ഹിംസ്: പുരാതനമായ ഇസ്‌ലാമിക നഗരം

കെ. ആബിദ് വഴിക്കടവ്

പരിശുദ്ധ ഇസ്ലാമിന്റെ പ്രതാഭവും ചൈതന്യവും പ്രശോഭിച്ച് നിന്ന അനുഗ്രഹീത പട്ടണമാണ് ഹിംസ്. നിലവിൽ ഹോംസ് എന്നറിയപ്പെടുന്ന പ്രദേശം സിറിയയിലെ അലപ്പോയുടെയും സമസ്കസിന്റെയും ഇടയിലാണ് സ്ഥിതി ചെയ്യുന്നത്. ഫലപുയിഷ്ഠിതമായ മണ്ണും സമൃദ്ധമായ വെള്ളവും അനുയോജ്യ കാലാവസ്ഥയും ഒത്തിണങ്ങിയതിനാൽ ഹിംസിന് ചരിത്രാധീത കാലത്തോളം പഴക്കമുണ്ട്. വ്യത്യസ്ത കാലഘട്ടങ്ങളിലായി ഒട്ടനവധി നാഗരികതകളുടെ സംഗമ ഭൂമിയായ അവിടo വൈജാത്യമായ അനേകം സാംകാരിക പകർച്ചക്കും നാഗരിക മാറ്റങ്ങൾക്കും വിധേയമായിട്ടുണ്ട്.

ഹിംസിൽ മിതശിതോഷ്ണ കാലാവസ്ഥയാണ്. അതു കൊണ്ട് തന്നെ  കാലങ്ങളായി സിറിയയിലെ കാർഷിക അഭിവ്യദ്ധിയുടെ മുഖ്യ ഉറവിടമായി ഹിംസ് തിളങ്ങി നിൽക്കുന്നു. ഗോതമ്പ് ,ചോളം, മില്ലറ്റ്, കോട്ടൻ , പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയവയുടെ ഉൽപ്പാദനങ്ങളിലും വിദേശ വിപണനങ്ങളിലും മുന്നിട്ട് നിൽക്കുമ്പോൾ ഒറന്റ്സ് നദിയുടെ സാന്നിധ്യമാണ് വലിയൊരളവിൽ ഹിംസിന് മൂലധനമുണ്ടാക്കിക്കൊടുത്തത്. അറബികൾ ആസീ എന്ന് വിളിച്ചിരുന്ന ഓറന്റസ് നദി ലബനാനിൽ നിന്നും ഉൽഭവിച്ച് സിറിയയുടെ ഹൃദയ ഭാഗത്തിലൂടെ നനവൊരുക്കി മെഡിറ്റേറിയൻ കടലിലെത്തിച്ചേരുകയാണ് ചെയ്യുന്നത്.ഓറന്റസ് നദിയും മെഡിറ്റേറിയൻ തുറമുഖവും പ്രയോചനപ്പെടുത്തി ലോക വ്യാപാരത്തിൽ സജീവമാവാനാണ് ഹിംസ് പിടിച്ചടക്കിയ സാമ്രാ ജ്യങ്ങൾ ശ്രമിച്ചത്.വിശിഷ്യാ ഓട്ടോമൻ കാലഘട്ടത്തിലാണ് കാർഷിക വ്യവസായിക ഉൽപ്പന്നങ്ങൾക്ക് കൂടുതൽ ശ്രദ്ധ ചെലുത്തപ്പെട്ടത്. അതു പോലെ ഹിംസിൽ റോമൻ രാജവംശത്തിന്റെ കാലഘട്ടത്തും കലാപര, സാമ്പത്തിക, സംസ്കാരിക പരമായ നേട്ടങ്ങൾ സാധ്യമാക്കി.

