ന്യൂഡല്‍ഹി: ജനപ്രിയ ഓഡിയോ ആപ്പായ ക്ലബ് ഹൗസിലെ ഉപയോക്താക്കളുടെ മൊബൈല്‍ നമ്പറുകള്‍ ഡാര്‍ക് വെബില്‍ വില്‍പ്പനയ്ക്ക്. 40 ലക്ഷത്തോളം നമ്പറുകള്‍ വില്‍പ്പനയ്ക്ക് വച്ചു എന്നാണ് സൈബര്‍ സുരക്ഷാ വിദഗ്ധനായ ജിതന്‍ ജെയ്ന്‍ ട്വീറ്റ് ചെയ്തത്. ഉപയോക്താക്കളുടെ കോണ്‍ടാക്ട് പട്ടികയില്‍ ബന്ധപ്പെടുത്തി വച്ച നമ്പറുകളും വില്‍പ്പനയ്ക്കുണ്ട്. അഥവാ, ക്ലബ് ഹൗസില്‍ ഇതുവരെ ലോഗിന്‍ ചെയ്തിട്ടില്ലെങ്കിലും നമ്പര്‍ പുറത്തുപോകാന്‍ സാധ്യതയുണ്ട്. പേരുകളില്ലാതെ നമ്പറുകള്‍ മാത്രമാണ് വില്‍പ്പനയ്ക്ക് വച്ചതെന്ന് സ്വതന്ത്ര സൈബര്‍ സുരക്ഷാ ഗവേഷകനായ രാജശേഖര്‍ രജഹാരിയ വെളിപ്പെടുത്തി.
പേരോ, ചിത്രമോ മറ്റു വിശദാംശങ്ങളോ ലഭ്യമല്ല. ഡാറ്റ ചോര്‍ന്നതായുള്ള അവകാശ വാദം വ്യാജമാണെന്നാണ് തോന്നിയത്- അദ്ദേഹം പറഞ്ഞു. ഉപയോക്താക്കളുടെ വിവരങ്ങള്‍ ചൈനീസ് സര്‍ക്കാറിന് കമ്പനി ചോര്‍ത്തി നല്‍കുന്നുണ്ടെന്ന് ഫെബ്രുവരിയില്‍ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി ഗവേഷകര്‍ ആരോപിച്ചിരുന്നു. ക്ലബ് ഹൗസ് ആപ്പിന്റെ ബാക്കെന്‍ഡ് അടിസ്ഥാന സൗകര്യം ചെയ്യുന്നത് ഷാങ്ഹായ് ആസ്ഥാനമായ അഗോറയാണ് എന്നും ഗവേഷകര്‍ വ്യക്തമാക്കി. ഇതുവരെ ബീറ്റ വേര്‍ഷനായി പ്രവര്‍ത്തിച്ചിരുന്ന ക്ലബ് ഹൗസ് ഈയിടെയാണ് എല്ലാവര്‍ക്കും ലഭ്യമായത്. വെയ്റ്റ്ലിസ്റ്റ് സംവിധാനം അവസാനിപ്പിച്ചതായും കമ്പനി അറിയിച്ചിരുന്നു.
മെയ് മധ്യത്തില്‍ ആന്‍ഡ്രോയിഡില്‍ അവതരിപ്പിച്ച ക്ലബ് ഹൗസിന് ഇന്ത്യയില്‍ അഞ്ചു ദശലക്ഷം ഉപയോക്താക്കള്‍ ഉണ്ട് എന്നാണ് കണക്ക്. ഇതില്‍ രണ്ടു ദശലക്ഷത്തിലേറെ പേര്‍ സജീവ ഉപയോക്താക്കളാണ്. വേള്‍ഡ് വൈഡ് വെബിന്റെ ഇരുണ്ട മേഖലയാണ് ഡാര്‍ക് വെബ്. ചില പ്രത്യേക സോഫ്റ്റ്വെയര്‍ വഴി മാത്രമേ ഇന്റര്‍നെറ്റിലെ ഈ ലോകത്തേക്ക് പ്രവേശിക്കാനാകൂ. ഉപഭോക്താവിന്റെ ലൊക്കേഷന്‍ അടക്കമുള്ള വിവരങ്ങള്‍ വെളിപ്പെടുത്താതെ, സ്വകാര്യ കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്ക് വഴി ഡാര്‍ക് വെബില്‍ ആശയവിനിമയം സാധ്യമാണ്.
Be the first to comment