
ഭൂലോകമാകെ മദീനാ മണ്ണിലേക്ക് മനസ്സ് തിരിക്കുന്ന അനുഗ്രഹീത റബീഇന്‍റെ വസന്ത വേളകള്‍ നമ്മിലേക്ക് ആഗതമായിരിക്കുകയാണല്ലോ? ചരാചര ഭേദമന്യേ സര്‍വ്വ സൃഷ്ടികളും വിശിഷ്യാ മാനവ സമൂഹവും ആനന്ദത്തിന്‍റെയും ആത്മീയ വേഷത്തിന്‍റെയും നിറശോഭയിലാണിപ്പോള്‍. വസന്തം വിരുന്നെത്തുന്ന തിരുറബീഇനെ സ്വീകരിക്കുവാന്‍ നാടും വീടും ഒരുങ്ങിക്കഴിഞ്ഞു. പ്രവാചക സന്ദേശ പഠന ക്ലാസ്സുകള്‍, റബീഅ് കാമ്പയിനുകള്‍, വഅള് പരമ്പരകള്‍, മൗലിദ് സദസ്സുകള്‍, മദ്ഹ് വേദികള്‍ തുടങ്ങി പ്രവാചക സ്നേഹം ഊട്ടിയുറപ്പിക്കുന്ന വൈവിധ്യ ഉദ്യമങ്ങള്‍ ഓരോ മഹല്ലിലെയും സമകാലിക അജണ്ടകളാണ്.
ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഗൗരവമേറിയ ആത്മിചിന്തനത്തിന് സമയം കാണേണ്ട വേളകൂടിയാണിത്. വിശ്വാസ പൂര്‍ത്തീകരണത്തിന്‍റെ പ്രധാന ഭാഗമാണല്ലോ തിരുനബി സ്നേഹം. പുണ്യ റസൂല്‍(സ്വ)യോടുള്ള ആത്മസ്നേഹം സ്വശരീരത്തേക്കാള്‍ മികച്ചതാവണമെന്നാണ് ഖുര്‍ആനിക കല്‍പ്പന. നബി (സ്വ) സത്യവിശ്വാസികള്‍ക്ക് സ്വദേഹങ്ങളേക്കാള്‍ ബന്ധപ്പെട്ട ആളാകുന്നു. (അസ്ഹാബ് 6)
പുണ്യ നബി(സ്വ)യേക്കാള്‍ ഭൗതിക മേഖലയോട് പ്രിയം വെക്കുന്ന സമൂഹത്തോടുള്ള ഖുര്‍ആനിക താക്കീതും ഇവിടെ പ്രസ്താവ്യമാണ്. നബിയെ, പ്രഖ്യാപിക്കുക. നിങ്ങളുടെ മാതാപിതാക്കള്‍, സഹോദരങ്ങള്‍, സന്താനങ്ങള്, ഇണകള്‍, കുടുംബങ്ങള്‍, സമ്പാദ്യങ്ങള്‍, മാന്ദ്യം ഭയക്കുന്ന കച്ചവടങ്ങള്‍, സംതൃപ്ത ഭവനങ്ങള്‍ ഇവയെല്ലാം അല്ലാഹുവിനേക്കാളും അല്ലാഹുവിന്‍റെ റസൂലിനേക്കാളും അവന്‍റെ മാര്‍ഗ്ഗത്തിലുള്ള പോരാട്ടത്തേക്കാളും നിങ്ങള്‍ക്ക് അമിത പ്രിയമാണെങ്കില്‍ അല്ലാഹു അവന്‍റെ കല്‍പ്പന നടത്തുന്നതു വരെ നിങ്ങള്‍ കാത്തിരിക്കുക. അതിക്രമകാരികളായ ജനതകളെ അല്ലാഹു സډാര്‍ഗ്ഗത്തിലാക്കുകയില്ല. (തൗബ 24)
മനുഷ്യ ജീവിതത്തില്‍ സാധാരണയായി അടുപ്പവും ബന്ധവും അനിവാര്യമായ മേഖലകളാണ് ഉദ്ധൃത സൂക്തത്തിലെ 8 കാര്യങ്ങള്‍ എന്നാല്‍ അവകള്‍ക്കെല്ലാം മുന്‍ഗണനയായി അല്ലാഹുവും റസൂലും മനസ്സിലും ജീവിതത്തിലും സ്ഥാനം പിടിക്കുമ്പോള്‍ മാത്രമേ നാം ഹിദായത്ത് (നേര്‍മാര്‍ഗം) കൊതിക്കേണ്ടതുള്ളൂ എന്ന് മേല്‍ ആയത്ത് അസന്നിഗ്ധമായി പറയുന്നു.
