നിസ്കാരം : വിശ്വാസിയുടെ മിഅ്റാജ്

 ബാസിത്ത് പി മോളൂര്‍

വിശുദ്ധ റജബ് ,സുകൃതങ്ങളുടെ പെയ്ത്തുകാലമാണിത്.യജമാനനായ അല്ലാഹുവിന്‍റെ അമേയമായ അനുഗ്രഹങ്ങള്‍ ഭൂനിവാസികളായ അടിയാറുകള്‍ക്ക് മേല്‍ നിര്‍ലോപം വര്‍ഷിക്കുന്ന അനുഗ്രഹീത മാസം.’എന്‍റെ സമുദായത്തിന് ഇതര സമുദായങ്ങളെക്കാളേറെയുള്ള മഹത്വം പോലെയാണ് മറ്റു മാസങ്ങളെയപേക്ഷിച്ച് റജബിന്‍റെ പുണ്യം’ എന്ന മുത്തു നബി(സ്വ)യുടെ ശ്രേഷ്ഠ വചനങ്ങളില്‍ നിന്നും ഇതര മാസങ്ങള്‍ക്കിടയിലെ റജബിന്‍റെ ചൈതന്യം നമുക്ക് വായിച്ചെടുക്കാനാവും.

ഇസ്ലാമിക ചരിത്രത്തിലെ നാഴികക്കല്ലുകളായ ഒട്ടനേകം ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷിയായ അനുഗൃഹീതമാസം എന്നതാണ് റജബിനെ ഇത്രമേല്‍ മഹത്വമേറിയതാക്കുന്നത്.പരശ്ശതം അമ്പിയാ മുര്‍സലുകളുടെ നിയോഗവിയോഗങ്ങളും യുദ്ധം നിഷിദ്ധമായ മാസങ്ങളിലൊന്ന് എന്ന മേല്‍വിലാസവും സര്‍വോപരി,വര്‍ഷാ വര്‍ഷം സുകൃതവാരിധിയായി നിറഞ്ഞുപെയ്യുന്ന വിശുദ്ധ റമളാന്‍റെ, ഓര്‍മപ്പെടുത്തലുകളുടെയും പ്രഥമ മുന്നൊരുക്കങ്ങളുടെയും മാസമെന്ന ഖ്യാതിയും റജബിന്‍റെ പ്രാധാമ്യത്തിന് അടിവരയിടുന്നു.

ഇസ്ലാമിക നിയമക ഘട്ടങ്ങലിലെ എക്കാലത്തെയും പ്രഫുല്ല സാന്നിധ്യമായ ഇസ്റാഉും മിഅ്റാജും അവയില്‍ അതിപ്രധാനമാണ്.പ്രസ്തുത അത്ഭുത സംഭവത്തിന്‍റെ ബാക്കിപത്രമെന്നോണം മുസ്ലിം ഉമ്മത്തിനു വരദാനമായി ലഭിച്ചതാണ് അഞ്ച് വഖ്ത് നിസ്കാരം.

