ദേശീയ പതാകയെ അവഹേളിക്കുന്നവർക്ക് ഒരു വർഷം വരെ തടവും പിഴയും; കർശന നിർദേശവുമായി സഊദി

റിയാദ്: ദേശീയ ദിനത്തിന്റെ ഭാഗമായുള്ള ആഘോഷങ്ങളിൽ ദേശീയ പതാകയെ അവഹേളിക്കരുതെന്ന് അധികൃതരുടെ മുന്നറിയിപ്പ്. നിയമം ലംഘിച്ച് ദേശീയ പതാക അവഹേളിക്കുന്ന തരത്തിൽ ഉപയോഗിച്ചാൽ ഒരു വർഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അധികൃതർ വ്യക്തമാക്കി. പതാക നിലത്തിടുന്നതും, നിന്ദിക്കുന്നതും അപമാനിക്കുന്നതും ദേശീയ പതാക നിയമപ്രകാരം കുറ്റകരമാണ്.
ഇസ്‌ലാമിക വിശ്വാസ പ്രകാരമുള്ള ശഹാദത്ത് കലിമ പച്ചനിറത്തിലുള്ള പശ്ചാത്തലത്തിൽ ആലേഖനം ചെയ്തതാണ് സഊദിയുടെ ദേശീയ പതാക. ഈ വാചകങ്ങൾക്ക് പുറമെ പതാകയിൽ വാചകങ്ങളോ മുദ്രാവാക്യങ്ങളോ കൂട്ടിച്ചേർക്കുന്നതും നിയമവിരുദ്ധമാണ്. മൃഗങ്ങളുടെ ശരീരത്തിൽ സ്ഥാപിക്കുവാനോ പ്രിന്റ് ചെയ്യാനോ പാടില്ല. ഉപയോഗത്തിന് ശേഷം വലിച്ചെറിയാൻ സാധ്യതയുള്ള വസ്തുക്കളിൽ പ്രിന്റ് ചെയ്യുന്നതും കുറ്റകരമാണ്.
പതാകയെ അവഹേളിക്കുന്നതോ കേടുവരുത്തുന്നതോ രീതിയിൽ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. വ്യാപാരമുദ്രയായോ വാണിജ്യ പരസ്യത്തിനോ പതാക ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. പഴയതോ നിറം മങ്ങിയതോ മോശം അവസ്ഥയിലുള്ളതോ ആയ പതാക ഉപയോഗിക്കാൻ പാടില്ല.
ദേശീയ പതാക ഉപയോഗിക്കുമ്പോൾ നിയന്ത്രണങ്ങളും നിർദേശങ്ങളും കൃത്യമായി പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ഓർമിപ്പിച്ചു. രാജ്യം ഇന്ന് 93ാമത്‌ ദേശീയ ദിനം ആചരിക്കുകയാണ്. വിപുലമായ ആഘോഷങ്ങളാണ് രാജ്യം മുഴുവൻ ഒരുക്കിയിട്ടുള്ളത്.

About Ahlussunna Online 1301 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*