തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശന നടപടികള്‍ അവസാന ഘട്ടത്തിലെത്തിയിട്ടും സീറ്റില്ലാതെ മലബാര്‍ മേഖലയില്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍. മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് അപേക്ഷകര്‍ക്ക് മതിയായ സീറ്റില്ലാത്തത്. മലപ്പുറത്ത് 10,985 കുട്ടികളാണ് പ്ലസ് വണ്‍ സീറ്റ് ലഭിക്കാതെ പുറത്തിരിക്കുന്നത്. ജില്ലയില്‍ രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിനായി നിലവില്‍ ഒരു സീറ്റ് പോലും ബാക്കിയില്ല. പാലക്കാട് ജില്ലയില്‍ 8537 അപേക്ഷകരില്‍ 4264 പേര്‍ക്കാണ് അലോട്ട്‌മെന്റ് ലഭിച്ചത്. 4273 പേര്‍ക്ക് പ്രവേശനം ലഭിച്ചിട്ടില്ല. കോഴിക്കോട് ജില്ലയില്‍ 8975 അപേക്ഷകരില്‍ 5342 പേര്‍ക്കാണ് അലോട്ട്‌മെന്റ് ലഭിച്ചത്. 3633 അപേക്ഷകര്‍ ഇനിയും പുറത്താണ്.
അതേസമയം, കോട്ടയത്ത് മുഴുവന്‍ കുട്ടികള്‍ക്കും പ്രവേശനം നല്‍കിയിട്ടും 3,144 സീറ്റ് ബാക്കി കിടക്കുകയാണ്. പത്തനംതിട്ടയിലും അപേക്ഷിച്ച എല്ലാവര്‍ക്കും പ്രവേശനം ലഭിച്ചിട്ടും 1,524 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്.മലപ്പുറം ജില്ലയില്‍ 18054 പേരാണ് സപ്ലിമെന്ററി അലോട്ട്‌മെന്റിനായി അപേക്ഷിച്ചിരുന്നത്. അവശേഷിച്ചിരുന്നത് 6917 സീറ്റുകളായിരുന്നു. ഭിന്നശേഷിക്കാര്‍ക്കുള്ള അധിക സീറ്റ് കൂടി ചേര്‍ത്ത് ജില്ലയില്‍ 7069 പേര്‍ക്കാണ് അലോട്ട്‌മെന്റ് നല്‍കിയത്. ജില്ലയില്‍ ഇനിയും 10985 കുട്ടികള്‍ക്ക് സീറ്റ് ലഭിച്ചിട്ടില്ല.
കണ്ണൂര്‍ ജില്ലയില്‍ 5078 അപേക്ഷകരില്‍ 3556 പേര്‍ക്കാണ് അലോട്ട്‌മെന്റ് ലഭിച്ചത്. തൃശൂര്‍ ജില്ലയിലും ആയിരത്തിലധികം സീറ്റുകളുടെ കുറവുണ്ട്. മറ്റ് ജില്ലകളില്‍ സപ്ലിമെന്ററി അലോട്ട്‌മെന്റിന് ലഭ്യമായ സീറ്റുകളും അപേക്ഷകരുടെ എണ്ണവും ഏറക്കുറെ തുല്യമാണ്.
Be the first to comment