ശൈഖുനാ ശംസുല്‍ ഉലമ (നഃമ): 20-ാം നൂറ്റാണ്ടിലെ ഇതിഹാസ പുരുഷന്‍

അര്‍ഷാദ് പാക്കണ

ഇലാഹിയ്യായ കലാമിന്റെ പ്രചരണത്തിനും സംരക്ഷണത്തിനും വേണ്ടിയാണ് ഒരു ലക്ഷത്തി ഇരുപത്തി അയ്യാരിത്തില്‍ പരം പ്രവാചകന്മാര്‍ നിയോഗിക്കപ്പെട്ടത്. അവരെല്ലാം ലോകത്തിന് കൈമാറിയത് ഇസ്ലാമിന്റെ മഹനീയ സന്ദേശങ്ങളാണ്. അന്ത്യ പ്രവാചകന്‍ മുഹമ്മദ് നബി(സ്വ)യുടെ കാലശേഷവും അന്ത്യനാള്‍ വരെ ഇലാഹിയ്യായ കലാമുകള്‍ പ്രചരിക്കപ്പെടുകയും വേണം. പ്രസ്തുത ദൗത്യ നിര്‍വ്വഹണത്തിനാണ് പ്രവാചകന്മാരുടെ പിന്തുടര്‍ച്ചക്കാരായ പണ്ഡിതന്മാര്‍ നിയോഗിക്കപ്പെട്ടത്. ഓരോ കാലഘട്ടത്തിലുള്ള പണ്ഡിതന്മാരും ആ ദൗത്യം നല്ല നിലയില്‍ നിര്‍വ്വഹിച്ചിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിലെ ഇതിഹാസ പുരുഷനും തെന്നിന്ത്യയിലെ പ്രഗത്ഭ പണ്ഡിതനും പണ്ഡിത ശൃംഖലയിലെ പ്രധാനപ്പെട്ട കണ്ണിയുമാണ് ശൈഖുനാ ശംസുല്‍ ഉലമാ ഇ.കെ അബൂബക്കര്‍ മുസ്ലിയാര്‍.

കോയക്കുട്ടി മുസ്ലിയാര്‍-ബീവിക്കുട്ടി ദമ്പതികളുടെ മൂത്ത മകനായി ക്രിസ്താബ്ദം 1914 ഹിജ്‌റ 1333-ല്‍ ജനിച്ചു. ഇസ്ലാമിലെ പ്രഥമ ഖലീഫയും നബിയുടെ ഉത്തമ സഹചാരിയുമായിരുന്ന അബൂബക്കര്‍ സിദ്ധീഖ്(റ)നെയും വിശ്രുത പണ്ഡിതനും സൂഫിയുമായ പിതാവിനെയും വിളിച്ചു പോന്ന അബൂബക്കര്‍ എന്ന് നാമകരണം ചെയ്തു.

ബാല്യ കാലത്തില്‍ തന്നെ ശൈഖുനാ നല്ല ബുദ്ധി വൈഭവത്തിനുടമയായിരുന്നു. പണ്ട് കാലത്ത് ഓത്ത് പള്ളികളായിരുന്നു മതപഠന കേന്ദ്രങ്ങള്‍. പ്രാഥമിക പഠനം പിതാവ് കോയക്കുട്ടി മുസ്ലിയാരില്‍ നിന്നായിരുന്നു. മരപ്പലകയില്‍ എഴുതിക്കൊടുക്കുന്നതെല്ലാം ശൈഖുനാക്ക് ക്ഷണ നേരം കൊണ്ട് മനസ്സിലായിരുന്നു. കാലക്രമേണ ഖുര്‍ആന്‍ പാരായണവും പിതാവില്‍ നിന്നായിരുന്നു. ഇതില്‍ മാതാവിന്റെ അദ്ധ്വാനവും പ്രാര്‍ത്ഥനയും പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