വിശുദ്ധ ഇസ്ലാമിന്‍റെ പരസ്യ പ്രബോധനവുമായി രംഗത്തു വന്ന വേളയില്‍ നേരിടേണ്ടി വന്ന പ്രതികൂല സാഹചര്യങ്ങളില്‍ വേദന തിന്ന് കഴിയുന്ന അവസരത്തില്‍ സാന്ത്വനത്തിന്‍റെ തെളിനീരുറവയുമായി ജിബ്രീല്‍(അ) ഹിജ്റയുടെ ഒരു വര്‍ഷം മുമ്പ് റജബ് 27 ന് മുത്ത് നബി(സ്വ)യുടെ സവിധമണയുകയും തുടര്‍ന്ന് ഇരുവരും ബുറാഖ് എന്ന അത്ഭുതവാഹനത്തില്‍ കയറി മസ്ജിദുല്‍ അഖ്സയിലേക്കും അവിടെ നിന്ന്  ഏഴ് ആകാശങ്ങളും കടന്ന് ചെന്ന് സിദ്റത്തുല്‍ മുന്‍തഹായും ബൈത്തുല്‍ മഹ്മൂറും സന്ദര്‍ശിച്ച് ,അല്ലാഹുവുമായി കൂടിക്കാഴ്ച നടത്തി,സ്വര്‍ഗ്ഗ-നരഗങ്ങളടക്കമുള്ള അവന്‍റെ സൃഷ്ടി വൈഭവങ്ങളും ഒട്ടേറെ ദൃഷ്ടാന്തങ്ങളും നേരില്‍ ദര്‍ശിച്ച് പ്രസ്തുത രാവില്‍ തന്നെ മക്കയില്‍ തിരിച്ചെത്തിയ പുണ്യ റസൂലിന്‍റെ വിസ്മയഭരിതമായ രാപ്രയാണമാണ് ഉപരിസൂചിത ഇസ്‌റാഉും മിഅ്റാജും.

അതുല്യമായ ഈ കുടിക്കാഴ്ചയ്ക്കുശേഷം അമുല്യവും  അനുപമവുമായ ഒരു പാരിതോഷികവുമായാണ്‌ മുത്തുനബി (സ്വ) മക്കയില്‍ തിരിച്ചെത്തിയത്. അതാണ് നിസ്കാരം.സൃഷ്ടികളിലെ ഉന്നതസ്ഥാനീയനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു പുറമെ ഈയൊരവസരം സഹസൃഷ്ടികള്‍ക്കും അനുഭവവേദ്യമാക്കുകയാണ് നിസ്കാരത്തിലൂടെ സൃഷ്ടികര്‍ത്താവ് ഉദ്ദേശിക്കുന്നത് “നിങ്ങളിലൊരാള്‍ നിസ്കരിക്കുമ്പോള്‍ തന്‍റെ നാഥനുമായി രഹസ്യ സംഭാഷണം നടത്തുകയാണ്”(ബുഖാരി) എന്ന പ്രവാചക വചനം ഇതിന് തെളിവാണ്. സ്രഷ്ടാവിന്‍റെ മുമ്പില്‍ മനുഷ്യന്‍ അര്‍പ്പിക്കുന്ന ആരാധകളില്‍ വേറിട്ടതുമായി നിസ്കാരം ഗണിക്കപ്പെടുന്നതിന്‍റെ കാരണം മറ്റൊന്നല്ല.

.ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം പ്രായപൂര്‍ത്തിയായതിന് ശേഷം ബുദ്ധിസ്ഥിരതയുള്ള കാലത്തൊക്കെയും ഈ കര്‍മ്മനിര്‍വ്വഹണത്തിനവന്‍ ബാധ്യസ്ഥനാണ്.ചില പ്രതികൂല സാഹചര്യങ്ങളില്‍ അതിന്‍റെ എണ്ണത്തിലും നിര്‍വഹണ രീതിയിലും ചില ഇളവുകള്‍ അനുവദിക്കപ്പെട്ടിട്ടുണ്ടെന്നല്ലാതെ ആ വിശിഷ്ടകര്‍മ്മത്തെ ഒഴിവാക്കാന്‍ ആര്‍ക്കും അനുവാദമില്ല.സത്യവിശ്വാസത്തിന്‍റെയും സത്യനിഷേധത്തിന്‍റെയും ഇടയില്‍ വേര്‍തിരിക്കുന്ന ഒരു പ്രധാന ഘടകമായാണ് പ്രസ്തുത കര്‍മ്മത്തെ മുത്ത് നബി(സ്വ)വിശേഷിപ്പിച്ചത്.

