ഇന്ത്യന്‍ ഇസ്ലാമിക പ്രബോധന ചരിത്രത്തിലെ സൂര്യതേജസ്സാണ് ഖ്വാജ മുഊനുദ്ദീന്‍ ചിശ്തി (റ). നാല് ദശാബ്ദകാലത്തെ വ്യവസ്ഥാപിതവും ശാസ്ത്രീയവും ആകര്‍ഷകവുമായ പ്രവര്‍ത്തനങ്ങളിലൂടെയും അത്യുജ്വലവും ഐതിഹാസികവുമായ നിശ്ശബ്ദ വിപ്ലവത്തിലൂടെയും ഭാരത മണ്ണില്‍ ഇസ്ലാമിന് വേരോട്ടമുണ്ടാക്കുന്നതില്‍ ചിശ്തി വഹിച്ച പങ്ക് ഏറെയാണ്. അജ്മീറിന്റെ മണ്ണില്‍ നിന്നും ഇന്നും കെടാവിളക്കായി പ്രകാശം പൊഴിച്ച് സ്വാന്തനമരുളുന്ന ഗരീബ് നവാസും അഹ്ലുബൈത്തിലെ ഏറ്റവും നല്ല അനുഗ്രഹീത വ്യക്തിത്ത്വത്തിന്നുടമയുമായിരുന്നു ഖ്വാജാ മുഈനുദ്ദീന്‍ ചിശ്തി(റ). ഈ മഹത്തായ ഇന്ത്യയില്‍ ഇസ്ലാമിക സ്ഥാപനത്തിനായി വല്ല്യുപ്പ മുഹമ്മദ് മുസ്തഫ (സ്വ)യുടെ കല്‍പ്പന പ്രകാരം കടന്ന് വന്ന് വിജയം കൊയ്ത ഖ്വാജക്ക് സുല്‍ത്താനുല്‍ ഹിന്ദ് എന്ന പേര് കൂടി ഉണ്ട്.
മുഈനുദ്ദീന്‍ ഹസന്‍ എന്നാണ് യാഥാര്‍ത്ഥ നാമം. എന്നാല്‍ മുഈനുദ്ദീനാണ് ശരിയായ പേര് എന്നും ഹസന്‍ എന്നത് ഓമനപ്പേരാണ് എന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. ഈ നാമകരണത്തെ പറ്റി അബ്ദുറഹീം സാഹിബ് ഖാദിരി പറയുന്നത് കുഞ്ഞിന് പേരിടുന്നതിനെപ്പറ്റി പിതാവ് ഗിയാസുദ്ദീന്‍ കൂടിയാലോചന നടത്തിയപ്പോള്‍ ഭാര്യ ഉമ്മുല്‍ വറഅ് പറഞ്ഞു: നിരവധി മഹാന്‍മാര്‍ സ്വപ്നത്തിലൂടെ കുട്ടിയുടെ ജനനത്തിന് മുമ്പേ പേര് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത് പ്രകാരം കുട്ടിക്ക് മുഈനുദ്ദീന്‍ ഹസന്‍ എന്ന് പേരിട്ടു. ഹബീബുല്ലാഹ്,ഖുതുബുല്‍ മശാഇഖില്‍ ബര്‍റി വല്‍ ബഹര്‍,ഹിന്ദുന്നബി,അതായേ റസൂല്‍,ഖ്വാജ അജ്മീര്‍,ഖ്വാജാ ബുസുര്‍ഗ്,ഹിന്ദുല്‍ വലി,ഗരീബ് നവാസ്,സുല്‍ത്താനുല്‍ ഹിന്ദ് എന്നിവ സ്ഥാനപ്പേരാണ്.