ഹിംസ് മതപരമായ വൈവിധ്യങ്ങളാൽ ജ്വലിച്ച് നിൽക്കുന്ന പട്ടണമാണ്. അവിടെ മുസ്ലിം സുന്നികൾ, കൃസ്ത്യാനികൾ , അലാ വെറ്റ്, സിറിയൻ ഓർത്തഡോക്സ്, ഗ്രീക്ക് ഓർത്തഡോക്സ് തുടങ്ങിയ മത വിഭാഗങ്ങൾ ജീവിക്കുന്നുണ്ടെങ്കിലും ദീനി ദഅവത്തിന് ഉപയുക്തമായ മണ്ണായത് കൊണ്ട് മുഹമ്മദീയ ഉമ്മത്തിന്റെ വിളംബരം വളരെ പെട്ടെന്നാണ് അവിടങ്ങളിൽ മുഴങ്ങിയത്. സൗന്ദര്യത്തിനും ശരീര നർമ്മത്തിനും പേരു കേട്ട ഹിംസിലെ നിവാസികളിൽ ഇസ്ലാമുണ്ടാക്കിയ അവാച്യമായ ചലനങ്ങളും സാമൂഹിക പരിവർത്തനങ്ങളും ചൊറുതൊന്നുമല്ല. ഹിം സുകാർക്കിടയിൽ ഈ പുണ്യ മതത്തിന്റെ സ്വാധീനം ആഴത്തിൽ തന്നെ പതിഞ്ഞു.

മക്കയിൽ ജനിച്ച ഖാലിദുബ്നു വലീദ് (റ) വായിരുന്നു ഇറാഖിലെ ഇസ്ലാമിക മുന്നേറ്റങ്ങൾക്ക് നെടുനായകത്വം വഹിച്ചത്. അതിന്റെ ഭാഗമായാണ് അദ്ദേഹം എഡി. 636 ൽ ഹിംസിന്റെയും സമസ്കസിന്റെയും നിയന്ത്രണം ഏറ്റെടുത്തത്. യർമൂഖ് യുദ്ദത്തിൽ ഹിറാക്ലിയസിന്റെ ഒരു ലക്ഷത്തോളം വരുന്ന ബൈസാന്റിയൻ സൈന്യത്തെ പരാജയപ്പെടുത്തിയാണ് ഖാലിദുബ്നു വലീദ് (റ) ന്റെ രംഗപ്രവേശനം. ഇസ്ലാമിക ദഅവത്തിനും പ്രഘോഷണ പ്രവർത്തനത്തിനും ഇറങ്ങിത്തിരിച്ച ഖാലിദുബ്നു വലീദ് (റ) ന്റെ കൂടെ മിൽഹാൻ ബ്നു സയ്യാൻ (റ) വും ഹിംസിന്റെ ഭരണത്തിന് ചുക്കാൻ പിടിച്ചു. രണ്ടാം ഖലീഫ ഉമർ ബ്നു ഖത്താബ് (റ) ന്റെ നിർദേശ പ്രകാരം അബൂ ഉബൈദ (റ) ഡമസ്കസിന്റെ അധികാരo ഏറ്റെടുത്തപ്പോൾ തന്റെ  പരിധിയിൽ പെട്ട ഹിoസിന്റെ ചുമതല ഖാലിദുബ്നു വലീദ് (റ) നെ ഏൽപിക്കുകയായിരുന്നു. ഖതാദ (റ ) പറഞ്ഞു :- മുഹമ്മദ് നബി (സ) യുടെ സ്വഹാബാക്കളിൽ നിന്നുള്ള അഞ്ഞൂറോളം പേരാണ് ഇബ്നു വലീദിന്റെ കൂടെ ഹിo സിൽ എത്തിയത്. അവർ ബനീ സലീം ഗോത്രത്തിലെ നാനൂറോളം സ്വഹാബാക്കളാണെന്നുമുള്ള അഭിപ്രായമുണ്ട്. (റൗളുൽ മുഖ്താർ / 199)

തക്ബീറിന്റെയും തഹ് ലീലിന്റെയും മന്ദ്ര ദ്വനികളോടെ മുസ്ലിമീങ്ങൾ ഹിംസിലെത്തുമ്പോൾ അവിടുത്തെ ജനങ്ങൾ സമാധാന ഉടമ്പടികൾ തേടി. ഒരു ലക്ഷത്തി എഴുപതിനായിരം ദീനാറിനായിരുന്നു അവർ തമ്മിൽ സന്ധി ചേർന്നത്.
വാഖിദി (റ) അരുളുന്നു :- ഡമസ്കസിന്റെ ഭാഗത്ത് നിന്നും വന്ന മുസ്ലിമീങ്ങൾ ഹിംസ് പിടിച്ചടക്കുമ്പോൾ അവിടെയുള്ള സാധാരണക്കാർ ഭയപ്പെട്ടു. നിർഭയത്വത്തിന് വേണ്ടി അവരുടെ ഉടമസ്ഥതയിലുളള മുതലുകൾ മുസ്ലിമീങ്ങൾക്ക് പതിച്ചു കൊടുത്തു. ഓറന്റസ് നദീ തീരത്താണ് മുസ്ലിമീങ്ങൾ തമ്പടിച്ച് താമസമാക്കിയത്.