ആകാശാരോഹണ വേളയില്‍ മുത്ത് നബി(സ്വ) ദര്‍ശിച്ച വിസ്മയാവഹമായ ദൃഷ്ടാന്തങ്ങളില്‍ മുഖ്യമായിരുന്നു വാനലോകത്ത് സ്രഷ്ടാവിന് നിതാന്തമായി ആരാധനകളിലേര്‍പ്പെട്ടിരുന്ന പ്രകാശസൃഷ്ടികളായ മലക്കുകള്‍. സൃഷ്ടിക്കപ്പെട്ടതു മുതല്‍ അല്ലാഹുവിന് ദിക്ര്‍ ചൊല്ലിക്കൊണ്ടിരിക്കുന്ന മലക്കുകളെ ഒന്നാമാകാശത്തും റുകൂഇലായിരിക്കുന്നവരെ രണ്ടാമാകാശത്തും സുജൂദിലായിരിക്കുന്നവരെ മൂന്നാനാകാശത്തും കാണാന്‍ കഴിഞ്ഞു.നബി(സ്വ) സലാം ചൊല്ലിയപ്പോള്‍ മാത്രം അവര്‍ തലയുയര്‍ത്തി.

അഞ്ചാമാകാശത്തില്‍ തസ്ബീഹ് ചൊല്ലികൊണ്ടിരിക്കുന്നവരേയും ആറാമാകാശത്തില്‍ സ്രഷ്ടാവിനു സലാം ചൊല്ലിക്കൊണ്ടിരിക്കുന്നവരേയും തിരുനബി(സ്വ) കാണാനിടയായി.ഈ ഇബാദത്തുകള്‍ തനിക്കും തന്‍റെ സമുദായത്തിനും ലഭിച്ചിരുന്നെങ്കില്‍ നന്നായിരുന്നുവെന്ന് ആഗ്രഹിച്ച പുണ്യനബി(സ്വ) യുടെ പ്രത്യാശക്ക് പരിഹാരമായാണ് അഞ്ചു നേരത്തെ നിസ്കാരത്തെ പ്രപഞ്ചനാഥന്‍ കനിഞ്ഞത്. ശേഷം അല്ലാഹു ഇങ്ങനെ പറഞ്ഞ് വെക്കുകയും ചെയ്തു. ആരെങ്കിലും അഞ്ച് നേരത്തെ നിസ്കാരം നിര്‍വ്വഹിച്ചാല്‍ ഈ മലക്കുകള്‍ മുഴുവനും ചെയ്യുന്ന പ്രവര്‍ത്തനത്തിന്‍റെ പ്രതിഫലം അവന് എഴുതപ്പെടും”.(റൗളതുല്‍ ഉലമാഅ്) ഇത്രമേല്‍ മഹത്വമുള്ള ഈ ആരാധനാ കര്‍മ്മനിര്‍വ്വഹണത്തില്‍  നിന്നൊഴിഞ്ഞ് നില്‍ക്കുക എന്നത് പാപം തന്നെയാണ്.

നിസ്കാരമെന്ന രഹസ്യ  സംഭാഷണത്തിലൂടെ സൃഷ്ടിയും സ്രഷ്ടാവും തമ്മിലുള്ള അഭേദ്യമായ ബന്ധം ബലപ്പെടുകയും അതുവഴി ഈമാന്‍റെ സുരക്ഷിതത്വം സാധ്യമാവുകയും ചെയ്യുന്നു.നിസ്കാരം ഉപേക്ഷിക്കുന്ന വ്യക്തിയില്‍ നിന്നും അവന്‍റെ വിശ്വാസത്തിന്‍റെ അപൂര്‍ണ്ണതയും ബലഹീനതയുമാണ് പ്രകടമാകുന്നത്.നിസ്കാര നിര്‍വ്വഹണത്തില്‍ വീഴ്ച്ച വരുത്തുന്നത് കപടവിശ്വാസിയുടെ ലക്ഷണമായി ഖുര്‍ആന്‍ എടുത്തു പറയുന്നുണ്ട്(അന്നിസാഅ്:142).