ജീവിതത്തിലെ സംഭവബഹുലമായ നാല് പതിറ്റാണ്ട് കാലം ദീനീ പ്രബോധന പ്രവര്‍ത്തനങ്ങളുടെ ആസ്ഥാനമായി ശോഭിച്ച,അന്ത്യ വിശ്രമസ്ഥലമായി തെരെഞ്ഞെടുക്കപ്പെട്ട അജ്മീറിനെ അനുസ്മരിച്ച് അജ്മീരി എന്ന പേരിലും പ്രസിദ്ധിയാര്‍ജിച്ചു. അജ്മീര്‍ സ്വദേശി എന്നാണ് അജ്മീരീ എന്ന വാക്കിനര്‍ത്ഥം. ശൈഖ് അജ്മീരിയുടെ ജന്മവര്‍ഷത്തെ സംബന്ധിച്ചും അഭിപ്രായ വ്യത്യാസം ഉണ്ട്. ചരിത്ര പണ്ഡിതരില്‍ ഭൂരിഭാഗത്തിന്റെയും അഭിപ്രായ പ്രകാരം ഹി:537 റജബ് 14 തിങ്കളാഴ്ച സുബ്ഹിയോടടുത്ത സമയത്താണ് ശൈഖിന്റെ ജനനം. ഹിജ്‌റ 530ലാണ് ജനനമെന്നും ജുമാദുല്‍ ഉഖ്‌റാ ഒമ്പത് ആണെന്നും ചില അഭിപ്രായം ഉണ്ട്.
ശൈഖ് അജ്മീരിയുടെ പിതാവ് ഗിയാസുദ്ദീന്‍ എന്നയാളാണ്. മഹാ സൂഫിവര്യനും ത്യാഗിയുമാണ് അദ്ദേഹം. ഇല്‍മ് പഠിച്ചും അശരണരെ സഹായിച്ചും ദുരിതമനുഭവിക്കുന്നവരെ സാന്ത്വനിപ്പിച്ചും ജനോപകാര പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ ഗിയാസുദ്ദീന്‍ ഹിജ്‌റ 552ല്‍ വഫാത്തായി. ബാഗ്ദാദിലെ ബാബുശ്ശാമിനടുത്താണ് ഇദ്ദേഹത്തിന്റെ മസാര്‍. നബി (സ്വ)യുടെ കുടുംബത്തില്‍ പിറന്ന ഇദ്ദേഹത്തിന്റെ വംശപരമ്പര അലി (റ)വിന്റെ മകന്‍ ഹുസൈന്‍ (റ)വഴി നബി(സ്വ)യില്‍ ചെന്നെത്തുന്നു. അഹ്ലുബൈത്തില്‍ ഹസനീസാദാത്ത് പരമ്പരയില്‍ പിറന്ന ബീവി മഹ്‌റൂനാണ് ശൈഖ് അജ്മീരിയുടെ മാതാവ്. ഉമ്മുല്‍ വറഅ് എന്ന അപരനാമത്തില്‍ അറിയപ്പെട്ട അവര്‍ ഖുര്‍ആന്‍ മുഴുവന്‍ ഹൃദ്യസ്ഥമാക്കിയ സദ് വൃത്തയായ വനിതയായിരുന്നു. സ്വന്തം വീട്ടില്‍ വെച്ചായിരുന്നു. പ്രാഥമിക വിദ്യാഭ്യാസം. ഒമ്പതാം വയസ്സില്‍ വിശുദ്ധ ഖുര്‍ആന്‍ ഹൃദ്യസ്ഥമാക്കി. സന്‍ജറിലെ ഒരു മത പാഠശാലയില്‍ ചേര്‍ന്ന് തഫ്‌സീര്‍,ഹദീസ്,ഫിഖ്ഹ് തുടങ്ങിയ ഇസ്ലാമിക വിജ്ഞാന വിഷയങ്ങള്‍ പഠിച്ചു.