ഭൗതിക വിദ്യാഭ്യാസത്തിന്റെ പ്രധാന്യം കോയക്കുട്ടി മുസ്ലിയാര്‍ക്ക് ബോധ്യമുള്ളതിനാല്‍ അടുത്തുള്ള പ്രൈമറി സ്‌കൂളില്‍ മകനെ ചേര്‍ത്തു.ശൈഖുനാ അഗാധ ബുദ്ധിവൈഭവത്തിനുടമയായതിനാല്‍ പഠിപ്പിക്കുന്നതില്‍ അദ്ധ്യാപകര്‍ക്ക് താല്‍പര്യമായിരുന്നു. ശൈഖുനാക്ക് ഒരുപാട് പ്രത്യേകതകള്‍ പഠന കാലത്ത് ഉണ്ടായിരുന്നു. പഠിച്ചതൊന്നും മറക്കുകയില്ല. മടിയോ വല്ലായ്മയോ ഇല്ല. ചിട്ടയും കൃത്യ നിഷ്ഠയും സ്വഭാവത്തില്‍ അലിഞ്ഞ്‌ചേര്‍ന്നിട്ടുണ്ട്. പഠിക്കാനുള്ള ആഗ്രഹവും ശൈഖുനായുടെ പ്രകൃതമായിരുന്നു. ഇംഗ്ലീഷിലും അറബിയിലും പ്രതീക്ഷയില്‍ കവിഞ്ഞ വിജ്ഞാനം ശൈഖുനാ ആര്‍ജ്ജിച്ചെടുത്തു. പതിമൂന്നാം വയസ്സില്‍ മകന്റെ ഭൗതിക വിദ്യാഭ്യാസം താല്‍ക്കാലികമായി നിറുത്തുവാനും നല്ല ഒരു ദര്‍സില്‍ ചേര്‍ക്കുവാനും പിതാവ് ആഗ്രഹിച്ചു.

1928-ല്‍ ശൈഖുനാ മടവൂരിലെ കളപ്പിലാവില്‍ ബാഅലവി കുഞ്ഞു മാഹീന്‍ മുസ്ലിയാരുടെ ദര്‍സില്‍ അംഗമായി. അസാമാന്യമായ പഠന രീതി,വിസ്മയകരമായ ബുദ്ധി കൂര്‍മ്മത, ഒഴുക്കുള്ള ഭാഷ ശൈലി തുടങ്ങി എല്ലാ കാര്യത്തിലും ശ്രദ്ധേയനായി മാറി ശൈഖുനാ. പാഠഭാഗങ്ങളില്‍ എവിടെയെങ്കിലും ഒരു സംശയം വന്നാല്‍ അത് തീര്‍ത്തിട്ടേ തുടര്‍ന്നുള്ള പഠനമോ,ഊണോ,ഉറക്കമോ,മറ്റു കാര്യങ്ങളോ ഉള്ളൂ. ഇതെല്ലാം ബോധ്യമായപ്പോള്‍ ഉസ്താദിന് ഏറെ സന്തോഷമായി. ഒന്നര വര്‍ഷം കഴിച്ച് മര്‍ഹൂം സി.എം വലിയുല്ലാഹിയുടെ പിതാവ് കൂടിയായ ഉസ്താദ് കുഞ്ഞി മാഹീന്‍ മുസ്ലിയാരുടെ ഗുരുത്വവും പൊരുത്തവും പ്രാര്‍ത്ഥനയും ഏറ്റുവാങ്ങി ശൈഖുനാ മടവൂര്‍ ദര്‍സില്‍ നിന്നും വിട വാങ്ങി.

വിജ്ഞാന കുതുകിയായ ശൈഖുന ഉപരി പഠനത്തിനായി 1937 ല്‍ തെന്നിന്ത്യയിലെ പ്രശസ്ത മതകലാലയമായ ബാഖിയ്യാത്തുസ്സ്വാലിഹാത്തിലേക്ക് പോയി. ഓര്‍മ്മ ശക്തിയും ബുദ്ധിശക്തിയും കൊണ്ട് അവിടെ യുള്ളവരുടെ മുന്നില്‍ എന്നും ഒരു അത്ഭുതാവഹമായാണ് ശൈഖുന രൂപപ്പെട്ടത്. അഗാധമായ ബൂദ്ധിവൈഭവവും പാണ്ഡിത്യവും കാരണത്താല്‍ തന്നെയാണ് പഠന ശേഷം 1946-48 കാലയളവില്‍ മഹാന്‍ അവിടെ പ്രൊഫസറായി സേവനമനുഷ്ഠിച്ചത്. സമസ്ത സെക്രട്ടറിയായി 1957 ല്‍ പറവണ്ണ ഉസ്താദിന്റെ ഒഴിവില്‍ മുഖ്യകാര്യദര്‍ശിയായി.അന്ന് മഹാന്റെ പ്രായം 43 ആയിരുന്നു.മരണം വരെ മഹാന്‍ സമസ്തയുടെ നേതൃത്വത്തചന്റ സേവനമനുഷ്ഠിച്ചു.