അത്തരം വ്യക്തികള്‍ക്ക് ഇസ്ലാമിക വൃത്തത്തില്‍ യാതൊരു സ്ഥാനവുമില്ലെന്നു മാത്രമല്ല,അല്ലാഹുവിന്‍റെ മുഴുവന്‍ സംരക്ഷണവും അവരില്‍ നിന്ന് ഒഴിവായതായി ഒരു തിരുവചനത്തില്‍ കാണാം.:”വല്ലവനും മനപ്പൂര്‍വ്വം നിര്‍ബന്ധ നിസ്കാരം ഉപേക്ഷിച്ചാല്‍ അവനെ സംബന്ധിച്ചിടത്തോളം അല്ലാഹുവിന്‍റെ ബാധ്യത ഒഴിവായിരിക്കുന്നു.”(അഹ്മദ്)

ഇസ്ലാമിക കര്‍മ്മസരണിയില്‍ ഏറെ കര്‍ക്കശ നിലപാടാണ് നിസ്കാരത്തിന്‍റെ കാര്യത്തില്‍ അല്ലാഹു കൈക്കൊണ്ടിട്ടുള്ളത്.നിസ്കാരം നിര്‍വ്വഹിക്കാന്‍ സന്നദ്ധനാകുന്ന വ്യക്തി ശരീഅത്തിന്‍റെ മറ്റ് അനുശാസനകളെല്ലാം യഥാവിധി പാലിക്കാന്‍ ഔത്സുക്യം കാണിക്കുമെന്ന യാഥാര്‍ത്ഥ്യം മുന്‍നിര്‍ത്തിയാണിത്.പ്രസ്തുത കര്‍മ്മത്തില്‍ വീഴ്ച വരുത്തുന്ന പക്ഷം ഇതര ആരാധനാ കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാനുള്ള മാനസിക സന്നദ്ധത അയാളില്‍ ഉണ്ടാകുമെന്ന് ഊഹിക്കാവതല്ല.ദീനിന്‍റെ സ്തംഭമായിട്ടാണ് മുത്ത് നബി (സ്വ) നിസ്കാരത്തെ വിശേഷിപ്പിച്ചത്.ആ സ്തംഭമില്ലാതെ ഇസ്ലാമാകുന്ന മേല്‍ക്കൂരക്ക് നിലനില്‍പ്പില്ലെന്നര്‍ത്ഥം.

ഹള്റത്ത് ഉമര്‍ (റ) ഒരിക്കല്‍ തന്‍റെ ഗവര്‍ണര്‍മാര്‍ക്ക് ഇങ്ങനെ എഴുതി:നിശ്ചയം നിങ്ങളുടെ കാര്യത്തില്‍ എന്‍റെ പക്കല്‍ പരമപ്രധാനം നിസ്കാരമാണ്.അതു നിര്‍വ്വഹിക്കുകയും യഥാവിധി സൂക്ഷിക്കുകയും ചെയ്യുന്നവന്‍ ദീനിനെ മുഴുവന്‍ സൂക്ഷിച്ചിരിക്കുന്നു.അതിനെ പാഴാക്കിയവനോ മറ്റുള്ളവയെ കൂടുതല്‍ പാഴാക്കുന്നവനുമാകുന്നു.”(മാലിക് മിശ്കാത്ത്) നിസ്കാരം സത്യവിശ്വാസത്തിന്‍റെ മൂലശിലയാണെന്നാണ് ഉദ്ധൃത വചനം വ്യക്തമാക്കുന്നത്.

