സംവരണക്കാരുടെ മെറിറ്റ്: കോടതി വിധി സുപ്രധാനം

സംവരണാർഹവിഭാഗത്തിൽ പെട്ടവരാണെങ്കിലും മതിയായ മാർക്കുണ്ടെങ്കിൽ അവർക്ക് ജനറൽ ക്വാട്ടയിലും പ്രവേശനം നേടാമെന്ന സുപ്രധാന വിധി പുറപ്പെടുവിച്ചിരിക്കുകയാണ് സുപ്രിംകോടതി. മെഡിക്കൽ പ്രവേശനത്തിൽ സംവരണ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് ജനറൽ ക്വാട്ടയിൽ സീറ്റ് നിഷേധിച്ച മധ്യപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിയാണ് ജസ്റ്റിസുമാരായ ബി.ആർ ഗവായ്, കെ.വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. 
എം.ബി.ബി.എസ് പ്രവേശനത്തിൽ ജനറൽ കാറ്റഗറി വിഭാഗക്കാർക്കായി മാറ്റിവച്ച അഞ്ച് ശതമാനം സീറ്റിൽ സർക്കാർ സ്‌കൂളുകളിൽ പഠിച്ച് മെറിറ്റിൽ യോഗ്യതയുള്ള ഒ.ബി.സി വിദ്യാർഥികൾക്ക് നൽകില്ലെന്നായിരുന്നു മധ്യപ്രദേശ് മെഡിക്കൽ വിഭാഗത്തിന്റെ നിലപാട്. വിദ്യാർഥികൾ മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി സർക്കാർ തീരുമാനം ശരിവച്ചു. ഇതോടെയാണ് ഇവർ നീതി തേടി സുപ്രിംകോടതിയിലെത്തിയത്.
 മെറിറ്റ് പ്രകാരം മാർക്കുണ്ടെങ്കിൽ പിന്നോക്ക വിഭാഗത്തിൽപ്പെട്ടവരാണെന്ന കാരണത്താൽ അവരെ സംവരണ സീറ്റിനുമാത്രം അർഹതപ്പെട്ടവരായി എങ്ങനെ കണക്കാക്കുമെന്നാണ് കോടതി ചോദിച്ചത്. ഈ വിദ്യാർഥികളെ സംവരണ ക്വാട്ടയിൽ പ്രവേശനം നേടിയവരായി കണക്കാക്കരുതെന്നും സുപ്രിംകോടതി ഉത്തരവിട്ടു. യോഗ്യതയുള്ള വിദ്യാർഥിയെ ജനറൽ വിഭാഗത്തിൽ പ്രവേശിപ്പിക്കാതിരുന്നത് നിയമപരമായി നിലനിൽക്കില്ല. ജനറൽ വിഭാഗക്കാർക്ക് നിശ്ചയിച്ച കട്ട് ഓഫ് മാർക്ക് പട്ടികജാതി, പട്ടികവർഗ, പിന്നോക്ക സംവരണത്തിൽപ്പെടുന്നവരുടെ കട്ട് ഓഫ് മാർക്കിനേക്കാൾ കുറവായതിനാൽ തന്നെ ഒ.ബി.സി വിഭാഗത്തിൽപ്പെട്ടവർക്ക് പ്രവേശനം നിഷേധിച്ചത് നിയമവിരുദ്ധവും യുക്തിരഹിതവുമാണെന്ന് കോടതി ചൂണ്ടിക്കാട്ടുകയും ചെയ്തു. 
ചരിത്രപരമായ കാരണങ്ങളാൽ തുല്യാവസരം ലഭിക്കാതെ വന്ന പിന്നോക്കവിഭാഗക്കാർക്ക് സാമൂഹികനീതി ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് വിദ്യാഭ്യാസമേഖലയിൽ സംവരണം ഏർപ്പെടുത്തിയത്. അതിനർഥം അവർ സംവരണ സീറ്റുകളിലൂടെ മാത്രം പ്രവേശനം നേടാൻ യോഗ്യരായവരാണെന്നല്ല. മെറിറ്റ് സീറ്റുകൾ മുന്നോക്കർക്ക് മാത്രമായി നിശ്ചയിക്കപ്പെട്ടതുമല്ല. മധ്യപ്രദേശ് സർക്കാരിന് ഇക്കാര്യം ബോധ്യമില്ലാതെ പോയത് ദൗർഭാഗ്യകരമാണ്.