ഗാംഭീര്യം മുറ്റിയ വട്ട മുഖം, ഇടതൂര്‍ന്ന നീണ്ട താടി, തലയില്‍ തൊപ്പി ധരിച്ച് അതിന് മീതെ ഭംഗിയായി കെട്ടിയ തലപ്പാവ്,വിശാലമായി ഉയര്‍ന്നു നില്‍ക്കുന്ന നെറ്റിത്തടം പൂര്‍ണ്ണമായും വെളിവായിരിക്കും. തലപ്പാവിനൊത്ത ജുബ്ബയും ചെറിയ വരകള്‍ ഉള്ള കൈലി മുണ്ടും തോളിലൂടെ വലിച്ചിടുന്ന ഒരു മേല്‍ തട്ടവും, കയ്യില്‍ ഒരു തസ്ബീഹ് മാലയും, ഒരു വടിയും ഈ രൂപത്തിലാണ് പലപ്പോഴും ജനങ്ങള്‍ കണ്ടിരുന്നത്. വിലപിടിച്ചതോ തീരേ വില കുറഞ്ഞതോ അല്ലാത്ത വസ്ത്രങ്ങള്‍. വടക്കന്‍ യമനിലെ തന്റെ പൂര്‍വ്വ പിതാക്കന്മാരായ തരീം ഗോത്രക്കാരുടേതാണ് ഈ ശൈലി.

ജീവിതത്തില്‍ സൂക്ഷമത പുലര്‍ത്തിയ ശംസുല്‍ ഉലമ പൊതു സമ്പത്ത് കൈകാര്യം ചെയ്യുന്നതിലും തന്റെ സ്ഥാപനങ്ങളിലെ സാമ്പത്തിക ക്രയവിക്രയങ്ങളിലും അതീവ സൂക്ഷ്മത പാലിച്ചിരുന്നു. ആദ്യകാലത്ത് അറബിക് കോളേജ് മാത്രം നടത്തിയിരുന്ന ദാറുസ്സലാം കമ്മിറ്റിയുടെ കീഴില്‍ യതീംഖാന ആരംഭിച്ച സമയത്ത് ശൈഖുനായുടെ നിര്‍ദ്ദേശം എല്ലാ സ്ഥാപന ഭാരവാഹികള്‍ക്കും മറ്റുള്ളവര്‍ക്കും പാഠമാണ്.ഇരുസ്ഥാപനങ്ങളുടെയും ജോലിക്കാരും, ഓഫീസുകളും, ക്യന്റീനുകളും, ബില്‍ഡിംഗുകളും മുഴുവന്‍ വെവ്വേറെ ആയിരിക്കണം. ഒന്നിന്റെ റിക്കാര്‍ഡുകളും മറ്റും സ്ഥാപനത്തിന്റെ ഓഫീസില്‍ പ്രവേശിക്കാനേ പാടില്ല. ഈ മാതൃകാപരമായ നിര്‍ദ്ദേശം ഇന്നും നിലനിര്‍ത്തിവരുന്നു.