മനുഷ്യബുദ്ധിക്ക് അപ്രാപ്യമായ ഒട്ടനവധി രഹസ്യങ്ങളും സവിശേഷതകളും നിസ്കാരത്തില്‍ അല്ലാഹു ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.മാനസികാസ്വാസ്ഥ്യം മൂലം നട്ടം തിരിയുന്നവന് ശാന്തിയും സമാധാനവും അതിലൂടെ സാധ്യമാകുന്നു എന്നാണ് പ്രവാചകാദ്ധ്യാപനം. അവിടുന്ന് എന്തെങ്കിലും വിഷമസന്ധിയിലകപ്പെട്ടാലുടനെ നിസ്കാരത്തിനൊരുങ്ങുമായിരുന്നുവെന്ന് ഹുദൈഫ(റ)വില്‍ നിന്ന് ഇമാം അബുദാവൂദ് ഉദ്ധരിച്ച ഹദീസില്‍ കാണാം.

പ്രബോധന വേളയിലെ ഏറ്റവും കൈപ്പാര്‍ന്ന ഘട്ടത്തിലാണ് പ്രവാചകര്‍(സ്വ)ക്ക് നിസ്കാരം നല്‍കപ്പെട്ടത് എന്നതും പ്രസ്താവ്യമാണ്.അപ്രകാരം നിസ്കാരം മുറപ്രകാരം അനുഷ്ടിക്കുന്നത് തിډകളെ ദുരീകരിക്കുമെന്ന് ഖുര്‍ആന്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്(ഹൂദ് 114).വിശ്വാസിയുടെ വീട്ടുമുറ്റത്തെ തെളിനീരൊഴുകുന്ന അരുവിയോടാണ് പ്രവാചകര്‍(സ്വ) അഞ്ചു നേരമുള്ള നിസ്കാരത്തെ ഉപമിച്ചത്.

ദിനേന അഞ്ച് നേരം  സ്നാനം ചെയ്യുന്നവന്‍റെ ദേഹത്തില്‍ അശേഷം അഴുക്കുണ്ടാവില്ല എന്ന പോലെ ,നിസ്കാരത്തിന്‍റെ ആന്തരികാര്‍ത്ഥം ഗ്രഹിച്ച്,ആത്മവിശുദ്ധിയോടെ ഓരോ വിശ്വാസിയും നിര്‍വ്വഹിക്കുന്ന നിസ്കാരങ്ങള്‍ അവരുടെ ഹൃദയങ്ങളെ സ്ഫടിക സമാനം സ്ഖലിതമുക്തമാക്കാന്‍ പ്രാപ്തമാക്കിയിരിക്കും എന്നാണ് പ്രവാചക തിരുവചനത്തിന്‍റെ വിവക്ഷ.

ഉദ്ദേശ്യശുദ്ധിയോടെയും ഏകാഗ്ര മനസ്സോടെയും ഓരോ വിശ്വാസിയും നിര്‍വ്വഹിക്കുന്ന നിസ്കാരങ്ങള്‍ മുത്ത് നബിയുടെ ജീവിതത്തിലുണ്ടായ മിഅ്റാജിന്‍റെ പ്രതീകാത്മക പ്രകടനങ്ങള്‍ തന്നെയാണ്.ഭൗതിക നൂലാമാലകളില്‍ നിന്ന് ചിന്താവിമുക്തനായും ശരീരവും ബുദ്ധിയും ചിന്തയും ഏകാഗ്രമാക്കി സമര്‍പ്പണ മനോഭാവം കൈവരിച്ചും അത് നിര്‍വ്വഹിക്കുമ്പോള്‍ മാത്രമാണ് മിഅ്റാജിന്‍റെ അനുഭൂതി വിശ്വാസിക്ക് ലഭ്യമാകുന്നത്.ആത്മശുദ്ധീകരണത്തിന്‍റെ അനുഭവവേദ്യ വജ്രായുധമായ അഞ്ചു നേരത്തെ നിസ്കാരങ്ങള്‍ നിര്‍വ്വഹിക്കാന്‍ നാം സര്‍വ്വാത്മനാ ബദ്ധശ്രദ്ധരാവേണ്ടതുണ്ട്.അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ.   .

About Ahlussunna Online 1348 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*