ബെയ്‌റൂത്ത്: ലെബനാനിലും കൊന്നൊടുക്കല്‍ തുടരുകയാണ് ഇസ്‌റാഈല്‍. ജനവാസ കേന്ദ്രങ്ങളിലെ താമസസമുച്ചയങ്ങള്‍ നോക്കിയാണ് സയണിസ്റ്റ് ഭീകരരുടെ ആക്രമണം. ഗസ്സയിലും സമാന രീതിയിലാണ് ഇസ്‌റാഈല്‍ ആക്രമണം നടത്തിയിരുന്നത്.
ലെബനീസ് തലസ്ഥാനമായ ബെയ്‌റൂത്തിലെ ബാസ്ത അല്‍ ഫൗഖയില്‍ കഴിഞ്ഞ ദിവസം നടത്തിയ വ്യോമാക്രമണത്തില്‍ 20 പേരാണ് കൊല്ലപ്പെട്ടുത്. ആക്രമണത്തില്‍ 66 പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു ആക്രമണം. എട്ടു നിലക്കെട്ടിടം പൂര്‍ണമായി നിലം പതിച്ചു. അവശിഷ്ടങ്ങള്‍ക്കടിയില്‍ ഒട്ടേറെപ്പേര്‍ കുടുങ്ങിയിട്ടുണ്ടാകുമെന്നാണ് സംശയം. യാതൊരു മുന്നറിയിപ്പുമില്ലാതെ അഞ്ച് മിസൈലുകളാണ് ഇസ്‌റാഈല്‍ അയച്ചത്. പ്രാദേശിക സമയം പുലര്‍ച്ചെ നാലിനായിരുന്നു ആക്രമണം. ആളുകള്‍ ഉറങ്ങുന്ന സമയമായത് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു.
മരണസംഖ്യ ഇനിയും ഉയരുമെന്നാണു ലെബനീസ് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. അടുത്ത ദിവസങ്ങളില്‍ ബെയ്‌റൂത്തിന്റെ മധ്യഭാഗം കേന്ദ്രീകരിച്ച് ഇസ്‌റാഈലി സേന നടത്തുന്ന നാലാമത്തെ വ്യോമാക്രമണം ആണിത്.
കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ബുള്‍ഡോസറുകളും മറ്റു യന്ത്രങ്ങളും ഉപയോഗിച്ചാണ് പരുക്ക് പറ്റിയവരേയും മരിച്ചവരേയും രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തത്. മിസൈല്‍ വീണിടത്ത് വലിയ ഗര്‍ത്തം രൂപപ്പെട്ടതായും രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.
ഇസ്‌റാഈല്‍ ഇതുവരെ ലബനാനില്‍ നടത്തിയ ആക്രമണങ്ങളില്‍ 3500 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പത്ത് ലക്ഷത്തിലേറെ ആളുകള്‍ക്കാണ് ഇവിടെ കിടപ്പാടം നഷ്ടമായത്.
Be the first to comment