തിരുനബി (സ്വ) അവിടുത്തെ ജീവിത വഴികളില്‍ നിലനിര്‍ത്തിയ ആത്മ വിശുദ്ധിയും അര്‍പ്പണ ബോധവുമെല്ലാം തികച്ചും സൂക്ഷ്മതയോടെയായിരുന്നു കൊണ്ടുപോയത്. അവിടുത്തെ ജീവിത ദൗത്യം നിസ്വാര്‍ത്ഥതയോടെ ചെയ്തു തീര്‍ക്കുന്ന സാഹചര്യത്തില്‍ തന്നിലടങ്ങിയ കാരുണ്യവും നീതിയുമെല്ലാം സ്നേഹമായാണ് പ്രതിഫലിച്ചിരുന്നത്. നബി (സ്വ) സ്നേഹത്തിന്‍റെ നല്ല പാഠങ്ങളായിരുന്നു അനുചരര്‍ക്ക് പകര്‍ന്നു നല്‍കിയത്. അവിടുത്തെ സ്നേഹ സംവാദങ്ങളും സമീപനങ്ങളും പ്രവിശാലമായിരുന്നു. ഇലാഹിനെയും ജനങ്ങളെയും ലോകത്തുള്ള മറ്റു സകലരെയും അവിടുന്ന് സ്‌നേഹിച്ചു. ആദ്യമായി തന്‍റെ സ്നേഹത്തിന്‍റെ കലവറ തുറന്നുവെച്ചത് ഇലാഹിന്‍റെ മുന്നില്‍ തന്നെയായിരുന്നു. പിന്നീടാണ് ആ സ്നേഹം സൃഷ്ടി വൈജാത്യങ്ങള്‍ക്കതീതമായി പരന്നൊഴുകിയത്.
“ഇന്നലെ രാത്രി ഞാനെന്‍റെ റബ്ബിനെ സ്വപ്നം കണ്ടു. എന്‍റെ ചുമലുകള്‍ക്കിടയില്‍ റബ്ബ് തന്‍റെ കൈ വെച്ചു. അങ്ങനെ എന്‍റെ ഹൃദയാന്തരങ്ങളില്‍ റബ്ബിന്‍റെ വിരല്‍ തുമ്പുകളുടെ തണുപ്പ് ഞാന്‍ അനുഭവിച്ചു”. നബി(സ്വ)യുടെ ഈ വചനങ്ങള്‍ ഇലാഹീ അനുരാഗത്തിന്‍റെ വൈകാരിക തലങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അല്ലാഹുവിനോടുള്ള സ്നേഹമായിരുന്നു നബി തങ്ങളുടെ ആശ്രയവും പ്രതീക്ഷയുമെല്ലാം. ആരാധനാ കര്‍മ്മങ്ങളില്‍ ഇലാഹിനോടുള്ള അടങ്ങാത്ത അനുരാഗം വ്യക്തമാണ്. ഒരിക്കല്‍ തിരുനബിയോട് ചോദിക്കപ്പെട്ടു: ‘ആരാധനയില്‍ നിങ്ങള്‍ എന്തിനാണ് ഇങ്ങനെ കഠിനാധ്വാനം ചെയ്യുന്നത്? കഴിഞ്ഞതും വരാനിരിക്കുന്നതുമായ പാപങ്ങളൊക്കെ അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തു തന്നില്ലെയോ? അവിടുന്ന് മറുപടി പറഞ്ഞു: ‘നന്ദിയുള്ള ഒരു അടിമയാവണ്ടെയോ ഞാന്‍..! അല്ലാഹുവിനോടുള്ള കരാര്‍ പൂര്‍ത്തീകരണത്തിന്‍റെയും നന്ദിയുടെയും സ്നേഹത്തിന്‍റെയും പ്രതിഫലനമാണ് പ്രസ്തുത ഹദീസിലൂടെ വ്യക്തമാകുന്നത്. അവിടുന്ന് ഒന്ന് സുജൂദ് ചെയ്താല്‍ അത് ദീര്‍ഘനേരം ഇലാഹിനോടുള്ള അഭിമുഖത്തിന്‍റെയും വണക്കത്തിന്‍റെയും അടയാളപ്പെടുത്തലുകളായി കാണാമായിരുന്നു. സദാ സമയവും തിരുനബി(സ്വ)യുടെ അധരങ്ങള്‍ മന്ത്രിക്കുന്നതും ഇലാഹീ അനുരാഗത്തിന്‍റെ സ്മരണ പുതുക്കലുകളായിരുന്നു.
