ത്യാഗത്തിന്‍റെ തീച്ചൂളയില്‍ ജീവിച്ച് ഇലാഹീ സമക്ഷം വിജയം വരിച്ച ഇബ്റാഹീം (അ) ഹാജറ (റ) ദമ്പതികളുടെ പ്രിയ പുത്രനായി ഇസ്മാഈല്‍ (അ) ബൈത്തുല്‍ മുഖദ്ദസില്‍ ഭൂജാതനായി. ഇബ്റാഹീം(അ)ന്‍റെ 99 ാം വയസ്സിലാണ് ഇസ്മാഈല്‍ (അ) ജനിക്കുന്നത്. (ഇബ്നു അബ്ബാസ് (റ))
സാറാ ബീവിയുടെ ദാസിയായിരുന്നു ഹാജറ (റ). ഹാജറ(റ)ക്ക് കുഞ്ഞ് പിറന്നപ്പോള്‍ സാറാ ബീവിക്ക് ഈര്‍ഷ്യത തോന്നുകയും മഹതിയുടെ മൂന്ന് അവയവങ്ങള്‍ ഛേദിക്കുമെന്ന് ശപഥം ചെയ്തുവത്രെ. അതിന് പകരം ഇബ്റാഹീം (അ) കാതു കുത്താന്‍ കല്‍പിക്കുകയും ആ ദ്വാരം സ്വര്‍ണ്ണം കൊണ്ട് അടക്കാനും കല്‍പിച്ചുവെന്ന് ശൈഖ് അബൂ മുഹമ്മദ് ബ്നു അബീ സൈദ്(റ)ന്‍റെ (നവാദിര്‍) എന്ന ഗ്രന്ഥത്തില്‍ പറഞ്ഞിരിക്കുന്നു. സുഹൈലി പറയുന്നു: ‘ആദ്യമായി സ്ത്രീകളില്‍ ചേലാകര്‍മ്മം ചെയ്തതും കാതു കുത്തിയതും കോന്തല താഴ്ത്തിയിട്ടതും ഹാജറാ ബീവിയായിരുന്നു.
ഇബ്നു അബ്ബാസ് (റ) പറയുന്നു: “സ്ത്രീകളില്‍ വെച്ച് ആദ്യമായി അരപ്പട്ടയണിഞ്ഞത് ഹാജറാ ബീവിയായിരുന്നു. സാറാ ബീവിയില്‍ നിന്ന് തന്‍റെ ഗര്‍ഭം മറച്ചുവെക്കാനായിരുന്നു ഇത്”. ശേഷം മുലകുടി പ്രായമായ കുട്ടിയെയും മാതാവിനെയും ഇബ്റാഹീം (അ) സംസമിനടുത്ത വലിയൊരു വൃക്ഷത്തിനരികെ കൊണ്ടുപോയി താമസിപ്പിച്ചു. അക്കാലത്ത് അവിടെയെങ്ങും മനുഷ്യവാസമുണ്ടായിരുന്നില്ല. അവര്‍ക്കു വേണ്ടി ഒരു തോല്‍സഞ്ചിയില്‍ അല്‍പം കാരക്കയും വെള്ളവും നല്‍കി ഇബ്റാഹീം (അ) പിന്തിരിഞ്ഞു പോകാനാഞ്ഞു. തദവസരത്തില്‍ ഇബ്റാഹീം(അ)നെ പിന്തുടര്‍ന്ന് മഹതി ചോദിച്ചു: “ഇബ്റാഹീം, ഞങ്ങളെ ഇവിടെ ആള്‍താമസമില്ലാത്ത വിജന താഴ്വരയില്‍ തനിച്ചാക്കി അങ്ങെവിടേക്കാണ് പോകുന്നത്?’ മഹതി ആവര്‍ത്തിച്ചു ചോദിച്ചിട്ടും ഒന്നു തിരിഞ്ഞുനോക്കുക പോലും ചെയ്തില്ല. ഇത് അല്ലാഹുവിന്‍റെ കല്‍പനയാണോ?” ഇബ്റാഹീം (അ) അതെയെന്ന് പറഞ്ഞു. ഹാജറാ ബീവി ഞങ്ങള്‍ തൃപ്തിപ്പെടുന്നുവെന്ന് പ്രതിവചിച്ചു. നബി പുറപ്പെട്ട് കാണാമറയത്തായപ്പോള്‍ കഅ്ബയിലേക്ക് മുന്നിട്ട് ഇപ്രകാരം ദുആ ചെയ്തു: “ഞങ്ങളുടെ നാഥാ എന്‍റെ ചിലസന്തതികളെ കൃഷിയൊന്നുമില്ലാത്ത ഈ താഴ്വരയില്‍ നിന്‍റെ വിശുദ്ധ ഗേഹത്തിന് സമീപം അവര്‍ കൃത്യമായി നിസ്കാരം നിലനിര്‍ത്താനായി ഞാന്‍ നിവസിപ്പിച്ചിരിക്കുന്നു. അതുകൊണ്ട് ജനഹൃദയങ്ങള്‍ അവനോട് ചായ്വുള്ളതാവുകയും അവര്‍ക്ക് ആഹരിക്കാനായി ഫലങ്ങള്‍ നല്‍കുകയും ചെയ്യണമേ, അവര്‍ കൃതജ്ഞരായേക്കാം”.റാഹീം 37)
മഹതി ഹാജറ (റ) കുട്ടിയെ മുലയൂട്ടുകയും തോല്‍പാത്രത്തില്‍ നിന്ന് വെള്ളം കുടിക്കുകയും ചെയ്തു. വെള്ളം തീര്‍ന്നപ്പോള്‍ ഇരുവര്‍ക്കും ശക്തമായ ദാഹമനുഭവപ്പെട്ടു. കുഞ്ഞിമോന്‍ കാലിട്ടടിക്കാന്‍ തുടങ്ങി. ഈയൊരവസ്ഥയില്‍ കുഞ്ഞിനെ കണ്ട് വിഷമിച്ച മഹതി കഅ്ബയുടെ തൊട്ടടുത്ത സ്വഫാ കുന്നിനെ ലക്ഷ്യമാക്കി നീങ്ങി. സ്വഫാ താഴ്വരയിലെത്തിയപ്പോള്‍ മേല്‍കുപ്പായം അല്‍പം ഉയര്‍ത്തി ചോദിച്ചലയുന്ന മനുഷ്യനെപ്പോലെ ഓടാന്‍ തുടങ്ങി. മഹതി ഓടി മര്‍വാ കുന്നിലെത്തിയപ്പോള്‍ അല്‍പമൊന്ന് നിന്ന് ആരെയെങ്കിലും കാണുന്നുണ്ടോയെന്ന് നോക്കി. ഹാജറാ (റ) ആരെയും കണ്ടില്ല. അവര്‍ അപ്രകാരം ഏഴ് തവണ പ്രവര്‍ത്തിച്ചു. ഇബ്നു അബ്ബാസ് (റ) പറയുന്നു: “നബി തങ്ങള്‍ പറഞ്ഞു: ‘അതുകൊണ്ടാണ് സ്വഫാ മര്‍വ്വക്കിടയില്‍ മനുഷ്യര്‍ സഅ്യ് ചെയ്യുന്നത്”.
ഹാജറാ (റ) മര്‍വ്വയിലെത്തിയപ്പോള്‍ ഒരശരീരി കേട്ടു. അപ്പോള്‍ മഹതി നില്‍ക്കൂ എന്ന് സ്വയം പ്രതിവചിച്ചു. എന്നിട്ട് സശ്രദ്ധം കാതു കൂര്‍പ്പിച്ചു നിന്നു. വീണ്ടും ആശബ്ദം കേട്ടപ്പോള്‍ മഹതി പറഞ്ഞു: “നിങ്ങളുടെ പക്കല്‍ വല്ല സഹായവുമുണ്ടെങ്കില്‍ എന്നെ സഹായിക്കൂ.അന്നേരം സംസം ഉള്ള സ്ഥാനത്ത് ഒരു മാലാഖ പ്രത്യക്ഷപ്പെടുകയും തന്‍റെ ചിറക് കൊണ്ട് വെള്ളം പ്രത്യക്ഷമാകുന്നത് വരെ കഴിക്കുകയും ചെയ്തു.വെള്ളം പ്രവഹിച്ചപ്പോള്‍ മഹതി വെള്ളം ബണ്ട് കെട്ടി നിര്‍ത്തി തന്‍റെ തോല്‍പ്പാത്രം നിറച്ചു.ശേഷം വെള്ളം കവിഞ്ഞൊഴുകാന്‍ തുടങ്ങി”. ഇബ്നു അബ്ബാസ് (റ) പറയുന്നു: “ഇസ്മ്ാഈല്‍ (അ)ന്‍റെ മാതാവിന് അല്ലാഹു റഹ്മത്ത് ചെയ്യട്ടെ.മഹതി സംസമിനെ തടഞ്ഞില്ലായിരുന്നുവെങ്കില്‍ വലിയൊരു അരുവിയാകുമായിരുന്നു”.