ശൈഖ് അജ്മീരി പതിനഞ്ച് വയസ്സ് പ്രായമുള്ളപ്പോള്‍ പിതാവില്‍ നിന്നും പൈതൃകമായി ലഭിച്ച തോട്ടം പരിപാലിക്കുകയായിരുന്നു. ആ തോട്ടത്തിലേക്ക് ഒരിക്കല്‍ ഒരു മഹാ സൂഫീ വര്യനായ ശൈഖ് ഇബ്രാഹീം ഖന്തോസി എന്ന മഹാന്‍ കടന്ന് വന്നു. ശൈഖ് അദ്ധേഹത്തെ സര്‍വ്വാദരവോടെ സ്വീകരിച്ചിരുത്തി. തോട്ടത്തില്‍ നിന്നും മുന്തിരിക്കുലകള്‍ പറിച്ചെടുത്ത് അദ്ദേഹത്തിന് നല്‍കുകയും അദ്ദേഹം അത് സസന്തോഷം ഭക്ഷിക്കുകയും ചെയ്തു. ശൈഖിന്റെ സ്വീകരണത്തില്‍ അതീവ സംതൃപ്തനായ സൂഫി സഞ്ചി തുറന്ന് എന്തോ ഭക്ഷ്യ സാധനമെടുത്ത് പല്ല് കൊണ്ട് കടിച്ച് മുറിച്ച് ഒരു കഷ്ണം ശൈഖിന് നല്‍കി. ഇത് കഴിച്ചപ്പോഴേക്കും ശൈഖ് അജ്മീരിയില്‍ വലിയ പ്രതിഫലനങ്ങള്‍ ദൃഷ്യമായി. ആത്മീയപ്രഭയില്‍ മനസ്സകം പ്രകാശിക്കുകയും തോട്ടവും മറ്റു അനന്തര സ്വത്തുക്കളും വിറ്റ് പാവങ്ങള്‍ക്കും ദരിദ്രര്‍ക്കും ദാനം ചെയ്തു. ശൈഖ് അജ്മീരിയുടെ ആത്മീയ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു ഈ സൂഫീവര്യനുമായുള്ള കൂടിക്കാഴ്ച്ച.നാടും വീടും വിട്ട് സമര്‍ഖന്ധിലെത്തിയ ശൈഖ് പഠനത്തില്‍ മുഴുകി. ഏകദേശം അഞ്ച് വര്‍ഷം വിദ്യാര്‍ത്ഥിയായി ഇവിടെ താമസിച്ചു. സമര്‍ഖന്ധില്‍ നിന്നും ബുഖാറയില്‍ നിന്നും വിദ്യാഭ്യാസം നേടിയ ശേഷം ശൈഖ് ഇറാഖിലേക്ക് പുറപ്പെട്ടു. 21ാം വയസ്സില്‍ അദ്ദേഹം ബഗ്ദാദില്‍ എത്തി ശൈഖ് ജീലാനിയെ കാണുകയും ചെയ്തു. ശൈഖ് ജീലാനി പറഞ്ഞു:ഇദ്ദേഹം മാതൃകാ പുരുഷനാകും ധാരാളം പേര്‍ ഇദ്ദേഹം മുഖേനെ ലക്ഷ്യത്തിലെത്തും.
