അബൂദബി: രാജ്യത്ത് വിപണിയിലുള്ള കൊക്കകോള ഉല്‍പ്പന്നങ്ങള്‍ സുരക്ഷിതമാണെന്ന് വിശദീകരിച്ച് യു.എ.ഇ പരിസ്ഥിതി മന്ത്രാലയം. പ്രാദേശിക വിപണികളിലെ കൊക്കകോള ഉല്‍പ്പന്നങ്ങള്‍ സുരക്ഷിതവും ഉയര്‍ന്ന അളവില്‍ ക്ലോറേറ്റ് ഇല്ലാത്തതുമാണെന്നും അവ രാജ്യത്തെ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമാണെന്നും കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം (Ministry of Climate Change and Environment -MoCCaE) വ്യക്തമാക്കി.
ഉല്‍പ്പന്നങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഉയര്‍ന്ന അളവിലുള്ള ക്ലോറേറ്റ് കണ്ടെത്തിയതിനെ തുടര്‍ന്ന് കൊക്കകോള, സ്‌പ്രൈറ്റ്, ഫാന്റ് അടക്കമുള്ള ശീതളപാനീയങ്ങള്‍ തിരിച്ചുവിളിക്കാന്‍ ഉത്തരവിട്ടതായി കൊക്കകോളയുടെ യൂറോപ്യന്‍ ബോട്ടിലിങ് യൂണിറ്റ് അറിയിച്ചതിന് പിന്നാലെയാണ് യു.എ.ഇ മന്ത്രാലയത്തിന്റെ വിശദീകരണം. 2015ഇല്‍ യൂറോപ്യന്‍ ഫുഡ് സേഫ്റ്റി അതോറിറ്റി ക്ലോറേറ്റിന്റെ ദീര്‍ഘകാലത്തെ ഉപയോഗം കുട്ടികള്‍ക്ക് പ്രത്യേകിച്ച് നേരിയതോ മിതമായതോ ആയ തോതില്‍ അയഡിന്‍ കുറവുള്ളവര്‍ക്ക് ആരോഗ്യപ്രശ്‌നമുണ്ടാക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു തിരിച്ചുവിളിക്കാന്‍ തീരുമാനിച്ചത്.
എന്നാല്‍, യു.എ.ഇയിലെ വിപണിയില്‍ ലഭ്യമായ ഉല്‍പ്പന്നങ്ങള്‍ അബൂദബിയിലെ കൊക്കകോള ബോട്ടിലിങ് പ്ലാന്റുകളില്‍ പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കുന്നതായതിനാല്‍ യൂറോപിന്റെ തിരിച്ചുവിളിക്കല്‍, രാജ്യത്ത് ലഭ്യമായ കോള ഉല്‍പ്പന്നങ്ങളെ ബാധിക്കില്ലെന്നും മന്ത്രാലയം അറിയിച്ചു.
ബന്ധപ്പെട്ട എല്ലാ അധികാരികളുമായും തുടര്‍ച്ചയായ ഏകോപനത്തിലൂടെ ഭക്ഷ്യ സുരക്ഷ നിരീക്ഷിക്കുന്നതിനും ഉപഭോക്താക്കളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനുമുള്ള തങ്ങളുടെ പ്രതിബദ്ധത തുടരുമെന്നും മന്ത്രാലയം അറിയിച്ചു.
Be the first to comment