പ്രതിഷേധാഗ്നിയില്‍ തിളച്ച് ശ്രീലങ്ക; രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം, അറസ്റ്റ്, കര്‍ഫ്യൂ

കൊളംബോ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ ജനങ്ങളുടെ പ്രതിഷേധം ശക്തമാവുന്നു. പ്രസിഡന്റിന്റെ വസതിക്ക് മുന്നില്‍ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധം സംഘര്‍ഷത്തിലാണ് കലാശിച്ചത്. ഇതിന് പിന്നാലെ പ്രദേശത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. 45ലേറെ പേര്‍ അറസ്റ്റിലായതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
മുദ്രാവാക്യം വിളിച്ചെത്തിയ പ്രതിഷേധക്കാരെ പൊലിസ് പിരിച്ചുവിടാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. ജനക്കൂട്ടം പൊലിസിന് നേരെ കുപ്പികളും കല്ലുകളും എറിഞ്ഞു. ഇതോടെ പൊലിസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിക്കുകയായിരുന്നു.
അഞ്ച് പൊലിസുകാര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഒരു ബസും രണ്ട് പൊലിസ് ജീപ്പും രണ്ട് മോട്ടോര്‍ ബൈക്കുകളും പ്രക്ഷോഭകാരികള്‍ തീവെച്ചു നശിപ്പിച്ചുവെന്ന് അധികൃതര്‍ അറിയിച്ചു.
ഇന്ധന പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ വ്യാഴാഴ്ച മുതല്‍ 13 മണിക്കൂറാണ് പവര്‍കട്ട്. രാജ്യത്തെ തെരുവുവിളക്കുകളും അണയ്ക്കാനാണ് തീരുമാനം. ജലവൈദ്യുത പദ്ധതികളെയാണ് ശ്രീലങ്ക പ്രധാനമായും ആശ്രയിക്കുന്നത്. മഴ പെയ്യാത്തതിനാല്‍ ഡാമുകളിലെല്ലാം വെള്ളം കുറവാണ്. വൈദ്യുതി ലാഭിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശം നല്‍കി.
അവശ്യവസ്തുക്കളുടെ വിലയും ദിനംപ്രതി കുതിച്ചുയരുകയാണ്. പല ആശുപത്രികളും ശസ്ത്രക്രിയകള്‍ നിര്‍ത്തിവെച്ചു. ജീവന്‍രക്ഷാ മരുന്നുകളും കിട്ടാനില്ലാത്ത അവസ്ഥയാണ്.
1948ല്‍ രാജ്യം സ്വതന്ത്രമായ ശേഷമുള്ള ഏറ്റവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്.

About Ahlussunna Online 1311 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*