യു.എ.ഇയില്‍ 75 വര്‍ഷത്തിനിടെ പെയ്ത ഏറ്റവും ശക്തമായ മഴ; മലവെള്ളപ്പാച്ചിലില്‍ ഒരു മരണം, റെഡ് അലര്‍ട്ട്, വിമാനങ്ങള്‍ റദ്ദാക്കി

ദുബൈ: യു.എ.ഇയിലും അതിശക്തമായ മഴ.  75 വര്‍ഷത്തിനിടെ പെയ്ത ഏറ്റവും ശക്തമായ മഴക്കാണ് കഴിഞ്ഞ ദിവസം യു.എ.ഇ സാക്ഷ്യം വഹിച്ചതെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ശക്തമായ മഴയില്‍ യു.എ.ഇയില്‍ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. റാസല്‍ഖൈമ വാദ് ഇസ്ഫിനിയിലെ മലവെള്ളപ്പാച്ചിലില്‍ യു.എ.ഇ സ്വദേശിയാണ് മരിച്ചത്. പ്രതികൂല കാലാവസ്ഥ കാരണം ഫ്‌ളൈ ദുബൈ വിമാനങ്ങള്‍ റദ്ദാക്കി. യു.എ.ഇ സമയം രാവിലെ പത്തു വരെ ദുബായില്‍ നിന്നുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. അസ്ഥിര കാലാവസ്ഥയില്‍ വിമാനങ്ങള്‍ വൈകാന്‍ സാധ്യതയുണ്ടെന്ന് വിമാനകമ്പനികള്‍ അറിയിച്ചിട്ടുണ്ട്. 

അല്‍ ഐനിലെ ഖതം അല്‍ ശക്‌ല പ്രദേശത്ത് 24 മണിക്കൂറിനിടെ 254.88 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തിയതായി നാഷനല്‍ സെന്റര്‍ ഓഫ് മെട്രോളജി റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രതികൂല കാലാവസ്ഥ നിയന്ത്രിക്കുന്നതില്‍ രാജ്യം നിരവധി പ്രയാസങ്ങള്‍ നേരിട്ടതായും ഖലീജ് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, പരസ്പരം സുരക്ഷ ഉറപ്പു വരുത്തുന്നതിനായി ജനങ്ങളും അധികാരികളും മുന്നിട്ടിറങ്ങിയിട്ടുണ്ട്.

അല്‍ഐനിലെ അല്‍ ഖുവാ മേഖലയില്‍ ശക്തമായ മണ്ണിടിച്ചിലുണ്ടായി. റോഡ് തകര്‍ന്ന് ഗര്‍ത്തം രൂപപ്പെട്ടിരിക്കുകയാണ്. ഇത് ഇവിടെ ഗതാഗതം തടസ്സപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പകല്‍ സമയത്ത് ദുബായിലെ ഷെയ്ഖ് സായിദ് റോഡില്‍ മണക്കൂറുകളോളം ഗതാ4ഗതം സംതംഭിച്ചു. ഉദ്ദിഷ്ട സ്ഥലങ്ങളിലെത്താന്‍ പലയിട്ടത്തും യാത്രക്കാര്‍ ഇറങ്ങി നടക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ദുബൈ, ഷാര്‍ജ, അജ്മാന്‍, റാസല്‍ഖൈമ തുടങ്ങി മിക്ക നഗരങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി. തെക്കന്‍ അല്‍ഐനില്‍ ശക്തമായ ആലിപ്പഴ വര്‍ഷവും അനുഭവപ്പെട്ടു. മോശം കാലാവസ്ഥ കണക്കിലെടുത്ത് വിദ്യാലയങ്ങള്‍ ഓണ്‍ലൈന്‍ പഠനത്തിലേക്ക് മാറി. മുഴുവന്‍ ഗവണ്‍മെന്റ് ജീവനക്കാര്‍ക്കും വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അവസരം നല്‍കിയിട്ടുണ്ട്.

മഴ ഇനിയും ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. വടക്ക് കിഴക്കന്‍ എമിറേറ്റുകളില്‍ ഇന്നും മഴ തുടരും. മഴയത്ത് യാത്രക്കാരുടെ സൗകര്യം പരിഗണിച്ച് ദുബൈ മെട്രോ പുലര്‍ച്ചെ മൂന്ന് വരെ സര്‍വീസ് നടത്തുമെന്ന് ആര്‍.ടി.എ അറിയിച്ചു. അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

About Ahlussunna Online 1304 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*