കിൻദീ ഗോത്രക്കാരനായ സിംതു ബ്നു അസ് വദ് (റ) ഉം മുസ്ലിം അധിനിവേഷ സംഘത്തിലുണ്ടായിരുന്നു. അബൂ ഉബൈദ (റ) വാണെങ്കിൽ ഡമസ്കസിലെ തന്റെ പിൻഗാമിയായി യസീദു ബ്നു അബൂ സുഫിയാനെ ഏൽപ്പിക്കുകയും ഹിംസിലേക്ക് മടങ്ങുകയും ചെയ്തു. ഹിംസിലേക്ക് പ്രവേശിച്ച അദ്ദേഹത്തോട് അവിടെയുള്ളവർ സന്ധിചെയ്തു. തങ്ങളുടെ ശരീരത്തിനും മുതലിനും നഗരത്തിലെ ചിത്രങ്ങൾക്കും ആരാധനാലയങ്ങൾക്കും സംരക്ഷണവും നിർഭയത്വവും നൽകണമെന്നായിരുന്നു അവരുടെ അപേക്ഷ. പക്ഷെ സിംതു ബ്നു അസ് വദ് (റ) നേരത്തേ അവരുമായി സന്ധിചെയ്യുകയും ഹിംസിലെ പ്രദേശങ്ങൾ മുസ്ലിമീങ്ങൾക്കിടയിൽ വിഭജിക്കുകയും ചെയ്തിരുന്നു.

ഹിംസിൽ മുസ്ലിമായി ജനിച്ച ആദ്യത്തെ കുട്ടി അദ്ഹമു ബ്നു മുഹ്രിസ്  (റ) വാണ്. തികഞ്ഞ ഭക്തനും ധീരനുമായ അദ്ദേഹം പറഞ്ഞു :- എന്റെ ഉമ്മ മുആവിയ്യ(റ) നോട് കൂടെ സിഫീൻ യുദ്ദത്തിൽ പോരാടുകയും വീര വനിതയായി രക്തസാക്ഷിയാവുകയും ചെയ്തവളാണ്. അത് കാരണത്താൽ ഒരു ചുവന്ന ഒട്ടകം ധാനം ചെയ്ത കൂലി എനിക്കുണ്ടാവലിനെ ഞാൻ ഇഷ്ടപ്പെടുന്നു.

ഹിംസിൽ പണ്ഡിതന്മാരുടെയുo സ്വാലിഹീങ്ങളുടെയും വലിയ ശൃoഖല കടന്നുപോയിട്ടുണ്ട്. ഭൂരിഭാഗം പേരും അവിടെയുള്ള വൈജ്ഞാനിക നവോത്ഥാന പ്രവർത്തനങ്ങൾക്ക് ചാലക ശക്തിയായി വർത്തിച്ചവരാണ്. അവരിൽ പെട്ട ഒരു മഹാ പ്രതിഭയായിരുന്നു മുഹമ്മദു ബ്നു ഔഫ്(റ).

സമദുബ്നു സഈദ് (റ ) രേഖപ്പെടുത്തുന്നു. മുഹമ്മദ് ഔഫ് (റ) പറയുന്നതായി ഞാൻ കേട്ടു :- ഞാൻ പള്ളിയുടെ മുറ്റത്ത് പന്ത് കളിക്കുകയായിരുന്നു. അബദ്ധത്തിൽ പന്ത് പള്ളിയുടെ അകത്ത് പ്രവേശിക്കുകയും അവിടുത്തെ ഇമാമായിരുന്ന മുആഫു ബ്നു ഇംറാൻ(റ) ന്റെ അടുത്ത് വീഴുകയും ചെയ്തു. ഞാനത് പിടിക്കാൻ ചെന്നപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു :- ഓ.യുവാവേ..! നീ ആരുടെ മകനാണ്. ഞാൻ മറുപടി പറഞ്ഞു :- ഔഫിന്റെ മകനാണ്. അദ്ദേഹം ആരാഞ്ഞു: – സുഫിയാന്റെ മകനായ ഔഫോ..? അതെയെന്ന് ഞാൻ പതിയെ ഉത്തരം മൂളി. അദ്ദേഹം ഉപദേശിച്ചു :- നിന്റെ ഉപ്പയും ഞാനും മിത്രങ്ങളായിരുന്നു. അദ്ദേഹം എന്റെ കൂടെ ഹദീസും മറ്റു വിജ്ഞാനീയങ്ങളും എഴുതിയ വരിൽപെട്ട ഒരാളാണ്. നീ അവരുടെ മാർഗം പിന്തുടർന്നിട്ടില്ലയോ.?.

