കോഴിക്കോട്- പാലക്കാട്‌ ഗ്രീൻഫീൽഡ് പാത; പുതുക്കിയ പദ്ധതിരേഖ ഉടൻ സമർപ്പിക്കും

പന്തീരാങ്കാവ് (കോഴിക്കോട്): കോഴിക്കോട്- പാലക്കാട്‌ ഗ്രീൻഫീൽഡ് പാതയുടെ പുതുക്കിയ പദ്ധതിരേഖ ഉടൻ സമർപ്പിക്കും. ഇതിന്‌ അംഗീകാരം ലഭിച്ചാൽ നിർമാണം ആരംഭിക്കും. കാൽനട യാത്ര പൂർണമായും ഒഴിവാക്കിയിട്ടുണ്ട്‌. ഇരുചക്ര വാഹനങ്ങൾ കൂടി ഒഴിവാക്കിയുള്ള രൂപരേഖ നൽകാനാണ് ദേശീയപാത അതോറിറ്റി ആവശ്യപ്പെട്ടിട്ടുള്ളത്.

ആദ്യ രൂപരേഖയിൽ വിവിധയിടങ്ങളിൽ റോഡുകൾ കൂടിച്ചേരുന്നുണ്ട്‌. പുതിയതിൽ പാതകൾ ചേരുന്നത്‌ കുറവാണ്‌. ഇത് അംഗീകരിക്കുന്നതോടെ നാലുചക്ര, ഹെവി വാഹനങ്ങൾക്ക് മാത്രമാകും പ്രവേശനം. പരമാവധി വേഗം 100 കിലോമീറ്ററാക്കി നിജപ്പെടുത്തി. പദ്ധതിക്ക്‌ അനുവദിച്ച തുകയിലും മാറ്റംവരുത്താൻ ദേശീയപാത അതോറിറ്റി തീരുമാനിച്ചിട്ടുണ്ട്. ആദ്യം അനുവദിച്ച 10,818 കോടിയിൽ 4000 കോടി രൂപ ഭൂമി ഏറ്റെടുക്കാനും 6,818 കോടി നിർമാണങ്ങൾക്കുമാണ്.
വനം–വന്യജീവി സൗഹൃദമായാണ് പാതയൊരുങ്ങുക. ആകെ ഏറ്റെടുക്കേണ്ടത് 1,320 ഏക്കർ ഭൂമിയാണ്. അതിൽ 330 ഏക്കർ കാടിനോട്‌ ചേർന്നുള്ളതാണ്‌.

മണ്ണാർക്കാട് മേഖലയിൽ മൃഗങ്ങൾക്ക്‌ മാത്രമായി അടിപ്പാത ഒരുക്കും. വന്യജീവികളുടെ സുരക്ഷയ്‌ക്കായി മന്ത്രാലയം നിർദേശിച്ച നിർമാണങ്ങൾകൂടി ഉൾപ്പെടുത്തുമെന്ന് പ്രോജക്ട്‌ ഡയരക്ടർ അൻസിൽ ഹസൻ പറഞ്ഞു. പദ്ധതിക്കാവശ്യമായ ഭൂമിയേറ്റെടുക്കൽ 95 ശതമാനം പൂർത്തിയായി. ഭൂമിരാശി പോർട്ടൽ വഴിയാണ്‌ സ്ഥലമുടമകൾക്ക്‌ തുക വിതരണം. മൂന്നാംഘട്ട ഭൂമിയേറ്റെടുക്കലിലെ 300 പേരുടെ തുക മാത്രമാണ് നൽകാൻ ബാക്കി. ഇതിന്റെ നടപടി പൂർത്തിയായിട്ടുണ്ടെന്ന്‌ ലാൻഡ് അക്വിസിഷൻ ഡെപ്യൂട്ടി കലക്ടർ ജോസഫ് സ്റ്റീഫൻ റോബി അറിയിച്ചു.
നിർദേശങ്ങൾ കൃത്യമായി നടപ്പാകുന്നുണ്ടെന്ന്‌ ആറുമാസം കൂടുമ്പോൾ വിലയിരുത്താൻ സമിതി രൂപീകരിച്ചതായി പരിസ്ഥിതി ആഘാത പഠനം നടത്തിയ എറണാകുളം ആസ്ഥാനമായ അൾട്രാ ടെക് എൻവയോൺമെന്റ്‌ കൺസൾട്ടൻസി ജനറൽ മാനേജർ എ. അനന്ദിത പറഞ്ഞു.

പ്രദേശത്ത്‌ വന്യജീവികളുടെ സാന്നിധ്യം കണ്ടെത്തിയ 134 ഹെക്ടറിൽ സോളാർ ഫെൻസിങ്, ആനകളുടെ സംരക്ഷണത്തിന്‌ തൂക്കുവേലി, റെയിൽ ഫെൻസിങ്, എ.ഐ കാമറ തുടങ്ങിയ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഇതിന്‌ 88 കോടി രൂപ വനം മന്ത്രാലയം അനുവദിച്ചതായി പഠനം നടത്തിയ ചെന്നൈ ആസ്ഥാനമായ സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ സതേൺ റീജ്യണൽ സെന്റർ ഓഫിസർ ഇൻ ചാർജ് ഡോ. കെ.എ സുബ്രഹ്മണ്യൻ പറഞ്ഞു.

About Ahlussunna Online 1431 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*