ശഅബാനിന്റെയും ശവ്വാലിന്റെയും ഇടയിലുള്ള , പരിശുദ്ധ ഖുർആൻ അവതരിച്ച മാസം. ഇസ്ലാമിക വിശ്വാസ പ്രകാരം ഏറ്റവും അനുഗൃഹീതവും ഭയഭക്തിനിർഭരവും ആത്മീയമായി വളരെ ഗുണപരവുമായ മാസമാണിത്. ഇസ്ലാമിക പഞ്ചസ്തംഭങ്ങളിൽ നാലാമത്തെതായ വ്രതാനുഷ്ഠാനം നിർബന്ധമുള്ള, മാസങ്ങളിൽ അല്ലാഹു ഏറ്റവും പവിത്രമാക്കിയ മാസമാണ് റമളാൻ.
ലോക മുസ്ലിംകളുടെ വിശുദ്ധ മാസമാണ് റമളാൻ.
റമളാനിന്റെ വരവിൽ മാനസിക സ്വാഗതമരുളുന്നത് സ്വർഗലബ്ധിക്ക് കാരണമാകുമെന്ന തിരു വചനം വിശ്വാസിക്ക് കൺ കുളിർമ്മയേകുന്നു.
വീടും പരിസരവും മുഴുവൻ വൃത്തിയാക്കാത്ത, റമളാനിലേക്ക് ആവശ്യമായ വസ്തുവഹകൾ തയ്യാറാക്കാത്ത, റമളാന്റെ മുന്നൊരുക്കമില്ലാത്ത ഭവനങ്ങൾക്ക് റമളാനിൻ്റെ ഈ നന്മകൾ പലപ്പോഴും ലഭിക്കാതെ പോകുന്നു.
സ്ത്രീകളുടെ സംഘം ചേരലുകൾ തീർക്കുന്ന തിന്മകൾ വളരെ വലുതാണ്.റമളാനിലെ വർത്തമാനങ്ങൾക്ക് വിശുദ്ധിയുടെ തലങ്ങൾ വന്നു ചേരണം. കുടുംബശ്രീ, അയൽക്കൂട്ടം, ഗ്രാമസഭകൾ, ഷോപ്പിങ്ങുകൾ തുടങ്ങിയവ പലപ്പോഴും കുറ്റ പ്പെടുത്തലുകൾ, പരദൂഷണങ്ങൾ, കളവ് പറയലുകൾ എന്നിവയിലെത്തിച്ചേരുന്നു. എല്ലാ മാസങ്ങളിലും ശ്രദ്ധിക്കേണ്ടതാണെങ്കിൽ കൂടി റമളാനിൽ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ മാറ്റി നിർത്തുന്നതിൽ നാം ബദ്ധ ശ്രദ്ധരാവണം. പകൽ സമയങ്ങളിലധികവും അനാവശ്യസംഘം ചേരലുകൾ, രാത്രിയിലെ ഷോപ്പിങുകൾ, പിന്നീടുള്ള ഉറക്കം.. തുടങ്ങി ഒട്ടനവധി പ്രവർത്തനങ്ങളിൽ നവ യുവത ശ്രദ്ധ പുലർത്തണം ഇല്ലെങ്കിൽ പിന്നെ ആരാധനക്കെവിടെ സമയം?.