നബി(സ്വ)യുടെ തിരുചര്യയെ സ്വന്തം ജീവിതത്തിലേക്ക് പകര്‍ത്തുക എന്നതാണ് അത്യുന്നതമായ പ്രവാചക സ്നേഹം. അത്യന്തികമായി അല്ലാഹുവിന്‍റെ സ്നേഹത്തെയും തൃപ്തിയെയും പാപമോചനത്തെയും കാംക്ഷിക്കുന്നവര്‍ തിരുചര്യയെ ജീവിതത്തില്‍ പകര്‍ത്തല്‍ അത്യന്താപേക്ഷിതമാണ്. സൂറത്തു ആലിഇംറാനിലെ 31 ാം സൂക്തത്തില്‍ ഈ കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
നബിദിനാഘോഷം ഇസ്ലാമികം
നബി(സ്വ)യുടെ ജനനത്തില്‍ സന്തോഷിക്കല്‍, അപഥാനങ്ങള്‍ വാഴ്ത്തല്‍, മൗലിദ് പാരായണം, നബി(സ്വ)യുമായി ബന്ധപ്പെട്ട ചരിത്ര സ്മരണകള്‍ നടത്തല്‍ തുടങ്ങിയ കാര്യങ്ങളും ഏറെ പുണ്യാര്‍ഹമാണ്. റബീഉല്‍ അവ്വലിനോട് അനുബന്ധമായി സംഘടിപ്പിക്കപ്പെടുന്ന ഇത്തരം സല്‍കര്‍മ്മങ്ങള്‍ക്കെതിരെയും അപശബ്ദങ്ങളും ആക്രോശങ്ങളും ഉയര്‍ത്തുന്നവരുണ്ട്. പരമ്പരാഗത മൂല്യങ്ങളോടെല്ലാം പുറംതിരിയുകയും തല്‍പര വ്യാഖ്യാനങ്ങളിലൂടെ ഇജ്തിഹാദ് നടത്തി പുതിയ മതം രൂപീകരിക്കുകയും ചെയ്ത് എല്ലാം കുഫ്റും ശിര്‍ക്കുമാക്കി എണ്ണാവുന്നതിലപ്പുറം പൊട്ടിത്തെറിച്ച പുത്തന്‍ വാദികളാണ് ഈ ആക്രോശ നായകര്‍.
അബൂലഹബിന് പോലും തിങ്ങളാഴ്ച തോറും നരകത്തില്‍ അല്‍പം ആശ്വാസം നല്‍കപ്പെടുന്നത് പുണ്യനബി(സ്വ)യുടെ തിരുജډത്തില്‍ സന്തോഷിച്ചതിലാണെന്ന (ബുഖാരി) പരമ യാഥാര്‍ത്ഥ്യം തിരസ്കരിക്കാവതല്ല. മാത്രമല്ല, തിരുനബി(സ്വ)യെന്ന അനുഗ്രഹത്തില്‍ സന്തോഷ പ്രകടനം നടത്തണമെന്നത് പരിശുദ്ധ ഖുര്‍ആന്‍ ആഹ്വാനം നടത്തിയ കാര്യംകൂടിയാണ്.