ഓ മുഈനുദ്ദീന്‍ നിങ്ങള്‍ നമ്മുടെ ദീനിന്റെ സഹായിയാണ്. ഇന്ത്യയിലേക്ക് പുറപ്പെടുക. യുദ്ധത്തിന് പുറപ്പെട്ട എന്റെ മക്കളില്‍ ഒരാളായ സയ്യിദ് ഹുസൈനുബ്‌നു ഇബ്രാഹീം അജ്മീറില്‍ രക്തസാക്ഷിയായി. അവിശ്വാസികളുടെ കരങ്ങളിലാണ് ഇന്നീ പ്രദേശ, നിന്റെ ആഗമനം കാരണം അവിടെ ഇസ്ലാം പ്രോജ്വലിക്കും. ഖ്വാജാ മുഈനുദ്ദീന്‍ ചിശ്തിക്ക് നബി(സ്വ) നല്‍കിയ സ്വപ്നദര്‍ശനമാണിത്. ഇതില്‍ നോക്കിയാല്‍ എങ്ങനെ പോകണമെന്ന് മനസ്സിലാക്കാം എന്ന നിര്‍ദേശത്തോടെ ഒരു ഉറുമാന്‍ പഴം നല്‍കപ്പെട്ടു. അതില്‍ നോക്കിയപ്പോള്‍ അജ്മീറും അവിടുത്തെ മലകളും ദൃശ്യമായി. ലക്ഷ്യസ്ഥാനത്തെപ്പറ്റി നല്ല ധാരണ ലഭിച്ചു. ഇതേ കുറിച്ച് സിയറുല്‍ അഖ്താബിന്റെ വിവരണം ഇങ്ങനെ: യാത്രക്കിടെ മക്കയിലെത്തി. കുറെ ദിവസം താമസിച്ച ശേഷം മദീനയിലേക്ക് പുറപ്പെട്ടു. വിനയാന്വിതമായി തിരു റൗള സന്ദര്‍ശിച്ചു. മുഈനുദ്ദീനെ വിളിക്കൂ… റൗളയില്‍ നിന്നൊരശരീരി കേട്ടു. മുഈനുദ്ദീന്‍ എന്ന് പേരുള്ളയാള്‍ റൗളക്കകത്ത് എത്തണം എന്ന് അവിടെ സന്നിഹിതരായ പ്രവാചക പ്രേമികളെ അഭിസംബോധന ചെയ്ത് പറഞ്ഞു. നിങ്ങള്‍ ഏത് മുഈനുദ്ദീനെയാണ് വിളിക്കുന്നത്. പലയിടങ്ങളില്‍ നിന്നും ഈ ചോദ്യമുയര്‍ന്നപ്പോള്‍ പരിചാരകന്‍ തിരിച്ച് പോയി. മുഈനുദ്ദീന്‍ ചിശ്തിയെ വിളിക്കൂ…വീണ്ടും ഒരശരീരി കേട്ടു. ആജ്ഞപ്രകാരം പരിചാരകന്‍ ചിശ്തിയെ വിളിച്ചു. പ്രത്യേകാനുഭൂതിയില്‍,ആനന്ദത്തോടെ,സ്വലാത്തിന്റെ അകമ്പടിയോടെ സവിനയം സാദരം റൗളയിലെത്തി.
തിരുദൂതര്‍ (സ്വ) പറഞ്ഞു:മുഈനുദ്ദീന്‍ നീ നമ്മുടെ ദീനിന്റെ സഹായിയാണ്. നീ ഇന്ത്യയില്‍ പോകണം, അവിടെ അജ്മീര്‍ എന്ന സ്ഥലത്തേക്ക് എന്റെ പുത്രന്‍ ഹുസൈന്‍ മതപ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് പോയി ശഹീദായി. അതിപ്പോള്‍ കാഫിറുകളുടെ അധീനതയിലാണ്. നിന്റെ വരവ് കാരണം അവിടെ ഇസ്ലാം പ്രചരിക്കും. ഒരു ഉറുമാന്‍ പഴം അദ്ധേഹത്തിന് നല്‍കി തിരു നബി(സ്വ) പറഞ്ഞു:ഇതില്‍ നോക്കൂ എങ്ങനെ പോകണമെന്ന് മനസ്സിലാക്കൂ. പറഞ്ഞതനുസരിച്ച് അദ്ദേഹം ഉറുമാന്‍ പഴത്തിനകത്ത് നോക്കിയപ്പോള്‍ കിഴക്ക് മുതല്‍ പടിഞ്ഞാര്‍ വരെ ഉള്ളതെല്ലാം ദൃശ്യമായി. അജ്മീര്‍ നഗരവും മലകളും നന്നായി കണ്ടു. തിരുദൂതര്‍ (സ്വ)യോട് സഹായമഭ്യാര്‍ത്ഥന നടത്തി അദ്ദേഹം ഇന്ത്യയിലേക്ക് തിരിച്ചു.
