മണിപ്പൂരില്‍ നടന്ന അതിക്രമങ്ങളെക്കുറിച്ചും, മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും പരാമര്‍ശിക്കുന്ന അമേരിക്കന്‍ റിപ്പോര്‍ട്ടിനെ തള്ളി ഇന്ത്യ.അമേരിക്കയുടെ റിപ്പോര്‍ട്ട് മുന്‍വിധിയോടെയുള്ളതാണെന്നും മണിപ്പൂരില്‍ മനുഷ്യവകാശ ലംഘനം നടന്ന വിഷയമുണ്ടായിട്ടില്ലെന്നും ഇന്ത്യയുടെ വിദേശകാര്യ വക്താവ് രണ്‍ദീര്‍ ജയ്സ്വാള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. റിപ്പോര്‍ട്ടില്‍ ഇന്ത്യയെ കുറിച്ച് തെറ്റായ ധാരണയാണ് പ്രതിഫലിക്കുന്നത്. റിപ്പോര്‍ട്ട് ഇന്ത്യ തള്ളികളയുകയാണെന്നും ജയ്സ്വാള്‍ അറിയിച്ചു.
മണിപ്പൂര്‍ കലാപത്തില്‍ 175 പേര് കൊല്ലപ്പെട്ടതായും അര ലക്ഷത്തിലേറെ പേര്‍ക്ക് നാടുവിടേണ്ടി വന്നതായും അമേരിക്കന്‍ വിദേശകാര്യ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. അക്രമം തടയുന്നതിലും സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തുന്നതിലും സര്‍ക്കാറിന് വീഴ് സംഭവിച്ചതായി സുപ്രീം കോടതിയുടെ നിരീക്ഷണത്തെ സംബന്ധിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. അക്രമത്തില്‍ തകര്‍ക്കപ്പെട്ട വീടുകളും ആരാധനാലയങ്ങളും പുനര്‍ നിര്‍മിച്ചു നല്കാന് കേന്ദ്രത്തിന് സാധിച്ചിട്ടില്. കൂടാതെ ഇവിടെ ആവശ്യമായ മനുഷ്യ സഹായമെത്തിക്കാനും സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. രാജ്യത്ത് മതന്യൂന പക്ഷങ്ങള്‍, പൗരസംഘടനകള്‍, പ്രതിപക്ഷ പാര്‍ട്ടികള്‍ എന്നിവര്‍ക്കുനേരെ സുരക്ഷാ ഭീഷണി ഉയര്‍ത്തല്‍, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കല്‍ എന്നിവ വ്യാപകമാണെന്ന് ചില പൗരസംഘടനകളുടെ പരാമര്‍ശമുണ്ടെന്നും അമേരിക്കയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
അതേസമയം ഇന്ത്യയും അമേരിക്കയും തമ്മില്‍ ജനാധിപത്യം, മനുഷ്യാവകാശം തുടങ്ങിയ വിഷയങ്ങളില്‍ നിരന്തരം ബന്ധപ്പെടുകയും ചര്‍ച്ച നടത്തുകയും ചെയ്യുന്നുണ്ടെന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ബ്യൂറോ ഓഫ് ഡെമോക്രസി വിഭാഗത്തിലെ ഉന്നതോദ്യോഗസ്ഥന് റോബര്‍ട്ട് എസ്. ഗില്‍ക്രൈസ്റ്റ് വാഷിങ്ടണില്‍ പറഞ്ഞിരുന്നു. അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ബ്യൂറോ ഓഫ് ഡെമോക്രസി, ഹ്യൂമന്‍ റൈറ്റ്സ് ആന്‍ഡ് ലേബര്‍ വിഭാഗമാണ് 2023ലെ കണ്ട്രി റിപ്പോര്‍ട്ട്സ് ഓണ്‍ ഹ്യൂമന്‍ റൈറ്റ്സ് പ്രാക്ടീസസ് പുറത്തുവിട്ടത്. വിവിധ രാജ്യങ്ങളിലെ മനുഷ്യാവകാശവിഷയങ്ങളാണ് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം. മാധ്യമങ്ങള്‍, പൗരസംഘടനകള്‍, സന്നദ്ധസംഘടനകള്‍ തുടങ്ങിയവയുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
Be the first to comment