ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ തുടരുന്നു. ശൈത്യകാലാവസ്ഥക്കായി ഇനിയും ദിവസങ്ങള്‍ കാത്തിരിക്കേണ്ടിവരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കുന്ന സൂചന. ഉയര്‍ന്ന താപനിലക്കൊപ്പം ഉയര്‍ന്ന അന്തരീക്ഷ ഈര്‍പ്പവും പുറം ജോലിക്കാരെ ദുരിതത്തിലാക്കുകയാണ് ഇത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും അസ്ഥിര കാലാവസ്ഥക്കും ഇടയാക്കുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമാനില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില 42.9 ഡിഗ്രി സെല്‍ഷ്യസാണ്. ദമ വ താഈന്‍ പ്രദേശത്തായിരുന്നു ഇത്. സുനൈനാഹ് (42.2 ഡിഗ്രി), ഹംറ അദ് ദുറൂഅ്, ബുറൈമി, (4.7 ഡിഗ്രി), മഖ്ശിന്‍ (40.8 ഡിഗ്രി), അല്‍ മസ്‌യൂന (40.7 ഡിഗ്രി), സമാഇല്‍ (40.7 ഡിഗ്രി), മഹ്ദ (40.6 ഡിഗ്രി) എന്നിങ്ങനെയാണ് വിവിധ സ്ഥലങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത ഉയര്‍ന്ന താപനില. കഴിഞ്ഞ ദിവസങ്ങളില്‍ 45 ഡിഗ്രി സെല്‍ഷ്യസിന് മുകളിലായിരുന്നു ഈ പ്രദേശങ്ങളിലെ താപനില എന്നതും ശ്രദ്ധേയമാണ്.
ആഗസ്ത് മൂന്നാം വാരം മുതല്‍ തുടര്‍ച്ചയായി ലഭിച്ച മഴ താപനില കുറയാന്‍ സഹായകമായിരുന്നു എന്നാല്‍ മഴ മാറിയതോടെ ചൂട് വീണ്ടും ഉയരുകയായിരുന്നു. കൂടാതെ ചൂടിനൊപ്പം അന്തരീക്ഷ ഈര്‍പ്പവും അനുഭവപ്പെടുന്നു. ചൂട് തുടരുന്ന സാഹചര്യത്തില്‍ ആഗസ്ത് 24ന് സുഹൈല്‍ നക്ഷത്രം പ്രത്യക്ഷപ്പെട്ടതോടെ വേനലിന്റെ കാഠിന്യം കുറയുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, നിലവിലെ കാലാവാസ്ഥാ മാറ്റം സൂചിപ്പിക്കുന്നത് താപനിലയില്‍ പെട്ടന്നുള്ള കുറവ് ഉണ്ടാകില്ലെന്നാണ്. ഒക്ടോബറില്‍ താപനിലയില്‍ ക്രമാനുഗതമായ കുറവ് ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കുന്ന സൂചന. ഇന്ന് മുതല്‍ ദോഫാറിലും അല്‍ ഹജര്‍ പര്‍വത നിരകളിലും മഴയെത്തുന്നതും താപനില കുറയാന്‍ ഇടയാക്കും.
ദല്‍ഖൂത്തിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും താഴ്ന്ന താപനില അനുഭവപ്പെട്ടത്, 20.6 ഡിഗ്രി സെല്‍ഷ്യസ്. ഖൈറൂന്‍ ഹിര്‍ത്തിയില്‍ 21.1 ഡിഗ്രിയും ഹൈമയില്‍ 23.6 ഡിഗ്രിയും അല്‍ കാമില്‍ അല്‍ വാഫിയില്‍ 23.6 ഡിഗ്രിയും ബിദിയയില്‍ 23.8 ഡിഗ്രിയും മര്‍മൂല്‍, റാസ് അല്‍ ഹദ്ദ് എന്നിവിടങ്ങളില്‍ 24.0 ഡിഗ്രിയും ജഅ്‌ലൂനില്‍ 24.1 ഡിഗ്രിയും താപനില റിപ്പോര്‍ട്ട് ചെയ്തു. ഖരീഫ് കാലം കഴിഞ്ഞതോടെ ദോഫാര്‍ ഗവര്‍ണറേറ്റിലെ വിവിധ പ്രദേശങ്ങളില്‍ താപനില ഉയര്‍ന്നു തുടങ്ങി.
പുറത്ത് ജോലിയെടുക്കുന്നവര്‍ക്ക് ചൂട് കാലാവസ്ഥ പരിഗണിച്ച് മന്ത്രാലയം അനുവദിച്ച മധ്യാഹ്ന വിശ്രമം അവസാനിച്ചുവെങ്കിലും നിര്‍മാണ മേഖലയിലെ കമ്പനനികള്‍ പലതും ചൂട് പരിഗണിച്ച് ഇപ്പോഴും തൊഴിലാളികള്‍ക്ക് വിശ്രമം നല്‍കുന്നുണ്ട്. ശാരീരിക അസ്വസ്ഥതകളില്‍ നിന്നും തൊഴിലാളികളെ സംരക്ഷിക്കുന്നതിനാണ് നിയമം കൊണ്ടുവന്നത്. ഉച്ചക്ക് 12.30 മുതല്‍ 3.30 വരെയായിരുന്നു വിശ്രമം.
Be the first to comment