നാല്‍പ്പത് അനുചരന്‍മാരോടൊപ്പം ശൈഖ് ചിശ്തി അജ്മീറിലെത്തി. പൃഥിരാജായിരുന്നു അന്നത്തെ അജമീര്‍ ഭരണാധിപന്‍. നഗരത്തിന് പുറത്ത് തണല്‍ വൃക്ഷങ്ങള്‍ നിറഞ്ഞ പ്രദേശത്ത് വിശ്രമിക്കാന്‍ അവര്‍ ഒരുക്കങ്ങളാരംഭിച്ചു.പൃഥ്വിരാജിന്റെ പരിചാരകരന്‍മാര്‍ വന്ന് ഇവിടെ നിന്നും മാറിത്താമസിക്കണമെന്നും ഇത് രാജാവിന്റെ ഒട്ടകങ്ങള്‍ കിടക്കുന്ന സ്ഥലമാണ് എന്നും നിങ്ങള്‍ ഇവിടെ താമസിക്കരുത് എന്നും അവരോട് പറഞ്ഞു. ഒട്ടകങ്ങള്‍ കിടക്കുന്നെങ്കില്‍ കിടക്കട്ടെ എന്ന് പറഞ്ഞ് ശൈഖും സംഘവും അനാസാഗര്‍ കുളക്കരയിലേക്ക് മാറിത്താമസിച്ചു. ഒട്ടകങ്ങള്‍ ഇവിടെ വന്ന കിടന്നതോടെ കിടപ്പില്‍ തന്നെയായി. ഒറ്റയൊന്നിനും എഴുന്നേല്‍ക്കാന്‍ കഴിഞ്ഞില്ല. എഴുന്നേല്‍പിക്കാനുള്ള പരിചാരകാരന്‍മാരുടെ ശ്രമങ്ങള്‍ പരാജയപ്പെട്ടു. അവര്‍ ഈ വിവരം രാജാവിനെ അറിയിച്ചപ്പോള്‍ രാജാവിന്റെ മറുപടി ഇപ്രകാരമായിരുന്നു:ദര്‍വേശിനെ സമീപിച്ച് മാപ്പിരക്കുക. അവര്‍ ശൈഖിന്റെ സന്നിധിയില്‍ വന്ന് മാപ്പ് പറഞ്ഞപ്പോള്‍ ശൈഖ് പറഞ്ഞു.ഒട്ടകങ്ങള്‍ എഴുന്നേറ്റു നിങ്ങള്‍ പൊയ്‌ക്കോളൂ. ചെന്ന് നോക്കിയപ്പോള്‍ എല്ലാ ഒട്ടകങ്ങളും എഴുന്നേറ്റ് നിന്ന അത്ഭുത ദൃശ്യമാണ് അവര്‍ക്ക് കാണാന്‍ സാധിച്ചത്.