മഹതി സംസം പാനം ചെയ്യുകയും കുഞ്ഞിനെ മുലയൂട്ടുകയും ചെയ്തു. അനന്തരം ഒരു മാലാഖ പറഞ്ഞു: “നാശത്തെ പറ്റിയുള്ള ഭീതി വേണ്ട. തീര്‍ച്ചയായും ഇവിടെ ഈ കുഞ്ഞുമോനും അവരുടെ പിതാവും പുനര്‍നിര്‍മിക്കുന്ന അല്ലാഹുവിന്‍റെ ഗേഹമുണ്ട്. അല്ലാഹു അതിന്‍റെ അനുയായികളെ നശിപ്പിക്കുകയില്ല. പുണ്യ ഗേഹം ഭൂമിയില്‍ നിന്ന് ചെറിയ കുന്ന് പോലെ ഉയര്‍ന്നായിരുന്നു നില നിന്നത്. പുണ്യ പ്രളയം ബാധിക്കുകയും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. ജുര്‍ഹും ഗോത്രം അവിടെ എത്തിച്ചേരുന്നത് വരെ ആ നിലയിലായിരുന്നു അവിടം. അവര്‍ മക്കയുടെ താഴ് ഭാഗത്തായിരുന്നു താമസമാക്കിയത്. അപ്പോള്‍ മാനത്ത് പറവകള്‍ ചിറകടിച്ചു പറക്കുന്നത് കണ്ടു. അവര്‍ പറഞ്ഞു :”പക്ഷികളുടെ വട്ടമിട്ട് പറക്കല്‍ നമ്മോട് വാഗ്ദാനം ചെയ്ത നാവിനെയും അവിടെയുളള ജന ലഭ്യതെയുമാണ് അറിയിക്കുന്നത്. അവര്‍ ദൂതനെ അയച്ചപ്പോള്‍ അവിടെ വെള്ളക്കെട്ട് കണ്ടു. ദൂതന്‍ മടങ്ങുകയും വെള്ളത്തെ പറ്റിയുള്ള വിവരങ്ങള്‍ സംഘത്തോട് പറയുകയും ചെയ്തു. ഹാജറ ബീവി സംസമിന്‍റെ അടുത്തായിരുന്നു. അപ്പോള്‍ യാത്രാ സംഘം അവരോട് ചോദിച്ചു നിങ്ങളുടെ സമീപം ഞങ്ങളെ അനുവദിച്ചാലും മഹിതി പറഞ്ഞു ശരി, പക്ഷെ ഈ വെള്ളത്തില്‍ താങ്കള്‍ക്ക് യാതൊരു അവകാശവുമില്ല. അവര്‍ പറഞ്ഞു അതെ എന്ന് സമ്മതം അറിയിച്ചു”.
ഇബ്നു അബ്ബാസ് (റ) പറയുന്നു: “നബി തങ്ങള്‍ അരുളി. ആ അവകാശം ഉമ്മു ഇസ്മാഈലിന് ലഭിച്ചു. മഹതി മനുഷ്യത്വം തുളുമ്പുന്നവരായിരുന്നു. യാത്രാസംഘം അവിടെ ഇറങ്ങുകയും മറ്റുള്ളവര്‍ക്ക് വിവരമറിയിക്കുകയും എല്ലാവരും ഹാജറാ ബീവിയുടെയും കുഞ്ഞിന്‍റെയും കൂടെ അവരുടെ ഒരു കുടുംബമെന്ന പോലെ താമസിച്ചു വരികയും ചെയ്തു. ഇസ്മാഈല്‍ (അ) വളര്‍ന്നു വലുതായപ്പോള്‍ ജുര്‍ഹും ഗോത്രക്കാരില്‍ നിന്ന് അറബി ഭാഷ പഠിക്കുകയും അവരെ അത്ഭുതപ്പെടുത്തുകയും ചെയ്തു. ഇസ്മാഈല്‍ (അ) യുവാവായപ്പോള്‍ ഗോത്രക്കാര്‍ അവരിലുള്ള ഒരു പെണ്ണിനെ വിവാഹം ചെയ്തുകൊടുത്തു. അങ്ങെനെയിരിക്കെ മഹതി ഹാജറ (റ) ഇഹലോകം വെടിഞ്ഞു”.