മതസൗഹാര്‍ദ്ദവും രാജ്യസ്‌നേഹവും നിലനിര്‍ത്തുന്നതില്‍ ശൈഖുനാ വലിയ ശ്രദ്ധ പുലര്‍ത്തി. 1985-ല്‍ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ ശൈഖുനാ ശക്തമായി പ്രസംഗിച്ചു.ഞങ്ങള്‍ ഈ രാജ്യത്തിന്റെ ഭാഗമായാണ് ജീവിക്കുന്നത്. സ്വരാജ്യ സ്‌നേഹം ഈമാനിന്റെ ഭാഗമാണ്. പാക്കിസ്ഥാന്‍ വര്‍ഷിക്കുന്ന ബോംബിന് ശിരസ്സും,ഉതിര്‍ത്തുവിടുന്ന വെടിയുണ്ടകള്‍ക്ക് മാറിടവും കാണിക്കാന്‍ മുസ്ലിം സമുദായം മുന്‍പന്തിയിലുണ്ടാകുമെന്ന് ശൈഖുനാ പല പ്രസംഗങ്ങളിലും സൂചിപ്പിച്ചിരുന്നു.
സമസ്തയിലും ശൈഖുനാ നിറ സാനിദ്ധ്യമായിരുന്നു. സമസ്ത സെക്രട്ടറിയായി 1937 ല്‍ പറവണ്ണ ഉസ്താദിന്റെ ഒഴിവില്‍ മുഖ്യ കാര്യദര്‍ശിയായി മഹാന്‍ സേവനമനുഷ്ഠിച്ചു. അന്ന് പ്രായം 43 ആയിരുന്നു. മരണം വരെ സമസ്തയുടെ മുന്നോട്ടുള്ള ഗമനത്തില്‍ മഹാന്‍ കൃത്യമായ പ്രതിബദ്ധത പുലര്‍ത്തിയിരുന്നു. സമസ്തയുടെ എഴുപതാം വാര്‍ഷികത്തോടനുബന്ധിച്ച്,വരക്കല്‍ മുല്ലക്കോയ തങ്ങളുടെ മഖാം നിലകൊള്ളുന്ന സ്ഥലവും പള്ളിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്ക് വേണ്ടി വാങ്ങണമെന്ന് ശൈഖുനാ നിര്‍ദ്ദേശിച്ചു.പള്ളിയും പരിസരവും സമസ്തക്ക് അധീനപ്പെട്ടു.അവിടെ വമ്പിച്ച നേര്‍ച്ച തുടങ്ങണമെന്ന് ശൈഖുനാ പറഞ്ഞിരുന്നു. അത് തന്റെ തന്നെ പേരിലാണെന്ന് പിന്നീട് കാലം തെളിയിച്ചു. അത് ശൈഖുനായുടെ ആണ്ടു നേര്‍ച്ചയാണെന്ന് പിന്നീട് മനസ്സിലായി.കാരണം സാദാത്തിന്റെ നേര്‍ച്ച അവരുടെ കുടുംബത്തില്‍ തന്നെ നിക്ഷിപതമാണല്ലോ.

ശൈഖുനാ വിശ്വസിച്ചു’സമസ്തയുടെ പ്രഥമ പ്രസിഡന്റ് ഖുതുബുസ്സമാന്‍ സയ്യിദ് വരക്കല്‍ മുല്ലക്കോയ തങ്ങള്‍ ബാഅലവി തങ്ങളാണ്’. സമസ്തയുടെ രൂപീകരണ സമയത്ത് അദ്ദേഹര ഒരു മണിക്കൂര്‍ നീണ്ടു നിന്ന പ്രാര്‍ത്ഥന നടത്തി. ഇത് മഹാനായ മുല്ലക്കോയ തങ്ങളുടെ സംഘടനയാണ്. എന്‍െ പൂര്‍വ്വീകരായ പിതാക്കള്‍ അവരുടെ കൂടെ യമനില്‍ നിന്നും വന്നവരും ആ സാദാത്തീങ്ങളുടെ ഖാദിമീങ്ങളുമാണ്. സമസ്തയില്‍ എല്ലാ മേഘലയിലും ശംസുല്‍ ഉലമാനിറ സാന്നിദ്ധ്യമായിരുന്നു.
പണ്ഡിതന്മാര്‍ പ്രവാചകന്മാരുടെ അനന്തരരാണെന്ന തിരുവചനം വാസ്തവമാക്കി നബിചര്യ പിന്‍പറ്റി സര്‍വ്വ വിജ്ഞാനങ്ങളും ആവാഹിച്ചെടുത്ത സമസ്തയുടെ തേജസ്സുറ്റ പണ്ഡിതനും ലോക പണ്ഡിതന്‍ എന്ന് വിശേഷിക്കപ്പെട്ട ശൈഖുനാ ശംസുല്‍ ഉലമാ ബാങ്കിന്റെ അവസാന വചനം കലിമ ഉച്ചരിച്ച് 1996 ആഗസ്ത് 19 (ഹിജ്‌റ 1417 റബീഉല്‍ ആഖിര്‍4) ന് ലോകത്തോട് വിട പറഞ്ഞു.

 

About Ahlussunna Online 1305 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*