ന്യൂഡല്‍ഹി: ജോലിയിലും വിദ്യാഭ്യാസത്തിലും എത്ര തലമുറ വരെ സംവരണം തുടരുമെന്ന് ചോദിച്ച് സുപ്രിംകോടതി. മഹാരാഷ്ട്ര സര്‍ക്കാര്‍ കക്ഷിയായ മറാത്ത ക്വാട്ട കേസ് പരിഗണിക്കവേയാണ് സുപ്രിംകോടതിയുടെ പരാമര്‍ശം.
പട്ടികജാതി/പട്ടികവര്‍ഗ്ഗ, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ എന്നിവര്‍ക്ക് നല്‍കിവരുന്ന 50 ശതമാനം സംവരണം നീക്കം ചെയ്താലുണ്ടാകുന്ന അസമത്വത്തെ കുറിച്ചുള്ള ആശങ്കയും കേസ് പരിഗണിക്കുന്ന ബെഞ്ച് പ്രകടിപ്പിച്ചു. ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ അഞ്ചംഗം ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
മാറിയ സാമൂഹിക സാഹചര്യം കണക്കിലെടുത്ത് മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വന്ന വിധിയും നിലവിലെ സംവരണവും പുന:പരിശോധിക്കണമെന്ന മഹാരാഷ്ട്ര സര്‍ക്കാരിനു വേണ്ടി ഹാജരായ മുകുള്‍ റോഹ്തഗിയുടെ വാദത്തോട് പ്രതികരിക്കുകയായിരുന്നു കോടതി. 1931 ലെ ജനസംഖ്യാ കണക്കെടുപ്പ് അടിസ്ഥാനമാക്കി തയ്യാറാക്കിയ മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടും തുടര്‍ന്നുവന്ന വിധിയും നിലവിലെ സാമൂഹിക സാഹചര്യങ്ങള്‍ക്ക് യോജിക്കുന്നതല്ല എന്നാണ് മുകുള്‍ രോഹ്തഗി വാദിച്ചത്.
സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ള മുന്നോക്കക്കാര്‍ക്ക് പത്തു ശതമാനം സംവരണം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെയും രോഹ്തഗി ചൂണ്ടിക്കാട്ടി.
സ്വാതന്ത്ര്യത്തിനു ശേഷം രാജ്യം ബഹുദൂരം മുന്നോട്ടുപോയെന്നും പിന്നാക്ക വിഭാഗങ്ങള്‍ക്ക് നേരത്തെയുണ്ടായിരുന്നതിനേക്കാള്‍ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും കോടതി പറഞ്ഞു. എന്നാല്‍ സമൂഹത്തിലെ പിന്നാക്കവിഭാഗങ്ങള്‍ 50 ശതമാനത്തില്‍ നിന്ന് 20 ശതമാനമായി കുറഞ്ഞിട്ടില്ലെന്നും അവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ടെന്നും മുകുള്‍ രോഹ്തഗി ചൂണ്ടിക്കാട്ടി.
നിലവിലെ 50 ശതമാനം സംവരണം തുടരുന്നില്ലെങ്കില്‍ സാമൂഹിക സമത്വം എങ്ങനെ സാധ്യമാവുമെന്ന് കോടതി ചോദിച്ചു. സംവരണം നിര്‍ത്തലാക്കുന്നതോ അതില്‍ കുറവുവരുത്തുന്നതോ അസമത്വത്തിലേക്ക് നയിക്കുമെന്നും കോടതി പറഞ്ഞു.
Be the first to comment