പട്ടികജാതി, പട്ടികവർഗ, പിന്നോക്ക സംവരണ വിഭാഗത്തിൽപ്പെടുന്ന വിദ്യാർഥികൾക്ക് അവരുടെ മെറിറ്റ് കണക്കിലെടുത്ത് ജനറൽ വിഭാഗക്കാർക്കുള്ള ക്വാട്ടയിൽ പ്രവേശനം നൽകണമെന്ന് സുപ്രിംകോടതിയുടെ തന്നെ മുൻകാല വിധികളുണ്ട്. 2022 ഏപ്രിൽ 28നാണ് ഇക്കാര്യത്തിൽ അവസാന വിധിയുണ്ടാകുന്നത്. ഒ.ബി.സി ഉദ്യോഗാർഥികൾ കൂടുതൽ മെറിറ്റുള്ളവരാണെങ്കിൽ അവരെ ജനറൽ വിഭാഗത്തിൽ പരിഗണിക്കണമെന്നായിരുന്നു ജസ്റ്റിസുമാരായ എം.ആർ ഷാ, ബി.വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി. പൊതുവിഭാഗത്തിലെ അപേക്ഷകരെക്കാൾ കൂടുതൽ മാർക്ക് നേടിയ സംവരണ വിഭാഗക്കാരുണ്ടെങ്കിൽ അവരെ പൊതുവിഭാഗത്തിലേക്ക് മാറ്റണമെന്നും സംവരണ വിഭാഗത്തിൽപ്പെട്ട ശേഷിക്കുന്ന ഉദ്യോഗാർഥികളെ സംവരണ ക്വാട്ടയിൽ നിയമിക്കണമെന്നും കോടതി ഉത്തരവിടുകയും ചെയ്തു.
ഇതിന്റെ അടിസ്ഥാനത്തിൽ റാങ്ക് പട്ടികയിൽതന്നെ മാറ്റം വരുത്താനാണ് സുപ്രിംകോടതി നിർദേശിച്ചത്. 2021ലെ സൗരവ് യാദവ് കേസിലും സുപ്രിംകോടതി സമാന വിധി പുറപ്പെടുവിച്ചു. അതിനുമുമ്പും ഇതേ വിധികളുണ്ടായിട്ടുണ്ട്. എന്നിട്ടും വിധികൾ ആവർത്തിക്കേണ്ടി വരുന്നത് സംവരണത്തിന്റെ ലക്ഷ്യത്തിന് വിരുദ്ധമായ നടപടികൾ രാജ്യത്ത് ആവർത്തിക്കുന്നുവെന്നതിന്റെ സൂചനയാണ്.
സംവരണത്തിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവർ കാര്യക്ഷമതയില്ലാത്തവരാണെന്ന മിഥ്യയാണ് സംവരണവിരുദ്ധർ പൊതുവായി ഉയർത്തുന്ന ആശയം. 2019 മെയിലെ ഒരു വിധിന്യായത്തിൽ ജസ്റ്റിസുമാരായ യു.യു ലളിത്, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച് ഈ മിഥ്യയെ കണക്കുകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്തിട്ടുണ്ട്. മെറിറ്റിലൂടെ ഉദ്യോഗത്തിലെത്തിയവർ സംവരണ സീറ്റുകളിലൂടെ യോഗ്യത നേടിയവരെക്കാൾ കാര്യക്ഷമതയുള്ളവരാണെന്ന് കണ്ടെത്താനായില്ലെന്നാണ് സുപ്രിംകോടതി ചൂണ്ടിക്കാട്ടിയത്. സാമൂഹിക യാഥാർഥ്യങ്ങളിൽനിന്ന് നിയമത്തെ വേർപെടുത്താൻ കഴിയില്ല. കാര്യക്ഷമത എന്ന പ്രയോഗത്തിന് ഒരു ഭരണഘടനാപരമായ പശ്ചാത്തലമുണ്ട്. ഇന്ത്യയിലെ ജനസംഖ്യയുടെ വലിയൊരു ഭാഗം വരുന്ന പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങൾക്ക് സർക്കാർ സേവനങ്ങളിൽ ശരിയായ പ്രാതിനിധ്യം ഇല്ലാതിരിക്കുന്നത് ഭരണനിർവഹണത്തിന്റെ വിശ്വാസ്യത കുറയ്ക്കും. വൈവിധ്യവും ഉൾപ്പെടുത്തലും ഭരണത്തിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തും. കാര്യക്ഷമതയുടെ ഈ മാനദണ്ഡം ഒരു വിഭാഗത്തെ ഒഴിവാക്കലിൽ അധിഷ്ഠിതമാണെങ്കിൽ, അത് പാർശ്വവത്കരിക്കപ്പെട്ടവർക്കെതിരായ ഭരണരീതി സൃഷ്ടിക്കും.