ഒരു നിസ്കാരം കഴിഞ്ഞാല്‍ മറ്റൊരു നിസ്കാരം പ്രതീക്ഷിക്കുന്ന അവിടുത്തെ അര്‍പ്പണ ബോധം എടുത്തുദ്ധരിക്കേണ്ടതുണ്ട്. ‘ബിലാല്‍… നിസ്കാരം കൊണ്ട് ഞങ്ങളെ ഒന്ന് സന്തോഷിപ്പിക്കൂ…’ നിസ്കാര സമയമായാല്‍ മുഅദ്ദിനായ ബിലാല്‍(റ)വിനെ വിളിച്ചുള്ള ഇലാഹീ അനുരാഗിയുടെ വചനങ്ങളാണിവിടെ കാണുന്നത്. ഇത്തരത്തില്‍ അല്ലാഹുവിനോടുള്ള അദമ്യമായ സ്നേഹ സമീപനങ്ങളായിരുന്നു അവിടുത്തെ ജീവിതത്തില്‍ നിഴലിച്ചു കാണാന്‍ കഴിഞ്ഞത്.
മനുഷ്യരോടുള്ള തിരുനബി സ്നേഹത്തിന്‍റെ മാതൃകകള്‍ പരതുമ്പോള്‍ സഹജീവികളോടുള്ള ഇടപെടലുകളിലുള്ള കാര്യക്ഷമതയെയും സൂക്ഷ്മതയെയും കാണാന്‍ സാധിക്കും. സത്യ ദീനിന്‍റെ സന്ദേശവുമായി രംഗപ്രവേശനം ചെയ്ത റസൂല്‍ (സ്വ) ദീനിന്‍റെ വെളിച്ചം എല്ലാവരിലേക്കുമെത്തിക്കുന്നതില്‍ അതീവ തല്‍പരരായിരുന്നു. വിവേചനങ്ങളില്ലാതെ സമൂഹ സമക്ഷമിറങ്ങി തന്‍റെ ദൗത്യം നിര്‍വ്വഹിച്ചുകൊണ്ടിരുന്ന റസൂല്‍ (സ്വ) ഹിദായത്തിന്‍റെ വെളിച്ചം പകരുമ്പോഴും സ്നേഹ സമ്പുഷ്ടമായ രീതിയായിരുന്നു കൈക്കൊണ്ടതും. അനുചരډാരോടുള്ള സംവേദനത്തിലും സ്നേഹത്തിന്‍റെ ഭാഗങ്ങളെക്കുറിച്ചും രീതികളെക്കുറിച്ചും നബി തങ്ങള്‍ വാചാലരായി. അവിടുന്ന് പറയുന്നു: “അല്ലാഹുവാണ് സത്യം, വിശ്വസിക്കുന്നതു വരെ നിങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ല. പരസ്പരം സ്നേഹിക്കുന്നതുവരെ നിങ്ങള്‍ വിശ്വസിക്കുകയുമില്ല. നിങ്ങള്‍ക്കിടയില്‍ സ്നേഹമുണ്ടാകുന്ന ഒരു കാര്യം ഞാന്‍ അറിയിച്ചു തരട്ടെയോ? നിങ്ങള്‍ക്കിടയില്‍ നിങ്ങള്‍ സലാം പറയുന്നതിനെ അധികരിപ്പിക്കുക”. ഇസ്ലാമിന്‍റെ അഭിവാദന വാക്യം ‘അസ്സലാമു അലൈക്കും’ എന്ന മഹത്വ വചനം അധികരിപ്പിക്കാനും അതുമൂലമുണ്ടാകുന്ന ഫലങ്ങളെക്കുറിച്ചും നബി (സ്വ) പറഞ്ഞിട്ടുണ്ട്.