തെന്നിന്ത്യയിലെ അത്യുന്നത മത ഭൗതിക സമന്വയ വിദ്യാഭ്യാസ സ്ഥാപനമാണ് കടമേരി റഹ്‌മാനിയ്യ അറബിക് കോളേജ്. തഖ് വഴില്‍ അസ്ഥിവാരമിട്ട് ഔലിയാക്കന്‍മാരുടെ ആത്മീയ നോട്ടത്തില്‍ മുന്നോട്ട് ഗമിക്കുകയാണ്. കാലത്തിനനുസരിച്ച് പണ്ഡിതന്‍മാരെ സമൂഹത്തിന് സംഭാവന ചെയ്യുന്ന കലാലയത്തിന്റെ ഇന്നലകളിലേക്ക് തിരിഞ്ഞ് നോക്കുമ്പോള്‍ പ്രതിസന്ധികളുടെ പലഘട്ടങ്ങളും താണ്ടിയാണ് ഇവിടെയെത്തിയത് എന്ന വസ്തുത ത്യാഗോജ്വലമായ ചരിത്രം നമുക്ക് വിവരിച്ച് തരും. അഹ്ലുസ്സുന്നത്തിന്റെ ആശയാദര്‍ശങ്ങളില്‍ നിന്ന് ജനങ്ങളെ പുത്തനാശയങ്ങളിലേക്ക് വഴിതെറ്റിക്കാനുള്ള ശ്രമങ്ങള്‍ നാദാപുരം മേഖലയിലും ആരംഭിച്ചപ്പോള്‍ അതിന് ശാശ്വതമായ പ്രതിരോധം എന്ന ചിന്തയാണ് റഹ്‌മാനിയ്യ അറബിക് കോളേജിന്റെ പിറവിക്ക് നിദാനമായത്. ഇതിനായി 1972 ജനുവരി 30ന് വടകര താലൂക്കിലെ ഉലമാ ഉമറാക്കളുടെ ഒരു യോഗം കടമേരി ജുമാ മസ്ജിദില്‍ ചേരാന്‍ തീരുമാനിച്ചു. ചീക്കിലോട്ട് കുഞ്ഞമ്മദ് മുസ്ലിയാര്‍ ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാരെ സമീപിക്കുകയും അദ്ദേഹം നിര്‍ദേഷിച്ച പ്രകാരം നോമ്പനുഷ്ടിക്കുകയും ഇഅ്തികാഫിരുന്ന് ബദ്രീങ്ങളുടെ പേരില്‍ യാസീന്‍ ഓതുകയും ചെയ്തപ്പോള്‍ ബാപ്പു മുസ്ലിയാര്‍ കോളേജ് തുടങ്ങാന്‍ അനുവാദം നല്‍കി. നന്നായി ത്യാഗം ചെയ്യേണ്ടി വരുമെന്ന് ബാപ്പു മുസ്ലിയാര്‍ ഓര്‍മ്മപ്പെടുത്തിയപ്പോള്‍ അത് സഹിക്കാന്‍ ചീക്കിലോട്ട് ഉസ്താദ് തയ്യാറായി. തീരുമാന പ്രകാരം ജനുവരി 30ന് യോഗം ചേര്‍ന്നു. അതില്‍ ശൈഖുനാ കോട്ടുമല അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. ഒടുക്കം റഹ്‌മാനിയ്യ അറബിക് കോളേജ് കടമേരിയില്‍ തുടങ്ങാന്‍ തീരുമാനമായി. 1972 നവംബര്‍ 22ന് കണ്ണിയത്ത് അഹമ്മദ് മുസ്ലിയാര്‍ കടമേരി പള്ളിയില്‍ വെച്ച് വിഖ്യാത ഫിഖ്ഹീ ഗ്രന്ഥമായ ഫത്ഹുല്‍ മുഈന്‍ ഓതിക്കൊടുത്ത് ക്ലാസ് ഉദ്ഘാടനം ചെയ്തു. കോളേജ് നിര്‍മ്മിക്കാന്‍ തറ കെട്ടിയെങ്കിലും പിന്നീട് പണികള്‍ പ്രതിസന്ധികള്‍ മൂലം നിലച്ചു.