ഇസ്മാഈല്‍ നബി(അ)യുടെ വിവാഹ ശേഷം ഇബ്റാഹീം (അ) താന്‍ ഉപേക്ഷിച്ചവരെ അന്വേഷിക്കാന്‍ വന്നു. അവിടെ ഇസ്മാഈല്‍(അ)നെ കാണാത്തതിനാല്‍ ഭാര്യയോട് കാര്യം തിരക്കി. ചില ആവശ്യാര്‍ത്ഥം പോയതാണെന്നറിയിച്ചു. ഇബ്റാഹീം തങ്ങളുടെ ജീവിതത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഞങ്ങള്‍ വളരെ ബുദ്ധിമുട്ടിയാണെന്നും മറ്റും മഹതി പറഞ്ഞു. അനന്തരം ഇബ്റാഹീം (അ) പറഞ്ഞു: “ഭര്‍ത്താവ് വന്നാല്‍ സലാം പറയാനും വീടിന്‍റെ ഉമ്മറപ്പടി മാറ്റാനും പറയുക”. ഇസ്മാഈല്‍ (അ) വന്നപ്പോള്‍ ചോദിച്ചു: “ഇവിടെ വല്ലവരും വന്നിരുന്നോ?” ഭാര്യ പറഞ്ഞു: “അതെ, ഒരു വയോവൃദ്ധന്‍ വന്നിരുന്നു. അങ്ങയെപ്പറ്റി ചോദിച്ചു. ഞാന്‍ കാര്യങ്ങള്‍ പറഞ്ഞു. പിന്നിട് നമ്മുടെ ജീവിതത്തെപ്പറ്റി ചോദിച്ചു. ഞാന്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞു”. ഇസ്മാഈല്‍ (അ) ചോദിച്ചു: “അദ്ദേഹം വല്ലതും വസ്വിയ്യത്ത് ചെയ്തിരുന്നോ?” ഭാര്യ പറഞ്ഞു: “അതെ. നിങ്ങളോട് സലാം പറയാനും ഈ വീടിന്‍റെ ഉമ്മറപ്പടി മാറ്റാനും കല്‍പിച്ചിരുന്നു”. ഇസ്മാഈല്‍ (അ) പറഞ്ഞു: “അതെന്‍റെ പിതാവാണ്. നിന്നെ പിരിയാണാനെന്നോട് കല്‍പിച്ചത്. നീ നിന്‍റെ വീട്ടുകാരുടെ അടുക്കലേക്ക് പോവുക”. അനന്തരം ഭാര്യയെ വിവാഹമോചനം നടത്തുകയും അവരില്‍ നിന്ന് മറ്റൊരു പെണ്ണിനെ വിവാഹം കഴിക്കുകയും ചെയ്തു.
അവിടെ നിന്ന് പോയ ശേഷം ഇബ്റാഹീം നബി വീണ്ടും വന്നു. അപ്പോഴും ഇസ്മാഈല്‍ നബി ഇല്ലായിരുന്നു. ഭാര്യയുടെ അടുത്ത് ചെന്ന് കാര്യമന്വേഷിച്ചു. ചില ആവശ്യാര്‍ത്ഥം പുറത്തു പോയതാണെന്ന് പ്രതിവചിച്ചു. ഭാര്യയോട് അവിടുത്തെ ജീവിതത്തെപ്പറ്റി അവരോട് ചോദിച്ചു. ‘നډയിലും സന്തോഷത്തിലുമാണെ’ന്ന് മറുപടി നല്‍കി. അല്ലാഹുവിനെ സ്തുതിച്ചു. നബി ചോദിച്ചു: “നിങ്ങളുടെ ഭക്ഷണമെന്താണ്”? മാംസമെന്ന് ഉത്തരം നല്‍കി. എന്താണ് കുടിക്കാറെന്ന് ചോദിച്ചപ്പോള്‍ സംസമാണെന്ന് പറഞ്ഞു. അപ്പോള്‍ നബി അവര്‍ക്ക് വേണ്ടി മാംസത്തിലും പാനീയത്തിലും ബര്‍കത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചു. ഇബ്റാഹീം നബി (അ) പറഞ്ഞു: “ഭര്‍ത്താവ് വന്നാല്‍ സലാം പറയുകയും ഉമ്മറപ്പടി സ്ഥിരപ്പെടുത്താന്‍ കല്‍പിച്ചുവെന്ന് പറയുകയും ചെയ്യുക”. ഇസ്മാഈല്‍ (അ) വന്നപ്പോള്‍ ചോദിച്ചു: “ഇവിടെ ആരെങ്കിലും വന്നിരുന്നോ?” മഹതി പറഞ്ഞു: “അതെ, ഒരു തേജസ്സ്വുള്ള വൃദ്ധന്‍ വന്നിരുന്നു. എന്നിട്ടെന്നോട് അങ്ങെയെപ്പറ്റി ചോദിക്കുകയും നമ്മുടെ ജീവിതം എങ്ങനെയാണെന്ന് അന്വേഷിക്കുകയും ചെയ്തു. ജീവിതം ഖൈറിലാണെന്ന് ഞാന്‍ പറഞ്ഞു”. അപ്പോള്‍ ഇസ്മാഈല്‍ (അ) ചോദിച്ചു: “അദ്ദേഹം വല്ലതും വസ്വിയ്യത്ത് ചെയ്തിരുന്നോ?” മഹതി പറഞ്ഞു: “അതെ, നിങ്ങളോട് സലാം പറയാനും ഉമ്മറപ്പടി സ്ഥിരപ്പെടുത്താനും കല്‍പിച്ചു”. നബി പറഞ്ഞു: “എന്‍റെ പിതാവായിരുന്നു അത്. ഉമ്മറപ്പടി നീയാണ്. നിന്നെ കൂടെ നിര്‍ത്താനാണ് കല്‍പിച്ചത്”.
