്ലാത്തൊരു വകുപ്പ്, അനുച്ഛേദം മൂന്ന്, രണ്ടാമത് കൊണ്ടുവന്നപ്പോൾ അമിത്ഷാ ഉൾപ്പെടുത്തിയിട്ടുണ്ട്. പൗരത്വവുമായി ബന്ധപ്പെട്ട് നേരത്തെയുണ്ടായിരുന്ന നടപടിക്രമങ്ങളെല്ലാം അപ്രസക്തമാണെന്നതായിരുന്നു ഇത്. അസമിലെ ഹിന്ദുക്കളായ ഡി വോട്ടർമാരെയും പൗരത്വപ്പട്ടികയിൽനിന്ന് പുറത്തായ ഹിന്ദുക്കളെയും തടവുകേന്ദ്രത്തിലയക്കുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. 2016ൽ ബിൽ കൊണ്ടുവരുമ്പോൾ അസം പൗരത്വപ്പട്ടിക പ്രസിദ്ധീകരിച്ചിരുന്നില്ല. ഇത്രയധികം ഹിന്ദുക്കൾ പട്ടികയിൽനിന്ന് പുറത്താകുമെന്നും കരുതിയിരുന്നില്ല. അങ്ങനെ സംഭവിച്ചപ്പോഴാണ് മുസ്‌ലിംകളെ മാത്രം ഒഴിവാക്കാൻ സഹായിക്കുന്ന ഈ വകുപ്പ് നിലവിൽ നിയമമായ ബില്ലിൽ ഉൾപ്പെടുത്തിയത്. ഹിന്ദു ബംഗാളികളുടെ ഡി വോട്ടർ പ്രശ്‌നം ആറ് മാസത്തിനകം പരിഹരിക്കുമെന്ന് പ്രഖ്യാപിച്ചത് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ നേരിട്ടാണ്.
ഡി വോട്ടർമാരെ പൗരരല്ലാത്തവരായി പ്രഖ്യാപിക്കുന്നത് സമ്പൂർണ ജുഡീഷ്യൽ സംവിധാനം പോലുമല്ലാത്ത ഫോറിനേഴ്‌സ് ട്രൈബ്യൂണലുകളാണെന്നതാണ് മറ്റൊരു ദുരന്തം. 1946ലെ വിദേശി നിയമപ്രകാരം അനധികൃത കുടിയേറ്റ കേസുകൾ കൈകാര്യം ചെയ്യുന്നതിന് രൂപീകരിച്ച അർധ ജുഡീഷ്യൽ സമിതികളാണ് ഫോറിനേഴ്‌സ് ട്രൈബ്യൂണലുകൾ. നിശ്ചിതകാലം അഭിഭാഷക ജോലി ചെയ്ത പാരമ്പര്യമുണ്ടെങ്കിൽ ട്രൈബ്യൂണൽ അധ്യക്ഷരായി നിയമിക്കപ്പെടാം. നിയമനം നടത്തുന്നത് സർക്കാരാണ്. ഇവരാണ് ആളുകളെ വിദേശികളാണെന്ന് തീരുമാനിക്കുന്നത്. ട്രൈബ്യൂണലിൽ ശരിയായ വിചാരണപോലും നടക്കാറില്ല. അസമിലുടനീളം ഇത്തരത്തിൽ നൂറോളം ട്രൈബ്യൂണലുകളുണ്ട്. ഭരണകക്ഷിയായ ബി.ജെ.പി ഉൾപ്പെടെയുള്ളവർ ബംഗാളി മുസ് ലിംകളെ ‘നുഴഞ്ഞുകയറ്റക്കാരും’ അസമികളുടെ സ്വത്വത്തിന് ഭീഷണിയായവരുമായാണ് കണക്കാക്കുന്നത്. എന്നാൽ ഹിന്ദു കുടിയേറ്റക്കാരെ ബി.ജെ.പി ഭീഷണിയായി കണക്കാക്കുന്നില്ല. ഇവർക്ക് നിയമഭേദഗതിയിലൂടെ പൗരത്വവും ലഭിക്കും.
നിരവധി സംസ്‌കാരങ്ങളും ഭാഷകളുമുള്ള അസമിൽ യഥാർഥ അസമികളെ എങ്ങനെ നിശ്ചയിക്കുമെന്ന കാര്യത്തിൽ തർക്കമുണ്ട്. അസമികൾക്ക് മാത്രമായി സംസ്ഥാനത്ത് പ്രത്യേക നിയമപരിരക്ഷയൊരുക്കണമെന്ന നിർദേശമാണ് 1985ൽ ഒപ്പിട്ട അസം കരാറിലുള്ളത്. അനവധി ഗോത്രവിഭാഗങ്ങളും അവർക്കെല്ലാം സ്വന്തമായി ഭാഷയും അസമിലുണ്ട്. 1971 മാർച്ച് 24ന് കുടിയേറിയവരെല്ലാം അസമികളാണെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് അസം പൗരത്വപ്പട്ടിക തയാറാക്കിയത്. ബംഗാളി സംസാരിക്കുന്ന ഹിന്ദുക്കളും മുസ് ലിംകളും വലിയതോതിൽ കുടിയേറുന്നുവെന്ന ആരോപണമുയർത്തിയാണ് 1979 മുതൽ 85 വരെയുള്ള അസം പ്രക്ഷോഭമുണ്ടായത്. ഇതേത്തുടർന്നായിരുന്നു അസം കരാർ. പൗരത്വം നിശ്ചയിക്കാൻ ഹിന്ദുക്കൾക്കും മുസ്്ലിംകൾക്കും രണ്ടു വ്യവസ്ഥകൾ വേണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം. മുസ്്ലിംകൾക്ക് 1971ഉം ഹിന്ദുക്കൾക്ക് 1940ഉം ആയിരിക്കണം പൗരത്വം ലഭിക്കാനുള്ള കുടിയേറ്റ തീയതിയായി പ്രഖ്യാപിക്കേണ്ടതെന്നാണ് അസം ബി.ജെ.പി ആവശ്യപ്പെടുന്നത്.
നിലവിൽ പൗരത്വമില്ലാതാക്കി തടവുകേന്ദ്രത്തിൽ തള്ളിയ 28 പേരുടെ കുടുംബം അസമിൽത്തന്നെയുണ്ട്. കുടുംബത്തിൽനിന്ന് വേർപിരിച്ചാണ് വിചിത്ര നടപടികളിലൂടെ അവരെ തടവുകേന്ദ്രങ്ങളിൽ നരകിക്കാൻ വിട്ടിരിക്കുന്നത്. അസം വലിയ മാനുഷിക ദുരന്തത്തിലേക്കാണ് നീങ്ങുന്നതെന്ന കാര്യത്തിൽ തർക്കമില്ല. Read more at: https://www.suprabhaatham.com/editorial?id=224&link=
Be the first to comment