നബിയെ, താങ്കള്‍ പറയുക. അല്ലാഹുവിന്‍റെ ഫള്ല്‍ (ഔദാര്യം) കൊണ്ടും റഹ്മത്ത് (കാരുണ്യം) കൊണ്ടും അവര്‍ സന്തോഷിച്ചുകൊള്ളട്ടെ. (യൂനുസ് 58) നബി(സ്വ)യേക്കാള്‍ ഉത്തമമായ മറ്റൊരു കാരുണ്യം ഇല്ലെന്ന വസ്തുത ഖുര്‍ആന്‍ തന്നെ വ്യക്തമാക്കിയതുമാണ്. നബിയെ, സര്‍വ്വ ലോകര്‍ക്കും റഹ്മത്തായിട്ടാണ് (കാരുണ്യം) താങ്കളെ നാം നിയോഗിച്ചത്. (അമ്പിയാഅ് 107) അല്ലാഹുവിന്‍റെ കാരുണ്യത്തില്‍ സന്തോഷിക്കാന്‍ കല്‍പിച്ച ഖുര്‍ആന്‍ തിരുനബി(സ്വ)യെ ഏറ്റവും വലിയ അനുഗ്രഹമായി പരിചയപ്പെടുത്തുകയും ചെയ്യുന്നു.
യൂനുസ് സൂറത്തിലെ 58 ാം ആയത്തിന്‍റെ തഫ്സീറില്‍ പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാവായ ഇബ്നു അബ്ബാസ് (റ) പറയുന്നു: ഫള്ല്‍ (ഔദാര്യം) എന്നതുകൊണ്ടുള്ള ഉദ്ദേശം വിജ്ഞാനവും റഹ്മത്ത് (കാരുണ്യം) കൊണ്ടുള്ള ഉദ്ദേശം നബി(സ്വ)യും ആകുന്നു. (റൂഹുല്‍ മആനി) നബി(സ്വ)യെ കൊണ്ട് സന്തോഷിക്കേണ്ടതിന്‍റെ അനിവാര്യത ഉദ്ധൃത പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ സ്ഥിരപ്പെട്ട വസ്തുതയാണ്.
മൗലിദ് പാരായണമാണ് വഹാബി, മൗദൂദി വിഭാഗങ്ങള്‍ക്ക് അലോസരമുള്ള മറ്റൊരു കാര്യം. നബി(സ്വ)യുടെ മദ്ഹ് പറയുക, ജനന-ജീവിത ചരിത്ര സംഭവങ്ങളുണര്‍ത്തുക, പുണ്യ നബി(സ്വ)യുടെ മേല്‍ സ്വലാത്ത് ചൊല്ലുക എന്നീ കാര്യങ്ങളാണ് മൗലീദ് പാരായണത്തിലൂടെ പ്രധാനമായും ലഭ്യമാകുന്നത്. ഇത്തരം കാര്യങ്ങള്‍ ഏറെ പുണ്യാര്‍ഹവും പ്രമാണങ്ങള്‍ തെളിവേകിയ വസ്തുതയുമാണ്.
ഖുര്‍ആന്‍ തന്നെയാണ് ആദ്യമായി നബി(സ്വ)യുടെ മദ്ഹ് പറഞ്ഞത്. ഇരുളടഞ്ഞ ലോകത്ത് വെളിച്ചം വിതറാനെത്തിയ മാര്‍ഗ്ഗദര്‍ശിയാണ് തിരുദൂതര്‍ (സ്വ) എന്ന് ധാരാളം ആയത്തുകളിലൂടെ ഖുര്‍ആന്‍ ലോകത്തോട് പറയുന്നുണ്ട്. സര്‍വ്വ ജനങ്ങള്‍ക്കും സന്തോഷ വാര്‍ത്തയും മുന്നറിയിപ്പും നല്‍കുന്നവരായാണ് അങ്ങയെ നാം നിയോഗിച്ചത്. (ഫാത്വിര്‍ 24)
ജീവിത വ്യവഹാരത്തിലെ മുഴുവന്‍ തലങ്ങളിലെയും ഉല്‍കൃഷ്ട മാതൃക പുണ്യനബിയിലുണ്ടെന്ന് (അല്‍ അഹ്സാബ് 21) ഖുര്‍ആന്‍ നബി(സ്വ)യെ വാഴ്ത്തിപ്പറഞ്ഞു. ലോകാനുഗ്രഹിയാണെന്ന് (അല്‍ അമ്പിയാഅ് 107) പ്രഖ്യാപിച്ചു. നബി(സ്വ)യുടെ മദ്ഹ് പറയല്‍ പുണ്യമല്ലെങ്കില്‍ ഖുര്‍ആനിന് പിഴവ് സംഭവിച്ചുവെന്ന് ബിദഇകള്‍ സമ്മതിക്കേണ്ടി വരും.
