സത്യവിശ്വാസി സല്‍ക്കര്‍മ്മങ്ങളുടെ സന്തത സഹചാരിയാണ്. നډയിറ്റുന്ന പ്രവര്‍ത്തനങ്ങളാണവനെ വ്യതിരിക്തനാക്കുന്നത്. ചെയ്തു വെക്കുന്ന കര്‍മ്മങ്ങള്‍ സ്വീകാര്യമാവാന്‍ അനിവാര്യ ഘടകമാണ് ഇഖ്ലാസ്വ് അഥവാ നിഷ്കളങ്കത. ആരേയും ബോധ്യപ്പെടുത്താനല്ല മുഅ്മിനിന്‍റെ കര്‍മ്മങ്ങള്‍. അത് അല്ലാഹുവിന്‍റെ തൃപ്തിയും പ്രതിഫലവും കാംക്ഷിച്ചു കൊണ്ടാണ്. അതിനാല്‍ ഒരു കര്‍മ്മത്തിന്‍റേയും ബാഹ്യരൂപം മനസ്സിലാക്കി സ്വീകരിക്കപ്പെടുന്നതെന്ന് വിധിക്കാവതല്ല. മനസ്സില്‍ നിന്നാണ് കര്‍മ്മങ്ങള്‍ തുടങ്ങുന്നത്. ഇഖ്ലാസ്വില്ലാത്ത പ്രവര്‍ത്തനങ്ങളുടെ പേമാരി തന്നെ പെയ്തു കൊണ്ടിരിക്കുന്ന കാലമാണിത്. പ്രതിഫലം ലഭിക്കണമെന്ന നിര്‍ബന്ധ ബുദ്ധ്യാ നാം തുടങ്ങി വെക്കുന്ന ചില കര്‍മ്മങ്ങള്‍ പോലും തീരും മുമ്പ് ഇഖ്ലാസ് നഷ്ടപ്പെട്ട് ജഡാവസ്ഥയിലെത്തുന്നു.
മറ്റുള്ളവര്‍ക്ക് മുമ്പില്‍ തലയുയര്‍ത്തിപ്പിടിച്ച് നടക്കാന്‍ ചിലര്‍ സല്‍ക്കര്‍മ്മങ്ങളെ ഉപയോഗപ്പെടുത്തുന്നു. തങ്ങളുടെ പ്രൗഢി പ്രകടിപ്പിക്കാന്‍ ചിലര്‍ സല്‍ക്കര്‍മ്മങ്ങളിലേക്കിറങ്ങുന്നു. അയല്‍വാസികളേക്കാന്‍ മികവ് നേടാന്‍ ചിലര്‍ ഈ രംഗം കൊഴുപ്പേറിയതാക്കുന്നു. ചുരുങ്ങിയത്, ആളുകളെന്ത് വിചാരിക്കും എന്ന ചിന്തയിലൂടെയെങ്കിലും പലരും, വലിയ പ്രതിഫലം ലഭിക്കുമായിരുന്ന നിരവധി കര്‍മ്മങ്ങളെ ഫലശൂന്യമാക്കിക്കളയുന്നു. നമ്മുടെ കര്‍മ്മങ്ങള്‍ക്ക് ഇഖ്ലാസ്വില്ലെങ്കില്‍ ജീവന്‍ തന്നെ നഷ്ടപ്പെട്ടു പോകുന്നു. അവ സല്‍ക്കര്‍മ്മങ്ങളുടെ ലിസ്റ്റില്‍ ക്രോഡീകരിക്കപ്പെടാതെ പോകുന്നു. മണ്ണില്‍ കുഴിച്ചിട്ട വിത്തേ മുളച്ചുയരൂ, വേരോടൂ. ഓരോ കര്‍മ്മത്തിന്‍റേയും നിയ്യത്ത് ഹൃദയത്തില്‍ വേണം. അത് ഇഖ്ലാസ്വില്‍ പൊതിഞ്ഞതായിരിക്കണം. ഉദ്ദേശ്യ ശുദ്ധിയില്ലെങ്കില്‍ അവ നിഷ്ഫലമാവുന്നു.