ഉടനെ ഞാൻ എന്റെ ഉമ്മയുടെ അടുത്ത് ചെന്ന് നടന്ന സംഭവങ്ങൾ വിവരിച്ചു. ഉമ്മ പറഞ്ഞു :- സത്യമാണ്, അദ്ദേഹം നിന്റെ ഉപ്പയുടെ കൂട്ടുകാരനാണ്. അപ്പോൾ ഉമ്മ എന്റെ ഉപ്പയുടെ വസ്ത്രവും അരമുണ്ടും ധരിപ്പിച്ചു. ഒരു പേനയും മഷിത്തണ്ടുമായി ഞാൻ മുആഫു ബ്നു ഇംറാൻ(റ) ന്റെ അടുത്ത് ചെന്നു. അദ്ദേഹം പറഞ്ഞു :- നിനക്ക് എഴുതാം.
ഹദീസ് പണ്ഡിതനായ അബൂ സകരിയ്യ (റ) പ്രസ്ഥാവിച്ചു :- ഹദീസിൽ ഏറ്റവും കൂടുതൽ അവഗാഹമുള്ള ഹിംസീ പണ്ഡിതനാണ് ഇബ്നു ഔഫ്. അബ്ദുല്ലാഹി ബ്നു അഹ്മദുബ്നു ഹൻബൽ (റ) പറഞ്ഞു :- മുഹമ്മദു ബ്നു ഔഫിനെ പോലൊരു വ്യക്തി നാൽപത് വർഷത്തോളമായി ശാമിൽ ഉണ്ടായിട്ടില്ല. (മുജ്മഉൽ ബുൽദാൻ / 349).

ഒരു കാലത്ത് ലോക സഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രമായിരുന്ന ഇബ്നു വലീദിന്റെ നഗര ഭംഗി അവർണനീയമായിരുന്നു. തിരക്ക് നിറഞ്ഞ കച്ചവട നിരകളും അംബര ചുംബികളായ കൊട്ടാരങ്ങളും പുരാധനമായി ആരാധിക്കപ്പെടുന്ന സന്ദർശന സ്ഥലങ്ങളും ഹിംസിന്റെ സൗന്ദര്യത്തിന് മാറ്റുകൂട്ടി. ഒരു ഹിംസീ കവി പാടി വെക്കുന്നു :- ” ഹിംസ് ! നിങ്ങൾ പൂർണ ചന്ദ്രനെ പോലെയാണ്. അതിന്റെ രൂപത്തിൽ ഞാൻ ആകൃഷ്ഠനാവുന്നു. നിങ്ങളുടെ ആളുകൾ പൂർണ്ണ ചന്ദ്രനു പിന്നിലെ രാത്രി പോലെയാണ്. “

ചില സാംസ്കാരിക പ്രദേശങ്ങൾ ഇന്നും ഹിംസിന്റെ തനിമയെ വിളിച്ചറിയിക്കുന്നു. ഖാലിദിയ്യ നഗരത്തിന്റെ ജീവരക്തമായ ഓറന്റസ് നദി, ബുസ്താനിലെ ആഹാ വീട്, അലി(റ)ന്റെ കാഴ്ച ബംഗ്ലാവ്, സഹ്റാവിയ്യുടെ കൊട്ടാരം, എഴുനൂറ്റി അൻപതോളം വർഷം പഴക്കം ചെന്ന ഇസ്ലാമിക നാഗരികതയുടെ ഐശ്വര്യം നിലനിൽക്കുന്ന ബാഷാ മുസ്തഫൽ ഹസനിയുടെ പള്ളി, ഉമ്മു സിനാർ പള്ളി, അൽ നൂരിയയുടെ വലിയ പള്ളി, സൂഫി സത്രം, ജിന്ന് പള്ളി, ബനൂഉമയ്യ കൊട്ടാരം, ഖാദിഷ് പട്ടണം, ഉർ നീനിയ്യ ലൈബ്രറി, ഹമാസ് ഖുബ്ബ തുടങ്ങിയ വ അവയിൽ ഏറ്റവും പ്രാധാന്യമേറിയവയാണ്.