മുന്‍കഴിഞ്ഞ ധാരാളം പ്രവാചകന്മാരുടെ പ്രബോധന പരിത്യാഗ ചരിത്രങ്ങള്‍ ഖുര്‍ആനില്‍ കാണാം. അതുകൊണ്ടുതന്നെ അവരേക്കാള്‍ ഉത്തമരായ പുണ്യനബി(സ്വ)യുടെ ചരിത്രം പറയല്‍ ഏറെ പുണ്യമുള്ള കാര്യമാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. പുണ്യനബി(സ്വ)യുടെ മദ്ഹ് പാടിയ കഅ്ബ് (റ), ഹസന്‍ (റ), അബ്ദുല്ലാഹിബ്നു റവാഹ (റ) തുടങ്ങിയ പ്രമുഖ സ്വഹാബിമാരെ നബി (സ്വ) തങ്ങള്‍ തന്നെ അനുമോദിച്ചിരുന്നതായി ഹദീസ് ഗ്രന്ഥങ്ങളില്‍ സ്പഷ്ടമാണ്.
ഇസ്ലാം സ്വീകരിച്ച ശേഷം പ്രവാചക സദസ്സില്‍ വന്ന് ബാനത്ത് സുആദ് എന്ന വിഖ്യാതമായ നബി കീര്‍ത്തന കാവ്യം ആലപിച്ച കഅ്ബ്(റ)ന് പുണ്യനബി (സ്വ) തന്‍റെ ഷാളണിയിച്ചു കൊടുത്ത സംഭവം ബുഖാരി ഇമാം രേഖപ്പെടുത്തിയിട്ടുണ്ട്. നബി(സ്വ)യുടെ മദ്ഹ് പാടാന്‍ ഹസന്‍(റ)ന് മദീനാ പള്ളിയില്‍ ഒരു വിശിഷ്ട പീഠം സ്ഥാപിച്ചു കൊടുത്തിരുന്നു. ഹസന്‍(റ)ന്‍റെ കവിത കേട്ട് ആസ്വദിച്ച നബി (സ്വ) അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തിയതും ബുഖാരി ഇമാം ലോകത്തിന് പഠിപ്പിച്ച പ്രവാചക മദ്ഹ് ആലാപനത്തിന്‍റെ നിദര്‍ശന അധ്യാപനമാണ്.
അന്ത്യനാളില്‍ എന്നോട് ഏറ്റവും അടുത്തവര്‍ എന്‍റെ മേല്‍ സ്വലാത്ത് വര്‍ദ്ധിപ്പിച്ചവരാണെന്ന് നബി (സ്വ) തങ്ങള്‍ പറഞ്ഞിട്ടുണ്ട്. മദ്ഹും ചരിത്ര പാഠങ്ങളും സ്വലാത്തുമെല്ലാം സംഗമിക്കുന്ന മൗലിദ് വേളകളെ ആവേശത്തോടെ നാം സ്വീകരിക്കണം. കേവലം റബീഉല്‍ അവ്വലില്‍ മാത്രമല്ല, ജീവിതത്തിലുടനീളം ഇത്തരം പുണ്യകര്‍മ്മങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ നമ്മുടെ ജീവിതം സന്തോഷത്തിലും ഐശ്വര്യത്തിലുമായിരിക്കും.
Be the first to comment