ആളുകളെ കാണിക്കാനാണ് ഇന്ന് നമ്മുടെ നാട്ടില്‍ നടക്കുന്ന പല ചടങ്ങുകളും. നികാഹ് കഴിഞ്ഞ സന്തോഷത്തില്‍ ആളുകളെ വിളിച്ച് വലീമത്ത് നല്‍കല്‍ പ്രത്യേക സുന്നത്താണ്. പക്ഷേ നമ്മുടെ നാട്ടിലെ വിവാഹ സല്‍ക്കാരങ്ങളുടെ പിന്നാമ്പുറം പരിശോധിച്ചാല്‍ ഇഖ്ലാസ്വിന്‍റെ അഭാവം ബോധ്യപ്പെടും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ പോലും കടം വാങ്ങി അഭിമാനം സംരക്ഷിക്കുന്നു. വിഭവങ്ങളുടെ എണ്ണവും വണ്ണവും കൂടുന്നത് ദുരഭിമാനത്തിന്‍റെ പേരിലാണ്. രണ്ടു തരം ചോറില്ലെങ്കില്‍ മോശമല്ലേ… തുടങ്ങിയ മന്ത്രങ്ങളാണ് പലപ്പോഴും നിയ്യത്തായി വരുന്നത്. വിവാഹ സദ്യ മാത്രമല്ല, മിക്ക ചടങ്ങുകളും വഴി വിട്ട് ജീവനറ്റ പ്രവര്‍ത്തനങ്ങളായി മാറുന്നു. പവിത്രമായ അഖീഖത്ത് പോലും ദുരഭിമാനത്തിന്‍റെ വലയില്‍ പെട്ടു.
അവര്‍ രണ്ടെണ്ണം അറുത്തെങ്കില്‍ നമുക്ക് വലിയ മൂന്നെണ്ണത്തിനെ അറുക്കണം എന്നാണ് നിയ്യത്ത്. ശ്രേഷ്ഠമായ നോമ്പ് തുറ സല്‍ക്കാരങ്ങളേയും ഇഖ്ലാസിന്‍റെ അഭാവം ഫലശൂന്യമാക്കിയെന്ന് പറയുമ്പോള്‍ ഇതിന്‍റെ ഗൗരവമെത്രയാണ്. നിരവധി സല്‍ക്കര്‍മ്മങ്ങള്‍ ചെയ്ത സന്തോഷത്തോടെ ജീവിക്കുന്ന വ്യക്തിയുടെ മുമ്പില്‍ അവയുടെ റിസള്‍ട്ട് കാണിക്കപ്പെടുമ്പോഴാണ് തലയില്‍ കൈ വെക്കുക. മനുഷ്യനെ പാപരഹിതനാക്കി, പ്രസവിക്കപ്പെട്ട കുഞ്ഞിന്‍റേതിന് സമാനമായ ഹൃദയ ശുദ്ധി വരുത്തുന്ന സുപ്രധാന കര്‍മ്മങ്ങളാണ് ഹജ്ജും ഉംറയും. എന്നും എപ്പോഴും ചെയ്യാന്‍ കഴിയാത്ത, ദൂര ദിക്കുകളില്‍ നിന്ന് വരുന്നവര്‍ക്ക് വലിയ സാമ്പത്തിക ചെലവുള്ള ഈ കര്‍മ്മങ്ങള്‍ പോലും ഇതരരെ ബോധ്യപ്പെടുത്താനായി മാറിയിരിക്കുന്നു.
പരിശുദ്ധ കഅ്ബാലയത്തേയും മസ്ജിദുല്‍ ഹറാമിനേയുമെല്ലാം പശ്ചാത്തലത്തിലാക്കി ഫോട്ടോയെടുത്ത് സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്യുന്നവരുടെ ഉദ്ദേശ്യ ശുദ്ധി സംശയിക്കപ്പെടുന്നതില്‍ അതിശയമില്ല. ഹജ്ജിന് പോകുന്നത് പത്രത്തില്‍ പരസ്യം ചെയ്ത് സായൂജ്യമടയുന്നവരുടെ ഇഖ്ലാസ്വില്‍ സംശയിക്കുന്നവരെ കുറ്റപ്പെടുത്താമോ… ഇഖ്ലാസ്വ് കുടി കൊള്ളുന്നത് പ്രവര്‍ത്തിക്കുന്നവന്‍റെ ഹൃദയാന്തരങ്ങളിലാണ്.
