ന്യൂഡല്‍ഹി: കസ്തൂരിരംഗന്‍ കരടു റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്ത പരിസ്ഥിതി ലോല മേഖലകളില്‍ (ഇഎസ്എ) മാറ്റംവരുത്തരുതെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍. കേരളത്തിലെ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കരടില്‍ മാറ്റം വരുത്തുന്നത് പരിസ്ഥിതിക്ക് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്നു ജസ്റ്റിസ് എ.കെ ഗോയല്‍ അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു. പരിസ്ഥിതി ലോല മേഖലകളില്‍ നിന്ന് 1343 ചതുരശ്ര കിലോമീറ്റര്‍ ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളുന്നതാണ് പുതിയ ഉത്തരവ്.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ പരിസ്ഥിതിലോല മേഖലയില്‍ നിന്ന് ഏലമലക്കാടുകള്‍, ചതുപ്പുകള്‍, പട്ടയഭൂമി എന്നിവയുള്‍പ്പെടുന്ന പ്രദേശങ്ങള്‍ ഒഴിവാക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. എന്നാല്‍ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഇത് സാധ്യമല്ലെന്ന് ട്രിബ്യൂണല്‍ ചൂണ്ടിക്കാട്ടി. വിജ്ഞാപനം വൈകുന്നതിനെതിരെ ഗോവ ഫൗണ്ടേഷന്‍ നല്‍കിയ ഹരജിയിലാണ് പുതിയ നിര്‍ദേശം.
കരടുവിജ്ഞാപനത്തിന്റെ കാലാവധി അവസാനിച്ചതിനാല്‍ ആറുമാസത്തിനകം അന്തിമവിജ്ഞാപനം പുറപ്പെടുവിക്കണമെന്നും കേന്ദ്രസര്‍ക്കാരിനോട് ട്രിബ്യൂണല്‍ നിര്‍ദേശിച്ചു. അന്തിമവിജ്ഞാപനം വരുന്നതുവരെ കരടുവിജ്ഞാപനത്തിന്റെ പരിധിയിലുള്ള പ്രദേശങ്ങളില്‍ പദ്ധതികള്‍ക്കു പാരിസ്ഥിതിക അനുമതി നല്‍കരുതെന്നും ഉത്തരവില്‍ പറയുന്നു.
Be the first to comment