ഗുവാഹതി: ഏകസിവില്‍കോഡ് നടപ്പാക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി അസമില്‍ വിവാദമായ മുസ്‌ലിം വിവാഹനിയമം റദ്ദാക്കാനുള്ള ബില്ലിന് നിയമസഭയുടെ അംഗീകാരം. അസമില്‍ നിലവിലുണ്ടായിരുന്ന മുസ്‌ലിം വിവാഹങ്ങളും വിവാഹമോചനങ്ങളും നിയന്ത്രിക്കുന്ന ‘അസം മുസ്‌ലിം വിവാഹ, വിവാഹമോചന രജിസ്ട്രേഷന്‍ നിയമം- 1935’ റദ്ദാക്കുന്ന ‘അസം റിപ്പീലിങ് ബില്‍- 2024’ ആണ് പാസാക്കിയത്. ഇതോടെ മുസ്‌ലിം വിവാഹങ്ങളും വിവാഹമോചനങ്ങളും സര്‍ക്കാരിന്റെ രജിസ്ട്രേഷന്‍ സംവിധാനത്തിന് കീഴില്‍ വന്നു.
നേരത്തെ നിലവിലുണ്ടായിരുന്ന നിയമപ്രകാരം നികാഹ് രജിസ്റ്റര്‍ ചെയ്തിരുന്നത് അതത് പ്രദേശത്തെ ഖാസിമാരായിരുന്നു. പുതിയ നിയമത്തോടെ നികാഹ് സര്‍ക്കാരിനു കീഴിലെ സബ്രജിസ്ട്രാര്‍ ഓഫിസുകളിലാകും രജിസ്ട്രേഷന്‍ നടക്കുക. പുതിയ ബില്ല് വന്നതോടെ പുരുഷന്റെ ഏറ്റവും കുറഞ്ഞ വിവാഹപ്രായം 21 വയസും സ്ത്രീകളുടെ വിവാഹപ്രായം 18 വയസും ആയി. 1935ലെ മുസ്ലിം വിവാഹ, വിവാഹമോചന രജിസ്ട്രേഷന്‍ നിയമം റദ്ദാക്കാനുള്ള ബില്ലിന് ജൂലൈയില്‍ മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. മുസ്ലിം സമുദായത്തിലെ ബാലവിവാഹം തടയുന്നതിനാണ് ബില്ല് കൊണ്ടുവന്നതെന്നാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞത്. ശൈശവ വിവാഹങ്ങള്‍ ഇല്ലാതാക്കുകയും ഖാസിമാര്‍ മുസ്‌ലിം വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന സമ്പ്രദായം അവസാനിപ്പിക്കുകയുമാണ് ലക്ഷ്യമെന്ന് ബില്ലിന്‍മേലുള്ള ചര്‍ച്ചയില്‍ ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.
ഇരു കക്ഷികളുടെയും സമ്മതമില്ലാതെയുള്ള വിവാഹങ്ങള്‍ തടയാനും സ്ത്രീകള്‍ക്ക് ഭര്‍തൃവീട്ടില്‍ ജീവിക്കാനും ജീവനാംശം ലഭിക്കാനുമുള്ള അവകാശങ്ങള്‍ ഉറപ്പാക്കുമെന്ന് അസം രജിസ്ട്രേഷന്‍ മന്ത്രി ജോഗന്‍ മോഹന്‍ പറഞ്ഞു. മുസ്‌ലിംകള്‍ക്കെതിരായ വിവേചനമാണെന്നും വോട്ടര്‍മാരെ ധ്രുവീകരിക്കാനുള്ള ശ്രമമാണെന്നും ചൂണ്ടിക്കാട്ടി ബില്ലിനെ പ്രതിപക്ഷ പാര്‍ട്ടികള്‍ എതിര്‍ത്തു. ബില്ലവതരണവേളയില്‍ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി.
വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ആറ് വ്യവസ്ഥകള്‍
ദമ്പതികള്‍ അവരുടെ വിവാഹം കഴിഞ്ഞശേഷം ഭാര്യാഭര്‍ത്താക്കന്മാരായി കുറഞ്ഞത് 30 ദിവസമെങ്കിലും ഒരുമിച്ചു ജീവിച്ചിരിക്കണം.
രജിസ്ട്രേഷന്‍ സമയത്ത് പെണ്‍കുട്ടികള്‍ക്ക് കുറഞ്ഞത് 18 വയസും ആണ്‍കുട്ടികള്‍ക്ക് 21 വയസും പ്രായമുണ്ടായിരിക്കണം.
വിവാഹത്തിന് സ്വയം സമ്മതം നല്‍കണം. മാനസികാരോഗ്യം ഉള്ളവരും ആയിരിക്കണം.
ഇസ്‌ലാമിക നിയമം അനുസരിച്ച് ദമ്പതികള്‍ രക്തബന്ധത്തില്‍ ഉള്‍പ്പെട്ടവരാകരുത്.
രജിസ്ട്രേഷനായുള്ള അപേക്ഷയില്‍ ദമ്പതികളുടെ പ്രായം, താമസസ്ഥലം എന്നിവ തെളിയിക്കുന്ന തിരിച്ചറിയല്‍ രേഖകള്‍ ഉണ്ടായിരിക്കണം
വിവാഹിതരായ ദമ്പതികള്‍ (വിവാഹമോചിതരോ വിധവകളോ ആകട്ടെ) വിവാഹസമയത്ത് അവരുടെ വൈവാഹിക നില പ്രഖ്യാപിക്കണം.
കോടതിയില്‍ ചോദ്യംചെയ്യുമെന്ന് എ.ഐ.യു.ഡി.എഫ്
നിയമത്തെ കോടതിയില്‍ ചോദ്യംചെയ്യുമെന്ന് അസമിലെ രണ്ടാമത്തെ വലിയ പ്രതിപക്ഷപാര്‍ട്ടിയായ എ.ഐ.യു.ഡി.എഫ് പറഞ്ഞു. ബില്ലില്‍ നിരവധി പഴുതുകള്‍ ഉണ്ട്. ഭേദഗതികള്‍ കൊണ്ടുവരണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഭേദഗതികള്‍ വരുത്തുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് പാലിക്കപ്പെട്ടില്ല. ഇപ്പോള്‍ പാസ്സാക്കിയ ബില്ല് സ്പെഷല്‍ മാരേജ് ആക്ടിന്റെ മറ്റൊരു പതിപ്പാണ്. ഇത് ഞങ്ങള്‍ അംഗീകരിക്കില്ല. സ്പെഷല്‍ മാരേജ് ആക്ട് എല്ലാ മതങ്ങള്‍ക്കുമുള്ളതാണ്. എന്നാല്‍, ഇപ്പോള്‍ പുതിയ നിയമം മുസ്‌ലിംകള്‍ക്ക് മാത്രമുള്ളതാണെന്ന് എ.ഐ.യു.ഡി.ഫ് നേതാവ് അമീനില്‍ ഇസ്‌ലാം എം.എല്‍.എ പറഞ്ഞു.
Be the first to comment