അറബിക്കടലോരത്ത് ഐക്യദാര്‍ഢ്യത്തിന്റെ മഹാസാഗരം തീര്‍ത്ത് കോണ്‍ഗ്രസ്

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഒരേ രീതിയിലുള്ള മനുഷ്യരാണെന്നും ഒരാള്‍ വംശീയതയും മറ്റേയാള്‍ സയണിസവുമാണ് മുന്നോട്ടുവെക്കുന്നതെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി. മോദി ഭരണകാലത്താണ് പലസ്തീന്‍ വിഷയത്തില്‍ ഇന്ത്യക്ക് മാറ്റം വന്നത്. അമേരിക്കയ്ക്ക് മുമ്പേ മോദി ഇസ്‌റാഈലിന് പിന്തുണ അറിയിച്ചു. ഐക്യരാഷ്ട്ര സഭയില്‍ യുദ്ധം നിര്‍ത്തണമെന്ന പ്രമേയം വന്നപ്പോളും ഇന്ത്യ അതിനെ പിന്തുണച്ചില്ല. എന്താണ് മോദിക്ക് ഇസ്രായേലിനോട് ഇത്ര മമതയെന്ന് വേണുഗോപാല്‍ ചോദിച്ചു.
കെപിസിസി ആഹ്വാനം ചെയ്ത പലസ്തീന്‍ ഐക്യദാര്‍ഢ്യ മഹാറാലി ‘മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് നഗറി’ (കോഴിക്കോട് കടപ്പുറം) ല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു വേണുഗോപാല്‍.
ഇസ്‌റാഈല്‍ രൂപീകരണത്തെ ഉള്‍പ്പെടെ പിന്തുണച്ച പാരമ്പര്യമാണ് കമ്മ്യൂണിസ്റ്റുകള്‍ക്കുള്ളതെന്ന കാര്യം കേരളത്തിലെ സിപിഎം മറന്നുപോകരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. സ്വതന്ത്ര ഇസ്രായേല്‍ ജൂതന്മാര്‍ക്ക് കൊടുക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് കമ്മ്യൂണിസ്റ്റ് റഷ്യയിലെ സ്റ്റാലിനായിരുന്നു. ഇതൊന്നും പുത്തന്‍കൂറ്റുകാര്‍ക്ക് ഓര്‍മ്മയുണ്ടാവില്ലെന്ന് അദ്ദേഹം പരിഹസിച്ചു. കെപിസിസിയുടെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പിണറായിയുടെ ഭരണകാലത്തും ഇസ്രയേലിലേക്ക് കൃഷി വകുപ്പിന്റെ പ്രതിനിധി സംഘം പോയിരുന്നു. അത്തരം ഇസ്രയേല്‍ പ്രീണനം കോണ്‍ഗ്രസ് നടത്തിയിട്ടില്ല.
വോട്ടുകള്‍ക്ക് വേണ്ടിയല്ല, കോണ്‍ഗ്രസ് പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നടത്തുന്നതെന്നും കോണ്‍ഗ്രസ് എന്നും ഫലസ്തീനൊപ്പമായിരുന്നുവെന്നും വി.ഡി സതീശന്‍ പറഞ്ഞു.
വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പേരില്‍ സിപിഎം പലസ്തീന്‍ വിഷയത്തെ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. യുദ്ധം തുടങ്ങി രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ തന്നെ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി പലസ്തീന് അനുകൂലമായി പ്രമേയം പാസാക്കി. ചൈനയില്‍ നടന്ന കൂട്ടക്കുരുതികള്‍ക്കെതിരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിലപാട് എടുത്തിരുന്നില്ല. കോണ്‍ഗ്രസ് എന്നു വംശഹത്യക്കും വംശീയതയ്ക്കുമെതിരെയാണ്. കോണ്‍ഗ്രസ് പൊരുതുന്ന ഫലസ്തീന്‍ ജനതയ്‌ക്കൊപ്പമാണെന്നും ചെന്നിത്തല പറഞ്ഞു.
കെപിസിസി കെ. സുധാകരന്‍ എംപി അധ്യക്ഷനായിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥിയായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല ഐക്യദാര്‍ഢ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ.മുരളീധരന്‍ എംപി ഐക്യദാര്‍ഢ്യ പ്രമേയം അവതരിപ്പിച്ചു. സിഡബ്ല്യുസി അംഗം ഡോ. ശശി തരൂര്‍ എംപി, എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, സമസ്ത അധ്യക്ഷന്‍ സയ്യിദ് ജഫ്രി മുത്തുക്കോയ തങ്ങള്‍, കേരള മുസ്‌ലിം ജമാ അത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഖലീല്‍ ബുഖാരി തങ്ങള്‍, കെഎന്‍എം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുള്ളക്കോയ മ്ദനി, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസ്സന്‍, എംപിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍, എം.പി അബ്ദുസമദ് സമദാനി, വിവിധ സാമുദായികസംഘടനാ പ്രതിനിധികളായ പി. മുജീബ് റഹ്മാന്‍, പിഎന്‍ അബ്ദുള്‍ ലത്തീഫ് മ്ദനി, ഡോ. ഹുസൈന്‍ മടവൂര്‍, ഡോ. ഐ.പി. അബ്ദുള്‍ സലാം സുല്ലമി, ഡോ. പി.എ. ഫസല്‍ ഗഫൂര്‍, പ്രൊഫ. ഇ.പി. ഇമ്പിച്ചികോയ, ബ്രഹ്മശ്രീ ശംഭു നമ്പൂതിരിപ്പാട്, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് അഡ്വ.ടി.സിദ്ദിഖ് എംഎല്‍എ, മുന്‍ മന്ത്രിമാരായ കെ.സി ജോസഫ്, എ.പി അനില്‍കുമാര്‍, എഐസിസി സെക്രട്ടറി റോജി എം.ജോണ്‍ എംഎല്‍എ, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ അഡ്വ.പി.എം നിയാസ്, അഡ്വ.കെ.ജയന്ത്, പി. സുരേന്ദ്രന്‍, എന്‍.വേണു, റസാഖ് പാലേരി, എ. സജീവന്‍ സംസാരിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ എം.കെ രാഘവന്‍ എംപി സ്വാഗതവും ജനറല്‍ കണ്‍വീനര്‍ ഡിസിസി പ്രസിഡന്റ് അഡ്വ.കെ.പ്രവീണ്‍കുമാര്‍ നന്ദിയും പറഞ്ഞു.

About Ahlussunna Online 1311 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*