പ്രത്യേകമായി അലങ്കാരം ചെയ്ത കൊത്തുപണികളും വാസ്തു കലാസ്തൂപങ്ങളും ചിത്രങ്ങളുമായി ഹിംസ് വിനോദ സഞ്ചാരികളെ ആകർഷിപ്പിച്ചിരുന്നു. ഹിംസിലെ വലിയ പള്ളിയുടെ വാതിൽ മുതൽ അടുത്തുള്ള പർവ്വതം വരെ ചിത്ര ലിപികളുടെ വലിയ ശേഖരങ്ങളുണ്ട്. പാറയുടെ മുകൾ ഭാഗത്ത് മനുഷ്യന്റെ രൂപവും താഴെ ഭാഗത്ത് തേളിന്റെ രൂപവും വരച്ച് വെച്ചിരുന്നു. എന്നാൽ ഇസ്ലാമിന്റെ ആഗമനത്തോടെ അത് മായ്ക്കപ്പെടുകയുണ്ടായി.

ഹിംസ് കീഴടക്കിയ ശക്തനായ പോരാളി ബ്നു വലീദിന്റെ വീടും ഖബറിടവും ഈ പട്ടത്തിൽ തന്നെയാണ്. സൈഫുള്ളാ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന അദ്ദേഹത്തെ കുറിച്ച് ഉമർ (റ) പറഞ്ഞു :- ഖാലിദു ബ്നു വലീദിനെ പോലുള്ള ധീരനെ പ്രസവിച്ച ഒരു മാതാവും ഈ ലോകത്തുണ്ടാവില്ല. വിഷം രുചിച്ചിട്ടും ശരീരത്തിനൊരു പ്രയാസവും നേരിടാത്ത മഹാനവർകൾ ഹിജ്റ 642 ലാണ് വഫാത്താവുന്നത്. ഖാലിദിയ്യ മസ്ജിദിലെ ഫലകത്തിൽ ഇങ്ങനെ എഴുതി വെച്ചിട്ടുണ്ട് :- ഇതാണ് പ്രശസ്ത കൂട്ടുകാരൻ ഖാലിദിന്റെ മസ്ജിദ്. ഞങ്ങളുടെ ഗുരു ഖാലിദു ബ്നു വലീദിന്റെ പള്ളി എ.ഡി 1237 ൽ സുൽത്താൻ അൽ സഹീറാണ് നിർമ്മിച്ചത്. എഡി. 1318 ൽ സുൽത്താൻ അബ്ദുൽ ഹമീദ് രണ്ടാമൻ പഴയ കെട്ടിടം പൊളിച്ചു മാറ്റി പുതുക്കി പണിതു. റസൂലിന്റെ സുഹൃർത്തിന്റെ ആഗമനം മുതൽ സദ്ഗുണവാന്മാരായ ആളുകളുടെ പ്രയത്നം കൊണ്ട് AD 1908 ലാണ് പരിപൂർണ്ണമായി ഇതിന്റെ പ്രവർത്തനങ്ങൾ തീർന്നത്. ദൈവം അദ്ദേഹത്തെയും കുടുംബത്തെയും കൂട്ടാളികളെയും അനുഗ്രഹിക്കട്ടെ..

ഖാലിദുബ്നു വലീദ് (റ)ന്റെ ഖബറിന് ചാരെ ഇയാള്(റ) ന്റെ കബറുണ്ട്. അദ്ദേഹമാണ് ചെറിയ മെഡിറ്റേറിയൻ ദീപുകൾ ഇസ്ലാമിന്റെ വരുതിയിൽ കൊണ്ടുവന്നത്. അവിടെയാണ് ഖാലിദ് (റ) ന്റെ ഭാര്യയുടെയും മകന്റെയും ഖബർ. അബ്ദുല്ലാഹി ബ്നു ഉമർ (റ) ന്റെ ഖബറുമുണ്ടെന്ന് പറയപ്പെടുന്നു. സിഫീൻ യുദ്ദത്തിൽ വഫാത്തായ അബ്ദുല്ലാഹി ബ്നു ഉമർ (റ) ന്റെ മൃതശരീരം പിന്നീട് ഹിംസിലേക്ക് നീക്കിയതാണെന്നാണ് വാദം. ഹിംസിലെ കൊട്ടാര ശിൽപ്പി ഖാലിദു ബ്നു യസീദ് (റ), നബി (സ) യുടെ അടിമയായ മിഹ്റാൻ, അലി (റ) ന്റെ അടിമയായ ഖൻബർ, തുടങ്ങി അനേകം മഹാന്മാരും സൂഫീവര്യന്മാരുമായ ആളുകളുടെ ഖബറുകൾ ഈ വിശുദ്ധ നഗരത്തിലാണ്.