തുടക്കം മുതല്‍ പല പ്രതിസന്ധികളും ഉണ്‍ായി. കുട്ടികളുടെ ഭക്ഷണത്തിനും മറ്റും ചീക്കിലോട്ടുസ്താദ് രാവിലെ മുതല്‍ പല വീടുകളിലും കയറിയിറങ്ങി കിട്ടുന്നത് സ്വരൂപിച്ചു. കുട്ടികളുടെ ഭക്ഷണ താമസ മറ്റുകാര്യങ്ങളില്‍ ബുദ്ധിമുട്ടനുഭവിച്ചതിനാല്‍ അഡ്മിഷന് വരുന്ന മുഴുവന്‍ കുട്ടികളെയും സ്വീകരിക്കാന്‍ കഴിഞ്ഞില്ല. ഈ ഘട്ടത്തിലാണ് 1978ല്‍ ചീക്കിലോട്ടുസ്താദ് അജ്മീറിലേക്ക് യാത്ര പോയത്. ശേഷം ഉസ്താദ് അഹമ്മദാബാദില്‍ പോയി. കൂടെ ഒരു റസീവറും ഉണ്ടായിരുന്നു. അവിടെ നിന്നും നേരെ അജ്മീറിലേക്ക് വണ്ടി കയറി. ഒരു വ്യാഴാഴ്ച ദിവസം അവിടെയെത്തുകയും ദര്‍ഗയില്‍ വെച്ച് ഒരു ഖത്തം ഓതിത്തീര്‍ക്കുകയും ചെയ്തു. ശേഷം ഖ്വാജയോട് കരഞ്ഞ് പറയുകയും ചെയ്തു. വെള്ളിയാഴ്ച രാത്രി സ്വപ്നദര്‍ശനത്തിലൂടെ ഖ്വാജ പറഞ്ഞത് ഇപ്രകാരമായിരുന്നു: നിങ്ങള്‍ തിരിച്ച് പോവുക. നൂറുപേരുടെ ഭക്ഷണം ഞാന്‍ ഏറ്റെടുത്തിരിക്കുന്നു. എണ്‍പത്തിയഞ്ച് കുട്ടികളായപ്പോള്‍ പുതിയ അഡ്മിഷന് വരുന്നവരെ സ്വീകരിക്കാന്‍ കഴിയാതെ തിരിച്ചയച്ച സമയത്താണ് ഖ്വാജയുടെ ഏറ്റെടുക്കല്‍. ആ വര്‍ഷം റമളാനില്‍ അരി ബാക്കിയാവുന്ന അവസ്ഥയായി. അതിന്ന് ശേഷം ഇന്ന് വരെ അരിക്ക് വേണ്ടി ആരെയെങ്കിലും സമീപിക്കുകയോ കമ്മിറ്റി സ്വന്തം ചെലവില്‍ അരി വാങ്ങേണ്ട അവസ്ഥയോ ഉണ്ടായിട്ടില്ല. മരണ ശേഷവും കറാമത്തുകള്‍ മുറിയില്ലെന്നതിന്റെ നേര്‍സാക്ഷ്യമായി ഇത് ഇന്നും തുടര്‍ന്ന് കൊണ്ടിരിക്കുന്നു.
ഖ്വാജാ തങ്ങളുടെ അന്ത്യനിമിഷങ്ങള്‍ ഖുതുബുദ്ദീന്‍ ബഖ്തിയാര്‍ കാക്കി വിവരിക്കുന്നു. വ്യാഴാഴ്ച ദിവസം ശൈഖിന്റെ തൃപ്പാദങ്ങള്‍ ചുംബിക്കാന്‍ എനിക്ക് ഭാഗ്യം കിട്ടി. അജ്മീര്‍ ജുമാ മസ്ജിദിലെ അവസാന മജ്‌ലിസായിരുന്നു അത്. ശൈഖ് പറഞ്ഞു:മലക്കുല്‍ മൗത്തില്ലാത്ത ലോകത്തിന് ഒട്ടും മൂല്യമില്ല. കാരണം സ്‌നേഹിതനെ സ്‌നേഹിതനിലേക്ക് എത്തിക്കുന്ന പാലമാണ് മരണം. ശേഷം ഖ്വജ അലി സഞ്ചരിയോട് പറഞ്ഞു: വില്‍പ്പത്രം തയ്യാറാക്കൂ..ഖുത്ബുദ്ദീന്‍ ബഖ്തിയാര്‍ കാകിയാണ് എന്റെ പിന്‍ഗാമി. ഡല്‍ഹിയാണദ്ദേഹത്തിന്റെ ആസ്ഥാനം. വില്‍പ്പത്രം എനിക്ക് തന്നു. ചഹാര്‍തര്‍കി കിരീടം എന്റെ തലയില്‍ വെച്ചു. വിശേഷ വസ്ത്രം ധരിപ്പിച്ചു. ഉസ്മാന്‍ ഹാറൂനിയുടെ വടി എനിക്ക് തന്നു. മുസ്ഹഫും മുസ്വല്ലയും ചെരിപ്പും എന്നെ ഏല്‍പ്പിച്ചു. ശേഷം എന്നോട് പറഞ്ഞു,പരമ്പരാഗതമായി ശൈഖന്മാര്‍ക്ക് ലഭിച്ച ഈ അമാനത്ത് ഞാന്‍ നിങ്ങളെ ഏല്‍പ്പിക്കുന്നു.