വിശുദ്ധ റമളാനിൽ ദീനീ സദസ്സുകൾ കുറഞ്ഞുവരികയും ഖുർആൻ പാരായണം , ദിക്റ്, സ്വലാത്തുകൾ തുടങ്ങിയ ഒട്ടനവധി പ്രവർത്തനങ്ങളിൽ നിന്നും പല യുവാക്കളും, യുവതികളും മാറി നിൽക്കുകയാണിന്ന്. പ്രസ്തുത നന്മകൾ വർദ്ധിപ്പിക്കാനുള്ള ശ്രമം ഇന്ന് പലരും നടത്തുന്നില്ല. ഇവിടെ നാവും ശരീരവും സംസ്കരി ക്കപ്പെടുന്നുണ്ടോ? ഇന്നത്തെ മുസ്ലിം ചെറുപ്പക്കാരികൾ റമളാനിലൊരു അജണ്ട തയ്യാറാക്കേണ്ട സാഹചര്യം അതിക്രമിച്ചിരിക്കുന്നു. പാതിരാത്രി 3 മണിക്ക് അത്താഴം, പിന്നീട് തഹജ്ജുദ്, സുബ്ഹ് നിസ്ക്കാരം വരെ ഖുർആൻ പാരായണം, സുബ്ഹ് നിസ്കാരാനന്തരം സൂര്യോദയം വരെയും ഖുർആൻ പാരായണം, പിന്നീട് അൽപം വിശ്രമം, അത്യാവശ്യം വീട്ടു കാര്യങ്ങൾ,പത്തു മണിക്ക് ളുഹാ നിസ്ക്കാരം, കുട്ടികൾ പഠിക്കാനുള്ള വീടാണെങ്കിൽ രാവിലെ അവർക്ക് കലാലയത്തിലേക്ക് പോകാനുള്ള സൗകര്യവും സഹായവും ചെയ്യൽ, ളുഹ്ർ നിസ്കാരാനന്തരം അൽപം കൂടി ഖുർആൻ പാരായണം, അസർ നിസ്കാരാനന്തരം ആഡംബരമല്ലാത്ത രീതിയിൽ വിഭവങ്ങൾ ഒരുക്കൽ തുടങ്ങിയ രീതിയിൽ യുവ തലമുറ മാറേണ്ടതുണ്ട്. റമളാൻ തീറ്റ മത്സരത്തിനുള്ള മാസമായിട്ടാണ് ഇന്ന് പലരും കണ്ട് കൊണ്ടിരിക്കുന്നത്. എന്നാൽ അതിൽ മുഴുവൻ പിശുക്ക് നിറഞ്ഞു കിടക്കുന്നുണ്ടെന്നത് വസ്തുതയാണ്.
മിതമായതും ആരോഗ്യത്തിന് ഗുണകരമായതുമായ ആഹാരമാണ് ഓരോ വീടുകളിലും ഉണ്ടായിരിക്കേണ്ടത്. ‘വെറും വയറ്റിൽ കട്ടിയുള്ള ആഹാരം ചെന്നു ചേരുന്നത് ദഹനപ്രക്രിയയെ ബാധിക്കും. അജീർണവും, അതുവഴിയുള്ള ഉദര രോഗങ്ങൾക്കും അത് കാരണമാവും. നോമ്പുതുറന്ന് അൽപം വിശ്രമിക്കുക. പിന്നീട് ഇശാഉം തറാവീഹും തുടർന്ന് ഖുർആൻ പാരായണവും. ഒരു ദിവസം മൂന്ന് ജൂസ്അ് ഓതണമെന്ന് കരുതി കാര്യങ്ങൾ ക്രമീകരിച്ചാൽ അനാവശ്യമായ പലതും ഉപേക്ഷിക്കാനാവും. സംസാരിക്കുന്നത് നല്ലത് മാത്രമായി മാറും. റമളാൻ വരുന്നത് സംസ്കരിക്കാനാണ്. നന്മകൾ തമസ്കരിക്കാനല്ല. ഇപ്പോഴത്തെ റമളാൻ ചിലർ ഒഴിവുകാല വിനോദ മാസമാക്കാറുണ്ട് . പാതിരാവരെ ഷോപ്പിങ്. പിന്നെ അത്താഴം കഴിച്ച് നട്ടുച്ചവരെ ഉറക്കം,ശേഷം ഉണർന്ന് ഭക്ഷണമൊരുക്കൽ. സർവ്വ
സാധാരണം. ലോകത്ത് പട്ടിണികിടക്കുന്ന അനേകകോടികളുണ്ടെന്നുള്ള ഓർമ ഇല്ലാതാവുന്നു. ഭക്ഷണ നിയന്ത്രണം കൂടി റമളാനിന്റെ ലക്ഷ്യമാണ്. റമളാനിൽ പാതി ഭക്ഷണമാണ് ഇമാം ഗസ്സാലി(റ) നിർദ്ദേശിച്ചത്. ഇപ്പോഴത്തെ റമളാൻ ആത്മാവ് നഷ്ടപ്പെട്ട നാട്ടാചാരമായി അതിവേഗം മാറുകയാണ്.
