തിരുവനന്തപുരം: കേരളത്തിലെ ഇന്റര്‍നെറ്റ് രംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിക്കാന്‍ ഒരുങ്ങുന്ന കെ ഫോണ്‍ (കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ് വര്‍ക്ക്) പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയായി. 15ന് വൈകിട്ട് 5.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി പദ്ധതി ഉദ്ഘാടനം ചെയ്യും. ഏഴ് ജില്ലകളിലെ 1,000 സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ കണക്ടിവിറ്റി നല്‍കുന്നത്.
സുശക്തമായ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല സംസ്ഥാനത്ത് സ്ഥാപിച്ച് അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന്‍ വീടുകളിലും മുപ്പതിനായിരത്തോളം ഓഫിസുകളിലും ലഭ്യമാക്കുകയാണ് കെ ഫോണിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതി വഴി സംസ്ഥാനത്തെ 20 ലക്ഷത്തോളം വരുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വീടുകളിലേക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും ഇന്റര്‍നെറ്റ് ലഭിക്കും. കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ച്ചറും കെ.എസ്.ഇ.ബിയും ചേര്‍ന്നുള്ള സംയുക്ത സംരംഭമായ കെ ഫോണ്‍ ലിമിറ്റഡാണ് പദ്ധതി നടപ്പാക്കുന്നത്.
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് നേതൃത്വം നല്‍കുന്ന കണ്‍സോര്‍ഷ്യത്തിനാണ് പദ്ധതി നടത്തിപ്പ് ചുമതല. കോര്‍ റിംഗ് വഴിയാണ് 14 ജില്ലകളിലും കെ ഫോണ്‍ നെറ്റ്വര്‍ക്ക് ബന്ധിപ്പിക്കുന്നത്. ഓരോ ജില്ലകളിലെയും സര്‍ക്കാര്‍ ഓഫിസുകളെയും ഗുണഭോക്താക്കളെയും ആക്സസ് നെറ്റ്വര്‍ക്ക് വഴിയും ബന്ധിപ്പിക്കും. കെ.എസ്.ഇ.ബിയുടെ 378 സബ്സ്റ്റേഷനുകളിലെ പ്രീഫാബ് ഷെല്‍ട്ടറുകളില്‍ ടെലികോം ഉപകരണങ്ങളും പദ്ധിയുടെ ഭാഗമായി സ്ഥാപിക്കും. 14 ജില്ലകളിലും കോര്‍പോപ്പും (പോയിന്റ് ഓഫ് പ്രസന്‍സ്) ഉണ്ടാകും.
കെ ഫോണ്‍ നിലവില്‍ വരുന്നതോടെ എല്ലാ സര്‍വിസ് പ്രൊവൈഡര്‍മാര്‍ക്കും തുല്യ അവസരം നല്‍കുന്ന ഒപ്റ്റിക് ഫൈബര്‍ നെറ്റ്വര്‍ക്കും സംസ്ഥാനത്ത് നിലവില്‍ വരും. ഇതോടെ ഐ.ടി പാര്‍ക്കുകള്‍, എയര്‍പോര്‍ട്ട്, തുറമുഖം തുടങ്ങിയ സ്ഥലങ്ങളിലും അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാകും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബ്ലോക്ക് ചെയിന്‍, ഇന്റര്‍നെറ്റ് ഓഫ് തിങ്സ്, സ്റ്റാര്‍ട്ടപ്പ്, സ്മാര്‍ട്ട്സിറ്റി തുടങ്ങിയ മേഖലകളെ മികവിന്റെ കേന്ദ്രങ്ങളാക്കാനും ഗ്രാമങ്ങളിലെ ചെറുകിട സംരംഭങ്ങള്‍ക്ക് ഇ കൊമേഴ്സ് വഴി വില്‍പന നടത്താനും കെ ഫോണ്‍ സഹായകരമാകും. സര്‍ക്കാര്‍ സേവനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്.
Be the first to comment