ഇശാഅ് നിസ്‌കാരാനന്തരം ശൈഖ് ചിശ്തി സ്വകാര്യ റൂമില്‍ പ്രവേശിച്ചു വാതിലടച്ചു. ആരും അകത്ത് കടക്കരുത് എന്ന് നിര്‍ദേശിച്ചു. റൂമിന്റെ പുറത്തുണ്ടായിരുന്ന ഖാദിമുകള്‍ ശൈഖിന്റെ ദിക്ര് കേട്ടുകൊണ്ടിരുന്നു. രാത്രിയുടെ അന്ത്യമായപ്പോള്‍ ദിക്‌റിന്റെ ശബ്ദം നിലച്ചു. സുബ്ഹിയുടെ സമയമായി. സാധാരണപ്പോലെ വാതില്‍ തുറന്ന് കാണാതെ പരിഭ്രമിച്ച ഖാദിമുകള്‍ വാതില്‍ തുറന്ന് അകത്ത് കയറി. ചേതനമറ്റ ശൈഖിന്റെ മൃതശരീരമാണ് അവര്‍ക്ക് കാണാന്‍ കഴിഞ്ഞത്. ഹാദാ ഹബീബുല്ലാഹ് മാത്ത ഫീ ഹുബ്ബില്ലാ എന്ന് തിരു നെറ്റിയില്‍ മുദ്രണം ചെയ്യപ്പെട്ടിരുന്നു. ഹിജ്‌റ 627 റജബ് 6ന് സുല്‍ത്താന്‍ ശംസുദ്ദീന്റെ ഭരണകാലത്തായിരുന്നു ഇത്. ഏകദേശം 97 വയസ്സായിരുന്നു പ്രായം.
യഥാര്‍ത്ഥത്തില്‍ ഖ്വാജാ തങ്ങള്‍ ഇന്ത്യയിലേക്ക് വന്ന ലക്ഷ്യം സാക്ഷാല്‍കരിച്ചിരിക്കുന്നു. ശൈഖ് പകലന്തിയോളം ഇസ്ലാമിക പ്രചരണത്തിന് വേണ്ടി വിനിയോഗിച്ചു. റസൂല്‍ (സ്വ)യുടെ വാക്കുകള്‍ യഥേഷ്ടം പൂര്‍ത്തിയായിരിക്കുന്നു. ഒരുപാട് ആളുകള്‍ ഇസ്ലാമിന്റെ ശാദ്വല തീരത്തേക്ക് കടന്ന് വന്നു. യഥാര്‍ത്ഥത്തില്‍ അത് തന്നെയായിരുന്നു ഖ്വാജയുടെ ലക്ഷ്യം. മരണം വരെ ഖ്വാജയുടെ ത്വാഅത്തിലായി ജീവിക്കാന്‍ അല്ലാഹു നമുക്ക് തൗഫീഖ് നല്‍കട്ടെ ആമീന്‍
Be the first to comment