എറണാകുളം: ജില്ലയില്‍ ഭൂമി തരംമാറ്റുന്നതിനായി ലഭിക്കുന്ന അപേക്ഷകളിലെ നടപടിക്രമങ്ങളില്‍ കാലതാമസം വരുത്തരുതെന്ന നിര്‍ദേശവുമായി ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്. റവന്യു ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗത്തിലാണ് കലക്ടറുടെ നിര്‍ദേശം. ഭൂമി തരംമാറ്റല്‍ നടപടി വൈകിയതില്‍ മനംനൊന്ത് പറവൂര്‍ സ്വദേശി സജീവന്‍ ആത്മഹത്യ ചെയ്ത സംഭവം വിവാദമായതിനെ തുടര്‍ന്നാണ് കലക്ടര്‍ അടിയന്തര യോഗം വിളിച്ചത്.
അപേക്ഷകളില്‍ സമയബന്ധിതമായി പരിഹാരം കാണണം. നിലവിലെ നിയമപ്രകാരം നടപടിക്രമങ്ങളില്‍ മാറ്റം വരുത്താനാകില്ല. എങ്കിലും അപേക്ഷകളില്‍ പ്രായോഗികമായി ഉണ്ടാകുന്ന താമസം ഒഴിവാക്കാന്‍ കഴിയും.
അപേക്ഷയുമായി വരുന്നവരുടെ ആവശ്യം ന്യായമാണെന്ന് ബോധ്യപ്പെട്ടാല്‍ മാനുഷിക പരിഗണന കൂടി കണക്കിലെടുത്ത് വേഗത്തില്‍ പരിഹാരമുണ്ടാക്കണം. ഓഫിസില്‍ വരുന്ന ജനങ്ങളോട് സൗമ്യമായി പെരുമാറണമെന്നും കലക്ടര്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
Be the first to comment