ദോഹ: 2024 ലെ ലോകത്തിലെ മികച്ച എയര്‍ലൈന്‍ എന്ന ബഹുമതി ലഭിച്ചതിന് പിന്നാലെ യാത്രക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേസ്. ബിസിനസ് ക്ലാസ്, ഇക്കോണമി ക്ലാസ് ബുക്കിങുകള്‍ക്ക് 10 ശതമാനം വരെ കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 2024 ജൂലൈ 1 മുതല്‍ 2025 മാര്‍ച്ച് 31 വരെയുള്ള യാത്രാ കാലയളവിനായി 2024 ജൂണ്‍ 30 വരെ നടത്തുന്ന ബുക്കിംഗുകള്‍ക്കാണ് എയര്‍ലൈന്‍ ഈ ഓഫര്‍ നല്‍കുന്നത്.
SKYTRAX എന്ന പ്രൊമോ കോഡ് ഉപയോഗിച്ച് അതിന്റെ വെബ്സൈറ്റ് വഴിയോ മൊബൈല്‍ ആപ്പ് വഴിയോ നടത്തുന്ന ബുക്കിംഗുകളില്‍ യാത്രക്കാര്‍ക്ക് ഈ ആനുകൂല്യം സ്വന്തമാക്കാം. ബഹുമതിയില്‍ യാത്രക്കാരോടുള്ള നന്ദി സൂചകമായി താങ്ക്യൂ എന്ന പേരിലാണ് ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
സ്‌കൈട്രാക്സ് വേള്‍ഡ് എയര്‍ലൈന്‍ അവാര്‍ഡിലാണ് ഖത്തര്‍ എയര്‍വേസിനെ മികച്ച എയര്‍ലൈനായി തെരഞ്ഞെടുത്തത്. എട്ടാം തവണയാണ് ഖത്തര്‍ വിമാനക്കമ്പനി ഈ നേട്ടം സ്വന്തമാക്കുന്നത്. ലണ്ടനില്‍ വച്ചുനടന്ന ചടങ്ങിലാണ് ഖത്തര്‍ എയര്‍വേസിനെ ലോകത്തെ ഏറ്റവും മികച്ച എയര്‍ലൈന്‍ ആയി തെരഞ്ഞെടുത്തത്. 12ാം തവണയാണ് ഈ നേട്ടം കൈവരിക്കുന്നത്. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന സിംഗപ്പൂര്‍ എയര്‍ലൈനിനെ രണ്ടാം സ്ഥാനത്തേക്കും എമിറേറ്റ്സിനെ മൂന്നാം സ്ഥാനത്തേക്കും പിന്തള്ളിയാണ് ഈ നേട്ടം.
മാത്രമല്ല, ലോകത്തെ മികച്ച ബിസിനസ് ക്ലാസ്, ബിസിനസ് ക്ലാസ് ലോഞ്ച് പുരസ്‌കാരങ്ങളും ഖത്തര്‍ എയര്‍വേസിനു സ്വന്തം. ബിസിനസ് ക്ലാസിനുള്ള പുരസ്‌കാരം 11ാം തവണയും ബിസിനസ് ക്ലാസ് ലോഞ്ചിനുള്ള പുരസ്‌കാരം ആറാം തവണയുമാണ് ഖത്തര്‍ സ്വന്തമാക്കുന്നത്. മിഡിലീസ്റ്റിലെ മികച്ച വിമാനക്കമ്പനിക്കുള്ള പുരസ്‌കാരവും ഖത്തര്‍ എയര്‍വേസ് തന്നെ നിലനിര്‍ത്തി.
മികച്ച സേവനവും യാത്രക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള നൂതന മാര്‍ഗങ്ങളുമാണ് ഖത്തര്‍ എയര്‍വെയ്സ് നിറവേറ്റുന്നത്. മാത്രമല്ല, തുടര്‍ച്ചയായ നവീകരണവും ഈ നേട്ടത്തിന് അര്‍ഹരാക്കിയെന്നാണ് ഗ്രൂപ്പ് സിഇഒ എന്‍ജിനിയര്‍ ബദര്‍ അല്‍മീര്‍ പറഞ്ഞത്. ലോകത്തിലെ 350 വിമാനക്കമ്പനികളില്‍ നിന്നാണ് ഖത്തര്‍ എയര്‍വേസ് ഈ നേട്ടം സ്വന്തമാക്കിയത്.
100ലേറെ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരാണ് ഓണ്‍ലൈന്‍ വഴി നടന്ന വോട്ടെടുപ്പില്‍ പങ്കെടുത്തത്. നേരത്തേ മികച്ച വിമാനത്താവളത്തിനുള്ള പുരസ്‌കാരവും ഹമദ് വിമാനത്താവളം സ്വന്തമാക്കിയിരുന്നു. മികച്ച ഷോപ്പിങ് സൗകര്യങ്ങളുള്ള വിമാനത്താവളവും ഹമദ് അന്താരാഷ്ട്ര വിമാനത്താവളം തന്നെയാണ്. ഈ മൂന്ന് നേട്ടങ്ങളും ഒരേ വര്‍ഷം സ്വന്തമാക്കുന്ന ആദ്യ കമ്പനിയാണ് ഖത്തര്‍ എയര്‍വേസ്.
Be the first to comment