കാര്യക്ഷമതയുടെ ഈ മാനദണ്ഡം തുല്യമായ പ്രവേശനത്തിൽ അധിഷ്ഠിതമാകുമ്പോഴാണ് ന്യായമായ സാമൂഹികക്രമം സൃഷ്ടിക്കുന്നതിനുള്ള ഭരണഘടനയുടെ പ്രതിബദ്ധത രാജ്യത്ത് പ്രതിഫലിക്കുക. യോഗ്യതയുണ്ടായിട്ടും പിന്നോക്കവിഭാഗത്തിന് മെറിറ്റ് സീറ്റുകളിൽ പ്രവേശനം നിഷേധിക്കുന്നത് തുല്യമായ പ്രവേശനം എന്ന ആശയത്തിന് വിരുദ്ധമാണ്. വിദ്യാഭ്യാസ അവസരങ്ങളുടെ വിതരണത്തിന് മത്സരപരീക്ഷ ആവശ്യമായി വന്നേക്കാം. എന്നാൽ സാമൂഹികവും സാംസ്‌കാരികവുമായ മൂലധനം, പാരമ്പര്യ വൈദഗ്ധ്യം, ഗുണനിലവാരമുള്ള സ്‌കൂൾ വിദ്യാഭ്യാസം എന്നിവയുടെ സഹായമില്ലാതെ മത്സരിക്കുന്നവർക്ക് തുല്യാവസരം ഇത് പ്രാപ്തമാക്കുന്നില്ല. അതിനാലാണ് സംവരണം എന്ന രീതിയെ നിലനിർത്തുന്നത്. വെല്ലുവിളികൾക്കിടയിലും മികച്ച മാർക്ക് നേടുന്ന പിന്നോക്കരെ സംവരണ പട്ടികയിൽ ഉൾപ്പെടുത്തി പ്രവേശനം നൽകുന്നത് അവരുടെ കഠിനാധ്വാനത്തെയും കൈവരിച്ച നേട്ടത്തെയും ജാതിയുടെ പേരിൽ തള്ളിക്കളയുകയും അവരെ അവഹേളിക്കുകയും ചെയ്യലാണ്.
ഈ പശ്ചാത്തലത്തിൽ സുപ്രിംകോടതി വിധിക്ക് പ്രസക്തിയുണ്ട്. എല്ലാവരും മെറിറ്റ് പട്ടികയിൽ മത്സരിക്കുകയും കൂടുതൽ യോഗ്യതയുള്ളവർ അവസരങ്ങൾ സ്വന്തമാക്കുകയും ചെയ്യുന്ന ലക്ഷ്യത്തിലെത്തുകയെന്നത് തന്നെയാണ് ഭരണഘടനാ ശിൽപികൾ സ്വപ്‌നംകണ്ട ആശയം. ചരിത്രപരമായ കളങ്കം മായ്ക്കപ്പെടുകയും എല്ലാവർക്കും എല്ലാ മേഖലയിലും തുല്യാവസരം ലഭ്യമാകുകയും ചെയ്യുന്ന കാലത്ത് മാത്രമേ മെറിറ്റിനെ മാത്രം അടിസ്ഥാനപ്പെടുത്തിയുള്ള പ്രവേശനം പൂർണമായും സാധ്യമാകുകയുള്ളൂ. അത്തരമൊരു ഘട്ടത്തിൽ രാജ്യമെത്തുന്നത് വരെ ഈ കൈത്താങ് തുടരണം. അതിനെ വികല വ്യാഖ്യാനങ്ങളിലൂടെ അട്ടിമറിക്കാൻ അനുവദിക്കരുത്.

About Ahlussunna Online 1293 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*