ഇന്ന്, സിറിയയിലെ മഹത്തായ വ്യവസായിക കേന്ദ്രമായും, കാർഷിക സർവ്വകലാശാലയായും ഹിംസ് അഭിമാനിക്കുന്നുണ്ടെങ്കിലും സമകാലിക ലോകത്തിന് മുമ്പ് ഹിംസ് കലാപ കലുഷിത ഭൂമികയാണ്. മുറിവേൽക്കപ്പെട്ട മനുഷ്യരും ചോര വാർന്നൊഴുകുന്ന തെരുവുകളുമാണവിടെയുള്ളത്. 2011 ന് ശേഷം അസദ് അനുകൂല സൈനികരും പൊതുജനങ്ങളും തമ്മിലുണ്ടായ എണ്ണമറ്റം സംഘട്ടനങ്ങൾക്ക് ഇതുവരെ അറുതി വന്നിട്ടില്ല. ഗവൺമെന്റിനെതിരെ ജനരോക്ഷ പരമായ പ്രക്ഷോപങ്ങളും ഹർത്താലുകളും നടത്തിയിട്ടും പ്രകോപനമുണ്ടാക്കുന്നവരെ അസദ് ഭരണകൂടം പരമാവധി അടിച്ചമർത്താനാണ് ശ്രമിച്ചത്. സിവിലിയന്മാർക്കും സാധാരണക്കാർക്കുമിടയിലെ കലാപങ്ങളിൽ ഒരു പാട് പേർ മരണമടഞ്ഞു. പലരും മറ്റു സ്ഥലങ്ങളിലേക്ക് പലായനം ചെയ്തു.

ആഭ്യന്തര യുദ്ദത്തിന് മുമ്പ് ഹിംസിലെ ജനസംഖ്യ 1.5 ദശലക്ഷമായി കണക്കാക്കിയിരുന്നു. നിലവിലെ സാഹചര്യത്തിൽ അവരുടെ എണ്ണം വ്യക്തമല്ല. സിറിയയിലെ ആഭ്യന്തര യുദ്ദങ്ങൾ തന്നെയാണിതിന് കാരണം. അവരിൽ വലിയൊരു വിഭാഗം നിർബന്ധിത നാടുകടത്തലിന് വിധേയരാണ്.

ഇസ്ലാമിന്റെ ആചാര അനുഷ്ഠാന സമ്പ്രദായങ്ങളും ധാർമ്മിക വിപ്ലവങ്ങളും ഹിംസിന്റെ തീരങ്ങളിൽ പ്രഛുര പ്രചാരം നേടിയെങ്കിലും ദീനിന്റെ ഭൂരിഭാഗം അടിസ്ഥാന ശിലകൾ, ചിഹ്നങ്ങൾ, എന്നിവ നാമവശേഷമായിക്കൊണ്ടിരിക്കുകയാണ്. 2013ലെ കലാപത്തിൽ ഖാലിദിയ്യ മസ്ജിദിന് കേടുപാടുകൾ സംഭവിച്ചിട്ടും അവിടങ്ങളിൽ വിശ്വാസ പരമായ ക്ഷയം സംഭവിച്ചിട്ടില്ല. വലിയൊരു വിഭാഗം ജനങ്ങളും വിശ്വാസ മണ്ഡലങ്ങളിൽ തന്നെ ഒതുങ്ങിക്കൂടുന്നവരാണ്. മധുര പലഹാരങ്ങൾക്ക് പേര് കേട്ട മണ്ണിൽ, നിർഭയത്വത്തിന്റെ ഭൂമികയിൽ സത്യത്തിനും നൈതികതക്കും വേണ്ടിയുള്ള മറ്റൊരു പടവാളു കൂടി ഉയർത്തെഴുനേൽക്കുമെന്ന പ്രതീക്ഷയോടെ അവർ കാത്തിരിക്കുകയാണ്.

About Ahlussunna Online 753 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*