നബി (സ്വ) പറയുന്നു: “മൂന്ന് കാര്യങ്ങള്‍ നിന്‍റെ കൂട്ടുകാരന്‍റെ സ്നേഹത്തെ നിനക്ക് നിഷ്കളങ്കമാക്കിത്തരും. അവനെ കണ്ടാല്‍ അവനോട് നീ സലാം പറയുക, ഇരിപ്പിടത്തില്‍ നീ അവന് വിശാലത കാണിക്കുക, അവന് ഏറ്റവും ഇഷ്ടപ്പെട്ട പേരുകൊണ്ട് അവനെ നീ വിളിക്കുക”. ഇങ്ങനെ നീണ്ടുകിടക്കുന്നതാണ് തിരുനബിയുടെ അദ്ധ്യാപനങ്ങള്‍. മൂന്ന് ദിവസത്തില്‍ കൂടുതല്‍ കൂട്ടുകാരനോട് ഒരുത്തന്‍ പിണങ്ങി നില്‍ക്കുന്നതിനെ നബി (സ്വ) കര്‍ശനമായി നിരോധിച്ചതാണ്. വെറുപ്പും വൈരാഗ്യവും മാനുഷിക ബന്ധത്തിന് വിഘ്നം സൃഷ്ടിക്കുമെന്ന ആശയം നബി തങ്ങളുടെ മനസ്സില്‍ സദാ നിഴലിച്ചിരുന്നതായി കാണാം. സത്യസന്ധമായി ജീവിക്കാനും വാശിയും വിദ്വേഷവുമെല്ലാം മാറ്റിവെക്കാനും നബി (സ്വ) പ്രഖ്യാപിച്ചിട്ടുണ്ട്. “നിങ്ങളില്‍ എനിക്കേറ്റവും ഇഷ്ടമുള്ളവര്‍ നിങ്ങളിലെ ഏറ്റവും സല്‍സ്വഭാവികളാണ്. അവര്‍ തണല്‍ വിരിച്ചു കൊടുക്കുന്നവരാണ്. അവര്‍ കൂട്ടുകൂടുന്നവരും മറ്റുള്ളവര്‍ക്ക് കൂട്ടുകൂടാന്‍ കൊള്ളാവുന്നവരുമാണ്. നിങ്ങളിലെനിക്ക് ഏറ്റവും ദേഷ്യമുള്ളവര്‍ പരദൂഷണം പറഞ്ഞു നടക്കുന്നവരാണ്. സ്നേഹിതര്‍ക്കിടയില്‍ വിഭാഗീയത സൃഷ്ടിക്കുകയും നിരപരാധികള്‍ക്ക് വല്ല കുറവുമുണ്ടോയെന്ന് അന്വേഷിച്ച് നടക്കുന്നവരുമാണവര്‍. പരസ്പര ബന്ധങ്ങള്‍ ദൃഢീകരിക്കുവാന്‍ അനുചരോടുള്ള സ്നേഹമുള്ള ഒരു നേതാവിന്‍റെ വാക്കുകളാണ് ഉദൃത വചനം.
സ്നേഹമെന്ന വികാരം പ്രതിഫലനം ചെയ്യേണ്ടത് അല്ലാഹുവിനോടാണ്. അവനാണ് ലോകത്തിന്‍റെ പരമാധികാരമുള്ളത്. അവനെയാണ് നാം ആദ്യമായി സ്നേഹിക്കേണ്ടതും. അല്ലാഹു സ്നേഹിക്കുന്നവരെക്കൂടി ഇഷ്ടം വെക്കുമ്പോഴാണ് അവനോടുള്ള സ്നേഹത്തിന് പൂര്‍ണ്ണത കൈവരുന്നത്. അതിനാല്‍ അല്ലാഹുവിന്‍റെ ഏറെ പ്രിയമുള്ള ഹബീബായ മുഹമ്മദ് മുസ്ത്വഫ(സ്വ)യെ നാം സ്നേഹിക്കാന്‍ മുന്നോട്ടു വരണം. ജനങ്ങള്‍ക്കിടയില്‍ സ്നേഹബന്ധങ്ങള്‍ സുദൃഢമാക്കാനുള്ള തിരുനബി (സ്വ) വാക്കുകളിലും ഇടപെടലുകളിലും സ്നേഹിതരെ സ്നേഹിച്ച സ്നേഹത്തെ സ്നേഹിച്ച ഒരു ഇഷ്ട ദാസനെയാണ് നമുക്ക് കാണാന്‍ കഴിയുക. സ്നേഹത്തിന്‍റെയും സഹവര്‍ത്തിത്വത്തിന്‍റെയും മേഖലകളെ തുറന്നു കാണിച്ച തിരുനബിയുടെ മാതൃകകള്‍ ലോകജനതക്കെന്നും മാതൃകാപരമാണ്.
Be the first to comment