അബൂഹൂറൈറ(റ) നിവേദനം ചെയ്ത ഒരു ഹദീസില്‍ ഇങ്ങനെ കാണാം. നബി(സ്വ) തങ്ങള്‍ അരുള്‍ ചെയ്തു. അല്ലാഹു നിങ്ങളുടെ ശരീരങ്ങളിലേക്കോ രൂപങ്ങളിലേക്കോ അല്ല നോക്കുന്നത്, നിങ്ങളുടെ ഹൃദയങ്ങളിലേക്കാണ് (മുസ്ലിം). ഹൃദയ വിചാരങ്ങളില്‍ രൂപാന്തരപ്പെടണം കര്‍മ്മങ്ങളുടെ സത്ത്. അകമറിയുന്ന പ്രപഞ്ച നാഥന്‍റെ മുമ്പില്‍ കാപട്യങ്ങളുടെ പുകപടലങ്ങള്‍ കൊണ്ട് മറക്കാനാവില്ല ഒരകതാറും. ജനമനസ്സിന്‍റെ വിധിയെഴുത്തിനെ തച്ചുടക്കുന്നതാവും ഒരു പക്ഷേ സര്‍വ്വേശ്വരന്‍റെ വിധിയെഴുത്ത്. മുഖം മനസ്സിന്‍റെ കണ്ണാടിയെന്ന ചൊല്ല് ഇവ്വിഷയത്തിലേക്ക് തുന്നിച്ചേര്‍ക്കുകയേ വേണ്ട. ദ്വൈമുഖങ്ങള്‍ അരങ്ങു വാഴുന്ന കാലത്ത് ആത്മാര്‍ത്ഥതയുടെ അംശങ്ങള്‍ അളന്നു തിട്ടപ്പെടുത്താനാവുന്നവന്‍ അല്ലാഹു മാത്രം
അല്ലാഹു പറയുന്നു. നബിയേ താങ്കള്‍ പറയുക. നിങ്ങള്‍ ഹൃദയങ്ങളില്‍ മറച്ചു വെക്കുന്നതും വെളിപ്പെടുത്തുന്നതും അല്ലാഹു അറിയുന്നു ڈ(സൂറത്തു ആലു ഇംറാന്‍ 29) യുദ്ധം അനിവാര്യമായിരുന്ന കാലത്ത് പരിശുദ്ധ സ്വഹാബാക്കള്‍ പ്രതിഫലങ്ങളുടെ ഉഹ്ദ് മലകള്‍ വാരിക്കൂട്ടിക്കൊണ്ടിരുന്നു. പലരും ശഹാദത്തെന്ന വലിയ പദവിയുടെ ചിറകിലേറി സ്വര്‍ഗലോകത്തേക്ക് പറന്നു. ജിഹാദിന്‍റെ പ്രാധാന്യം പ്രവാചക പുംഗവര്‍ സ്വഹാബത്തിനെ നന്നായി ബോധ്യപ്പെടുത്തിയിരുന്നു. അബൂ മൂസ അബ്ദുല്ലാഹിബ്നു ഖൈസുല്‍ അശ്അരി(റ) നിവേദനം ചെയ്ത ഒരു ഹദീസ് ഇങ്ങനെ സംഗ്രഹിക്കാം.
ധീരത പ്രകടിപ്പിക്കാനും ആളുകള്‍ കാണാനും യുദ്ധം ചെയ്യുന്നവനെ കുറിച്ച് നബി(സ്വ) തങ്ങളോട് ചോദിക്കപ്പെട്ടപ്പോള്‍ തിരുമേനി(സ്വ) തങ്ങള്‍ പ്രതിവചിച്ചു. അല്ലാഹുവിന്‍റെ കലിമത്തിന്‍റെ (ദീനുല്‍ ഇസ്ലാം) മഹത്വത്തിന് വേണ്ടി ആരെങ്കിലും യുദ്ധം ചെയ്താല്‍ അവന്‍ അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തിലാണ്. നിഷ്കളങ്കരായി അല്ലാഹുവിനെ ആരാധിക്കാന്‍ വേണ്ടിയല്ലാതെ അവര്‍ കല്‍പ്പിക്കപ്പെട്ടിട്ടില്ല (വിശുദ്ധ ഖുര്‍ആന്‍ – സൂറത്തുല്‍ ബയ്യിന 5). ഉമറുബ്നുല്‍ ഖത്വാബ് (റ) പറയുന്നു. നബി(സ്വ) തങ്ങള്‍ പറയുന്നതായി ഞാന്‍ കേട്ടു. നിശ്ചയം കര്‍മ്മങ്ങള്‍ (സ്വീകരിക്കപ്പെടുന്നത്) നിയ്യത്തുകള്‍ കൊണ്ടാണ്.
നിശ്ചയം ഓരോ മനുഷ്യന്നും അവന്‍ കരുതിയതുണ്ട്. അല്ലാഹുവിലേക്കും അവന്‍റെ തിരുദൂതരിലേക്കുമാണ് ഒരാള്‍ ഹിജ്റ പോയതെങ്കില്‍ അവന്‍റെ ഹിജ്റ അല്ലാഹുവിലേക്കും റസൂലിലേക്കുമാണ്. എന്നാല്‍ ദുന്‍യാവ് കരസ്ഥമാക്കാനോ വല്ല സ്ത്രീയേയും വിവാഹം ചെയ്യാനോ ഉദ്ദേശിച്ചാണ് ഒരാള്‍ ഹിജ്റ പോയതെങ്കില്‍ അവന്‍റെ ഹിജ്റ അതിലേക്കു തന്നെയാണ്. പ്രവര്‍ത്തനങ്ങളിലൊക്കെയും ഇഖ്ലാസ്വുണ്ടാവാന്‍ നാഥന്‍ തുണക്കട്ടെ- ആമീന്‍. –
Be the first to comment