ഉസ്മാനുബ്നു മള്ഊന്‍ എന്ന പേരില്‍ പരിത്യാഗിയായ ഒരു സ്വഹാബി വര്യനുണ്ടായിരുന്നു. സദാസമയവും ആരാധനാ കര്‍മ്മങ്ങളിലായിരിക്കും അദ്ദേഹം. അതിന്‍റെ പേരില്‍ ശരീരത്തിനേല്‍ക്കുന്ന ഒരു ബുദ്ധിമുട്ടും അദ്ദേഹം വകവെച്ചില്ല. ലൈംഗികാസക്തിയില്‍ നിന്ന് ശാശ്വത മുക്തി നേടാന്‍ വരിയുടച്ചു കളഞ്ഞാലോ എന്നുപോലും ഒരുവേള അദ്ദേഹം ചിന്തിച്ചുപോയിട്ടുണ്ട്.
ഒരിക്കല്‍ പുണ്യറസൂല്‍ (സ്വ) തന്‍റെ പത്നി ആയിശ(റ)യുടെ അടുക്കലേക്ക് ചെന്നതായിരുന്നു. അപ്പോള്‍ അവിടെയുണ്ട് ഏതാനും ചില സ്ത്രീകള്‍. അവരില്‍ പെട്ട മ്ലാനവദനയായിരിക്കുന്ന ഒരു സ്ത്രീയെ റസൂല്‍ (സ്വ) ശ്രദ്ധിക്കുകയുണ്ടായി. അവിടുന്ന് കാര്യമന്വേഷിച്ചു. അപ്പോള്‍ കൂട്ടത്തില്‍ നിന്ന് ആരോ മറുപടി പറഞ്ഞു: “അത് ഉസ്മാനുബ്നു മള്ഊനിന്‍റെ പത്നിയാണ്. അവള്‍ അവളുടെ ദുഃഖവും സങ്കടവും അറിയിക്കാന്‍ വന്നതാണിവിടെ. ഉസ്മാന്‍ രാപ്പകലില്ലാതെ ഇബാദത്തിലാണത്രെ. രാത്രി മുഴുവന്‍ ഉപാസനയും പകല്‍ മുഴുവന്‍ ഉപാസവുമായിരിക്കും”. ഇത് കേട്ടപ്പോള്‍ പുണ്യറസൂല്‍ നേരെ ഉസ്മാന്‍(റ)ന്‍റെ അടുത്തേക്ക് ചെന്നു. അദ്ദേഹത്തോട് ചോദിച്ചു: “താങ്കള്‍ക്ക് കുടുംബമില്ലേ?” “എന്താ റസൂലേ ഇങ്ങനെയൊരു ചോദ്യം?” ഉസ്മാന്‍ ജിജ്ഞാസയോടെ പറഞ്ഞു. “താങ്കള്‍ പകല്‍ ഉപവസിക്കുകയും രാത്രി ഉപാസനയിലേര്‍പ്പെടുകയും ചെയ്യാറുണ്ടോ?” “അതെ, ഞാന്‍ അങ്ങനെ ചെയ്യാറുണ്ട്”. “ഇനിയത് ചെയ്യരുത്. താങ്കളുടെ ശരീരത്തിന് ചില അവകാശങ്ങളുണ്ട്. കുടുംബത്തിനുമുണ്ട് അവകാശങ്ങള്‍”.
പ്രവാചക നിര്‍ദ്ദേശം ഉസ്മാന്‍ (റ) ഉള്‍ക്കൊണ്ടു. തന്‍റെ കുടുംബത്തോടുള്ള ബാധ്യത നിറവേറ്റാന്‍ അദ്ദേഹം സന്നദ്ധനായി. അടുത്ത പ്രഭാതമായപ്പോള്‍ ഉസ്മാന്‍(റ)ന്‍റെ ഭാര്യ പുണ്യ നബിയുടെ വീട് ലക്ഷ്യമാക്കി നീങ്ങി. സുഗന്ധപൂരിതമായിട്ടാണ് അവള്‍ പോകുന്നത്. മുഖമാകെ സന്തോഷം വെട്ടിത്തിളങ്ങുന്നുണ്ട്. ശരിക്കും ഒരു മണവാട്ടിയെപ്പോലെ അവള്‍ പോയി. കഴിഞ്ഞ ദിവസം അവിടെ കൂടിയ സ്ത്രീകളെല്ലാം അവള്‍ക്കു ചുറ്റും കൂടി. അവര്‍ക്കൊന്നും മനസ്സിലായില്ല. അവളില്‍ വന്ന മാറ്റം അവരെ ശരിക്കും അത്ഭുതപ്പെടുത്തി. അവര്‍ ചോദിച്ചു: ഇബ്നു മള്ഊനിന്‍റെ പത്നീ… ഇതെന്താണ് സംഭവിച്ചത്:? അപ്പോള്‍ നിറഞ്ഞ പുഞ്ചിരിയോടെ അവള്‍ മറുപടി പറഞ്ഞു: ജനങ്ങള്‍ക്ക് കിട്ടിയത് ഞങ്ങള്‍ക്കും കിട്ടി.
നോക്കൂ, ഭര്‍ത്താവിന്‍റെ അകല്‍ച്ച ദുഃഖത്തിലാഴ്ത്തിയ ഒരു പെണ്ണിന്‍റെ അവസ്ഥ കണ്ടപ്പോള്‍ പുണ്യ നബിക്ക് സഹിച്ചില്ല. നേരെ ചെന്ന് ഭര്‍ത്താവിനോട് അവന്‍ നിര്‍വ്വഹിക്കേണ്ട കടമകളും കടപ്പാടുകളും എന്തൊക്കെയാണെന്ന് അറിയിച്ചു കൊടുത്തു. അടുത്ത പ്രഭാതമായപ്പോഴേക്കും ആ പെണ്ണ് സന്തോഷവതിയാവുകയാണ് ചെയ്തത്. ജനങ്ങളുടെ പ്രശ്നങ്ങളെയും പ്രയാസങ്ങളെയും സ്വന്തത്തിന്‍റേതായി കണ്ട് അതിനെ ഉടന്‍ തന്നെ പരിഹരിക്കാന്‍ നബി (സ്വ) തയ്യാറായിരുന്നു. ജീവിത വിജയം സമ്പൂര്‍ണ്ണ ഭൗതിക പരിത്യാഗമല്ലെന്ന് ലോകാനുഗ്രഹി റസൂലുല്ലാഹി (സ്വ) നമുക്ക് കാണിച്ചു തരുന്നു. സകലരുടെയും വേദനകളെയും യാതനകളെയും മനസ്സിലാക്കി പരിഹാര മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ അവിടുന്ന് ശ്രദ്ധിച്ചു. അവിടുത്തെ ജീവിതം മനസ്സിലാക്കുവാനും അത് ജീവിതത്തില്‍ പകര്‍ത്തുവാനും അല്ലാഹു തൗഫീഖ് നല്‍കട്ടെ, ആമീന്‍.
Be the first to comment