ഒരുപാട് കാലശേഷം ഇബ്റാഹീം (അ) വീണ്ടും വന്നു. ഇസ്മാഈല്‍ (അ) സംസമിനടുത്തുള്ള വടവൃക്ഷത്തിന്‍റെ കീഴെ തന്‍റെ അമ്പ് ശരിയാക്കുകയായിരുന്നു. ഇബ്റാഹീം നബിയെ കണ്ടപ്പോള്‍ ഇസ്മാഈല്‍ (അ) പിതാവിലേക്ക് ചെല്ലുകയും ഇരുവരും പരസ്പരം അഭിവാദ്യം ചെയ്യുകയും ചെയ്തു. പിന്നെ പിതാവ് പറഞ്ഞു: “ഓ ഇസ്മാഈല്‍. എന്നോട് അല്ലാഹു ഒരു കാര്യം കല്‍പിച്ചിട്ടുണ്ട്”. മകന്‍ പറഞ്ഞു: “നിങ്ങളോട് നിങ്ങളുടെ രക്ഷിതാവ് കല്‍പിച്ച പ്രകാരം ചെയ്യുക”. പിതാവ് ചോദിച്ചു: “നീയെന്നെ സഹായിക്കുകയില്ലേ?” സഹായിക്കാമെന്ന് ഇസ്മാഈല്‍ (അ) മറുപടി പറഞ്ഞു. ഇബ്റാഹീം നബി അടുത്തുള്ള ഉയര്‍ന്ന സ്ഥലത്തേക്ക് ചൂണ്ടിപ്പറഞ്ഞു: “ഇവിടെ ഒരു വീട് നിര്‍മ്മിക്കാന്‍ അല്ലാഹു എന്നോട് കല്‍പിച്ചിരിക്കുന്നു”. ഇബ്നു അബ്ബാസ് (റ) പറയുന്നു: “ഇരുവരും പരിശുദ്ധ ഭവനത്തിന്‍റെ അടിത്തറ കെട്ടിയുയര്‍ത്തി. ഇസ്മാഈല്‍ (അ) കല്ല് കൊണ്ടുവരികയും ഇബ്റാഹീം നബി (അ) നിര്‍മ്മിക്കാനും തുടങ്ങി. എടുപ്പ് ഉയരത്തിലായപ്പോള്‍ ഈ കല്ല് കൊണ്ടുവരികയും ഇബ്റാഹീം നബി അതിന്‍റെ മുകളില്‍ ഉയര്‍ന്നു നില്‍ക്കുകയും ഇസ്മാഈല്‍ നബി അദ്ദേഹത്തിന് കല്ല് എടുത്തു കൊടുക്കുകയും ചെയ്തു”. ഇരുവരും പ്രാര്‍ത്ഥിച്ചു: “ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ നിന്ന് ഇതിനെ നീ സ്വീകരിക്കണേ. തീര്‍ച്ചയായും നീ കേള്‍ക്കുന്നവനും അറിയുന്നവനുമാണ്”. (അല്‍ ബഖറ 127) (ഫത്ഹുല്‍ ബാരി 6/493 കിതാബുല്‍ അമ്പിയാഅ്)
ഏറെക്കാലം ദീനീ പ്രബോധനം നടത്തിയ ഇസ്മാഈല്‍ (അ) തന്‍റെ 137 ാം വയസ്സില്‍ വഫാത്താവുകയും മാതാവ് ഹാജറ(റ)യുടെ സമീപം ഹിജ്ര്‍ ഇസ്മാഈലില്‍ മറവ് ചെയ്യപ്പെടുകയും ചെയ്തു. (അല്‍ബിദായതു വന്നിഹായ)
Be the first to comment