സ്ത്രീ-സ്ത്രീയായാൽ ഭവനങ്ങൾ സ്വർഗമാവും. നന്മകൾ പൂക്കണമെന്ന് അവർ വിചാരിച്ചാൽ അത് അല്ലാഹു സാധിപ്പിച്ചുകൊടുക്കും. തിന്മകളുടെ വാതിലടക്കാൻ അവർക്കാണ് സാധിക്കുക. ആരൊക്കെ എന്തൊക്കെ സിദ്ധാന്തിച്ചാലും ഇപ്പോഴും എന്തു നടക്കണമെന്നും എന്ത് നടക്കരുതെന്നും തീരുമാനിക്കാൻ സ്ത്രീകൾക്കാണധികാരവും ആർജ്ജവവുമുള്ളത്.വീടൊരുക്കൽ, ഭരിക്കൽ,
ക്രമീകരിക്കൽ.. ഇതൊക്കെ സ്ത്രീകളുടെ അധികാര പരിധിയിലുള്ള കാര്യങ്ങളാണ്. സ്ത്രീ ഭർത്യവീടിന്റെ ഭരണാ
ധിപ എന്നാണ് മുത്ത് നബി (സ്വ) വിശേ ഷിപ്പിച്ചത്.
റമളാനിന്റെ രാത്രി ഉത്സവമായിട്ടാണ് പലരും കാണുന്നത്. പലിശയുമായി ബന്ധപ്പെട്ട കൊടുക്കലും വാങ്ങലും നാടക-ജാഥ, തുടങ്ങിയ അനവധി അരുതായ്മകൾ റമളാനിന്റെ രാത്രികളിൽ നടമാടുന്നുണ്ടിന്ന്.ദഅ്വ മേഖലയിലും പ്രതിരോധം കുറയുന്നു. സദുപദേശം അന്യമാവുന്നു. ദീൻ രക്ഷപ്പെടാൻ സ്വയം കവചമണിയേണ്ട കാലമായി ആധുനിക കാലം മാറിയിരിക്കുന്നു. പ്രത്യേകിച്ച് പ്രായമായ സ്ത്രീകൾ ജാഗ്രതയോടെ ഗുണദോഷങ്ങൾ നടത്തണം.
വീട്ടിലെ പെൺകുട്ടികൾ, കുടുംബിനികൾ നിയന്ത്രണ രേഖ ലംഘിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണം. ഉടുത്തൊരുങ്ങി അധികനേരവും പുറത്തുപോകുന്ന അവസ്ഥ ആപത്താണ്.
റമളാൻ വരവേൽക്കപ്പെടണം. അത് വീടിന് ചായം തേച്ചും ഗൃഹോപകരണങ്ങൾ വൃത്തിയാക്കിയും മാത്രമാവരുത്. ഹൃദയത്തിനും വേണം ചായം തേക്കൽ. നല്ല ഈമാനിക ശക്തി പകരുംവിധം മനസ്സിനെ പാകപ്പെടുത്തണം. നിസ്കാരത്തിൽ ഭയഭക്തി ഉള്ളവരും കളിതമാശകളിൽ നിന്ന് ഒഴിവായവരും വിജയികളാണെന്ന്’ വിശുദ്ധ ഖുർആൻ ഉണർത്തുന്നുണ്ട്.
മുൻഗാമികളായ മഹാന്മാരും മഹതികളും എല്ലാ മാസങ്ങളും ശ്രദ്ധിച്ചിരുന്നെങ്കിലും റമളാൻ അധികമായി ശ്രദ്ധിച്ചിരുന്നു. ആ മാസത്തിന്റെ പവി ത്രതക്കിണങ്ങാത്ത ഒരു ചലനവും അവരിൽ നിന്നുണ്ടാകുമായിരുന്നില്ല. റമളാന്റെ പവിത്രത കളങ്കപ്പെടുത്താതെ പരലോക രക്ഷാകവചമായി റമളാനെ ഉപയോഗപ്പെടുത്താനായവരാണ് വിജയികൾ. അല്ലാഹു അനുഗ്രഹിക്കട്ടെ.
ആമീൻ
Be the first to comment