ജറുസലേം: ഗസ്സയില്‍ ഇസ്‌റാഈലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ ഞായറാഴ്ച രാവിലെ ആറര മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കരാറിന് മധ്യസ്ഥത വഹിക്കുന്ന ഖത്തര്‍ അറിയിച്ചു.
കരാറിലെ കക്ഷികളും മധ്യസ്ഥരും ഏകോപിപ്പിച്ചതനുസരിച്ച്, ഗസ്സയിലെ വെടിനിര്‍ത്തല്‍ ജനുവരി 19 ഞായറാഴ്ച രാവിലെ ഗസ്സയിലെ പ്രാദേശിക സമയം 8:30ന് ആരംഭിക്കുമെന്ന് ഖത്തര്‍ വിദേശകാര്യ വക്താവ് മജീദ് അല്‍ അന്‍സാരി പറഞ്ഞു.
ആദ്യഘട്ടത്തില്‍ 737 ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കുമെന്ന് ഇസ്‌റാഈല്‍ അറിയിച്ചു. ശനിയാഴ്ച അംഗീകരിച്ച ഗസ്സ വെടിനിര്‍ത്തലിന്റെയും ബന്ദികളെ മോചിപ്പിക്കുന്ന കരാറിന്റെയും ആദ്യ ഘട്ടത്തിന്റെ ഭാഗമായി 737 തടവുകാരെ മോചിപ്പിക്കുമെന്ന് ഇസ്‌റാഈല്‍ നീതിന്യായ മന്ത്രാലയം അറിയിച്ചു.
നിലവില്‍ കസ്റ്റഡിയിലുള്ള 737 തടവുകാരെയും തടവുകാരെയും വിട്ടയക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു എന്ന് നീതിന്യായ മന്ത്രാലയം അതിന്റെ വെബ്‌സൈറ്റിലെ ഒരു പ്രസ്താവനയില്‍ പറഞ്ഞു.
ഗസ്സ വെടിനിര്‍ത്തലും ബന്ദികളെ മോചിപ്പിക്കുന്ന കരാറും അംഗീകരിക്കാന്‍ ഇന്ന് ഇസ്‌റാഈല്‍ മന്ത്രിസഭ വോട്ട് ചെയ്തതായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.
ഞായറാഴ്ച ആരംഭിക്കുന്ന വെടിനിര്‍ത്തല്‍ ഗസ്സയിലെ എക്കാലത്തെയും മാരകമായ ബോംബാക്രമണവും ഹീനമായ യുദ്ധക്കുറ്റങ്ങളും നിര്‍ത്തലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ലംഘിക്കാനുള്ളതാണ് സന്ധികളും ഉടമ്പടികളുമെന്ന മുന്നെയുള്ള ഇസ്‌റാഈല്‍ നേതാക്കന്മാരുടെ പരാമര്‍ശങ്ങളും ഓര്‍മിപ്പിക്കുന്ന വെസ്റ്റ് ഏഷ്യന്‍ സ്റ്റഡീസ് വിദഗ്ധരുമുണ്ട്. വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നാല്‍ ഗസ്സയിലെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള തയ്യാറെടുപ്പുകള്‍ ഫലസ്തീന്‍ അതോറിറ്റി പൂര്‍ത്തിയാക്കിയതായി ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പറഞ്ഞു.
Be the first to comment