മരണക്കുരുക്കാവുന്ന സ്ത്രീധനം

Editorial

ഹൃദയം നടുക്കുന്ന തീരാദുഃഖത്തിന്റെ കദനമൂറുന്ന വാർത്തകൾ ആണ് രണ്ടാഴ്ചക്കിടെ കേരളത്തിൽ അരങ്ങേറിയത്.ഒരു തുണ്ട് കയറിൽ ജീവിതങ്ങൾ തൂങ്ങിയാടിയപ്പോൾ കേരളം വിതുമ്പി.ആത്മഹുതിയുടെ കാരണങ്ങൾ തേടിയുള്ള മാധ്യമങ്ങളുടെ വിശദീകരണം ‘സ്ത്രീധനമെന്ന മരണക്കുരുക്കി’ലേക്ക് ആയിരുന്നു എത്തിച്ചേർന്നത്.ഇന്ത്യൻ നിയമ പുസ്തകങ്ങൾ സ്ത്രീധനമെന്ന ദുരാചാരത്തിന്ന് കാലങ്ങൾക്ക് മുമ്പേ കൂച്ചുവിലങ്ങ് ഇട്ടുവെങ്കിലും അതിന്റെ നിയമ സാധ്യതകളെ പൂർണ്ണാർത്ഥത്തിൽ ഉൾക്കൊണ്ട നിയമപാലകർ വരെ ഇന്നതിന്റെ ചെയ്തികളുടെ കൂട്ടരാണ്.

ഒരു പുരുഷന്ന് സ്ത്രീയിൽ നിന്ന് കിട്ടേണ്ട ഏറ്റവും നല്ല ധനം മനസ്സറിഞ്ഞുള്ള സ്നേഹവും പരിചരണവും ആണ്. മതമേതും വിവാഹത്തെ മഹത്തായ കർമ്മമായേ കാണുന്നുള്ളു.ഒരു മതങ്ങളും സ്ത്രീധനത്തെ പ്രോത്സാഹിപ്പിക്കുകയോ അതിന് വളം വെച്ച് കൊടുക്കുകയോ ചെയ്യുന്നില്ല. സ്ത്രീധന മരണക്കുരുക്കിൽ മുറുകി വേദനകളുടെ ഭാരം പേറുന്ന എല്ലാ മതത്തിന്റെ ആളുകളും നമ്മുക്കിടയിൽ ഉണ്ട്. അതിൽ മുസ്‌ലിം പെൺമക്കളും ഉണ്ടെന്ന കാര്യം തീർത്തും വേദനാജനകമാണ്. എന്നാൽ മറ്റു മതങ്ങളെ അപേക്ഷിച്ച് സ്ത്രീധനക്കുരുക്കിൽ പെട്ട് ആത്മഹുതി ചെയ്യുന്ന സ്ത്രീകളിൽ ഇസ്‌ലാമിന്റെ മക്കൾ പെടുന്നില്ല എന്നത് ആശ്വാസകരമാണ്.

 

സ്ത്രീധനവും അനുബന്ധ പീഡനങ്ങളും ലോകതലത്തിൽ കൂടുതൽ ചർച്ച ചെയ്യപ്പെടുന്നു. വിവാഹം ചെയ്യപ്പെടുന്ന സ്ത്രീയുടെ കുടുംബം മനസ്സറിഞ്ഞു നൽകുന്ന എന്തും സ്വീകരിക്കുന്നതിൽ വിരോധമില്ല. സ്ത്രീധനം തങ്ങളുടെ അവകാശം ആണെന്നുള്ള പുരുഷ സങ്കൽപങ്ങളാണ് കൂടുതൽ അപകടങ്ങൾ വിളിച്ചു വരുത്തുന്നത്. പരസ്പരം തൃപ്തിയോടെ കൈമാറുന്ന എന്ത് വസ്തുവും സ്വീകരിക്കാവുന്നതും അനുഭവിക്കാവുന്നതുമാണ്.

ആദം നബി മുതൽ ആണ് മനുഷ്യകുലത്തിന്റെ ചരിത്രം പിറവി കൊള്ളുന്നത്. അന്ന് മുതലേ വിവാഹമെന്ന പ്രായോഗിക ചടങ്ങിന് ഇസ്ലാം നിശ്ചയിച്ചത് പുരുഷൻ സ്ത്രീക്ക് ധനം നൽകണം എന്നാണ്.എന്നാൽ ചരിത്രം പരതുമ്പോൾ ഹവ്വാ ബീവി സ്ത്രീധനം നൽകിയത് കാണാൻ കഴിയില്ല. പക്ഷെ ആദ്യ പിതാവ് ആദം നബി ഹവ്വാ ബീവിക്ക് നൽകിയ മഹർ ചരിത്രത്തിന്റെ അസുലഭ മുഹൂർത്തമാണ്.ചരിത്രത്തിൽ എവിടെയും കാണാൻ കഴിയുക മഹർ തന്നെയാണ്. പിന്നെ ഏത് സംസ്ക്കാരത്തിൽ നിന്നാണ് ഈ സ്ത്രീധനമെന്ന മരണക്കുരുക്ക് വന്നതെന്ന് നാം പരതണം. ഇനിയൊരു ജീവിതവും ആ മരണക്കുരുക്കിൽ തൂങ്ങിയാടരുതെന്ന പ്രതിജ്ഞ ഓരോരുത്തരും എടുത്താൽ ഈ ലോകം രക്ഷപെടും. അങ്ങനെ വന്നാൽ ഒരു വീട്ടിലെ മക്കളും തേങ്ങുകയില്ല, ഒരു കുടുംബവും വേദനയുടെ നീറുന്ന നിമിഷാർദ്ധങ്ങളെ തള്ളി നീക്കേണ്ടി വരില്ല…….
സദാ ജാഗരൂകരാവുക…..!!

About Ahlussunna Online 1159 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*